തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

ടോണിക്കുണ്ടൊരു കുഞ്ഞാട്

          ഓടിക്കൊണ്ടിരുന്ന കാറ് നന്നായൊന്നുലഞ്ഞപ്പോഴാണ് ആലീസ് കണ്ണു തുറന്നത്.  ചുറ്റും നോക്കിയപ്പോള്‍ കാണുന്നത് പാതിയുറക്കത്തിലിരുന്നു വണ്ടിയോടിക്കുന്ന തന്റെ കണവന്‍ ടോണിച്ചനെ.
“എന്റെ കര്‍ത്താവേ..! “
എന്നൊരു വിളി ആലീസിന്റെ അന്തരംഗത്തില്‍ നിന്നോ  മറ്റോ ബഹിര്‍ഗമിച്ചെങ്കിലും. ഗമിച്ച സാധനം വായ പൊത്തി അങ്ങനെ തന്നെ അകത്തേക്കു വിട്ടു..!അതു വെളിയിലെത്തിയാല്‍ ഒരൊന്നൊന്നര വിളിയായിരിക്കും . കേട്ടപാതി കേള്‍ക്കാത്തപാതി ഇങ്ങേര് സഡന്‍ ബ്രേക്കിടും..അല്ലെങ്കില്‍ വണ്ടിസൈഡിലേക്കു വെട്ടിക്കും.  രണ്ടും അപകടം.ആലീസിന്റെ തലക്കത്തും സെറിബ്രം,സെറിബെല്ലം ,മെഡുല്ലാ ഒബ്ലംഗേറ്റ മുതലായ മുന്തിയതരം സാധന സാമഗ്രികള്‍  ഉള്ളതിനാല്‍  അവരെല്ലാം കൂടെ ഉണര്‍ന്നു പ്രവത്തിച്ചു... ഉടനെ വലതുകൈ നീട്ടി ടോണിച്ചനവര്‍കളുടെ തലക്കു പിറകില്‍ മുടിയിലൂടെ കൈയ്യോടിച്ചു.
ആഹാ.....!എന്തു സുഖം...ടോണിച്ചന്‍ സുഖ ലോലുപനായി..പാതി ഷട്ടറിട്ട കണ്ണുകള്‍ ഫുള്‍ വലിച്ചടക്കാനായി തയ്യാറെടുത്തു.
ഈശോയേ...ഇങ്ങേരെന്നെ കൊലക്കു കൊടുക്കും.ഇതിയാനെ  ഉണര്‍ത്തിയേ പറ്റൂ..
മുന്നിലും പിന്നിലും വേറേ വണ്ടിയൊന്നുമില്ലെന്നുറപ്പു വരുത്തി ആലീസു മെല്ലെ വിളിച്ചു.
“ അച്ചായാ.....”
രാത്രി , കട്ടിലില്‍ തന്റെ നെഞ്ചിലേക്കു തലചേര്‍ത്ത്  ആലീസ് വിളിക്കുന്ന ആ ‘ഒരുമാതിരി’ വിളി ടോണിച്ചനു ഫീലു ചെയ്തു..
“ എന്നതാടീ ആലി ക്കൊച്ചേ..?”
ടോണിച്ചന്‍ ..വികാരതരളിതനായി.
“ അയ്യട... ശ്രിംഗരിക്കാന്‍ പറ്റിയ നേരം..!”
“ഉള്ള കള്ളെല്ലാം കുടിച്ചേച്ച്..നിങ്ങളെന്നാ മനുഷേനേ ഈകാണിക്കണത്.?”
ആലീസിന്റെ ശബ്ദം അല്പമൊന്നുയര്‍ന്നു.
അപ്പോത്തന്നെ ടോണിച്ചന്‍ കാണീര്  നിര്‍ത്തി ,സ്ഥല കാല ബോധത്തോടെ ഡീസെന്റായി.
“ശ്ശൊ..ഇതു നേരത്തേയാകാരുന്നു.“  ആലീസ് പിറുപിറുത്തു.

