വ്യാഴാഴ്‌ച, ജനുവരി 20, 2011

നാഗപര്‍വ്വം

ഒന്നാം ഭാഗം

                                 നിമിഷാര്‍ദ്ധങ്ങള്‍


             കിഴക്കു വെള്ളകീറി, നാഴികകള്‍ കഴിഞ്ഞാലേ എടശ്ശേരിപ്പാറയില്‍ നേരം വെളുക്കൂ..വെളുവെളാന്ന് വെളുക്കണമെങ്കില്‍ പിന്നേയും കുറേനേരം പിടിക്കും..ഈസ്ഥലത്തിനു ചുറ്റും തരക്കേടില്ലാത്ത കുന്നിന്‍ പ്രദേശവും അതില്‍ നിറയെ കാട്ടുമരങ്ങളും, നാട്ടുമരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്നതാണ് ഈ അത്ഭുത പ്രതിഭാസത്തിനു കാരണമെന്ന് ഭൌമ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിട്ടുണ്ടത്രേ..!
                                 എടശ്ശേരിപ്പാറ  എന്റെ മാതാശ്രീയുടെ വീട്ടുപേരാകുന്നു. അവധിക്കാലം ആഹ്ലാദപൂര്‍ണമാക്കാന്‍  കേന്ദ്രാനുമതിയോടെ അഞ്ചു ദിവസത്തെ സ്പെഷ്യല്‍ പാക്കേജില്‍ ഇവിടെ എത്തിയതാണു ഞാന്‍. തറവാട്ടു വീട്ടിലും, അതോടുചേര്‍ന്നുള്ള വലിയമ്മാവന്റെ വീട്ടിലും മാറി മാറിതാമസം. ഇപ്പോള്‍ കണ്ണും മൂക്കും,ചെവിയും തലയും തിരുമ്മി, കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റു വരുന്നത് വല്യമ്മാവന്റെ ഭവനത്തിന്റെ ഉള്ളറയില്‍നിന്ന്..!!  വിദ്യുശക്തി ഭാവനയില്‍ പോലും ഇല്ലാത്തതിനാല്‍ അകത്തളം ഏറെക്കുറെ ഇരുട്ടാണ്. ഉള്ള ശക്തി ഉപയോഗിച്ച് അടുക്കളയില്‍ ഒരു വിളക്കു കത്തുന്നുണ്ട്. അടുപ്പില്‍ ,ചെമ്പുകുടത്തിനു മേലേ മുളംകുറ്റിയുടെ മുകളില്‍ നിന്ന് ആവി പറക്കുന്നു...നല്ല നാടന്‍ അരിപ്പുട്ടിന്റെ കൊതിപ്പിക്കുന്ന ഗന്ധം...ആഹാ..! രാവിലത്തെ അമ്യതേത്ത് തയ്യാറായിക്കഴിഞ്ഞു...!മുളനാഴിയില്‍ അരി അളന്ന് മുറത്തിലേക്കിടുന്ന വലിയമ്മായിയെ മറികടന്ന് ഞാന്‍വെളിയിലെത്തി.
“ക്ലാ..ക്ലാ..ക്ലീ..ക്ലീ“...മുറ്റത്തൊരു ശബ്ദം..ഞാനെങ്ങും തിരിഞ്ഞുനോക്കാന്‍‍ പോയില്ല..!! വല്ല  മൈനയോ..കുരുവിയോ മറ്റോ ആയിരിക്കും...ആര്‍ക്കുചേതം..!! നേരത്തേ പല്ലു തേച്ചു മിടുക്കനായാല്‍ പുട്ടും പഴവും തട്ടാം..! കിഴക്കേ മുറ്റത്തു നിന്ന് താഴേക്ക് , ഞെളിഞ്ഞുനിന്ന് മൂത്ര ശങ്ക  ശമിപ്പിച്ചു. കരിയിലപ്പുറത്ത്  “ശിര്‍..ര്‍..ര്‍..ര്‍..ര്‍ “ശബ്ദം കേട്ട്  അണ്ണാന്‍ കുഞ്ഞും കുരുവിക്കുഞ്ഞും ഒക്കെ “ന്റമ്മോ...!”  എന്ന് അലറിവിളിച്ച് ദൂരേക്ക് ഓടിമാറി തിരിഞ്ഞു നോക്കി..!
                                     പിറകുവശത്ത് വീടിനോടു ചേര്‍ന്നുള്ള ചായ്പ്പില്‍ കൈയ്യെത്തും പാകത്തില്‍ തൂങ്ങിക്കിടക്കുന്ന ഉമിക്കരിപ്പാത്രത്തില്‍ നിന്നും കുറച്ചു വാരി ,പല്ലു തേക്കാനാരംഭിച്ചു. “അ,ആ... ഇ,ഈ... ഉ,ഊ...“ മുതലായ  കേരള പാഠാവലി  മലയാളം ഈണത്തില്‍ ഉച്ചരിച്ചുകൊണ്ടാണ്  ഉമിക്കരി പ്രയോഗം. കുറെക്കഴിഞ്ഞ് “ക്ലിക്...ക്ലിക്..“ എന്ന ഒരു ശബ്ദം വായില്‍ നിന്നുംകേള്‍ക്കാം. അതുവരെ തേച്ചാലേ പല്ലു വെളുക്കൂ.എന്നാണ്  ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ,ഞങ്ങള്‍ കുട്ടികള്‍ക്കുള്ള പ്രത്യേക നിര്‍ദേശം..! ആനിര്‍ദേശം  “ശൂ....ന്ന്.”  കാറ്റില്‍ പറത്തി, തല്ക്കാലം മുന്‍ നിരയിലെ ഒരഞ്ചാറു പല്ലെങ്കിലും വല്ലവിധേനയും തേച്ചു മിനുക്കി പുട്ടിന്റെ മുന്നിലെത്താനായിരുന്നു എന്റെ ശ്രമം.
