തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

ടോണിക്കുണ്ടൊരു കുഞ്ഞാട്

          ഓടിക്കൊണ്ടിരുന്ന കാറ് നന്നായൊന്നുലഞ്ഞപ്പോഴാണ് ആലീസ് കണ്ണു തുറന്നത്.  ചുറ്റും നോക്കിയപ്പോള്‍ കാണുന്നത് പാതിയുറക്കത്തിലിരുന്നു വണ്ടിയോടിക്കുന്ന തന്റെ കണവന്‍ ടോണിച്ചനെ.
“എന്റെ കര്‍ത്താവേ..! “
എന്നൊരു വിളി ആലീസിന്റെ അന്തരംഗത്തില്‍ നിന്നോ  മറ്റോ ബഹിര്‍ഗമിച്ചെങ്കിലും. ഗമിച്ച സാധനം വായ പൊത്തി അങ്ങനെ തന്നെ അകത്തേക്കു വിട്ടു..!അതു വെളിയിലെത്തിയാല്‍ ഒരൊന്നൊന്നര വിളിയായിരിക്കും . കേട്ടപാതി കേള്‍ക്കാത്തപാതി ഇങ്ങേര് സഡന്‍ ബ്രേക്കിടും..അല്ലെങ്കില്‍ വണ്ടിസൈഡിലേക്കു വെട്ടിക്കും.  രണ്ടും അപകടം.ആലീസിന്റെ തലക്കത്തും സെറിബ്രം,സെറിബെല്ലം ,മെഡുല്ലാ ഒബ്ലംഗേറ്റ മുതലായ മുന്തിയതരം സാധന സാമഗ്രികള്‍  ഉള്ളതിനാല്‍  അവരെല്ലാം കൂടെ ഉണര്‍ന്നു പ്രവത്തിച്ചു... ഉടനെ വലതുകൈ നീട്ടി ടോണിച്ചനവര്‍കളുടെ തലക്കു പിറകില്‍ മുടിയിലൂടെ കൈയ്യോടിച്ചു.
ആഹാ.....!എന്തു സുഖം...ടോണിച്ചന്‍ സുഖ ലോലുപനായി..പാതി ഷട്ടറിട്ട കണ്ണുകള്‍ ഫുള്‍ വലിച്ചടക്കാനായി തയ്യാറെടുത്തു.
ഈശോയേ...ഇങ്ങേരെന്നെ കൊലക്കു കൊടുക്കും.ഇതിയാനെ  ഉണര്‍ത്തിയേ പറ്റൂ..
മുന്നിലും പിന്നിലും വേറേ വണ്ടിയൊന്നുമില്ലെന്നുറപ്പു വരുത്തി ആലീസു മെല്ലെ വിളിച്ചു.
“ അച്ചായാ.....”
രാത്രി , കട്ടിലില്‍ തന്റെ നെഞ്ചിലേക്കു തലചേര്‍ത്ത്  ആലീസ് വിളിക്കുന്ന ആ ‘ഒരുമാതിരി’ വിളി ടോണിച്ചനു ഫീലു ചെയ്തു..
“ എന്നതാടീ ആലി ക്കൊച്ചേ..?”
ടോണിച്ചന്‍ ..വികാരതരളിതനായി.
“ അയ്യട... ശ്രിംഗരിക്കാന്‍ പറ്റിയ നേരം..!”
“ഉള്ള കള്ളെല്ലാം കുടിച്ചേച്ച്..നിങ്ങളെന്നാ മനുഷേനേ ഈകാണിക്കണത്.?”
ആലീസിന്റെ ശബ്ദം അല്പമൊന്നുയര്‍ന്നു.
അപ്പോത്തന്നെ ടോണിച്ചന്‍ കാണീര്  നിര്‍ത്തി ,സ്ഥല കാല ബോധത്തോടെ ഡീസെന്റായി.
“ശ്ശൊ..ഇതു നേരത്തേയാകാരുന്നു.“  ആലീസ് പിറുപിറുത്തു.

