തിങ്കളാഴ്‌ച, സെപ്റ്റംബർ 01, 2014

ഒന്നാംപാഠം


ത്രയൊന്നും തെളിഞ്ഞ കാലാവസ്ഥയായിരുന്നില്ലെങ്കിലും ഒരു ശീലക്കുട കയ്യിൽ കരുതാതിരുന്നത് ആ സംഗതി  വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ടുതന്നെയാണ്.  പള്ളിക്കൂടത്തിലേയ്ക്കുള്ള  പാതിവഴിയെത്തിയിട്ടും  മൂടിയ മാനം പോലെ  എന്റെ മുഖശ്രീ ഏതുനേരവും ആർത്തുപെയ്യാൻ തയ്യാറായി നിന്നു ..!  പള്ളിക്കൂടം ചിന്തകൾ ആദ്യമൊക്കെ വലിയ ഉൽസാഹം നൽകിയിരുന്നെങ്കിലും ദിവസമിങ്ങടുത്തപ്പോഴേയ്ക്കും കാലാവസ്ഥയാകെ മാറിമറിയുകയായിരുന്നു. പലവക പ്രലോഭനങ്ങൾ തന്ന്  കഷ്ട്ടപ്പെട്ട് ബ്രെയിൻ വാഷ്ചെയ്താണ്  പാവം പാരൻന്റ്സ്,  ഒട്ടും മനസ്സില്ലാതിരുന്ന എനിക്ക്  അരമനസ്സെങ്കിലും ആക്കിയെടുത്തത്. പുതുതായി വാങ്ങിയ സ്ലേറ്റും, പെൻസിലും അൽപ്പമൊരുൽസാഹമേകിയെങ്കിലും, അമ്മയെ വിട്ടു പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത്, സ്കൂളില്പോക്കു വേണ്ട എന്ന് ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു.  കണ്ണിൽചോരയില്ലാത്ത അധികാരവർഗ്ഗത്തിന്റെ നിർബന്ധം അസഹനീയമായപ്പോൾ,  അമ്മ കൂടി  കൂട്ടിരിക്കാമെങ്കിൽ അരക്കൈ നോക്കാമെന്ന വ്യവസ്ഥയിൽ തൽക്കാലം   പോകാമെന്നേറ്റു. ചേച്ചിക്കും, ചേട്ടനുമൊക്കെ പുസ്തകവും ബുക്കും “റൂളിപ്പെൻസി”  ലും മാത്രമല്ല  “ബിസ്മി “ പേന വരെയുണ്ട്.!  എനിക്കാകട്ടെ ആകെ ഒരു മരപ്പിടിയുള്ള സ്ലേറ്റും,  അറ്റത്ത് കടലാസു ചുറ്റുള്ള ഒരു കല്ലു പെൻസിലും..! ഇതിലെന്തോ കള്ളക്കളിയുണ്ട്. അതു വെളിച്ചത്തുകൊണ്ടുവരുവാനുള്ള സമരപരിപാടികളാരംഭിക്കാനിരിക്കെയാണ് നാളെ  രാവിലെ തന്നെ സ്കൂളുതുറക്കുന്നു എന്ന പ്രഖ്യാപനമുണ്ടായത്. എന്തായാലും ഒരു ചടങ്ങെന്ന നിലയ്ക്ക്  രാവിലെതന്നെ കരയാനാരംഭിച്ചു. ലോ  പിച്ചിൽ തുടങ്ങി,  ഉച്ചസ്ഥായിയിലെത്തിയിട്ടും, ആരും കാര്യമായി മൈൻഡു ചെയ്തില്ല. എല്ലാവരും വലിയതിരക്കിലാണ്. അഞ്ചിലും ,ആറിലും  പഠിക്കുന്ന ചേട്ടനും ചേച്ചിയുമൊക്കെ നാലഞ്ചു മൈൽ ദൂരെയുള്ള സ്കൂളിലേയ്ക്ക് കാൽനട പോകേണ്ടതിലേക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. അവർക്കുവേണ്ട ചുറ്റുവട്ടങ്ങളൊരുക്കി. മാതാശ്രീ കൂടെയുണ്ട്. ഇടക്കെപ്പോഴോ അരുകിൽ വന്ന് എന്നെ ഓയിൽ ചേഞ്ചും  വാട്ടർസർവ്വീസുംനടത്തി. കണ്ണിൽ മഷിയെഴുതി പൊട്ടുകുത്തി കുട്ടിക്കുറപ്പൗഡർ രണ്ടു കോട്ടടിച്ചു.  ഇനിയും അതു തേച്ചുപിടിപ്പിച്ചിട്ടു കാര്യമില്ലെന്നു കരുതിയാവണം മൂന്നാം കോട്ടിനു മെനക്കെടാഞ്ഞത്.! ഇത്രയുമായപ്പോഴേയ്ക്കും കരച്ചിൽ ഏതാണ്ടു നിലച്ചു.    
                                                                                                                                                                                       
                                                           പുഞ്ചപ്പാടം കടന്ന്   മറുകരെയുള്ള  തറവാട്ടു വീട്ടിലെത്തി, അച്ചമ്മയെ മുഖം കാണിച്ച് സ്വീകരണമേറ്റുവാങ്ങി  നേരെ പള്ളിക്കൂടത്തിലേയ്ക്ക്. അങ്ങോട്ടേയ്ക്കടുക്കുംതോറും എന്റെ കാലുകൾക്കു വേഗതകുറഞ്ഞു എന്ന്മാത്രമല്ല, ഒപ്പമുണ്ടായിരുന്ന അമ്മയുടെ നടത്തത്തിന്റെ ഗതി തിരിച്ചുവിടാൻ അശ്രാന്ത പരിശ്രമം എന്നാലാവും വിധം ഞാൻ ചെയ്യുകയും ചെയ്തു. അത് കണ്ടിട്ടാവണം നാലാംതരത്തിൽ പഠിക്കുന്ന മാമ്പിള്ളിലെ വാസുവും, പോഴവേലിൽ ശിവൻ കുട്ടിയുമൊക്കെ എന്നെ നോക്കി പല്ലിളിച്ചതെന്ന് ആർക്കും  മനസ്സിലാകും, കശ്മലന്മാർ.!  വലിയ ക്ലാസിൽ പഠിക്കുന്നതിന്റെ ഗമയാണവനൊക്കെ. നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ.!  പുലിമുഖത്തെ വാസുച്ചേട്ടൻ,കോട്ടപ്പുറത്തെ പദ്മനാഭൻ തുടങ്ങി ഏതാനും തന്തമാരും,ബാക്കി മിക്കവാറും തള്ളമാരും അവരുടെ സ്വന്തം കുളന്തൈ കളുമുൾപ്പെടെ  സ്കൂൾമുറ്റം നിറച്ചാളുണ്ട്. ഇനിയും ഒരു പ്രതിരോധപരിപാടിക്കു സ്കോപ്പില്ലാത്തതിനാൽ ഞാൻ  അകന്നു മാറാതെ അമ്മയുടെ കയ്യിൽത്തൂങ്ങി ചേർന്നു നിന്നു. ഇതിനിടയിൽ ചില തൊട്ടാവാടിപ്പെൺമണികൾ  സാമാന്യം വോളിയമിട്ടു കരയുന്നുണ്ട്, അതുമൂലം  വാലിട്ടെഴുതിയ കണ്മഷിപടരുകയും അതു കണ്ട് അവരുടെ തള്ളമാർക്കു കലികയറിത്തുള്ളുകയും ചെയ്തു.  ക്ലാസിലെത്തി, സാറുവരുമ്പോൾ പറയേണ്ട   “ നമസ്തേ ! ”    മുതൽ,  അത്യാവശ്യം വേണ്ട ആചാര മര്യാദകൾ, ഇടയ്ക്ക് അമ്മയെനിക്കുപദേശിച്ചുതന്നു.
                                                             