                                      ചായ്പ്പില്‍ നിറയെ തടിയും വിറകും ഒക്കെ അടുക്കി വച്ചിട്ടുണ്ട് . അതിനിടക്ക് എവിടെയോ, എന്റെ “ആ..യും ,ഈ..യും“.. ഒക്കെ കേട്ടു സഹികെട്ട ഒരു ജന്തു തല നീട്ടി ,വലതുകാലിലെ അണിവിരലില്‍ കടിക്കുന്നത്  ഒരുമിന്നായം പോലെഞാന്‍ കണ്ടു...! കണ്ണും തലയും ഒക്കെ സമീപ പ്രദേശങ്ങളിലായതിനാല്‍ ,ഈ കാഴ്ച്ച  തലച്ചോറില്‍ പെട്ടന്നെത്തി..! അവിടത്തെ ചില പ്രോസസ്സുകളുടെ ഫലമായി കടിച്ച ജന്തു വിനെ ഞാന്‍ തിരിച്ചറിഞ്ഞു..!
ഉമിക്കരി തേച്ച വാ‍യില്‍ നിന്നും ആതിരിച്ചറിവ് വിറക്കുന്ന വാക്കായി പുറത്തു ചാടി..
“പാമ്പ്.!”
പിന്നെ അടുത്ത സെക്കന്റില്‍  റിഫ്ലെക്സ് ആക്ഷന്‍..!
വലതുകാല്‍ വലിച്ചുപൊക്കി, ഒറ്റചാട്ടത്തിനു മുറ്റത്ത്.!
“ അയ്യോ....പാമ്പ്....!”
രണ്ടായിരത്തഞ്ഞൂറ് വാട്ട്സ്  വോഡിയോ സപ്പോര്‍ട്ടോടെ എന്റെ ആര്‍ത്ത നാദം മുഴങ്ങി..!!
“അയ്യോ..ഓടിവായോ....”
കുത്തിയിരുന്ന് കണങ്കാലില്‍ പിടുത്തമിട്ട് ഫുള്‍ വോളിയത്തില്‍ ഞാന്‍ സഹായാഭ്യര്‍ദ്ധന നടത്തി..
ഉച്ചക്കഞ്ഞിക്കുള്ള അരിഅളന്നു കൊണ്ടിരുന്ന അമ്മായി, മുറവും അരിയും, നാഴിയു മൊക്കെ പുറത്ത് അരകല്‍ തറയില്‍ ഉപേക്ഷിച്ച് , “ ഠിം....”എന്ന്  എന്റെ മുന്നില്‍ പ്രത്യക്ഷയായി...
“ന്താടാ...ന്താ പറ്റിയേ.??”  
“മ്മായീ..പാമ്പ്..., ന്നെ ..പാമ്പ്.കടിച്ചേ..!!”
പാമ്പ് എന്നു കേട്ടതും അമ്മായി ഒന്നു പരുങ്ങി......
“ങേ..പാമ്പോ....എവ്ടെ..?”
“ദാ.. അവ്ടെ..!”
ഒരുകൈ കാലില്‍ മുറുകെ പ്പിടിച്ച് ,മറുകൈ ചൂണ്ടി ഞാന്‍ പറഞ്ഞു..
“നിന്നെ വല്ലോം ചെയ്തോ..?”
“ഇല്ല ….ചിരിച്ചു കാണിച്ചിട്ടു പോയി...!”  -എന്നു പറയാന്‍ തോന്നിയതാണ്, ഞാനീ കരഞ്ഞു വിളിച്ചതൊന്നും ഇവര്‍ക്കു മനസ്സിലായില്ലാന്നുണ്ടോ..
“മ്മായീ.. ദാ..എന്റെ കാലേല്‍...കടിച്ചു..!!”
ഇത്തവണ അമ്മാ‍യിക്ക് അപകടം മണത്തു.
“യ്യോ..ന്താ....യീ കേക്കണേ... ! എടാ സുകുവേ...അച്ഛനെ വിളിക്കെടാ...”
സുകു - അമ്മാവന്റെ മൂത്ത ആണ്‍ തരി. അതിലും മൂത്ത രണ്ടുതരികള്‍വേറേ ഉണ്ട്. അവര്‍ പെണ്ണുങ്ങളായതിനാല്‍  തുരുതുരാന്ന്  അവരുടെ തിരുമണം നടത്തി പായ്ക്കു ചെയ്തു..!
സുകുവിന്റെ ഇളയ രണ്ടു ചെറുതരികള്‍  ഇനിയുമുണ്ട് .അതും സ്ത്രീ ലിംഗങ്ങള്‍.!
                                  മൂടിപ്പുതച്ചുറങ്ങുകയായിരുന്ന നാലാം ക്ലാസ്സുകാരി സുധയും,അതിന്റെമൂത്തവള്‍ സൌധാമിനിയും ഒരു അശരീരി പോലെയാണ് എന്റെ പാട്ടുകേട്ടത്. പാട്ടല്ല, നിലവിളിയാണതെന്നു മനസ്സിലായകൂട്ടത്തില്‍  സുകുവേട്ടന്റെ ശബ്ദവും........
“അച്ചോ...ഓടിവായോ...”
സുകുവേട്ടന്‍ ..പിന്നാമ്പുറത്തുനിന്നും..ഓടി മുന്‍ വശത്തെത്തി...അവിടെനിന്നും വീണ്ടും ഉച്ചത്തില്‍ വിളിച്ചുകൊണ്ട് താഴെ തറവാട്ടു വീട്ടിലേക്കു പാഞ്ഞു..!
                                                                      (തുടരും....)     

