ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012

മഴവന്ന നാളില്‍


                  കൊയ്തൊഴിഞ്ഞ പാടത്ത് കന്നുകാലികള്‍ അങ്ങിങ്ങു മേഞ്ഞുനടക്കുന്നു.പടിഞ്ഞാറ്, പാടം അവസാനിക്കുന്ന കുന്നിന്‍ ചരിവിലേയ്ക്ക് സൂര്യന്‍ മെല്ലെ മെല്ലെ നീങ്ങുകയാണ്. ഇവിടെ ഈ നടവരമ്പിനു മുകളില്‍ കാലികള്‍ കാര്‍ന്നു തിന്ന പുല്‍മെത്തയ്ക്കു മീതെ ഞാനിരിപ്പു തുടങ്ങിയിട്ട് ഏറെ    നേരമായി.തെക്കേ വരമ്പിന്റെ അങ്ങേത്തലയ്ക്കല്‍ ഒരു ഇട്രാച്ചിക്കിളി എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. അവന്‍ ശ്രദ്ധിക്കുന്നത് എന്നേയോ, അതോ കണ്ടത്തിനു നടുവില്‍ കൂടു ചമച്ച് മുട്ടയിട്ടടയിരിക്കുന്ന അവന്റെ ഇണക്കിളിയെയോ.? എന്തായാലും എന്റെ ശ്രദ്ധ കൂട്ടില്‍ അടയിരിക്കുന്ന ആ പക്ഷിയിലായിരുന്നു. അവിടെ ഒരു പറവ ഇരിക്കുന്നത് ഒരുനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവില്ല. ഉണങ്ങിക്കരിഞ്ഞ വൈക്കോലിന്റെ നിറമാണതിന്. എന്നിട്ടും രണ്ടുനാള്‍ മുന്‍പ്  ഞാന്‍ തന്നെയാണ് ആ കൂടു കണ്ടു പിടിച്ചത്.പാണ്ടിപ്പശുവിനെ കൂടണയ്ക്കാനായി കൊണ്ടു പോകുമ്പോള്‍ അപ്രതീഷിതമായി കാല്‍ചുവട്ടില്‍ നിന്നു  ഉച്ചത്തില്‍ ചിലച്ചുകൊണ്ട് പറന്നുയര്‍ന്ന കിളിയുടെ ഇരിപ്പിടം നോക്കി ചെന്നപ്പോഴാണതു കണ്ടത്. പൊട്ടി വരണ്ട തറയില്‍ കട്ടയുടച്ച് ചെറുതടമാക്കിയിരിക്കുന്നു. 
അതേനിറത്തില്‍, കറുത്ത പുള്ളികളുള്ള മൂന്നു മുട്ടകള്‍..! ചുറ്റും നോക്കി. ഇല്ല ! ഇത് മറ്റാരും കണ്ടിട്ടില്ല.ഇത്  കണ്ട ഏകവ്യക്തി ഞാനാണ്. അവിടെ നിന്ന്  കിഴക്കോട്ട് പതിനൊന്നു കാല്‍ നീട്ടിഅളന്ന് വരമ്പിലെത്തി. പാണ്ടിയെ മേയ്ക്കാന്‍ കയ്യില്‍ കരുതിയ വടി അവിടെ അടയാളമായി കുത്തിനിര്‍ത്തി.! പക്ഷികള്‍ രണ്ടും നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു.
റ്റി...റ്റി..റ്റി... അങ്ങിനെ യാണവയുടെ ശബ്ദം. പാണ്ടിയേയും കൊണ്ട് വീടണഞ്ഞപ്പോഴേക്കും  അവ കരച്ചില്‍ നിര്‍ത്തിയിരുന്നു.ഇന്നലേയും സ്കൂള്‍ വിട്ടുവന്ന് അതുതന്നെ നോക്കിയിരിപ്പായിരുന്നു. ഇന്നുമൂന്നാം നാളാണ്. ഇനിയെന്നാണാവോ ആ മുട്ടകള്‍ വിരിയുക..? പതിവു പോലെ  വീട്ടുപടിക്കലെത്തുമ്പോള്‍ അമ്മ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
“ന്താ  അവ്ടെ..?..”
ഞാനിരുന്ന വരമ്പിലേക്ക് ചൂണ്ടി അമ്മ ചോദിച്ചു.
ഞാന്‍ ചുമല്‍ ഉയര്‍ത്തിത്താഴ്ത്തി..