                               ടോണിച്ചന്റെ ഉറക്കംതൂങ്ങല്‍  ആലീസിന്റെ ഉറക്കം കെടുത്തി.
“അച്ചായാ, സത്യം പറ...ഞാന്‍ കാണാതെ എത്രയെണ്ണം അകത്താക്കി..?”
“ രണ്ട് ...രണ്ടേ രണ്ടെണ്ണം....അത് നീയും കണ്ടതല്ലേയെന്റാലീസേ...?”  
“അത് ഞാന്‍ കണ്ടാരുന്ന്....കാണാതെ എത്രയാന്നാ ചോദിച്ചേ..?”
“അയ്യേ..ഞാനെങ്ങും കുടിച്ചില്ല....എനിക്ക് വണ്ടിയോടിക്കാനൊള്ളതല്ലെ.....?”
“ജോസൂട്ടീടെ കൂടെ അകത്തേക്കുപോയാരുന്നല്ലോ..അതെന്തിനായിരുന്ന്..?”
“നീയിങ്ങനെയൊക്കെ ചോദിച്ചാ‍....“  -ടോണിച്ചന് ഉത്തരം മുട്ടി.
“ജോയിമോന്‍ ഒഴിച്ചു വച്ചത്  രണ്ടെണ്ണം നിങ്ങളു കാണാതെ ഞാനെടുത്തു കക്കൂസില്‍ കളഞ്ഞു...”
ആലീസ് തെളിവുസഹിതം തന്നെ പൊക്കുന്നു എന്ന തുണിയില്ലാത്ത സത്യം,ടോണിച്ചന്റെ കെട്ടുവിടാത്ത തലയിലേക്ക് തുളച്ചുകയറി.
“...അതു കഴിഞ്ഞപ്പളാ നിങ്ങളു രണ്ടാളുംകൂടെ മുങ്ങിയത്.”
ആലീസു നിര്‍ത്തുന്ന ലക്ഷണമില്ല.
“...ചുരുങ്ങിയത്..ഒരാറേഴെണ്ണം...അതുറപ്പാ.”
“ഹൊ...ഭയങ്കരീ...നീ പുലി തന്നെ..പുലി.”
“ഉം..സുഖിപ്പിക്കല്ലേ....സാറൊരു കാര്യം ചെയ്യ് .. വണ്ടി ഇവിടെ നിര്‍ത്ത്. നമുക്ക് ബസ്സേല്‍   പോവാം.”
“ചുമ്മാതിരിയടീ..ഞാനാദ്യായിട്ടാണോ..വണ്ടിയോടിക്കണത്..?”
“ആദ്യായിട്ടല്ലായിരിക്കും...പക്ഷേ.. ഇത് അവസാനത്തേതാക്കരുത്..!”
“മിണ്ടാതിരിയെടീ ..കഴ്വേര്‍ടമോളേ... “  അതല്പം ഉച്ചത്തിലായിരുന്നു.
അതോടെ ആലീസു നിര്‍ത്തി.
                                       നിര്‍ത്തിയില്ലെങ്കില്‍ വേറെ പല ‘മോളേ’ വിളികളും കേള്‍ക്കേണ്ടി വരുമെന്നുറപ്പുള്ളതുകൊണ്ടും, ഈ അവസ്ഥയില്‍ അച്ചായന്‍ ബസ്സിലെങ്ങാനും കേറിയാലുള്ള പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നറിയാവുന്നതു കൊണ്ടും കഴ്വേര്‍ടമോള്  തല്‍ക്കാലം ഒതുങ്ങി.
പക്ഷേ ഇങ്ങനെയൊക്കെകണ്ടാല്‍ അതുവിളിച്ചുപറഞ്ഞില്ലെങ്കില്‍..
ആലീസിന്  ഇരിക്കപ്പൊറുതിയുണ്ടാവില്ല.
“...ന്നാലും എന്റച്ചായാ..കാര്യം  അവന്‍ എന്റാങ്ങളയാ.. അവന്റെ മനസ്സു ചോദ്യത്തിന് തന്നെ നിങ്ങള് ഈ പരുവം. അപ്പോപ്പിന്നെ കല്യാണത്തിനെന്തായിരിക്കും..?“  
 മറുപടിയായി ടോണിച്ചനൊന്നും പറയാതെ വണ്ടി സൈഡിലേക്കൊതുക്കി .
“അല്ലച്ചായാ ഞാന്‍ വെറുതേ അങ്ങു പറഞ്ഞന്നെയുള്ളു.... ”
ടോണിച്ചനില്‍ പെട്ടന്നുണ്ടായ ഭാവമാറ്റം ആലീസിനെ ഭയപ്പെടുത്തി.
“നീയങ്ങോട്ടു നോക്കിക്കേടീ  ആലീസേ...”-മുന്നിലേക്ക് തല വെട്ടിച്ച്  ടോണിച്ചന്‍ ആ നടുക്കുന്ന കാഴ്ച ആലീസിനു കാട്ടിക്കൊടുത്തു.
                               മുന്നില്‍ വളവു തിരിഞ്ഞു ചെല്ലുന്നിടത്ത്  നിര്‍ത്തിയിട്ട ഒരു പോലീസ് വണ്ടി..!അവിടെയും ഇവിടെയുമൊക്കെയായി ഏമാന്മാര്‍ വണ്ടി തടഞ്ഞ് ക്രമസമാധാനം ഉറപ്പുവരുത്തുന്നു.
പാവം ഡ്രൈവര്‍മാര്‍ ബുക്കെടുക്കുന്നു..ചിലര്‍ പേപ്പറെടുക്കുന്നു. ബുക്കും പേപ്പറുമില്ലാത്തോർ കീശയിൽനിന്ന്  കാശെടുക്കുന്നു.
“ രൂഭാ ആയിരം പോയടീ ആലീസേ..!”- ടോണിച്ചന്‍ ഒരു പ്രവചനം നടത്തി.
ആലീസിന് സംഗതിയുടെ ഗൌരവം  മനസ്സിലായി.അവരും  തരക്കേടില്ലാത്ത ഒരു  മഹത് വചനം നടത്തിനോക്കി..
“ നിങ്ങടെ ഈ പരുവംകണ്ടാല്‍ ആയിരാല്ല...പൈനായിരം പോകൂന്ന് ഒറപ്പാ..!”
“നിന്റെ കരിനാക്കു ഫലിക്കും....ദേ വരുന്നു മാരണം.”
                             പെന്‍ഷനാകാറായ ഒരു യേമാന്‍  ശുഭപ്രതീക്ഷയോടെ അടുത്തുവന്നപ്പോഴേ ടോണിച്ചന്‍ വണ്ടിയുടെ ജാതകം എടുത്തു കാണിച്ചു. അതുവാങ്ങി,തുറന്ന ഗ്ലാസ്സിലൂടെ ഏമാന്‍ അകത്തേക്കൊരു നിരീക്ഷണം നടത്തി.
“എവ്ടെപ്പോകുവാ..?”
നല്ല മനുഷ്യന്‍ ..ലോഹ്യം ചോദിക്കുന്നല്ലോ എന്ന് ആലീസു കരുതി.
താന്‍ വായ് തുറന്ന് എന്തേലും പറഞ്ഞാല്‍.. മണമടിച്ച് യേമാന്‍ പൂസ്സാകുമെന്നുറപ്പുള്ളതു കൊണ്ട് ടോണിച്ചന്‍ ഒന്നു പരുങ്ങി. ഈ സമയത്താണ് ഒരു ഹത ഭാഗ്യന്‍ ബൈക്കിന്മേല്‍ കൂട്ടാളിയേയും വച്ച്  ഹെല്‍മറ്റില്ലാതെ ഓവര്‍ സ്പീഡില്‍ ‍പറന്നുവരുന്നത് യശമാന്റെ കണ്ണില്‍ പെട്ടത്.  
ആഹാ.. ഓഹോ..!  ഉത്സാഹത്തോടെ അവനു ചാര്‍ത്താനുള്ള തലവിധി കണക്കുകൂട്ടിക്കൊണ്ട്  അദ്യേം അങ്ങോട്ടു നീങ്ങി.
ഇപ്പോള്‍ ടോണിച്ചന്റെ മനസ്സില്‍ ഒരു ലഡു  അല്ല ,ഗ്രീന്‍ലേബലിന്റെ  ഒരു പൈന്റ് പൊട്ടി..! അടുത്തനിമിഷം ‍ വണ്ടിയുടെ  ഡാഷ്ബോര്‍ഡില്‍ നിന്ന്  ഒരു ചെറിയ പാക്കറ്റ് എടുത്ത്  തുറന്ന് അതിലെ ദ്രാവകം വായിലേക്കൊഴിച്ചു.
നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഏതോ മഹാനായ  കുടിയന്‍, കള്ളുകുടി പുറം ലോകമറിയാതിരിക്കാന്‍ വേണ്ടി കണ്ടു പിടിച്ച ഇന്‍സ്റ്റന്റ് രക്ഷാകവചം*..!                            
കേവലം ഒരുരൂപാ മാത്രം വില വരുന്ന ഒരുപാക്കറ്റ് പാരച്ചൂട്ട് വെളിച്ചെണ്ണ.
അന്തം വിട്ടു നോക്കിയിരുന്നതല്ലാതെ ആലീസിന്റെ മനസ്സില്‍  ലഡു പോയിട്ട് ഒരു ജീരക മുട്ടായി പോലും പൊട്ടിയില്ല.
ഈ സമയം ഇരതേടിപ്പോയ പോലീസ്  വിയശ്രീ ലാളിതനായി തിരിച്ചുവരുന്നു.
പാവം ഇര കരഞ്ഞുവിളിച്ച് ,ബൈക്കും തള്ളിക്കൊണ്ട് മുന്നില്‍  വല്യേമാന്റെ അടുത്തേക്കു നീങ്ങി.
“ദാണ്ടെ ..ഇതേലേക്കൊന്നൂതിക്കേ..”     പോലീസേമാന്റെ കയ്യില്‍ ഡിക്റ്റെറ്റര്‍..!
ആലീസിന് ഇത് പുത്തന്‍ അനുഭവം..
ടോണിച്ചന്‍ ഒന്നു ശങ്കിച്ചെങ്കിലും...വളരെ നിഷ്കളങ്കനായി മെല്ലെ ഒന്ന് ഊതിനോക്കി..
“ഭൂ......!”
“അതു പോരല്ലോ ..ഒന്നു ശക് തിയായിട്ട് ഊത്.”   യേമാന്റെ വക പ്രോത്സാഹനം.
ആദ്യ പരീക്ഷണം വിജയിച്ച സന്തോഷത്തില്‍ ടോണിച്ചന്‍ ഉത്സാഹത്തോടെ വീണ്ടും ഊതി.
“ഭ്ഭൂ....ഭ്ഭൂ....!”
ഒരു ‘പീ..പീ’ ശബ്ദത്തിനായി യേമാന്‍ കൊതിച്ചെന്നുറപ്പ്..! 
യന്ത്രത്തിന്റെ പ്രവര്‍ത്തന ക്ഷമതയില്‍ ഏമാന് സംശയം.
ഡിക്റ്റെറ്റര്‍ ചെവിയോടു ചേര്‍ത്ത് കുലുക്കി  കേടില്ലെന്നുറപ്പുവരുത്തി വീണ്ടും പറഞ്ഞു.
“ ഒന്നൂടെ ഊതിക്കേ.!”
“ഒന്നോ രണ്ടോ..ആവാല്ലോ..”  ടോണിച്ചന് ആവേശം.
ഡിക്റ്റെറ്റര്‍ കയ്യില്‍ വാങ്ങി ടോണിച്ചന്‍  പലതവണ ഊതി..!
ദെയര്‍  ഈസ്  നോ എനി ..’പീ..പീ...’!!
ആവേശം മൂത്ത് ആലീസിന്റെ ചുണ്ടിനു നേരേ നീട്ടിപ്പറഞ്ഞു ..
“ വേണങ്കി.. നീയും ഊതിക്കോടീ...വെർതേ ഒരു രസത്തിന് ”
“യ്യോ..വേണ്ടേ..യ്..!”
ആലീസ് വായ് തുറന്നപ്പോള്‍  യേമാന്‍ കാത്തിരുന്ന ആ മധുര സ്വരം..!
“പീ..പീ....പീ ... !”
ആലീസ് മാഡം  വായ് പൊത്തിക്കൊണ്ട് മറുവശത്തേക്കു കുനിഞ്ഞു.
“ച്ലിം...ങ്..“
ടോണിച്ചന്റെ മനസ്സില്‍ ഇത്തവണ പൈന്റിനു പകരം  പൊട്ടിയത് വെറും കാലിക്കുപ്പി..!
നാട്യ ശാസ്ത്രത്തിലെ മിക്കവാറും എല്ലാ രസങ്ങളും, പിന്നെ  ശ്രീമാന്‍ ജഗതിശ്രീകുമാര്‍ സ്വന്തമായി കണ്ടു പിടിച്ച  അണ്ടു സ്പെഷ്യല്‍  ഐറ്റങ്ങളും  നിമിഷ നേരത്തില്‍ ടോണിച്ചന്റെ മുഖത്തു മിന്നി മറഞ്ഞു.
                 ടോണിച്ചനും മൂത്ത അളിയന്‍ ജോസൂട്ടിയുംകൂടി തീര്‍ത്ത ഒരുകുപ്പി ഗ്രീന്‍ ലേബല്‍ വിസ്കി യുടെതരിപ്പ് അനിക്സ്പ്രേയുടെ പരസ്യം പോലായി.
“ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..!”
അതോടെ ഊത്ത്  ഉപസംഹരിച്ച്  ലഹരിമാപിനി തിരികെ നല്‍കുമ്പോൾ ടോണിച്ചന്‍  വല്ലാതെ പരുങ്ങി..
“ ചെലപ്പം...ഇത് കേടായിരിക്കും സാറേ....”
“ ഉം..അതെയതെ..ഇനി ഇവ്ടെ നിന്നാല്‍ .. നിങ്ങടെ തടികൂടെ  കേടാകം...അതോണ്ട്,  മക്കള്  വേഗം വിട്ടോ..!”
കയ്യിലിരുന്ന ആര്‍ സി ബുക്ക്  തിരികെ നല്‍കിക്കൊണ്ട് , യേമാന്‍ ശരിക്കും പറഞ്ഞതാണോ അതോ ഒന്നു താങ്ങിയതാണോ എന്ന് ടോണിക്ക് തോന്നാതിരുന്നില്ല.
അവൻ വളരെ ദീന പരവശനായി  കാക്കിയെ നോക്കി..!
അത് അത്ര ഗൌനിക്കാതെ യന്ത്രവുമായി  പുലീസ്  അടുത്ത ഇരയെ തേടിപ്പോയി.
                    ആലീസിന്റെ പ്രാര്‍ത്ഥന മാനിച്ച് കുരിശു പള്ളീലെ ഗീവര്‍ഗീസു പുണ്യാളന്‍ കുന്തവുമായി കുതിരപ്പുറത്തെത്തി അങ്ങേരെ ഓടിച്ചതാണെന്ന് ടോണിച്ചനു തോന്നിപ്പോയി.
ടോണിച്ചന്‍ സഹധര്‍മിണിയുടെ നേരേ തിരിഞ്ഞു.
“ആലിക്കൊച്ചേ..”
“എന്തോ...”   ആലീസിന് വിനയം വല്ലാതെ കൂടി.
“ജോയിമോന്‍ ഒഴിച്ചു വച്ച രണ്ടു പെഗ്ഗ്, മോളെവിടെയാ കളഞ്ഞത്..?”
“ കക്കൂസില്..”
“ ഫ് ഭ...!  കഴ്വേര്‍ട മോളേ...സത്യം പറ..കക്കൂസില്‍ക്കേറി നീയെത്രയെണ്ണം വീശി..?”
“രണ്ട് …...രണ്ടേ രണ്ടെണ്ണം..” ആ മറുപടികേട്ട്  ടോണിച്ചന്റെ കണ്ണുതള്ളി.
തള്ളിയ കണ്ണ് ഒരുവിധം അകത്തേക്കുവയ്ക്കുമ്പോള്‍  ആലീസിന്റെ വിശദീകരണം.
“പത്തിരുവത് കൊല്ലായില്ലേ നിങ്ങടെ കൂടെ.. എനിക്കും പിടിച്ചു നില്‍ക്കണ്ടെ...?”
അകത്തേക്കു വച്ച കണ്ണ് വീണ്ടും പുറത്തേക്ക്.
“ന്റെ തോട്ടറപ്പള്ളി മാതാവേ...ഇവളോടു ഷമിക്കേണമേ..!”
കാറിനുള്ളിലെ മാതാവിന്റെ രൂപം നോക്കി നെഞ്ചില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് ടോണിച്ചന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി..!