ബാക്കിവായിക്കാന്‍ ഇവ നോക്കൂ..     നാഗപര്‍വ്വം-രണ്ട്       നാഗപര്‍വ്വം-മൂന്ന്

10 അഭിപ്രായങ്ങൾ:

 1. സസ്പെൻസിൽ നിർത്താതെ ബാക്കി കൂടി പോരട്ടെ

  മറുപടിഇല്ലാതാക്കൂ
 2. അടുത്ത ഭാഗം പോരട്ടെ...

  മറുപടിഇല്ലാതാക്കൂ
 3. ഇവിടെത്തന്നെ ആണ് നിര്‍ത്തേണ്ടത് ഒന്നാം ഭാഗം.
  എന്നാലും ആള് ഇപ്പോഴും ഉണ്ടെന് ഉള്ള ധൈര്യത്തില്‍
  അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.ഹ..ഹ..

  മറുപടിഇല്ലാതാക്കൂ
 4. ആള് ഇപ്പഴും ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായി.

  ആ പാമ്പ് ഒരു പക്ഷെ, അന്ന് തന്നെ...

  മറുപടിഇല്ലാതാക്കൂ
 5. അഭിപ്രായങ്ങള്‍ക്കും,നിര്‍ദ്ദേശങ്ങള്‍ക്കും ഒത്തിരി നന്ദി...
  നാഗപര്‍വ്വം തുടരുകയാണ്..ബാക്കി കൂടിവായിച്ച് അഭിപ്രായം പറയയണേ..

  മറുപടിഇല്ലാതാക്കൂ
 6. ഇതുവരെ നന്നായി. ഇനി അടുത്ത ഭാഗം വായിക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 7. “ക്ലാ..ക്ലാ..ക്ലീ..ക്ലീ“...മുറ്റത്തൊരു ശബ്ദം..ഞാനെങ്ങും തിരിഞ്ഞുനോക്കാന്‍‍ പോയില്ല..!! വല്ല മൈനയോ..കുരുവിയോ മറ്റോ ആയിരിക്കും...ആര്‍ക്കുചേതം..!

  ദേ ഈ ഭാഗമൊക്കെ നന്നായി ഇഷ്ട്ടപ്പെട്ടു നല്ല ഒഴുക്കുള്ള സരസമായ ഭാഷ. അടുത്തതിനായി കാത്തിരിക്കുന്നു...

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  മറുപടിഇല്ലാതാക്കൂ
 8. ഹും, തുടർക്കഥയോ....ആ ബാക്കി കൂടെ നോക്കട്ടേ...

  മറുപടിഇല്ലാതാക്കൂ