  ഈ സമയം കറുത്തു തടിച്ച ഒരു അമ്മച്ചി തന്റെ സന്താന വല്ലരിയെ വലിച്ചുപിടിച്ച് സ്കൂൾമുറ്റത്തേയ്ക്ക് ആനയിച്ചു. വല്ലരിയാകട്ടെ  “ എന്നെ കൊന്നാലും ഞാൻ വരൂല്ലാ”   എന്നമട്ടിൽ പിന്നോട്ടാഞ്ഞു നിന്നലറിക്കരയുന്നുണ്ട്.  പൊടുന്നനെ  എങ്ങനെയോ മകന്റെ കരച്ചിൽ നിന്നു. ആ നിമിഷംതന്നെ തള്ള,  “ യ്യോ!” എന്നലറിക്കരഞ്ഞുകൊണ്ട്  തടിച്ച കൈ കുടഞ്ഞെടുത്ത് പരിശോധിച്ചു.  സൽപുത്രന്റെ വായിലെ പല്ലുകളത്രയും കൃത്യമായി തന്റെ കൈപ്പത്തിയിൽ എണ്ണിയ ആ മാതാവ് തിരിഞ്ഞു നോക്കുമ്പോൾ  കയ്യിൽ  കടിച്ചുകുടഞ്ഞ്  പിടിവിടുവിച്ച ചെറുക്കൻ  സ്കൂളിനു മുന്നിലെ കയ്യാലയും ചാടിക്കടന്ന് നിമിഷനേരത്തിൽ രാജ്യം വിട്ടു..!
“ഷാജീ, ഷാജീ... “   എന്ന്  നീട്ടിവിളിച്ചുകൊണ്ട്   അമ്മ,  ആ രാജ്യത്തുനിന്ന് മകൻ പോയ രാജ്യത്തേയ്ക്കു  വച്ചു പിടിച്ചു.
ഇപ്പോഴാണ് ഞാനൊക്കെ എത്ര ഡീസെന്റാണെന്ന് എന്റെ അമ്മയ്ക്കു ബോധ്യമായതെന്നു തോന്നുന്നു. അതുകൊണ്ടാവണം  വാൽസല്യത്തോടെ എന്റെ മുടിയിഴകളിലൂടെ  ഏറെനേരം വിരലോടിച്ചത്. അതുമൂലം കയ്യിൽ പറ്റിയ പത്തിരുപത്തഞ്ചു മില്ലി വെളിച്ചണ്ണ  വളരെ  കഷ്ടപ്പെട്ടാണ് അമ്മ സ്വന്തം തലയിലേയ്ക്ക് തേച്ചു പിടിപ്പിച്ചത്.   അങ്ങനെ വേണം,    അമ്മമാരായാലും, തല മറന്ന് എണ്ണ തേയ്ക്കരുത്..!
                                                        “ കുഞ്ഞുങ്ങളേ, മക്കളേ..”  എന്നൊക്കെ സംബോധിച്ചുകൊണ്ട് പ്രധാന ഗുരുവരൻ  ശ്രീമാൻ  നാരായണന്‍നമ്പൂരി സാർ എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ടായിരുന്നു. എന്തൊക്കെ പാടിയിട്ടും പറഞ്ഞിട്ടും കുഞ്ഞുങ്ങളും മക്കളും,  “ കമാ”   എന്നൊരക്ഷരം ഉരിയാടിയില്ല , തള്ളമാരാകട്ടെ ആട്ടാൻ മെനക്കെട്ടുമില്ല. അൽപ്പ സമയത്തിനുള്ളിൽ എല്ലാവരും ക്ലാസിലേക്കുകയറാൻ ഉത്തരവുവന്നു. അമ്മ  കൈപിടിച്ചുകൊണ്ടുവന്ന് മുൻബഞ്ചിലിരുത്തി. പിന്നെ ചെവിയിൽ പറഞ്ഞു.
“ അമ്മ  ദാ,  വെളിയിൽ നിൽക്കാം, പള്ളിക്കൂടം വിടുമ്പം അങ്ങോട്ടു വന്നാൽ മതീ ട്ടോ..”
ഒട്ടും വൈകിയില്ല. പിടിച്ചുനിർത്തിയിരുന്ന കരച്ചിൽ പതിയെ തുറന്നു വിട്ടു. വിടുവിക്കാൻ ശ്രമിച്ചെങ്കിലും  അമ്മയുടെ കൈയ്യിൽ ഞാൻ മുറുകെപ്പിടിച്ചു. അമ്മയ്ക്കും മകനും ഒരുമിച്ച് ഒരുബഞ്ചിലിരുന്നു വിദ്യാഭ്യാസം ചെയ്യാൻ ആ സ്കൂളിൽ സൗകര്യമില്ലാതിരുന്നതിനാൽ, ഒരുവിധം  എന്റെ പിടിവിടുവിച്ച് അമ്മ വാതിൽക്കൽ എത്തി തിരിഞ്ഞുനിന്നു.     
“  കരയണ്ട…. ഞാനിവിടെ നിന്നോളാം ”     എന്ന ആംഗ്യം,  സിമ്പിളായി എനിക്ക് വായുമാർഗ്ഗം  മെസ്സേജു ചെയ്തു.  മറ്റു വഴികളില്ലാത്തതിനാൽ  ആ ആശയം പാതി മനസ്സോടെ  ഞാൻ അംഗീകരിച്ചു. അത്യാവശ്യം തടിയും തന്റേടവും പരന്ന മുഖവും പാതി നരയുമുള്ള രാഘവൻ പിള്ളസാർ രംഗപ്രവേശം ചെയ്യുന്നു. എല്ലാവരും എഴുന്നേറ്റുനിന്ന്    “നമസ്തേ..!” എന്ന് വന്ദനം നടത്തി.   
“ ഞാനിതൊക്കെ എത്ര കേട്ടേക്കണൂ..” എന്ന ഭാവം ഗുരുമുഖത്ത്.ഗുരുവന്ദനം കഴിഞ്ഞ ക്ഷീണത്തിൽ ഞാൻ  തിരിഞ്ഞ് അമ്മയെനോക്കി. അമ്മ ഇപ്പോൾ ക്ലാസ്സിനു വെളിയിലാണ്.  അവിടെ മറ്റൊരു അമ്മച്ചിയും ഒരു അമ്മച്ചനും  കൂടി  അവരുടെ മക്കളുടെ ലീലാ വിലാസങ്ങൾ പരസ്പരം ഷെയർചെയ്തു കളിക്കുന്നു. രാഘവൻ പിള്ളസാർ ഓരോരുത്തരുടേയും അടുത്തെത്തി പേരു ചോദിച്ചു. ചിലമിടുക്കന്മാർ അമ്മയും അപ്പയും പറഞ്ഞുകൊടുത്ത പ്രകാരം തന്റെ പേർ മാക്സിമം ഫ്രീക്വൻസിയിൽ  പ്രക്ഷേപണം ചെയ്തു. ചിലരാകട്ടെ “എനിക്കു പേരേയില്ല”  എന്നമട്ടിൽ മൗനം പാലിച്ചു. പുലിമുഖത്തെ സാനീഷും, കിഴക്കേതിലെ സാബുവും കഴിഞ്ഞ് എന്റെ ഊഴമാണ്,  എന്റെ പേരുപ്രകാശനം ചെയ്യുന്നതിനുമുൻപ് അമ്മയെ ഒരുനോക്കു കണ്ടേക്കാം എന്നുകരുതി തിരിഞ്ഞു  നോക്കി. അമ്മ നിന്നയിടം ശൂന്യമായിരുന്നു!. വാതിലിനപ്പുറത്തെ ജനൽ വഴി തുടരന്വേഷണം നടത്തിനോക്കി. ചെറിയ ആശ്വാസത്തിനു വക നൽകി  ഒരാളനക്കം കണ്ടു. അമ്മയവിടെത്തന്നെയുണ്ട്.എങ്കിലും ഒരു സംശയം, അത് അമ്മതന്നെയാണോ? ഒന്നുകൂടി ആഞ്ഞു നോക്കി.   
ഒന്നോ രണ്ടോ തവണയെങ്കിലും  പേരുചോദിച്ചിട്ടും എന്റെ മറുപടികിട്ടാഞ്ഞ്  ഗുരുനാഥൻ ചുമലിൽ  പിടിച്ചുലച്ചുകൊണ്ട് വീണ്ടും ചോദിച്ചു.
“ നെന്റെ പേരെന്താഡാ..?”
ഇത്തവണയെങ്കിലും പേരുകേൾക്കാമെന്നാശ്വസിച്ച രാഘവൻപിള്ളസാറിന്റെ പ്രതീക്ഷകെടുത്തിക്കൊണ്ട് എന്റെ മറുചോദ്യം.
“ ന്റെ അമ്മയെന്ത്യേ..?”
പാവം ഗുരുനാഥൻ!.  അദ്ദേഹം തന്റെ പഴയ ഗുരുക്കന്മാരെ മനസ്സിൽ ധ്യാനിച്ച് കൂടുതൽ  ആത്മസംയമനം  പാലിച്ചുകൊണ്ട്  അരുമ ശിഷ്യന്റെ ചോദ്യത്തിനു മറുപടി തന്നു.
“ അമ്മ അവ്ടെയൊണ്ട്രാ..”
“ എവ്ടെ?”
“ദാണ്ടെ, ആ മാവിന്റെ ചോട്ടില്.!”