“..ഒന്നൂല്ല..!”
മുന്നോട്ട് മറികടന്ന്  പോയ എന്റെ ട്രൌസര്‍ വള്ളിയില്‍ അമ്മ പിടിത്തമിട്ടു.
“ ഒന്നുമില്ലാതെ..? രണ്ടു ദെവ്സായല്ലോ അവ്ടെത്തന്നെ ഇരിക്കണു..?”
ഇനിയിപ്പോ പറഞ്ഞേ മതിയാകൂ, അല്ലെങ്കില്‍ത്തന്നെ ഒന്നും ഒളിച്ചുവയ്ക്കാന്‍ എനിക്കാവുമായിരുന്നില്ലല്ലോ.
“..അത്..അത്..,
ആരോടെങ്കിലും പറയ്യോ..?”
“ഇല്ല, പറയൂല്ല”
“..അവ്ടെ.. ഒരു..കിളിക്കൂട്...! “
അമ്മയില്‍നിന്നു പിടിവിടുവിച്ചു  ചുവടുകള്‍വച്ചുകൊണ്ടാണിത്രയും പറഞ്ഞത്.
പറഞ്ഞറിയിക്കാന്‍  മനസ്സു വെമ്പുന്നു.
“..മൂന്നു മൊട്ടയുണ്ട്..!!”
“ മിനിയാന്ന് ഞാന്‍ പാണ്ടിയേയും കൊണ്ടു വരുമ്പോ........”
പിന്നില്‍ അമ്മയുടെ സാന്നിധ്യം ഇല്ലെന്നു തോന്നിയപ്പോള്‍ വിവരണം നിര്‍ത്തി തിരിഞ്ഞു നോക്കി.
തിരിഞ്ഞുനിന്ന് ആര്‍ത്തിയോടെ പുല്ലു തിന്നുന്ന പാണ്ടിയോട് അമ്മ കയര്‍ത്തു.
“..ങ്ങട് വാടീ..നേരം സന്ധ്യാവണു..!”
എനിക്ക് അമ്മയോട് ചെറിയ നീരസം തോന്നാതിരുന്നില്ല.
അല്ലെങ്കിലും ഇങ്ങനുള്ള കാര്യങ്ങളിലൊന്നും ഈ വലിയവര്‍ക്ക് ഒരു താല്‍പ്പര്യവുമില്ല. ഇനി ചോദിക്കാനിങ്ങു വരട്ടെ. ഒന്നും പറഞ്ഞു കൊടുക്കൂല്ല..!
കിണറ്റുകരയിലെത്തി കയ്യും കാലും മുഖവും കഴുകി വന്നു.
“.. അതിന് നീയെന്തിനാ അവ്ടെ  നോക്കിയിരിക്ക്ണേ..?”
പാണ്ടിയെ തൊഴുത്തില്‍ കെട്ടിയ ശേഷം  അരികിലെത്തി അമ്മ ചോദിച്ചു.
ഉത്തരം പറയേണ്ടതില്ലെന്നു കരുതിയതാണ്. അറിയാതെ പറഞ്ഞു പോയി.
“ ആ കാലന്‍ കാക്ക വന്നു മുട്ട കുടിച്ചാലോ..?”
“ ഏതു കാലന്‍ കാക്ക..?”
“ ന്നാളു നമ്മുടെ കറുമ്പിക്കോഴീടെ മുട്ടകുടിച്ച..കാക്ക..!”
“ എന്നു കുടിച്ചു,,?”
“..ശ്ശോ....ഈ അമ്മക്ക് ഒന്നും അറീല്ലേ..?”
ഞാന്‍ കാലുയര്‍ത്തി നിലത്ത് ആഞ്ഞു ചവുട്ടി പ്രതിഷേധിച്ചു.
“ ഹെനിക്കൊന്നു മറിയില്ലേ,,,യ്..!!”
കൈ മലര്‍ത്തിക്കാട്ടി പരിഹസിച്ചുകൊണ്ട് അമ്മ കിണറ്റുകരയിലേക്കു പോയി.
ആ മുട്ടകള്‍ക്കുള്ളില്‍ മൂ‍ന്നു കുഞ്ഞിക്കിളികള്‍.! എങ്ങിനേയും  കാലന്‍ കാക്കയില്‍ നിന്ന്  അവയെ രക്ഷിക്കുക. അത്രമാത്രമേ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നുള്ളു.