                                                                                                           *
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:  മദ്യം ആണുങ്ങള്‍ക്കുമാത്രമല്ല,
പെണ്ണുങ്ങള്‍ക്കും ഹാനികരമാണ്..!

* രക്ഷാ കവചം- പലരും പരീക്ഷിച്ചു ഗുണമേന്മ ഉറപ്പു വരുത്തിയതാണ്.
അഥവാ ഫെയിലായാല്‍ എന്നെപ്പറയരുത്..!

86 അഭിപ്രായങ്ങൾ:

 1. ഇത്തവണ കണ്ടപ്പോഴും ഞാനന്വേഷിച്ചു. ഇല്ല വളവുങ്കല്‍ ടോണിച്ചന്‍ പിന്നെ കുടിച്ചിട്ടേയില്ല..!

  മറുപടിഇല്ലാതാക്കൂ
 2. ഹ ഹ ...ടോണിയുടെ കുഞ്ഞാട് കൊള്ളാലോ!!!
  "ആലീസിന്റെ മനസ്സില്‍ ലഡു പോയിട്ട് ഒരു ജീരക മുട്ടായി പോലും പൊട്ടിയില്ല." തകര്‍പ്പന്‍ നമ്പരുകള്‍..ശരിക്കും ആസ്വദിച്ചു ചിരിച്ചു.

  മറുപടിഇല്ലാതാക്കൂ
 3. അതെ എന്താ പറയാ.... കലക്കി പൊളിച്ചു അടുക്കി.. ഹ ഹ ഹ നന്നായി രസിച്ചു..

  മറുപടിഇല്ലാതാക്കൂ
 4. ഈ ലഡു കാലില്‍ തട്ടീട്ടു നടക്കാന്‍ വയ്യ ..എവിടെ പോയാലും പൊട്ടിയ ലഡു തന്നെ!! പൊട്ടാത്ത ലഡു എവിടെ കിട്ടും ആവോ....
  ചിരിപ്പിച്ചു കേട്ടോ !!!

  മറുപടിഇല്ലാതാക്കൂ
 5. തകര്‍പ്പന്‍
  ചിരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 6. സമ്പവം കൊള്ളാട്ടൊ
  രസ്സായിക്ണ്

  മറുപടിഇല്ലാതാക്കൂ
 7. പ്രഭാ സൊയമ്പന്‍...ഹഹഹ് ആലിക്കൊച്ചു ഇങ്ങനെ എത്ര പെഗ്ഗ് കക്കൂസില്‍ ഒഴിച്ച് കളഞ്ഞു കാണും..ടോണിചെട്ടന്‍ അടി നിര്‍ത്തിയല്ലിയോ ...എങ്ങനെ നിർത്താതിരിക്കും..

  മറുപടിഇല്ലാതാക്കൂ
 8. അതു ശരി, ആറും ഏഴും ഒക്കെ വിഴുങ്ങീട്ട് മറ്റുള്ളോരുടെ ജീവൻ വെച്ച് കളിയ്ക്കാൻ പരുവത്തിൽ ഉറങ്ങിയുറങ്ങി വണ്ടിയോടിക്കാം, പിന്നെ വെളിച്ചെണ്ണ കുടിച്ച് പോലീസിനെ പറ്റിക്കാം.......ഒക്കെ മിടുക്കായിപ്പോയി.
  ആലിക്കൊച്ച് രണ്ടെണ്ണം വിഴുങ്ങിയപ്പോ ആകെ കുഴപ്പമായി അല്യോ?

  മറുപടിഇല്ലാതാക്കൂ
 9. സംഗതി കലക്കീ പ്രഭോ.... പാരച്യൂട്ട് വെളിച്ചെണ്ണക്ക് ചിലവിനിവാനോളം.. കമ്പനി കൂടാൻ പോകുമ്പോൾ ഇനി ആരും സഹധർമ്മിണിമാരേയും കൂടെ കൂട്ടരുത്... സത്യം പറഞ്ഞാൽ നല്ലൊരു ചിരി സമ്മാനിച്ചൂ..പ്രീയ സഹോദരന് എല്ലാ ഭാവുകങ്ങളും..കണ്ണൂരാനേ....കണ്ടോ...ബ്ലൊഗർമരെല്ലാം അടിപൊളി കോമഡി എഴുതിത്തുടങ്ങിയത്...ഹ...ഹ...

  മറുപടിഇല്ലാതാക്കൂ
 10. രസകരമായിട്ടുണ്ട് ...ഇത്തരം ആലീസുമാരുടെ എണ്ണം കൂടി ക്കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ട് . ഒരു പാട് അക്ഷര പിശകുകള്‍ ഉണ്ട് .പ്രാര്‍ത്ഥന .യൊക്കെ വെറും പ്രാര്‍ദ്ധന ആയിട്ടുണ്ട്‌ :)

  മറുപടിഇല്ലാതാക്കൂ
 11. ഇപ്പൊ ടോനിക്കുട്ടി ആരായി? വരും സസി !
  ആലീസിനും അല്പം വെളിച്ചെണ്ണ കുടിക്കാമായിരുന്നു അല്ലേ?
  വളരെ വളരെ രസകരമായി എഴുതിയിട്ടുണ്ട് ഭായ്.
  കയ്യിലുള്ളത് പോന്നോട്ടെ ഇങ്ങനെ ഓരോന്ന്..