പള്ളിക്കൂടത്തിനും നാട്ടുകാർക്കും  പൊതുമുതലായി തെക്കേമുറ്റത്തു പടർന്നു പന്തലിച്ചുനിൽക്കുന്ന വലിയ നാട്ടുമാവു ചൂണ്ടിക്കൊണ്ട് സാറു മറുപടിതന്നപ്പോൾ എനിക്കൽപ്പം ആശ്വാസം തോന്നി. എങ്കിലും അതത്ര തൃപ്തികരമായിരുന്നില്ല.  അമ്മ അവിടെത്തന്നെയുള്ള നിലയ്ക്ക് എന്തുകൊണ്ട് അവിടംവരെ പോയി ഒന്നു കണ്ടുകൂടാ..?  വൈകിയില്ല സ്ലേറ്റും പെൻസിലും ബഞ്ചിൽ വച്ച്  ഒറ്റ ഓട്ടം!
“ ഡാ..!”   
ശിഷ്യനാണെങ്കിലും പേരറിയാത്ത  ഈ നൊമ്പരത്തെ. “ഡാ”  എന്നല്ലാതെ എന്താണ് അദ്ദേഹമപ്പോൾ സംബോധന ചെയ്യുക..!
രണ്ടാമത്തെ “ ഡാ...” യ്ക്കു  സാർ വായതുറക്കുമ്പോഴേയ്ക്കും  നാട്ടുമാവിനു  നാലു വട്ടംചുറ്റിവന്ന ഞാൻ,   അവിടെത്തന്നെ നിന്നു ചിണുങ്ങാൻ തുടങ്ങി.
വലതു കൈപ്പത്തിയുടെ  പിൻഭാഗം കണ്ണിൽചേർത്തു തിരുമ്മുന്നതു കണ്ടാൽ എന്തോ അകത്തേയ്ക്കു തിരുകിക്കയറ്റുകയാണന്നേ  ആർക്കും തോന്നൂ. കരച്ചിൽ സ്റ്റാർട്ടായിക്കഴിഞ്ഞു. ഒന്ന്... രണ്ട്…..മൂന്നു ഗിയറും ഇട്ട് നാലാമതിലേയ്ക്കു കടക്കുമ്പോഴേയ്ക്കും. പേരുചോദ്യമുപേക്ഷിച്ച്  സാർ എന്റെ അരുകിലെത്തി.
“ എന്തിനാഡാ കരേണേ...?”
“...അമ്മ..,  ക്ക്..അമ്മേക്കാണണം..”!
“ പണി പാളി…” എന്ന്  ഗുരു ചുറ്റും നോക്കി.
ഞാൻ നാലാമത്തെ ഗിയറിടുമ്പോൾ  എനിക്കു കോറസ്സുപാടിക്കൊണ്ട്  രണ്ടു പേർകൂടി ക്ലാസ്സിൽനിന്നിറങ്ങിവന്നു. അതിൽ  ഒരുത്തന് അച്ഛനെക്കാണണം, മറ്റൊരുത്തി ഒരു ഡിമാന്റും ഇല്ലാതെ  വെറുതേ ഞങ്ങൾക്കൊരു സപ്പോർട്ടിന്..!
രാഘവൻപിള്ള  സാർ എന്തോ പിറുപിറുത്തു.
“ കാവിലമ്മേ കാത്തുകൊള്ളണേ..!”    എന്നാകാനേ വഴിയുള്ളു.
ഒരു നിമിഷം കോറസ്സ് കേട്ട ഭാഗത്തേയ്ക്ക് സാർ തിരിയുമ്പോൾ, എന്നെ ഈ വൈതരണിയിൽ ഉപേക്ഷിച്ചുപോയ മാതാവിനോട് അടക്കാനാകാത്ത ദേഷ്യവും സങ്കടവും മൂത്ത്  കാലുയർത്തി നിലത്ത് ആഞ്ഞു ചവുട്ടി പ്രതിഷേധിച്ചു. പിന്നെ  ഫുൾ ആക്സിലേറ്ററിൽ  സൗണ്ട് സെറ്റ്ചെയ്ത്. ക്ലച്ചിൽനിന്നു  പെട്ടന്ന് കാലെടുത്തു..! വണ്ടി പള്ളിക്കൂടപ്പടിവാതിൽ ലക്ഷ്യമാക്കി ” ശ്ശർർ……” എന്നു പാഞ്ഞു.   ഫുൾ വോളിയത്തിൽ കേട്ടുകൊണ്ടിരുന്ന എന്റെ കുയിൽനാദം പെട്ടന്ന് അകന്നു പോയതറിഞ്ഞു തിരിഞ്ഞുനോക്കിയ സാർ കാണുന്നത് ഞാൻ ബൗണ്ട്രികടന്ന്  മാതൃരാജ്യത്തേയ്ക്ക് ഓടുന്നതാണ്..!
“ ഡാ…!”
എന്ന് വീണ്ടും വിളിച്ച് പുറകേ ഓടാനൊന്നും അദ്ദേഹം മെനക്കെട്ടില്ല, കാരണം മറ്റൊരു “ ഡാ” യും,  “ഡീ” യും അവിടെ എന്തിനും തയ്യാറായി  ഊഴം കാത്ത് നിൽപ്പുണ്ടായിരുന്നു.
റോഡിനരുകിലുള്ള മൺതിട്ടയിലൂടെ അതിവേഗമോടി അമ്പലപ്പറമ്പിന്റെ പിൻഭാഗത്തെ  പാതാളമുക്കിലെത്തി നിന്നു. സൗണ്ട് സിസ്റ്റം കംപ്ലീറ്റ് ഓഫ്ചെയ്തു.  ഇനി അമ്പലപ്പറമ്പും കഴിഞ്ഞ് മുന്നോട്ടുപോയി ഇടത്തോട്ടുതിരിഞ്ഞ് അഞ്ചാറു വീട് പിന്നിട്ടാൽ തറവാട്ടിലെത്താം. എന്തായാലും അമ്മ അങ്ങോട്ടു തന്നെയാണു പോയിട്ടുണ്ടാകുക. ഇവിടെ നിന്ന് പടിഞ്ഞാറേയ്ക്കു നീളുന്ന നടപ്പാതയിലൂടെ പോയാൽ മൂന്നുനാലു പുരയിടം ക്രോസ്സുചെയ്തും ലക്ഷ്യത്തിലെത്താം. ഇതുതന്നെ എളുപ്പവഴി.
രണ്ടാം ഘട്ടം ഓട്ടമാരംഭിച്ചു.
                                                         അടുത്ത റബ്ബർത്തോട്ടത്തിലൂടെ  ഭാഗീകമായി നീളുന്ന നടച്ചാലിൽക്കൂടി  പാടത്തുമൂഴിലെ തറവാട്ടുവക തോട്ടവും പിന്നിട്ട് ഇടുങ്ങിയ വഴിയിലൂടെ വണ്ടി അതിവേഗം പാഞ്ഞു. അച്ഛന്‍പെങ്ങളുടെ കൂടെ ആടിനു തീറ്റിവെട്ടാനും, മേയ്ക്കാനുമൊക്കെ ഈവഴി മുൻപും വന്നിട്ടുള്ളതുകൊണ്ട് റൂട്ട് ക്ലിയറാണ്. കിഴക്കേവീട്ടിൽ കുട്ടപ്പനവർകളുടെ തെക്കേ അതിർത്തിയിൽ നിന്ന ഇല്ലിപ്പടർപ്പിന്റെ ഞാന്നുകിടന്ന കമ്പിൽനിന്നും,   ഇടവഴിക്കിപ്പുറത്തെ പുല്ലാനിപ്പടർപ്പിലേയ്ക്ക് വലിച്ചുകെട്ടി വലനെയ്ത് ഇരയെകാത്തിരുന്ന കറുപ്പിൽ മഞ്ഞയുള്ള  വമ്പൻ ചിലന്തിയൊരുവൻ,   തന്റെ നെറ്റ് വർക്കിന്റെ അതിവിശാലതയിൽ  അൽപ്പമൊന്നഹങ്കരിച്ചിരിക്കുമ്പോൾ, തോട്ടത്തിലെ ഇടവഴിയിൽനിന്നും വെളി യിലേയ്ക്കിറങ്ങിയ  എന്റെകുരുട്ടു ബോഡിയിൽ ഉടക്കി തന്റെ പ്രയത്നമത്രയും പാഴായിപ്പോകുന്നത്  നിസ്സഹായനായി നോക്കിനിന്നു..!
വലയില്‍ പെട്ടതോടെ എന്റെ വണ്ടിയുടെ എഞ്ചിൻവരെ ഓഫായി..! നിലയില്ലാക്കയത്തിലെന്നപോലെ   നാലു പാടും കൈവീശി ചിലന്തിവല നിഷ്ക്കരുണം  തൂത്തെറിഞ്ഞ്  ഞാൻ അടുത്ത  പുരയിടത്തിൽ കയറി  പ്രയാണം തുടർന്നു. താഴത്തെവീട്ടിൽ കൊച്ചുകുഞ്ഞിന്റെ വീടിനു പിന്നിലെ കയ്യാലപ്പുറത്തുനിന്നും ചെറിയൊരുചാട്ടമായിരുന്നെങ്കിലും  സമയദോഷം കൊണ്ടായിരിക്കും ചെന്നുവീണത്  ചേർത്തു കൂട്ടിയ ചാണകക്കൂനയിൽ!  ശബ്ദം കേട്ട് അടുത്തു നിന്നിരുന്ന പൈക്കിടാവ്    “അമ്മേ…!”        എന്ന് അലറിവിളിച്ചു.
അത് കേട്ട് അടുത്തെവിടെയോ കെട്ടിയിട്ടിരുന്ന അതിന്റെ തള്ളപ്പശു,
“ വാട്ട് ഹാപ്പൻഡ് മോളേ…”  എന്ന് ആധി പൂണ്ടു!
