ശനിയാഴ്‌ച, ജൂലൈ 02, 2011

ടീനേജ് ഗയിംസ് മുകളില്‍ കറങ്ങുന്ന ഫാനിന്റെ ചെറിയ ശബ്ദം മാത്രമേ ആ ഹോട്ടല്‍ മുറിയില്‍ അപ്പോഴുണ്ടായിരുന്നുള്ളു.അവനും അവളും പരസ്പരം ഒന്നും ശബ്ദിച്ചില്ല. അരുതാത്തതു സംഭവിച്ചതിലെ കുറ്റബോധം അവന്റെ മുഖത്തു നിഴലിച്ചുനിന്നു.
“ സോറി ..സോണിയ …ഞാന്‍...”
അവളുടെ രൌദ്രഭാവം അവനെ തുടരാനനുവദിച്ചില്ല..
“വേണ്ടാ ..വേണ്ടാന്ന് ഞാനെത്ര പറഞ്ഞെതാ..എന്നിട്ടും നീ....”
ശരിയാണ് അവള്‍ എതിര്‍ത്തിട്ടും ഞാനാണ്....ശ്ശേ...!
‍തന്റെ ഏറെ നേരത്തെ  നിര്‍ബന്ധത്തിനു മുന്നില്‍ അവള്‍  പതിയെ വഴങ്ങുകയായിരുന്നു.
സ്വയംനിയന്ത്രിക്കാന്‍ കഴിയാതെപോയ നിമിഷങ്ങളെ അവന്‍ മനസ്സാ ശപിച്ചു.
                     മൂന്നുമണിക്ക് കോളേജില്‍നിന്നും ഇവളെയിരുത്തി ബൈക്കില്‍ പോരുമ്പോള്‍ ഈ ‘ലഞ്ച് ഗാര്‍ഡന്‍’ ഹോട്ടല്‍ തന്നെയായിരുന്നു ലക്ഷ്യം .ഒരു ജ്യൂസ് അല്ലെങ്കില്‍ ഐസ്ക്രീം.. അത്രയേ ചിന്തിച്ചുള്ളു. പക്ഷേ...ഇവിടെ ,ഈ മുറിയുടെ വിജനത...ഇവളുടെസാമീപ്യം എല്ലാം എല്ലാം  ഉള്ളിലെ വികാരം വര്‍ദ്ധിപ്പിച്ചതേയുള്ളു..!
“എന്തായാലും കഴിഞ്ഞതു കഴിഞ്ഞു..ഇനി ഇവിടിരുന്നു നേരം കളയണ്ടാ...ആരേലും കാണുംമുന്‍പേ..”
എങ്ങിനെയും അവന്‍ അത്രയും പറഞ്ഞൊപ്പിച്ചു.
“എത്രനിസ്സാരമായി നീ പറയുന്നു അബീ....! വീട്ടിലേക്ക് ഞാനെങ്ങിനെ....”
അവള്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തി.
“ ഒക്കെ ശരിയാക്കാം..”
ഉറച്ച തീരുമാനത്തോടെ അവന്‍ എഴുന്നേറ്റു.
ഊര്‍ന്നിറങ്ങിയ ഷാള്‍ മാറത്തേക്കു വലിച്ചിട്ട്  പിന്നാലെ അവളും.!
                ചേര്‍ന്നിരുന്നുള്ളയാത്ര അവളുടെ പരിഭവം തെല്ലൊന്നു കുറച്ചിരുന്നു.
ബൈക്കിനു പിന്നില്‍നിന്നിറങ്ങിയ അവളെ അവന്‍ ഓര്‍മ്മിപ്പിച്ചു.
“ .. പറഞ്ഞപോലെ...നാളെ പത്തുമണിയാവുമ്പോഴേക്കും മറ്റക്കര ജംഗ്ഷനിലെ രാധികാ ക്ലിനിക്കിന്റെ  ഫ്രണ്ടില്‍ എത്തുമല്ലോ അല്ലേ..?“
“ഞാനെത്താം..”-അവളും ആ ഉറച്ച തീരുമാനത്തിലെത്തിയിരുന്നു.
അവന്റെ നോട്ടം തടയാനെന്ന വണ്ണം അവള്‍ വീണ്ടും ഷാള്‍വലിച്ചിട്ടു. പുഞ്ചിരിയോടെ തലയാട്ടി,യാത്രപറഞ്ഞു .                       