  മറുപടിഇല്ലാതാക്കൂ
 12. പ്രഭന്‍ ജീ സത്യമാണൊ?

  വണ്ടിയില്‍ ഏതായാലും കരുതാം

  പക്ഷെ ഭാര്യമാര്‍ അറിയാതിരിക്കാനുള്ള വല്ല വഴിയും കൂടി ഉണ്ടെങ്കില്‍ പറയണേ

  ഹ ഹ ഹ :)

  മറുപടിഇല്ലാതാക്കൂ
 13. കേവലം ഒരുരൂപാ മാത്രം വില വരുന്ന ഒരുപാക്കറ്റ് പാരച്ചൂട്ട് വെളിച്ചെണ്ണ..!
  ഇത്രേയുള്ളു ഏമാന്മാരെ പറ്റിക്കാൻ...?!
  പക്ഷേ,പരിക്കു പറ്റുന്നതും ജീവൻ പോണതും ഏമാന്മാരുടെ അല്ലല്ലൊ....!!

  മറുപടിഇല്ലാതാക്കൂ
 14. ഹ ഹ ഹ കിടിലന്‍ അണ്ണാ... കിടിലന്‍!

  മറുപടിഇല്ലാതാക്കൂ
 15. അവതരണം നന്നായിട്ടുണ്ട്.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 16. അത് ശരി, അപ്പൊ അങ്ങിനെ ഒരു പരിപാടി ഉണ്ടല്ലേ അറിയില്ലായിരുന്നു, അപ്പൊ ഇനി പേടിക്കേണ്ടല്ലോ

  ലാ ല്ല ലാ ലാ ല്ല ലാ ലാ ല്ല ലാ

  മറുപടിഇല്ലാതാക്കൂ
 17. kollaaam nannayi .. paranju ..
  bore adikkaathe ezhuthi .. bhaavukangal ..

  മറുപടിഇല്ലാതാക്കൂ
 18. ആ രക്ഷാ കവചം ഉഗ്രനായി.. :) പരീക്ഷിച്ചു നോക്കണമല്ലോ..

  മറുപടിഇല്ലാതാക്കൂ
 19. “പത്തിരുവത് കൊല്ലായില്ലേ നിങ്ങടെ കൂടെ..! എനിക്കും പിടിച്ചു നില്‍ക്കണ്ടെ...?” കലക്കി മാഷെ ... :D

  മറുപടിഇല്ലാതാക്കൂ
 20. നന്നായി പ്രഭാ രസകരമായി അവതരിപിച്ചു ... ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 21. നിങ്ങളെന്നാ മനുഷേനേ ഈകാണിക്കണത്
  ങാ, ഇതാണ് പോലീസിനെ ഊതുന്ന പണി.

  മറുപടിഇല്ലാതാക്കൂ
 22. മാഷേ ...കിടിലന്‍ ...ഓഫീസില്‍ ഇരുന്നു ഉറക്കെ ചിരിക്കാനും വയ്യല്ലോ പഹവാനെ...അടിപൊളി ആയിട്ടുണ്ട്‌!!

  മറുപടിഇല്ലാതാക്കൂ
 23. പ്രഭന്‍ ഭായ്, നര്‍മ്മം തകര്‍പ്പന്‍..ഒത്തിരി ചിരിച്ചു..ഇനിയും പോരട്ടെ,ഇത് പോലെ ഉള്ളത്...ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 24. അടിമുടി തകർപ്പൻ! നല്ല ഒഴുക്ക്.....കിറു കൃത്യമായ ഫിനിഷിങ്ങ്. സ്വരം നന്നായി.........പാട്ട് നിർത്തല്ലേ........ആശംസകളോടെ വിധു

  മറുപടിഇല്ലാതാക്കൂ
 25. മദ്യം ആണുങ്ങള്‍ക്കുമാത്രമല്ല,
  പെണ്ണുങ്ങള്‍ക്കും ഹാനികരമാണ്..!

  മറുപടിഇല്ലാതാക്കൂ
 26. ഹ ഹ ഒരൊന്നൊന്നര കിക്ക് ഉള്ള രസികന്‍ പോസ്റ്റ്‌.
  നല്ല രസികന്‍ അവതരണം .
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 27. രക്ഷാ കവചം- പലരും പരീക്ഷിച്ചു ഗുണമേന്മ ഉറപ്പു വരുത്തിയതാണ്.
  അഥവാ ഫെയിലായാല്‍ എന്നെപ്പറയരുത്..!
  കഥയും ഈ അടിക്കുറിപ്പും എനിക്ക് ഇഷ്ടപ്പെട്ടു... (പാരച്ചൂട്ട് വെളിച്ചെണ്ണയുടെ സെയില്‍സ്‌മാനാണോ.?)

  മറുപടിഇല്ലാതാക്കൂ
 28. അങ്ങനെ നമ്മളെ കൊച്ചേട്ടന് സ്വന്തം പെണ്ണും പിള്ളയോട് ചിയേഴ്സ് പറയാനായി അല്ലെ
  രസമായി വായിച്ചു

  മറുപടിഇല്ലാതാക്കൂ
 29. അവതരണം നന്നായിട്ടുണ്ട്.ചിരിപ്പിച്ചു കേട്ടോ
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 30. അജ്ഞാതന്‍7/8/11 8:52 PM

  ഓ ഞങ്ങള്‍ കോട്ടയത്തുകാര്‍ക്ക് ഇതൊന്നും അത്ര ആനക്കാര്യമല്ലെന്നേ...എന്നാ പറഞ്ഞാലും സംഗതി കലക്കി.. .

  മറുപടിഇല്ലാതാക്കൂ
 31. ചിരിച്ചു. പക്ഷേ ചിരിക്കിടയിൽ ഒളിപ്പിച്ച് വെച്ച വലിയ സത്യം- സാംസ്കാരിക കേരളത്തിൽ ആണും പെണ്ണും ഒരുപോലെ കുടിച്ചു തള്ളുന്നു. സർക്കാർ പണം വാരുന്നു. വെളിച്ചെണ്ണയിൽ തത്കാലം കാര്യം ഒതുക്കാം, ഒരു സമൂഹവും അതിലെ നന്മകളുമാണ് മദ്യത്തിൽ ഒലിച്ച്പോവുന്നതെന്ന് നമ്മൾ എന്നാണ് തിരിച്ചറിയുക?