“ ഞാൻ വീണതിന് ഇവരെന്തിനാ ബഹളം വയ്ക്കുന്നെ”    എന്ന്  ആകുംവിധം എനിക്കും  ആധിയുണ്ടായെങ്കിലും, അധികം പൂണ്ടു സമയം കളയാതെ  അവിടെനിന്നും വേഗം എണീറ്റു.     കാലുമുതൽ ചന്തിവരെ  നല്ല ഒന്നാന്തരം പച്ചച്ചാണകം പൊതിഞ്ഞിരിക്കുന്നു. നാറിയിട്ടു വയ്യ. ചുറ്റും നോക്കി. അഴയിൽ ഉണങ്ങാൻ ഇട്ടിരുന്ന ഏതാനും തുണികൾ കൂട്ടിവാരി ഒന്നു തുടച്ചു. വലിയ കുഴപ്പമില്ല. മറ്റൊരു തുണിയെടുത്ത് ടച്ചപ്പ് ചെയ്തുകൊണ്ട്  വേഗം സ്ഥലം വിട്ടു..!
                                                                              പുത്രനെ ഗുരുസന്നിധിയിൽ  സമർപ്പിച്ച് അതി വിദഗ്ധമായി  ഗുരുകുലം വിട്ട കഥ,  തറവാടിന്റെ അടുക്കളപ്പുറത്തുനിന്ന  അച്ചമ്മയോടു വിസ്തരിച്ചു വിവരിക്കുന്ന എന്റെ  പ്രിയ മാതാവിന്റെ മുന്നിലേയ്ക്ക്,   ഒരു ചാണകവണ്ടി പാഞ്ഞുവന്ന് സഡൻ ബ്രേക്കിട്ടു.
“ അമ്മയെന്തിനാ  യെന്നെയിട്ടേച്ചു പോന്നത്..?”
അച്ചമ്മയോട് എന്തോ പറയാൻ തുറന്ന വായ്,  അപ്പടിതുറന്നു വച്ച് , അമ്മ മൂന്നാലു നിമിഷം  എന്നെനോക്കി അങ്ങനെ സ്തബ്ധയായി നിന്നു.
“ നീ...നീയെങ്ങനെയാടാ ഇവിടെയെത്ത്യെ..?”
അമ്മയുടെ ചോദ്യം മുഴുമിക്കും മുൻപ് എന്റെ മറുചോദ്യം.
“ യെന്നെയെന്തിനാ ഇട്ടേച്ചു പോന്നെ..?”
“ അത്...അത് ഞാനിത്തിരി വെള്ളം കുടിക്കാൻ വന്നതല്ലെ..
 ..അതിനു നീയെന്തിനാ സ്കൂളീന്നു പോന്നത്..?”  
“ യെനിക്കും വേണം വെള്ളം, പയങ്കര ദാകം..!”
ഒന്നും പറയാനില്ല.
അമ്മ വെള്ളത്തിനു പകരം ഒരുവിധം ഉമിനീരിറക്കിആശ്വസിച്ചു.
“ നീയെവ്ട്യെയാ വീണത്..?”
“ താഴ്ത്തവീട്ടിലെ ചാണാക്കുഴിയില്..!”
“വല്ലതും പറ്റിയോ..?”
“ഉം..ദാണ്ടെ, ചാണാം പറ്റി..!”
“ ന്റെ ഒടേതമ്പുരാനേ..ഇവ്നേക്കൊണ്ടു തോറ്റല്ലോ!”  എന്ന് അമ്മ തലയിൽ കൈവച്ചു.
‘ഉം….ഇവന്റെ കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും വേണ്ട’
എന്ന് അച്ചമ്മ, അമ്മയെനോക്കി നെടുവീർപ്പിട്ടു.
പിന്നെ പാത്രത്തിൽ വാരിവച്ചിരുന്ന  അടുപ്പിലെ ചാരം എടുത്ത് തൊടിയിലെ വാഴച്ചോട്ടിലിട്ടശേഷം  തെക്കേചായ്പ്പിൽ തൂക്കിയിട്ട പാത്രത്തിൽനിന്ന് ഉമിക്കരിയെടുത്ത്  ചൂണ്ടുവിരൽകൊണ്ട് സ്വന്തം പല്ലിൽ  കുത്തിവരയ്ക്കാനാരംഭിച്ചു.
“ അച്ചുവമ്മേ..!”
ഒരശരീരികേട്ട്  അമ്മയും, ദൂരെനിന്ന അച്ചമ്മയും ഒരുപോലെ തിരിഞ്ഞുനോക്കി.
ചാണകക്കുഴിയുടെ ഉടമ കൊച്ചുകുഞ്ഞിന്റെ  പൊണ്ടാട്ടി  രാധപ്പെണ്ണ് തെക്കേപ്പുറത്തെ മാഞ്ചോട്ടിൽ നിന്ന് അച്ചമ്മയെയാണു വിളിച്ചത്.
“ യെന്താ രാതേ..?”
“ആ കൊച്ചിനോട് അതിങ്ങോട്ട് തരാൻ പറയോ..?”
“ യെന്നതാ..?”
“ ഞാം കുളീം കഴിഞ്ഞു വന്നപ്പം കാണാനില്ല, നോക്കീപ്പം  ഇവ്ടത്തെ കുഞ്ഞ് എടുത്തോണ്ട് ഓടുന്ന കണ്ട്..”
ഇപ്പോഴാണ് എന്റെ കയ്യിൽ ചാണകം പുരണ്ട് നിറം മാറിയ ഒരു തുണിക്കഷണം ഞാൻ തന്നെ ശ്രദ്ധിക്കുന്നത്.
“ അയ്യേ ..ഇതെ വിടുന്നാഡാ…”   അമ്മയുടെ ആക്രോശം.
“ അത്..ഞാൻ.. ചാണം പറ്റീപ്പം…”
“കൊണ്ടേ കൊഡ്രാ വേഗം..”
നെഞ്ചിൽ കൈപിണച്ചുവച്ച് മാഞ്ചോട്ടിൽ നിന്നു കെഞ്ചുന്ന രാധയുടെ മുന്നിലേയ്ക്ക്  മങ്ങിയ നീലനിറമുള്ള ആ തുണിക്കഷണം ഞാനെറിഞ്ഞുകൊടുത്തു.
ആർത്തിയോടെ അതെടുത്ത് എന്തോ പിറുപിറുത്തുകൊണ്ട് രാധ അതിവേഗം  തന്റെ ഗോകുലത്തിലേയ്ക്കു പോയി.
വടിയെടുത്തടിക്കുന്നതിനു പകരം,  വെള്ളം കോരി എന്റെമേലൊഴിച്ചുക്കൊണ്ട് അമ്മ കുറെ ശകാരിച്ചു. സ്കൂളിൽനിന്ന് ഓടിപ്പോന്നതിന്, അൽപ്പ സമയമെങ്കിലും അമ്മയെപിരിഞ്ഞിരിക്കാൻ കൂട്ടാക്കാത്തതിന്, കാടും മലയും വകവയ്ക്കാതെ ഇടവഴിതാണ്ടി ചാണകക്കുഴിയിൽ കൂപ്പുകുത്തിയതിന്…
                            ഇത്രയുമൊക്കെയായപ്പോഴേയ്ക്കും എന്റെ ദേഷ്യവും സങ്കടവുമൊക്കെ ഒട്ടൊന്നൊതുങ്ങി.  എന്റെ പുതിയതീരുമാനം ഞാൻ തന്നെ അനൗൺസു ചെയ്തു.
“ നാളെ ഞാൻ പള്ളിക്കൂടത്തിൽ പൊയ്ക്കോളാട്ടോ....!”
“അപ്പോ അമ്മ വരണ്ടേ..?”
“ഉം, കൊണ്ടാക്കീട്ടു തിര്യെ പ്പോന്നോ..!”
തൊടിയിൽ നിന്ന അച്ചമ്മ  അതു കേട്ട് അടുത്തെത്തി.
“ വേണ്ടടീ  പെണ്ണേ നീ  വൈകിട്ടുവരെ അവിടെ നിന്നോ..”
“ അതൊന്നും വേണ്ടമ്മേ, അവൻ മിടുക്കൻ കുട്ട്യല്ലേ..?”
“ ങാ.. മിടുക്കൻ കുട്ടി  ഇന്ന്  താഴ്ത്തേതിലെ  രാതേടെ കെട്ടു ബോഡിയാ കൊണ്ടുവന്നെ
അറിയാല്ലോ,  നാളെ ചെലപ്പം കൊച്ചൂഞ്ഞിന്റെ…”   
മുഴുവൻ പറയാതെ അച്ചമ്മ നിർത്തി. പിന്നെ ഉമിക്കരിതേച്ച പല്ലുകാട്ടി കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു.
അച്ചമ്മയുടെ ചിരി അമ്മയിലേയ്ക്കും പടർന്നുകയറി.
സംഗതിയെന്തെന്ന് കൃത്യമായി മനസ്സിലാകാഞ്ഞിട്ടുകൂടി എനിക്കു  ശരിക്കും നാണംവന്നു.
ശ്ശേ.. ഈ അച്ചമ്മേടെ കാര്യം.!
ജാള്യത മറയ്ക്കാൻ ഞാൻ അമ്മയുടെ മടിയിലേയ്ക്കു മുഖം പൂഴ്ത്തി നില്‍ക്കുമ്പോള്‍, ആദ്യദിവസത്തെ അഭ്യാസം കഴിഞ്ഞ് സ്കൂളിൽ കൂട്ട മണിമുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു.!
                                                          