                         പിറ്റേന്ന് , സാമാന്യം തിരക്കുള്ള ആ ക്ലിനിക്കിന്റെ  മുന്നില്‍ അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല അവന് . മുന്നിലെത്തിയ ചുവപ്പുമാരുതിക്കാറില്‍ നിന്നും അവളിറങ്ങുന്നത് കണ്ട് അവന്‍ നടുങ്ങി.  
കാറില്‍ അവളുടെ പപ്പയും, മമ്മിയും..!
കുരുത്തംകെട്ടവള്‍ ഇവരോടു പോയി പറഞ്ഞോ ആവോ..? ദൈവമേ.. ഞാനിപ്പോ എന്താ..പറയേണ്ടത്...! അവനു വല്ലാതെ വീര്‍പ്പു മുട്ടി.
പരിചയക്കാരെങ്കിലും.അവരെ അഭിമുഖീകരിക്കാന്‍ അവന് വല്ലാത്ത പ്രയാസം തോന്നി.
അവളടുത്തുവരുമ്പോഴേക്കും കാറിന്റെ   ഗ്ലാസ്സ് താണു..
“ക്ലാസ്സും കഴിഞ്ഞ് അണ്ടുപേരുംകൂടെ എവിടാടാ കറക്കം...?”-ടോം അങ്കിളിന്റെ ചോദ്യം കേട്ട് അവനൊന്നു പരുങ്ങി.
“അങ്കിള്‍..അത് പിന്നെ.......”  മറുപടിക്കായി‍ അവന്‍ വാക്കുകള്‍ പരതി.
“എടാ പോത്തേ.. നീയെന്തിനാടാ ഇവള്‍ക്ക്  പൊറോട്ടേം ചിക്കനും വാങ്ങി കൊടുക്കാന്‍ പോയേ”.?
അങ്കിളിന്റെ പതിവു ശൈലിയിലുള്ള ചോദ്യം അവനു തെല്ലു ധൈര്യം പകര്‍ന്നു.
“അല്ലാ അങ്കിളെ.. നല്ല വെശപ്പുണ്ടായിരുന്നു..അതാ ..ഞാന്‍..“
ഒന്നു നിര്‍ത്തി അവന്‍ അവളെ നോക്കി.പിന്നെ തുടര്‍ന്നു.
“ഇവള്  ചിക്കന്‍കറി  വാരിവലിച്ച്  ചുരിദാറില്  വീഴ്ത്തൂന്ന് ഞാനറിഞ്ഞോ..!”
അവന്‍ തന്റെ ഭാഗം ന്യായീകരിച്ചു .
“നാലായിരത്തഞ്ഞൂറു രൂപേടെ ചുരിദാറാ അവള്  നശിപ്പിച്ചത്....... നീതന്നെ  വാഷിങ്ങിനു കൊടുത്തേര്..!”
സൂസിയാന്റിയുടെ നിര്‍ദ്ദേശം കേട്ട് അവനു ചിരിവന്നു.
“ ഹല്ല...ഇവളുടെ കൂട്ടുകൂടിയ എനിക്കിതുതന്നേ വേണം...” അവന്‍ പ്രതികരിച്ചു.
കൈയ്യിലെ പാക്കറ്റു നല്‍കുമ്പോള്‍ അവള്‍ അടക്കംപറഞ്ഞു
“കൊണ്ടുപോയി  കൊടുക്കടാ പോത്തേ..!”
“നീ പോടീ ..മരമാക്രീ...!” -അപ്പോഴേക്കും സൂസിയാന്റി ഇടപെട്ടു.
“ഇനി അവനോട്  അടിവയ്ക്കാതെ  വാടീ ഇങ്ങോട്ട്..!”
അവള്‍ അവനുനേരേ മുഖം വക്രിച്ചു ക്കൊണ്ട്, കുസ്യതിച്ചിരിയോടെ  കാറില്‍ കയറി ഡോറടച്ചു .പിന്നെ വെളിയിലേക്കു കൈ വീശി. കൂട്ടുകാരിയുടെ കറപുരണ്ടചുരിദാറുമായി അവന്‍  ക്ലിനിക്കിനരികിലുള്ള ഡ്രൈക്ലീനിംഗ് ഷോപ്പിലേക്കു കയറി...!
                                                                  *