കിണറ്റില്‍ നിന്നു വെള്ളം നിറച്ച് അടുക്കളയിലേക്കു നീങ്ങുന്ന അമ്മയുടെ പിന്നാലെ വീണ്ടും കൂടി.
“ ഈ മൊട്ട വിരിയാന്‍ എത്രദെവ്സാവും..?”
“ കുറേ...ദിവസം.”
“..കുറേ..ദെവ്സംന്നു പറഞ്ഞാ...?”
“കുറേ..ദെവ്സംന്നു പറഞ്ഞാ, കൊറേ......ദെവ്സം..!”
എനിക്കാ മറുപടിയില്‍ തൃപ്തി തോന്നിയില്ലെങ്കിലും, മുട്ടവിരിയാന്‍ ഇനിയും നാളുകളാകുമെന്നുറപ്പ്.
“ രാത്രീല് കാക്ക വര്വോ..?”
അരിഞ്ഞുണങ്ങിയ കപ്പക്കഷണങ്ങള്‍  പാത്രത്തിലെ വെള്ളത്തിലേക്കിടുമ്പോള്‍, എന്റെ ചോദ്യം കേട്ട് അമ്മക്ക് ദേഷ്യം വന്നിരിക്കാം.
“..നെനക്ക് വേറേ ഒരു പണീം ഇല്ലാഞ്ഞിട്ടാ ഇതൊക്കെ അന്വേഷിക്കണേ..?”
ഇനിയിപ്പോള്‍ എന്തു ചോദിച്ചാലും ഉത്തരം കിട്ടാന്‍ സാധ്യതയില്ല.
കുതിര്‍ന്നു തുടങ്ങിയ  കപ്പക്കഷണങ്ങളില്‍നിന്ന് രണ്ടെണ്ണമെടുത്തു കടിച്ചുകൊണ്ട് ഉമ്മറത്തേക്കു പോന്നു.
                                                             തെക്കേപ്പറമ്പിലെ കൂറ്റന്‍ കുടപ്പന ഓലകള്‍ക്കു കീഴെ വവ്വാലുകള്‍ ശബ്ദമുണ്ടാക്കുന്നുണ്ട്. സന്ധ്യയായാല്‍ ഇത് പതിവാണ്. മുറ്റത്തിനു താഴെ ഇടതുവശം ചേര്‍ന്നു നില്‍ക്കുന്ന വയസന്‍  ‘കലയ’ മരത്തിനു മുകളില്‍ ഒരു മൂങ്ങ നിത്യ സന്ദര്‍ശകനാണ്. തെക്കുനിന്ന് വീശിയകാറ്റില്‍ ഉലഞ്ഞ മരത്തില്‍ നിന്നും അത് ദൂരേയ്ക്കു പറന്നകന്നു. തൊഴുത്തിനുപിറകിലെ വലിയ നാട്ടുമാവില്‍നിന്നും  മാമ്പഴങ്ങള്‍ തൊടിയിലേക്കു വീഴുന്ന ശബ്ദം കേട്ടു. നാളെ പെറുക്കിച്ചേര്‍ക്കാന്‍ ഇഷ്ട്ടം പോലെയുണ്ടാകും.  അകലെയെവിടെയോ ശക്തിയായി ഇടിവെട്ടി.
“ മഴപെയ്യൂന്നാ‍ തോന്നണെ..”
പുറത്തെ അഴയില്‍നിന്ന് അച്ഛന്റെ പാതിയുണങ്ങിയ കൈലിയും കുപ്പായവും എടുത്തുകൊണ്ട് അകത്തേക്കു കയറുമ്പോള്‍ അമ്മ  പറഞ്ഞു.
മഴമേഘങ്ങള്‍ ഇരുട്ടിനു ഘനം കൂട്ടി. അത്താഴം കഴിഞ്ഞ് ഉറങ്ങാനൊരുങ്ങുമ്പോള്‍ അച്ഛന്‍ അമ്മയോടു പറയുന്നതു കേട്ടു.
“ നന്നായി പെയ്താല് നാളെത്തന്നെ കപ്പ നടണം..”
“ ഉം..പെയ്യാതിരിക്കില്ല ..നല്ല കോളുണ്ട്..” അമ്മ പ്രതികരിച്ചു.
തഴപ്പായയില്‍ അമ്മയോടു ചേര്‍ന്നുകിടക്കുമ്പോള്‍ എന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. അച്ഛന്‍ കേള്‍ക്കാതെ അമ്മയോടു ചോദിച്ചു.