                                                                                                                                                                            *

വെള്ളിയാഴ്‌ച, മാർച്ച് 14, 2014

ലമണ്‍ ഡ്രോപ് സ്


            വൈ കിട്ട് ഏഴുമണിക്കുള്ള ചാനല്‍ വാര്‍ത്തയില്‍ സരിതപ്പെണ്ണിനെ ഒരുനോക്കു കണ്ട് സായൂജ്യമടഞ്ഞ്,എങ്ങിനേയും ഒരു സോളാര്‍പാനല്‍ വാങ്ങുന്നതിന്റെ സാദ്ധ്യതയെക്കുറിച്ചാലോചിച്ച് മനപ്പായസമുണ്ട് കൈകഴുകി വികാര വിസ്മരണനായി ഉമിനീരിറക്കിയിരിക്കുമ്പോഴാണ് ബെഡ് റൂമില്‍ ഇന്ധനം നിറയ്ക്കാന്‍ കോഡ് തിരുകിവച്ചിരുന്ന മൊബൈല്‍ഫോണ്‍ അലറിവിളിച്ചത്.
മനസ്സില്ലാമനസ്സോടെ ആ മഹിളാരത്നത്തെ പോലീസ് കസ്റ്റഡിയില്‍ തിരികെ വിട്ടുകൊടുത്തിട്ടു വേഗംവന്നു ഫോണെടുത്തു.
അങ്ങേതലയ്ക്കല്‍ ഷാഫിക്ക.
നാട്ടുകാരന്‍, കൂട്ടുകാരന്‍,സര്‍വ്വോപരി ഒരു ചെറുകിട കച്ചവടക്കാരന്‍ ഒറ്റയാള്‍ പട്ടാളം.
“ ഹലോ...എന്താ മാഷേ വിശേഷങ്ങള് ..ഇപ്പം കാണാറില്ലല്ലൊ.. ബിസ്സിയാണൊ..?”
തന്റെ തനതു ശൈലിയില്‍ പട്ടാളം തോക്കെടുത്തു.
“എന്തു പറയാനാ ന്റിക്കാ തിരക്കോടു തിരക്ക്, ഓണത്തിന് ഒരവധി എടുത്തകാരണം ദാ, ഈ വെള്ളിയാഴ്ച്ചകൂടി പോകേണ്ടിവന്നു..!”
എന്റെ പരിഭവപരാക്രമങ്ങള്‍ക്ക് വിരാമം കുറിച്ച്,  ഞാന്‍ തന്നെ കുശലാന്വേഷണം നടത്തി.
“ നാട്ടിലെന്താ വിശേഷം ഇക്കാ, നമ്മുടെ സാബു പോയിട്ടു വിളിച്ചാരുന്നോ..?”
“ ഉം..  ഞാന്‍ വിളിച്ചിരുന്നു. അവന്‍ വണ്ടിയൊരെണ്ണം വാങ്ങിയല്ലൊ.ഇപ്പം വല്ലാത്ത ബിസ്സിയല്ലേ..ഷൂട്ടിംഗും,സിനിമയും..”
“ ങേ.. അങ്ങേരെന്താ സിനിമ പിടിക്കാന്‍ പോയോ..?”
“ ഹേയ്..അല്ല  .. ഷൂട്ടിംഗ് സെറ്റില്‍ ട്രാന്‍സ് പോര്‍ട്ടിംഗ്..”
അതിനു ഞാനൊരു മറുപടി പറയും മുന്‍പ് അദ്ദേഹം അടുത്ത കാര്യത്തിലേയ്ക്കു കടന്നു.
“ ഞാനിപ്പം വിളിച്ചതേ…”
ആ മുഖവുരയില്‍ എന്തോ ഒരു പന്തികേടില്ലെ.?
ഇല്ലെന്നോ ഉണ്ടെന്നൊ തിരിച്ചറിയും മുന്‍പ് ഷാഫിക്ക തുടര്‍ന്നു.
“ അന്ന് ഓണസദ്യക്ക് അവിടെ വിളമ്പിയ ആ നാരങ്ങാ അച്ചാറ് നാട്ടീന്നു കൊണ്ടുവന്നതാണോ..?”
“  അല്ലിക്കാ അത് ഞാനിവിടെ ഉണ്ടാക്കീതാ..”   
“ആണോ..!” - അല്ല പെണ്ണ്, എന്ന് മറുപടി പറഞ്ഞില്ല. വെറുതേ കിട്ടുന്ന പ്രശംസയല്ലേ, ഇരിക്കട്ടെ എന്നു കരുതി ഞാന്‍ ഷാഫിക്കായ്ക്കു ചെവികൊടുത്തു, കൊടുത്ത ചെവിയിലേയ്ക്ക് അദ്ദേഹം ബാക്കി പ്രശംസയും പ്രശംസാ പത്രവും, കാനായി കുഞ്ഞുരാമന്‍ രൂപകല്‍പ്പനചെയ്ത  ഒന്നൊന്നര കിലോയുള്ള  ഒരു ശില്‍പ്പവും തിരുകിക്കയറ്റി.
“ സൂപ്രാരുന്നു കേട്ടോ..!”
സോഫയില്‍ ചാരിയിരുന്ന ഞാന്‍,   അനുമോദനച്ചടങ്ങില്‍ പങ്കെടുക്കാന്‍  അല്‍പ്പംകൂടി നിവര്‍ന്നിരുന്നു. പിന്നെ, എളിമ, വിനയം, ഭവ്യം മുതലായ അദൃശ്യ ഭാവങ്ങളെ ആവാഹിച്ചു  സ്വന്തം പൂമുഖത്ത് കുടിയിരുത്തി, വിനയ കുനയനായി.
“ അതൊക്കെയൊരുതരം തട്ടിക്കൂട്ടല്ലേ ഇക്കാ, ഒത്താല്‍ ഒത്തു അത്രതന്നെ..”
“ ന്നാലും ഈ കൈപ്പുണ്യം എന്നു പറയണത് നിന്നേപ്പോലെ എല്ലാവര്‍ക്കും കിട്ടൂല്ലന്നേ..” 
എന്റെ തുള്ളാത മനവും തുള്ളിത്തുടങ്ങി, സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേല...ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും സത്യം.!  
എന്നാലും ഇങ്ങേരെന്തുഭാവിച്ചാണോ ആവോ, എന്തായാലും
ഇത്  ഉടനെയെങ്ങും  തീരുന്ന  ലക്ഷണമില്ല. ഈ കത്തികേട്ടിരുന്നാല്‍ രാത്രിയിലെ ഭക്ഷണം ഹോട്ടലില്‍ നിന്നു വരുത്തിക്കേണ്ടിവരും. അതുകൊണ്ട് ഇതിനിടയില്‍ കിച്ചണിലെ കാര്യം കൂടി നടത്താമെന്നു കരുതി ഞാന്‍  ബെഡ് റൂമില്‍വന്ന് ഹെഡ് സെറ്റ് എടുത്ത് ചെവിമുതല്‍ താഴേയ്ക്ക് വയറിംഗ് ചെയ്ത്, അറ്റം മൊബൈലില്‍ കുത്തി. കുത്തുകൊണ്ട മൊബൈല്‍ നേരേ ബെര്‍മുഡയുടെ പോക്കറ്റിലേയ്ക്ക് ചാടി. ഇപ്പോള്‍ ഷാഫി വചനങ്ങള്‍ കര്‍ണ്ണപടങ്ങളിലേയ്ക്ക്  നേരിട്ടു പ്രവഹിച്ചു.
“ അല്ലാ, അതിപ്പം എങ്ങനെയാ ഉണ്ടാക്കുന്നെ,  എനിക്കല്‍പ്പം വേണമായിരുന്നു..”
ഒരു കുക്കറിക്ലാസ്സ്  നടത്താനുള്ള സുവര്‍ണ്ണാവസരം യാദൃശ്ചികമായി വന്നു പെട്ടതിലുള്ള സന്തോഷം ഞാന്‍ അടക്കി വച്ചില്ല.
“ ഇത് വെരി സിമ്പിളല്ലേ ഇക്കാ, പെട്ടെന്നുന്നുണ്ടാക്കാം..”
“ ഉം.. അതൊക്കെ നിനക്ക്..ഞാനുണ്ടാക്കുമ്പം, സാമ്പാറോ അവിയലോ പോലിരിക്കും, ടേസ്റ്റ് ബിര്യാണീടേം..”
ഞാന്‍ വീണ്ടും കോരിത്തരിച്ചു. തരിപ്പു തീര്‍ക്കാന്‍ മുന്നിലെ പാത്രത്തിലിരുന്ന അരി, കൂടുതല്‍ ആവേശത്തോടെ രണ്ടു കയ്യും ചേര്‍ത്തു തിരുമ്മിക്കഴുകി.
“ ഇക്കാ ഒരു കാര്യം ചെയ്യ്. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി മുഴുത്ത ചെറുനാരങ്ങാ വാങ്ങിക്ക്,  ഒരഞ്ചാറെണ്ണം മതി. പിന്നെ അത് കഴുകിത്തുടച്ച് ചെറുതായി അരിഞ്ഞെടുക്കണം”
“ ചെറുതായി എന്നു പറഞ്ഞാല്‍..?”
“ദിങ്ങനെ കുനു കുനാന്ന്."-  വലതു കയ്യിലെ ചൂണ്ടുവിരലിൽ ഞാൻ 'കുനു കുന' അളന്നു കാണിച്ചത്  ആ പാവം  കണ്ടില്ല എങ്കിലും അങ്ങേരുടെ വായില്‍ പഴുത്ത ചെറുനാരങ്ങായുടെ രസികന്‍ പുളി ഓടിനടന്നു പ്രവര്‍ത്തനമാരംഭിച്ചത് ഞാനറിഞ്ഞു. ഉമിനീരിറക്കിക്കൊണ്ട്  അദ്ദേഹം അച്ചാറുണ്ടാക്കാന്‍ റഡിയാകുന്നു.
“ അരിഞ്ഞുവച്ച നാരങ്ങയിലേയ്ക്ക് നന്നായി ഉപ്പ് വിതറണം. പിന്നെ മുളകുപൊടി,ഉലുവപ്പൊടി,കായം, ഇതൊക്കെ ഇട്ട് നന്നായി ഇളക്കിച്ചേര്‍ക്കണം..”
“ ഇത് കൈ കൊണ്ട്  ഇളക്കണോ അതോ..”