  മറുപടിഇല്ലാതാക്കൂ
 32. തകർത്തു മാഷേ തകർത്തു!!!!!...ഇനിയും പോരട്ടെ ഇതുപോലെ തട്ടുപൊളിപ്പൻ പോസ്റ്റുകൾ..:)

  മറുപടിഇല്ലാതാക്കൂ
 33. നല്ല എഴുത്ത്‌ പ്രഭൻ! ഒരു പാട്‌ ജീവിതാനുഭവങ്ങളുള്ള ആളാണല്ലേ? :)

  മറുപടിഇല്ലാതാക്കൂ
 34. മദ്യം ആണുങ്ങള്‍ക്കുമാത്രമല്ല,
  പെണ്ണുങ്ങള്‍ക്കും ഹാനികരമാണ് :)

  മറുപടിഇല്ലാതാക്കൂ
 35. അജ്ഞാതന്‍9/8/11 10:24 AM

  സംഗതി കലക്കി.. .

  മറുപടിഇല്ലാതാക്കൂ
 36. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് പ്രഭേട്ടോ.... കൊട് കൈ.
  ടോണികുട്ടന്‍‌റെ ഡ്രൈവിംങ്ങില്‍ തുടങ്ങിയപ്പൊ, ഒരു ട്രാജഡീം, സാരോപദേശം ആകുമൊ ക്ലൈമാക്സ് എന്ന് കരുതി. പക്ഷേ അത് പെട്ടെന്നങ്ങ് മാറി. അവസാനം വരേം മുഖത്തൊരു ചിരി ഉണ്ടായിരുന്നെന്നുറപ്പ്. ഇപ്പോഴത്തെ ചില അശ്ലീലത കലര്‍ന്ന കോമഡി പോസ്റ്റുകള്‍ക്ക് ഇതൊരു അപവാദമാണേ. നല്ല അസല് അച്ചായന്മാരുടെ സംസാരോം അവതരണോം. എല്ലാം‌കൊണ്ടും ഇഷ്ടപെട്ട്.

  മറുപടിഇല്ലാതാക്കൂ
 37. കലക്കി മാഷെ രസ്യൻ പോസ്റ്റ്

  മറുപടിഇല്ലാതാക്കൂ
 38. ആലീസു കൊച്ചിനെ എനിക്കു പുടിച്ചു. എന്നാലും ആലീസുകൊച്ചു കഴ്വേര്‍ഡ മോനെ എന്നൊന്നും വിളിച്ചില്ലല്ലോ!മോശമായിപ്പോയി.
  (അച്ചായന്മാര്‍ ജാഗ്രതൈ..)

  മറുപടിഇല്ലാതാക്കൂ
 39. അവതരണം വളരെ നന്നായി... അടിക്കുറിപ്പും ക്ഷ പിടിച്ചു. ഒപ്പം ചീരാമുളകിന്റെ കമന്റ് സാംസ്‌കാരിക കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ വെളിപ്പെടുത്തുന്നു....പ്രഭന്റെ ഈ പോസ്റ്റ്‌ നര്‍മത്തോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.

  മറുപടിഇല്ലാതാക്കൂ
 40. ഇത് കൊള്ളാട്ടോ.. രസകരമായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 41. നന്നായിട്ടുണ്ട് പ്രഭൻ!

  മറുപടിഇല്ലാതാക്കൂ
 42. കൊള്ളാം പ്രഭന്‍ ഭായി .... അവതരണം വളരെ മികച്ചത്... തീര്‍ച്ചയായും ഇനിയും തുടരണം.... സുമേഷ്

  മറുപടിഇല്ലാതാക്കൂ
 43. ഗലക്കൻ!

  (പിന്നെ ആണുങ്ങക്കാവാങ്കി, പെണ്ണുങ്ങക്കും ആവാം. ചാവുമ്പം ഒരുമിച്ചു ചാവേം ചെയ്യാം!)

  മറുപടിഇല്ലാതാക്കൂ
 44. നന്നായി. കേരളത്തിൽ വളർന്നുവരുന്ന പുതിയ പ്രവണത ഭംഗിയായി അവതരിപ്പിച്ചു. ചിരിയോടോപ്പം ചിന്തയേയും ഉദ്ദീപിപ്പിച്ചു.അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 45. അസ്സലായി . അനായാസേന ഉള്ള എഴുത്ത്.

  മറുപടിഇല്ലാതാക്കൂ
 46. അജ്ഞാതന്‍14/8/11 6:28 PM

  good!!!!
  welcome to my blog
  blosomdreams.blogspot.com
  if u like it follow and support me!

  മറുപടിഇല്ലാതാക്കൂ
 47. വളരെ നന്നായി എഴുതി .നല്ല ഒരു ഒടുക്കവും ഒഴുക്കും .

  മറുപടിഇല്ലാതാക്കൂ
 48. തുടക്കവും തുടര്‍ച്ചയും ഒടുക്കവും നന്നായി.
  അടിമുടി ഒരു രസികന്‍ പോസ്റ്റ്.

  അന്തിയോളം അധ്വാനിച്ച്‌ ഒന്നിച്ച് ഓരോകോപ്പ കള്ളുംമോന്തി വീടണയുന്ന ആണും പെണ്ണും സാധാരണയായിരുന്നു പണ്ടും. പിന്നീട് അത് മേലേക്കിടക്കാര്‍ക്കിടയിലും ശീലമായി. ഇപ്പോള്‍ മദ്ധ്യവര്‍ഗ്ഗത്തിലെയ്ക്കും ഈ പ്രവണത നീളുന്നെന്നുകാണുന്നു. അത് കൂടുതലായി ബാധിക്കുന്നത് അടുത്ത തലമുറയെയാവും.

  മറുപടിഇല്ലാതാക്കൂ
 49. പ്രഭന്‍ കൃഷ്ണന്‍

  വളരെ നന്നായിരിക്കുന്നു. കൂടുതല്‍ എഴുതുക .ആശംസകള്‍

  സജീവ്‌

  മറുപടിഇല്ലാതാക്കൂ
 50. ആലീസാണ് താരം...!

  സസ്പെന്‍സ് പോവാതെ, രസച്ചരട് മുറിയാതെ അത് അവതരിപ്പിച്ച രചനാവൈഭവത്തിന് എന്റെ പ്രണാമം.