“ മഴപെയ്താ..പാടത്ത് വെള്ളാവൂല്ലേ..?”
“..ഉം..അതിനെന്താ..?”
ന്റീശ്വരാ..പാടത്ത് വെള്ളം നിറഞ്ഞാല്‍ എന്റെ കിളിക്കൂട്...?
തകര്‍ത്തുപെയ്യാന്‍ തിടുക്കം കൂട്ടുന്ന വേനല്‍മഴയില്‍നിന്ന് വിരിയാറായ ആ മുട്ടകള്‍ രക്ഷിക്കാന്‍ പാവം ആ കിളികള്‍ക്കാകുമോ.!
ഇരുളിലെവിടെ നിന്നോ ഒരുവേള ആ കിളികളുടെ ദീനരോദനം കേട്ടുവോ..!
ഹൃയത്തില്‍ മുള്ളുടക്കി വലിക്കുന്ന വേദന. എന്റെ കണ്ണുകള്‍ നിറഞ്ഞത് അമ്മയറിഞ്ഞില്ല
‘ന്റെ ഭഗവതീ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ പറന്നുപോകും വരെ മഴപെയ്യല്ലേ..!‘
പുറത്ത് വീണ്ടും ഇടിയും മിന്നലും! അകമ്പടിയായി കാറ്റും നന്നായി വീശുന്നുണ്ട്.
നിറഞ്ഞ ഇരുട്ടില്‍ അച്ഛന്റെ ശബ്ദം.
“ന്റെ ദേവീ ..നന്നായിപ്പെയ്തേക്കണേ..!!”
വല്ലാത്ത നടുക്കത്തില്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

***                                     ***                                   ***

“ നേരം എത്രയായീന്നാ നിന്റെ വിചാരം..?..”
അമ്മയുടെ ശബ്ദം കേട്ടാണ് കണ്ണ്തുറന്നത്.
ദൂരെ പാളത്തിലൂടെ തീവണ്ടി കൂവിപ്പായുന്ന ശബ്ദം.
“ ദാ, എട്ടരേടെ വണ്ടി പോയി..! നീയിനീം എഴുന്നേക്കണില്ലേ..?”
വല്ലാത്തനീരസത്തോടെ പുതപ്പുമാറ്റി എഴുന്നേറ്റിരുന്നു. അമ്മ പുതപ്പിച്ചതാവണം.  
ഇപ്പോഴും നല്ല തണുപ്പുണ്ട്. തുറന്നുകിടന്ന ജനലിലൂടെ പുറത്തേക്കു നോക്കി.അമ്മ പറയാറുള്ള  
‘ മഴക്കോള്’‘ ഇപ്പോഴുമുണ്ട്.
മുകളിലത്തെ തൊടിയില്‍ ആരോ കിളയ്ക്കുന്ന ശബ്ദം.
അടുക്കളയിലെത്തി അമ്മയോടു ചോദിച്ചു.
“ അതാരാ അവ്ടെ..?”
“ അത് അച്ഛന്‍.! പിന്നെ ..ആ വാസ്വേട്ടനും ഉണ്ട് .. കപ്പനടാന്‍ പോണു...!”
“..യ്യോ..അപ്പോ മഴപെയ്തോ..?’
“ഹും..! പെയ്തോന്നോ..!എന്തായിരുന്നു രാത്രിയില്..!!”
മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.
പായുകയായിരുന്നു പാടത്തേയ്ക്ക്. വേനല്‍ച്ചൂടില്‍ വിണ്ടുവരണ്ടു കിടന്ന നെല്‍പ്പാടം, കഴിഞ്ഞ രാത്രിതകര്‍ത്തുപെയ്ത മഴയില്‍ സജലങ്ങളായിക്കഴിഞ്ഞിരുന്നു. തോട്ടുവരമ്പിലൂടെ ഓടിക്കിതച്ച് ഇടവരമ്പിലെത്തി. അടയാളമായി നാട്ടിയിരുന്ന വടി എപ്പോഴോ വീണുപോയിരുന്നു.
“..റ്റി..റ്റി..റ്റി..”  സങ്കടമടക്കിക്കാത്തിരുന്ന ആ ഇണക്കിളികള്‍ എവിടെനിന്നോ പറന്നെത്തി ഉറക്കെ കരഞ്ഞു.
“..എവിടെ..? എവിടെ എന്റെ മുട്ടകള്‍..? “ എന്ന്  ഹൃദയം പിളര്‍ന്നുകൊണ്ട് അവ
എന്റെ തലക്കുമീതെ വട്ടമിട്ടു.