“ഉം..കൈകൊണ്ടിളക്ക്യാ ഇങ്ങേരു വിവരമറിയും, വൈകിട്ട് ചീച്ചി മുള്ളണ്ടതല്ലെ..?”
എവിടൊക്കെയോ നീറിപ്പുകയുന്ന ദിവ്യാനുഭൂതി ഷാഫിക്ക അനുഭവിച്ചറിയുന്നത്  ഞാന്‍ ഭാവനയിൽ കണ്ടു പുളകിതനായി!
“ ഈ മുളകുപൊടിയൊക്കെ എത്രചേര്‍ക്കണം.?”
“ഒരഞ്ചാറു സ്പൂണ്‍..അല്ലെങ്കില്‍ വേണ്ട,  നാരങ്ങാ വാങ്ങുമ്പോള്‍ ഒരുപാക്കറ്റ് അച്ചാര്‍ പൊടി കൂടെ വാങ്ങിക്കോളൂ, അതാകുമ്പം എല്ലാ ചേരുവകളും അതിലുണ്ടാകും”
“ ഏതു ബ്രാന്‍ഡാ ബെസ്റ്റ്..?”
“  ‘കിഴക്ക'നോ, ‘തെക്കനോ’ ഏതായാലും കുഴപ്പമില്ല,   അഞ്ചോ ആറോ സ്പൂണ്‍ ചേര്‍ത്താല്‍ മതി. മുഴുവൻ  കുടഞ്ഞിടരുത്. “
“ആഹാ  ഇത്രേയുള്ളൊ, ഇനി ടിന്നിലാക്കാം ല്ലേ..?”
"കഴിഞ്ഞില്ല.. മുഴുവനാകട്ടെ.."
“ പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകുപൊട്ടിച്ച് കറിവേപ്പിലയിട്ട്, അതിലേയ്ക്ക് ഈ നാരങ്ങാക്കൂട്ട് ചേര്‍ത്ത്,  കുറച്ചു വിനാഗിരി കൂടി ഒഴിച്ച് ഇളക്കിച്ചേര്‍ക്കണം. ഇളക്കുമ്പോള്‍ ഒരല്‍പ്പം കായം കൂടി വിതറിയാല്‍ നന്നായിരിക്കും.കൂടുതല്‍ നേരം ഇളക്കി നാരങ്ങാ വേവിക്കരുത്.“
മറു വശം നിശബ്ദം.
“ ഹലോ.., ഷാഫിക്കാ..”
“ങാ.. കേള്‍ക്കുന്നൊണ്ട്, ഞാനിവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാഷ് കൌണ്ടറിലാ..”
“..ഓക്കെ, ഇനി തീ ഓഫ് ചെയ്ത് ഇറക്കി വച്ച് , നന്നായി തണുക്കുമ്പോള്‍ ടിന്നിലാക്കിക്കോളൂ”
അതിനും മറുപടിയില്ല
“ഹലോ..ഹലോ..”
കാള്‍ കട്ടായി.
ഇങ്ങേരുടെ കാര്യം.!
ബിരിയാണിയും ചിക്കനുമൊക്കെ ടേസ്റ്റിയായിട്ടുണ്ടാക്കുന്ന ആളാണ്. എന്നിട്ടും ഇതിലെന്താ  ഇത്ര കോമ്പ്ലിക്കേഷന്‍ എന്ന് ന്യായമായും ഞാന്‍ സംശയിച്ചു.
അരി അടുപ്പില്‍ വച്ച്,  ഫ്രിഡ്ജ് തുറന്ന് ഒരു ചെറിയ സാമ്പാറിനുള്ള വക തിരഞ്ഞെടുക്കുമ്പോള്‍ ഡോര്‍ബെല്‍ ശബ്ദിച്ചു. വന്നു വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ഷാഫിക്ക.!
“ ആഹാ..ഇങ്ങോട്ടു വരും വഴിക്കാണോ വിളിച്ചത്..?”
അതിനു മറുപടിപറയാതെ വെളുക്കെ ചിരിച്ചുകൊണ്ട് അദ്ദേഹമകത്തേയ്ക്കു കയറി കയ്യിലിരുന്ന കിറ്റ് എന്നെ ഏല്‍പ്പിച്ചു.
“ ഇതെന്താ ഇക്കാ?”
“നാരങ്ങാ”
“ഇതെന്തിനാ എനിക്ക്.?”
"പുരുഷു എന്നെ അനുഗ്രഹിക്കണം" - എന്ന ജഗതിസ്റ്റൈലിൽ അദ്ദേഹം കാര്യം അവതരിപ്പിച്ചു.
“അച്ചാറിട്ടു തരണം, ഞാനുണ്ടാക്യാ ശര്യാവൂല്ല”
ഈശ്വരാ ഫോണിലൂടെ തിയറി കഴിഞ്ഞതാണല്ലോ  ഇനി അതിന്റെ പ്രാക്റ്റിക്കലും വേണോ..!
എങ്ങിനെയും ഒഴിയുക തന്നെ.
“അതിപ്പം,  എനിക്കെപ്പോഴാ സമയം കിട്ടുക..ഞാന്‍..”
ആ വിഫലശ്രമത്തിന്റെ കടയ്ക്കല്‍ കത്തിവച്ച്  ഷാഫിക്ക പിടിമുറുക്കി
“ ഒന്നും പറയണ്ട, ഞാനിത് അരിഞ്ഞു തരാം..നീയൊന്നു ചേര്‍ത്തു തന്നാല്‍ മതി”
ഇനിയിപ്പോള്‍ ചെയ്തേ മതിയാകൂ.
“ ഇതിന്റെ പൊടിയൊന്നും വാങ്ങിച്ചില്ലേ..?”
“ ഓ...എന്തിന് ! അതൊക്കെ ഇവിടെ കാണില്ലേ..ഓണത്തിന്റെ ബാലന്‍സ്..?”
“പഷ്ട്..ങ്ങള് കരുതിക്കൂട്ടിയാ, ല്ലേ..” 
ബാച്ചിലർ കിച്ചന്റെ പരിമിതികളിൽ മാത്രമല്ല, എവിടെയായാലും
ഒന്നു സഹായിക്കാനാളുണ്ടെങ്കില്‍ ഈ പാചകമൊക്കെ വാചകത്തേക്കാള്‍ ഈസ്സിയാണെന്ന് മഹാന്മാര്‍ ആരും പറഞ്ഞിട്ടില്ലെങ്കിലും എനിക്കങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. അതുകൊണ്ട് തന്നെ ആ പ്രോജെക്റ്റ്  ഞാൻ സൈന്‍ ചെയ്തു.
കച്ചവട വിശേഷവും, നാട്ടുവിശേഷവും കൂട്ടിക്കുഴച്ച് കേട്ടുകൊണ്ട്
നാരാങ്ങാ കഴുകുമ്പോള്‍ ഷാഫിക്കയുടെ മൊബൈല്‍ ഫോണില്‍ ഒരു അറബിപ്പാട്ട്.
“ ഹലോ..“
......   ......
“യെസ്..ഞാന്‍ വരാം ..ഒരു..പതിനഞ്ചു മിനിറ്റ്..അതിനുള്ളില്‍..ഞാനെത്താം..ഓക്കെ..ഓക്കെ”
ഷാഫിക്കയുടെ വാക്കുകള്‍കേട്ട്  കഴുകല്‍ തനിയെ നിന്നു.
“അതേയ്..” 
ചെറിയ പരുങ്ങലോടെ  തല ചൊറിഞ്ഞു ക്കൊണ്ട് പിന്നില്‍ ഷാഫിക്ക.
“എനിക്കേയ്... ഒരുഷോപ്പില്‍ കൂടി ഡെലിവറി യുണ്ട്..അവരാണു വിളിച്ചത്. .”
ദീന ശോക മൂക പരവശനായി ഞാന്‍ അദ്ദേഹത്തെ നോക്കി.
ആ നോട്ടം മാനേജ് ചെയ്യാൻ, നല്ലവണ്ണം സോപ്പു പതച്ച ഒരു ജാമ്യാപേക്ഷ എനിക്കു നീട്ടി.
“ഇത് നീ തന്നെ ഒന്നു ശര്യാക്കി വയ്ക്ക്. പ്ലീസ്,എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല..”
“അതുപിന്നെ…”
ഞാന്‍ എന്തെങ്കിലും ഒന്നു പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും ഷാഫിക്ക തിടുക്കത്തില്‍ പുറത്തിറങ്ങി വാതിലടച്ചു.
പണി നാരങ്ങയുടെ രൂപത്തില്‍ വന്നു പെട്ട  ദേഷ്യത്തില്‍ പാത്രം കിച്ചന്‍ ടോപ്പിലേയ്ക്കു തള്ളിനീക്കി
ഇനി അങ്ങേരു വരുമ്പോഴെങ്ങാന്‍ ചെയ്യാം. എന്നുറപ്പിച്ചു എന്റെ സാമ്പാറിലേക്കു തിരിയുമ്പോള്‍ ഡോര്‍വലിച്ചുതുറക്കുന്ന ശബ്ദം.
വീണ്ടും ഷാഫിക്ക..!
അദ്ദേഹം തിരിച്ചുവന്നിരിക്കുന്നു. പോക്ക് ക്യാന്‍സല്‍ ചെയ്തിട്ടുണ്ടാവും. ഹാവൂ രക്ഷപ്പെട്ടു.
“അതേയ്..ഒരുകാര്യം പറയാന്‍ മറന്നു..”
“എന്താ ഇക്കാ?”
എന്റെ മുഖത്തെ ഭാവാഭിനയമൊന്നും നിരീക്ഷിക്കാതെ അദ്ദേഹം തുടര്‍ന്നു.
“നന്നായി തണുത്തിട്ടേ  ടിന്നിലാക്കാവൂ കേട്ടോ..!”
വായിൽ വന്ന ഒന്നാന്തരം പച്ചത്തെന്നിന്ത്യൻ സാധനം കടിച്ചിറക്കി
സെൻസർ ചെയ്ത  ഒരു മറുപടി ഞാന്‍ ഒരുക്കിയപ്പോഴേയ്ക്കും അങ്ങേരു വെളിയിലിറങ്ങി വാതിലടച്ചു നാടുവിട്ടു..!
ഇപ്പോള്‍ എന്റെ മുഖത്തു വിരിഞ്ഞ നവരസങ്ങള്‍ തിരിച്ചറിഞ്ഞ്  
ഞാന്‍തന്നെ  അന്തംവിട്ടു.ആഹാ.. സൂപ്പര്‍,
എന്നെ സമ്മതിക്കണം..!
                                                                                                   