  ഒരു സ്വകാര്യം.,:-) ആ പറഞ്ഞ രക്ഷാകവചം കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്. എന്തെങ്കിലും കോഡ് വാക്ക് ഉണ്ടോ.

  മറുപടിഇല്ലാതാക്കൂ
 51. Nalla narmmam!! Sharikkum enjoy cheythaanu vaayichathu. Ithiri neelam koodiya post aanenkilum boradippichilla. Appo ezhuthu thudaratte!! Ineem varam... Haa pinne ennenkilum kaanumbol Tony yodu anweshanam parayanam tto :)

  Aashamsakalode
  http://jenithakavisheshangal.blogspot.com/

  മറുപടിഇല്ലാതാക്കൂ
 52. ഹെ ഹെ ഹേ.. രസായിട്ടുണ്ടല്ലോ..
  അപ്പൊ നര്‍മ്മവും വഴങ്ങും, ങെ..? :)

  മറുപടിഇല്ലാതാക്കൂ
 53. പ്രിയപ്പെട്ട പ്രഭന്‍ കൃഷ്ണന്‍,
  സസ്പെന്‍സ് വളരെ നന്നായി.... മദ്യം കഴിക്കുന്ന പുരുഷന്‍ ഭാര്യക്ക്‌ മാതൃകയാക്കാമല്ലോ...,അല്ലെ?ചിലപ്പോള്‍........മനസ്സ് മടുത്ത ഭാര്യ,ഈ സന്തോഷം നല്‍കുന്ന ദ്രാവകം രുചിച്ചതാകാം!:)
  നര്‍മം,നന്നായി വഴങ്ങുന്നു!
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 54. അപ്പോൾ പിടിച്ചു നില്ക്കാൻ വെളിച്ചണ്ണ കുടിച്ചാൽ മതി അല്ലെ, ഹ ഹ ഹ കൊള്ളാം . സൂപ്പർ

  മറുപടിഇല്ലാതാക്കൂ
 55. ഹാസ്യത്തെ ഉള്‍ക്കൊള്ളുന്നു
  അവതരണ രീതി ഇഷ്ട്ടപ്പെടുകയും ചെയ്തു...
  മദ്യപാനത്തെ ജീവിതവുമായി ഇത്ര നിസാരമായി കൂട്ടിക്കെട്ടുന്ന ജീവിത വീക്ഷണത്തോട് സന്ധിയാവാന്‍ കഴിയുന്നില്ല!

  മറുപടിഇല്ലാതാക്കൂ
 56. രസകരമായ ഒരു കഥ. അപ്രതീക്ഷിതമായിരുന്നു ക്ലൈമാക്സ്..നന്നായി

  മറുപടിഇല്ലാതാക്കൂ
 57. ഹഹഹഹ...ആലീസമ്മാമ ആള് കൊള്ളാലോ.. എന്നിട്ടാ പാവം അച്ചായനെ കുറ്റവിചാരണ നടത്തിയത്. :-)

  മറുപടിഇല്ലാതാക്കൂ
 58. ഒരു കുടുംബം മുഴുവന്‍ 'കുടി-കിടപ്പുകാര്‍ ' ആയാല്‍ എന്താ ചെയ്ക?പാരച്ച്യൂട്ടിന്റെ ഒരു ലിറ്റര്‍ ബോട്ടില്‍ വണ്ടിയില്‍ കരുതുക........ അത്ര തന്നെ.

  നന്നായി പ്രഭന്‍ ...........

  മറുപടിഇല്ലാതാക്കൂ
 59. വെളിച്ചെണ്ണക്ക് ഇനിയിപ്പോള്‍ വിലയങ്ങു കുതിച്ചു കേറുമല്ലോ. പരസ്യമാക്കിയത്.........വേണ്ടായിരുന്നു. പോസ്റ്റ്‌ എന്തായാലും കലക്കി. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 60. എല്ലാ ചേരുവകയും ഒത്തു, വളവുങ്കലെ ടോണിച്ചനെയും, അങ്ങേരുടെ കുഞ്ഞാടിനെയും ഒന്നു പരിചയപ്പെടുത്തിയതിനു നന്ദി....
  ആലീസ് 'അച്ചായന്' കമ്പിനി കൊടുക്കുന്നത് അത്ര നല്ലതല്ല. ആലീസിനു ഡ്രൈവിങ്ങ് പഠിക്കാം ഇത്തരം അവസരത്തില്‍ അച്ചായനെ ഒന്ന് സഹായിക്കാം ...ചുമ്മാ പീ പീ ഊതാതെ ...
  ഓണാശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 61. കുഞ്ഞാ‍ടിന് ഇതത്ര നല്ലതല്ല....
  ഇനിയിപ്പോൾ ടോണിച്ചന് വീട്ടിൽ കമ്പനി കൂടാൻ ആളായല്ലൊ..

  ഹാസ്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു...ചിരിക്കാ‍തെ ഇതു വായിച്ചവസാനിപ്പിക്കാൻ വയ്യ

  മറുപടിഇല്ലാതാക്കൂ
 62. എല്ലാ പോസ്റ്റും വായിച്ചു കഴിഞ്ഞു കമെന്ടാം എന്ന് കരുതി ... എല്ലാം ഒന്നിനൊന്നു മെച്ചം ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 63. പ്രഭോ, നമിച്ചിരിക്കുന്നു!

  >>കേവലം ഒരുരൂപാ മാത്രം വില വരുന്ന ഒരുപാക്കറ്റ് പാരച്ചൂട്ട് വെളിച്ചെണ്ണ..!
  അന്തം വിട്ടു നോക്കിയിരുന്നതല്ലാതെ ആലീസിന്റെ മനസ്സില്‍ ലഡു പോയിട്ട് ഒരു ജീരക മുട്ടായി പോലും പൊട്ടിയില്ല..! <<

  നടക്കട്ട് നടക്കട്ട്!

  മറുപടിഇല്ലാതാക്കൂ
 64. പ്രഭന്‍...കലക്കി..കുരങ്ങു ചത്ത കുറവനെപ്പോലെ അവധി കഴിഞ്ഞു ഇരിക്കുന്ന എനിക്ക് ഇതൊരു സമ്മാനം ആയി കേട്ടോ...