“ ഞാനെടുത്തു താരാട്ടോ..! വെള്ളമില്ലാത്തിടത്ത്  ഞാന്‍ വച്ചുതരാം നിന്റെ മുട്ട..!”
മുകളിലേക്കു നോക്കി  സാന്ത്വനമേകിയെങ്കിലും, അവ നിര്‍ത്താതെ അലമുറയിട്ടുകൊണ്ടേയിരുന്നു.
പാദത്തിനു മുകളില്‍ വെള്ളം നിറഞ്ഞ ആ കണ്ടത്തിലൂടെ ലക്ഷ്യത്തിലെത്താന്‍ പതിനൊന്നു ചുവട് ഞാന്‍ മുന്നോട്ടു വച്ചു. ഉണങ്ങിയ വൈക്കോല്‍ തുരുമ്പുകളും പുല്‍നാമ്പുകളും തിരയിളക്കത്തില്‍  ഒഴുകിനടന്ന് എന്റെ കാഴ്ച്ച മറച്ചു.
ഒന്നല്ല  രണ്ടല്ല പലതവണ ആ കിളിക്കൂടു ലക്ഷ്യമാക്കി ഞാന്‍ ചുവടുകള്‍ വച്ചു.
ഇല്ല, ആവുന്നില്ല എനിക്കതു കണ്ടുപിടിക്കാന്‍..!
കിളികളുടെ രോദനം എന്റെ നെഞ്ചു തകര്‍‍ക്കുകയാണ്.
നിസ്സഹയനായി അവയെ നോക്കി ഞാ‍ന്‍ കണ്ണീര്‍ വാര്‍ത്തു.
“ ഞാന്‍ കണ്ടില്ല...സത്യായിട്ടും ഞാന്‍ കണ്ടില്ല നിന്റെ മുട്ട..!”
അവസാന വാക്കുകള്‍ ഗദ്ഗദത്തില്‍ മൂടിപ്പോയി.
മൂന്നുനാള്‍ ഞാന്‍ കാലന്‍ കാക്കയില്‍ നിന്നും രക്ഷിച്ച ആ ജീവന്റെ കണങ്ങള്‍,തണുത്തു വിറച്ച്  മഴവെള്ളത്തില്‍ മരവിച്ചുപോകുന്നു..!
ഈശ്വരാ എനിക്കാവുന്നില്ലല്ലോ അതു കണ്ടെടുക്കാന്‍..
മനസ്സും ശരീരവും തളര്‍ന്നു വരമ്പിലേക്കു കുഴഞ്ഞിരിക്കുമ്പോള്‍ ,കിഴക്കെവിടെയോ വീണ്ടും ഇടിവെട്ടി..!കറുത്തമേഘങ്ങളെ ചുമലിലേറ്റി പടിഞ്ഞാറന്‍കാറ്റ് ഓടിയെത്തുകയാണ്..!
വീണ്ടും  മഴയുടെ തുടക്കം..!
“ഈ നശിച്ചമഴ..ഇതാണെല്ലാം തകര്‍ത്തത്..!”
തുള്ളികള്‍ വിതറുന്ന ഇരുണ്ട മാ‍നത്തേക്കു നോക്കി ഞാന്‍ തേങ്ങിക്കരഞ്ഞു..!
പാവങ്ങള്‍.! അവ സഹായമഭ്യര്‍ദ്ധിച്ച് വീണ്ടും വീണ്ടും എനിക്കു മുകളിലൂടെ വട്ടംചുറ്റുകയാണ്..!
ദൂരെനിന്നും മഴയുടെ ഇരമ്പല്‍ കേള്‍ക്കായി.
മുറിവേറ്റ ഹൃദയവും പേറി തേങ്ങിക്കരഞ്ഞുകൊണ്ട് തിരികെ നടക്കുമ്പോള്‍ , പിന്നില്‍ ആശ്രയമറ്റ ആ  ഇണക്കിളികള്‍  നിര്‍ത്താതെ തലതല്ലിക്കരയുന്നുണ്ടായിരുന്നു..!
                                                                                                           
 e-മഷി ഓണ്‍ലൈന്‍ മാഗസിന്‍ ആദ്യ ലക്കത്തില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.                                                                                               
( ചിത്രങ്ങള്‍: ഗൂഗിളില്‍ നിന്നെടുത്ത്  നവീകരിച്ചത് )