 മഴവില്ല്  ഇ- മാഗസിനിൽ   ഇത്   പ്രസിദ്ധീകരിച്ചിട്ടുണ്ട്.                     

ചൊവ്വാഴ്ച, ജനുവരി 14, 2014

' പതിനൊന്നു വയതിനിലെ..'

റു ബി-യിലെ സന്ദീപ് പ്രകാശിന്  ലഞ്ച് ബ്രേക്ക് ടൈമിലാണ് ആ  എഴുത്ത് കിട്ടിയത്. എഴുത്തെന്നു പറഞ്ഞാൽ സംബോധനയോ കുശലാന്വേഷണമോ കാര്യ- കാരണ വിശദീകരണമോ ഒന്നുമില്ലാത്ത, വെറും ഒരു  ഒറ്റവരി എഴുത്ത്. എഴുത്തിന്റെ ഉള്ളടക്കം ഇങ്ങനെ,

"എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടാണ്, ഐ ലവ് യൂ.."- ആതിര.

ആകെക്കൂടി  ഒറ്റ വരിമാത്രമുള്ളതുകൊണ്ട് വായിച്ചു വശാകേണ്ടി വന്നില്ല അവന്. തിരിഞ്ഞുനോക്കുമ്പോൾ കത്തുകൊടുത്ത  ആതിര  എസ്  നായർ മറുവശത്തെ ബഞ്ചിലിരുന്ന് അവനെ നോക്കി പുഞ്ചിരിക്കുന്നു.
സന്ദീപ് ആകട്ടെ, ഡീസന്റ് ആൻഡ്  ഡിസിപ്ലിൻ  എന്നിവയുടെ ഹോൾസെയിൽ ഡീലർ. അവനത് ഒട്ടും ഇഷ്ട്ടമായില്ല.
' ഈ പെണ്ണിന് ഇതെന്തിന്റെ കേടാ..'   എന്ന്  അവൻ അവളുടെ നേരേ കണ്ണുരുട്ടി.
പകരം അവൾ അവനെ നോക്കി കണ്ണിറുക്കി..!