  ഇനി ഒരു സംഭവം പറയാം..നാട്ടില്‍ ഇതുപോലെ പോലീസ് ഒരാളെ കൊണ്ട് ഊതിച്ചു..സംഗതി കേസ് ആകുമെന്ന് കണ്ടപ്പോള്‍ കൂടെയുള്ള ഭാര്യ (വകീല്‍ ആണ്.)പറഞ്ഞു.സാറേ ഇങ്ങേരു കുടിച്ചിട്ടില്ല.ഈ മഷീന്‍ കേട് ആയിരിക്കും .അല്ലെങ്കില്‍ ഞാന്‍ ഒന്ന് ഊതി നോക്കട്ടെ..ഞാന്‍ കഴിച്ചിട്ടില്ല എന്ന്...പോലീസ്‌ ഓക്കേ പറഞ്ഞു..പുള്ളികാരി ഊതി.പീ പീ..അപ്പൊ അവര്‍ പറഞ്ഞു ഇതെന്തു കളി..സാറ് ഒന്ന് ഊതി നോക്ക്...ഒന്ന് മടിച്ചു പോലീസ്കാരനും ഊതി..വീണ്ടും പീ പീ...കേസ് എടുത്താല്‍ കുഴപ്പം..എല്ലാവര്ക്കും...അവസാനം യന്ത്രം കേട് ആണെന്ന് പറഞ്ഞു പോലീസ് തടി ഊരി അത്രേ...(ഓ എന്റെ ഒരു പോസ്റ്റ്‌ പോയി..കമെന്റ്റ്‌ ആയി...ഹ..ഹ...)ചിലപ്പോ ഏതു പോലീസു കാരനും പെട്ട് പോവും..ബുദ്ധി ഉള്ള പെണ്ണുങ്ങളുടെ മുന്നില്‍....

  മറുപടിഇല്ലാതാക്കൂ
 65. കുഞ്ഞാടുകള്‍ കലമുടച്ചു തുടങ്ങിയാല്‍..............ഇഷ്ടായീട്ടോ സംഗതി.............
  [എന്‍റെ ബ്ലോഗില്‍ ഇര തേടുന്ന ഒരു അമ്മയുണ്ട്. സന്ദര്‍ശിക്കുമല്ലോ]

  മറുപടിഇല്ലാതാക്കൂ
 66. കേവലം ഒരുരൂപാ മാത്രം വില വരുന്ന ഒരുപാക്കറ്റ് പാരച്ചൂട്ട് വെളിച്ചെണ്ണ..!. വെളിച്ചെണ്ണക്ക്‌ ഇങ്ങനെയും ഉപയോഗം ഉണ്ടെന്നു എല്ലാരും മനസ്സിലാക്കീട്ടോ ???.....“പത്തിരുവത് കൊല്ലായില്ലേ നിങ്ങടെ കൂടെ..! എനിക്കും പിടിച്ചു നില്‍ക്കണ്ടെ...?”അതു കലക്കീട്ടോ ?? ...ഹഹഹഹഹ...............

  മറുപടിഇല്ലാതാക്കൂ
 67. തകര്‍ത്തു മാഷേ. ചിരിച്ചത് ദേ ഈ അടിക്കുറിപ്പും. പിന്നെ താങ്കളുടെ ആദ്യ കമന്റും വായിച്ചിട്ടാണ്.

  നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: മദ്യം ആണുങ്ങള്‍ക്കുമാത്രമല്ല,
  പെണ്ണുങ്ങള്‍ക്കും ഹാനികരമാണ്..!

  ഇത്തവണ കണ്ടപ്പോഴും ഞാനന്വേഷിച്ചു. ഇല്ല വളവുങ്കല്‍ ടോണിച്ചന്‍ പിന്നെ കുടിച്ചിട്ടേയില്ല..!

  മറുപടിഇല്ലാതാക്കൂ
 68. ഹഹഹാ
  നല്ല നർമ്മം.. ഇഷ്ട്ടായി
  നല്ല അവതരണവും

  മറുപടിഇല്ലാതാക്കൂ
 69. ടോനിച്ചന്‍ ഇനിയെങ്ങിനെ കുടിക്കും? കുപ്പിയും കൊണ്ട് വീട്ടില്‍ വന്നാല്‍ കുഞ്ഞാട് എനിക്കും ഒരു പെഗ് എന്നും പറഞ്ഞു മുന്നില്‍ വരില്ലേ?അതിലും ഭേദം നിറുത്തുന്നത് തന്നെയാ.
  നല്ല നര്‍മം......ഇഷ്ട്ടായി.....

  മറുപടിഇല്ലാതാക്കൂ
 70. “പത്തിരുവത് കൊല്ലായില്ലേ നിങ്ങടെ കൂടെ..! എനിക്കും പിടിച്ചു നില്‍ക്കണ്ടെ...?” തകര്‍ത്ത് ട്ടോ. വളരെ ഇഷ്ടമായി ഈ എഴുത്ത്.

  മറുപടിഇല്ലാതാക്കൂ
 71. ഞാന്‍ ആദ്യം നോക്കിയത് നിങ്ങള്‍ എന്നാണു ഇത് പോസ്റ്റിയതെന്ന്. ആഗസ്റ്റ്‌., എന്നെ നിരാശനാക്കി. ഈ പ്രോഗ്രാം ടീവിയില്‍ കണ്ടത് ഡിസംബറില്‍.,

  എവിടെ എങ്കിലും എനിക്ക് കുറ്റം പറയാന്‍ ഒരു ചാന്‍സ്‌ താ മാഷേ.

  നമ്മളെ ഒക്കെ നാണം കെടുത്താനായി, നമ്മളും ജീവിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 72. ന്നാലും ന്റെ ആലിക്കൊച്ചേ....കലക്കീട്ടോ...!

  മറുപടിഇല്ലാതാക്കൂ
 73. ശ്ശൊ..ഇവിടെ വരാന്‍ താമസിച്ചല്ലോ. എന്ത് രസികന്‍ എഴുത്ത്. വെളിച്ചെണ്ണയുടെ വിവിധ ഉപയോഗങ്ങള്‍ മനസ്സിലാകുന്നേയുള്ളൂ.. എന്തായാലും കഥാന്ത്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇതാകുമെന്ന്. അല്ല പിന്നെ ആലീസിനോടാ കളി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒത്തിരി സന്തോഷം ഈ വരവിനും വായനയ്ക്കും.ഇനിയുമെത്തുമല്ലോ.

   ഇല്ലാതാക്കൂ
 74. ഹത് ശരി ആലീസ് ആള് കൊള്ളാല്ലോ! സംഭവം എന്തായാലും കലക്കി മാഷേ..

  മറുപടിഇല്ലാതാക്കൂ