' ഏയ്.. ഇതിങ്ങനെ വിട്ടാൽ പറ്റില്ല, റിപ്പോർട്ട് ചെയ്യണം'
എന്നു ചിന്തിക്കുമ്പോഴേയ്ക്കും  ബെല്ലടിച്ചു.
ആദ്യ പീര്യഡ്  മാത്ത്സ്.
ആതിരയുടെ  മാതാജിയും, അവരുടെ ക്ലാസ്സ്ട്ടീച്ചറുമായ  അശ്വതി മാമിന്റെ ക്ലാസ്സിനിടയിൽ  എപ്പോഴൊക്കെയോ അവൻ അവളെ കണ്ണുകൊണ്ട് ശകാരിച്ചു. ഹരിച്ചും, ഗുണിച്ചും അവൾ അവനെ നോക്കി കണ്ണിളക്കി.  ക്ലാസ്സുകഴിഞ്ഞു പോകാനൊരുങ്ങിയ കണക്ക് ഗുരുവിന്റെ കയ്യിൽ  ആ ചെറിയ പ്രണയാക്ഷരങ്ങൾ  ചെറു ചൂടോടെ എത്തിപ്പെട്ടു. തികച്ചും കൗതുകത്തോടെ കത്തു തുറന്ന ടീച്ചറുടെ കണ്ണുകളിൽ പൊടുന്നനെ രണ്ടു വലിയ  തീപ്പന്തങ്ങൾ കുത്തനെ നിന്ന് ആളിക്കത്തി..!
                                                                       പിറ്റേന്നു രാവിലെ ക്ലാസ്സിലെത്തിയപ്പോഴേ അവൻ കണ്ടു,  ആതിരയുടെ  ചുറ്റും തോഴിമാരുടെ ഒരു ചെറുസംഘം. അവർ അവനെ ചുണ്ടും  മുഖവും കൂർപ്പിച്ചു നോക്കി. ആതിരയെ ഒറ്റിക്കൊടുത്തു എന്ന ഒറ്റക്കാരണത്താൽ തന്നെ, അവനു ചുറ്റും തോഴന്മാരാരും എത്തിയില്ല.  ദുഷ്ട്ടൻ, വഞ്ചകൻ, കരിങ്കാലി..തുടങ്ങിയ പരമ്പരാഗത കുത്തുവാക്കുകളിൽ പ്രാവീണ്യമില്ലാതിരുന്നതിനാൽ മാത്രമാണ്  അവരത് സംബോധന ചെയ്യാതിരുന്നത്. മുട്ടിനു താഴെ സോക്സ്  താഴേയ്ക്കു നീക്കി  തനിയ്ക്കു കിട്ടിയ അടിയുടെ എണ്ണവും , വണ്ണവും ആതിര തന്റെ  പ്രിയ സഖിമാർക്കു കാട്ടിക്കൊടുത്തു.   അതുകണ്ട്  മനസ്സുരുകി,  കണ്ട്രോൾ  വിട്ട്, 
" ഹെന്നാലും, ഇതു കുറെ കൂടിപ്പോയീ ട്ടോ..!"  എന്ന് മൂക്കത്തു വിരൽ വച്ചുനിൽക്കാനുള്ള പക്വതയൊന്നും തോഴിമാരിലാർക്കും ഇല്ലായിരുന്നു. അവർ അവളുടെ കാലിലെ തിണർപ്പിൽ തൊട്ടു തലോടി അവരുടെ ഖേദവും, ലവനോടുള്ള പ്രതിഷേധവും തദവസരത്തിൽ രേഖപ്പെടുത്തി. അതിൽ മാത്രം തൃപ്തിവരാതെ പ്രധാന തോഴി മുന്നോട്ടു വന്ന് സന്ദീപിനെ ചോദ്യം ചെയ്തു.

" യെന്തിനാടാ സന്ദീപേ നീയവളെ തല്ലു കൊള്ളിച്ചത്..?"
' അത് ശരി.. ഇപ്പം എനിക്കായോ കുറ്റം'  എന്ന എക്സ്പ്രഷൻ വിടാതെ  അവൻ തിരിച്ചടിച്ചു.
" പിന്നെ.. അവളെന്തിനാ വേണ്ടാത്തകാര്യമൊക്കെ ചെയ്തത്..?"
" അവളെന്താ ചെയ്തെ..ഒരു പ്രൊപ്പോസൽ തന്നല്ലെയുള്ളു..?"
" ഹും..അതു ഞാൻ അക്സപ്റ്റു ചെയ്താൽ എനിക്കും കിട്ട്യേനെ ഇതിൽ കൂടുതൽ.!"
തോഴി പിന്നൊന്നും മിണ്ടാതെ ചവിട്ടിക്കുലുക്കി ആതിരയുടെ അടുത്തെത്തി അവളെ ആശ്വസിപ്പിച്ചു.
' ഓ.. സമാധാനായി..!'    എന്ന് അവൻ നെടുവീർപ്പിട്ടു.
                                                                 അമ്മട്ടീച്ചറ് ' പൊന്നാ ' ക്കിവിട്ട ചെവിയിൽ നിന്ന് ഇപ്പോഴും ആവി പറക്കുന്നുണ്ടെന്ന് ആതിരയ്ക്കു തോന്നി. ഇടയ്ക്കിടെ അവിടം തൊട്ടുനോക്കി അവളത് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ കണ്ണുകൾ തുടച്ചുകൊണ്ട് അൽപ്പം ഉച്ചത്തിൽത്തന്നെ അവളൊരു പ്രസ്താവനയിറക്കി.

"ഇനിയും അടിക്കട്ടെ, എന്നാലും ശരി, സന്ദീപിനെഎനിക്കൊത്തിരിയിഷ്ടാ..!"    
                                                                                                                                     ഉച്ചത്തിലുള്ള ഈ സ്റ്റേറ്റ്മെന്റ് കേട്ട് തോഴിമാരിൽ ചിലർ കയ്യടിച്ചു. ചുരുക്കം ചില തോഴന്മാരും കൂടെക്കൂടി. അവൻ മാത്രം ഒന്നിനും കൂടാനാവാതെ  ദീന പരവശനായി അവളെ നോക്കി. അതു കണ്ട് നനവാർന്ന അവളുടെ കണ്ണുകൾ വീണ്ടും തിളങ്ങി. പ്രസ്താവന മൊഴിമാറ്റി  ഒരിക്കൽക്കൂടി അവൾ അനൗൺസ് ചെയ്തു.
" ഐ  ലവ്യൂ  സന്ദീപ്..!"
 സന്ദീപിന്റെ നടുക്കത്തിനകമ്പടിയായി ഫസ്റ്റ് ബെൽ മുഴങ്ങി. 
ഇനിയങ്ങോട്ട്  കഥ എന്താകുമോ ആവോ..!

           ഇത്രയും കാര്യങ്ങൾ എന്റെയടുത്ത് വള്ളി പുള്ളി വിടാതെ റിപ്പോർട്ട് ചെയ്തത്, അതേക്ലാസ്സിലെ പഠിതാവും സന്ദീപിന്റെ തോഴരിൽ ഒരാളുമായ എന്റെ സീമന്ത പുത്രൻ.
ആറാം ക്ലാസ്സിൽ മൂന്നുകൊല്ലം പഠിച്ചുനോക്കിയിട്ടും നമുക്കൊക്കെ ഇത്തരമൊരു എഴുത്തുകിട്ടാതിരുന്നതിന്റെ  രസതന്ത്രമോ, ബയോളജിയോ, ഭൂമിശാസ്ത്രമോ എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നുമില്ല.
നമുക്കു കിട്ടാത്തത് നമ്മുടെ മക്കൾക്കുകിട്ടട്ടെ എന്ന് ഈ കാര്യത്തിൽ ആശംസിക്കാനും നിവൃത്തിയില്ല. 
എങ്കിലും എന്റെ ജിജ്ഞാസ ഞാൻ അടക്കി വച്ചില്ല.
" അല്ല അപ്പൂസേ, നീ ആർക്കെങ്കിലും ഇതുപോലെ ലെറ്റർ കൊടുത്തോ..?"
നാണിച്ചു തുടുത്ത് അവന്റെ മറുപടി.
" അയ്യേ..എനിക്കെങ്ങും വയ്യ..!"
" അതെ, പണ്ടേ നീയൊരു നാണംകുണുങ്ങിയാ.. അതു പോട്ടെ, നിനക്കാരെങ്കിലും തന്നോ..?"
" പിന്നേ..., എന്നേക്കാൾ നാണമാ ആ രാഖിപ്പെണ്ണിന്..!"
ഒരു നടുക്കത്തോടെ ഞാൻ ചുറ്റും നോക്കി, പിന്നെ അടക്കം പറഞ്ഞു.
" ഒന്നു പത്യെ പറയെടാ, നിന്റെ അമ്മയെങ്ങാൻ കേട്ടാൽ പിന്നെ അതു മതി.."
ഇപ്പോൾ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി.
"  അമ്മ ഇന്നലെത്തന്നെ  പറഞ്ഞാരുന്നു.."
" എന്തു പറഞ്ഞു..?"
" വിത്തു ഗുണം പത്തു ഗുണമെന്ന്..!"
" ഡാ..!"
മുഴുവൻ വെളിയിൽ വന്നില്ല.
എന്തോ എതോ,  തൊണ്ടയിൽ വല്ലാത്ത കിച് കിച്.
എന്റെ വൈക്ലബ്യം കണ്ടിട്ടാവണം തെല്ലിട നിന്നശേഷം അവൻ പതിയെ സ്ഥലം വിട്ടു.
വേണ്ടതും, വേണ്ടാത്തതുമൊക്കെ, സമയത്തും അസമയത്തും യധേഷ്ടം നടക്കുന്ന കലികാലമാണിതെന്ന് ആശ്വസിക്കാൻ ശ്രമിക്കുമ്പോൾ,
ഒരുകാര്യം ഉറപ്പായി. 
അണ്ണാൻ കുഞ്ഞിനെ നമ്മളായിട്ട് മരം കേറ്റം പഠിപ്പിക്കേണ്ട..!
                                                                                                                     *