                               ടോണിച്ചന്റെ ഉറക്കംതൂങ്ങല്‍  ആലീസിന്റെ ഉറക്കം കെടുത്തി.
“അച്ചായാ, സത്യം പറ...ഞാന്‍ കാണാതെ എത്രയെണ്ണം അകത്താക്കി..?”
“ രണ്ട് ...രണ്ടേ രണ്ടെണ്ണം....അത് നീയും കണ്ടതല്ലേയെന്റാലീസേ...?”  
“അത് ഞാന്‍ കണ്ടാരുന്ന്....കാണാതെ എത്രയാന്നാ ചോദിച്ചേ..?”
“അയ്യേ..ഞാനെങ്ങും കുടിച്ചില്ല....എനിക്ക് വണ്ടിയോടിക്കാനൊള്ളതല്ലെ.....?”
“ജോസൂട്ടീടെ കൂടെ അകത്തേക്കുപോയാരുന്നല്ലോ..അതെന്തിനായിരുന്ന്..?”
“നീയിങ്ങനെയൊക്കെ ചോദിച്ചാ‍....“  -ടോണിച്ചന് ഉത്തരം മുട്ടി.
“ജോയിമോന്‍ ഒഴിച്ചു വച്ചത്  രണ്ടെണ്ണം നിങ്ങളു കാണാതെ ഞാനെടുത്തു കക്കൂസില്‍ കളഞ്ഞു...”
ആലീസ് തെളിവുസഹിതം തന്നെ പൊക്കുന്നു എന്ന തുണിയില്ലാത്ത സത്യം,ടോണിച്ചന്റെ കെട്ടുവിടാത്ത തലയിലേക്ക് തുളച്ചുകയറി.
“...അതു കഴിഞ്ഞപ്പളാ നിങ്ങളു രണ്ടാളുംകൂടെ മുങ്ങിയത്.”
ആലീസു നിര്‍ത്തുന്ന ലക്ഷണമില്ല.
“...ചുരുങ്ങിയത്..ഒരാറേഴെണ്ണം...അതുറപ്പാ.”
“ഹൊ...ഭയങ്കരീ...നീ പുലി തന്നെ..പുലി.”
“ഉം..സുഖിപ്പിക്കല്ലേ....സാറൊരു കാര്യം ചെയ്യ് .. വണ്ടി ഇവിടെ നിര്‍ത്ത്. നമുക്ക് ബസ്സേല്‍   പോവാം.”
“ചുമ്മാതിരിയടീ..ഞാനാദ്യായിട്ടാണോ..വണ്ടിയോടിക്കണത്..?”
“ആദ്യായിട്ടല്ലായിരിക്കും...പക്ഷേ.. ഇത് അവസാനത്തേതാക്കരുത്..!”
“മിണ്ടാതിരിയെടീ ..കഴ്വേര്‍ടമോളേ... “  അതല്പം ഉച്ചത്തിലായിരുന്നു.
അതോടെ ആലീസു നിര്‍ത്തി.
                                       നിര്‍ത്തിയില്ലെങ്കില്‍ വേറെ പല ‘മോളേ’ വിളികളും കേള്‍ക്കേണ്ടി വരുമെന്നുറപ്പുള്ളതുകൊണ്ടും, ഈ അവസ്ഥയില്‍ അച്ചായന്‍ ബസ്സിലെങ്ങാനും കേറിയാലുള്ള പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നറിയാവുന്നതു കൊണ്ടും കഴ്വേര്‍ടമോള്  തല്‍ക്കാലം ഒതുങ്ങി.
പക്ഷേ ഇങ്ങനെയൊക്കെകണ്ടാല്‍ അതുവിളിച്ചുപറഞ്ഞില്ലെങ്കില്‍..
ആലീസിന്  ഇരിക്കപ്പൊറുതിയുണ്ടാവില്ല.
“...ന്നാലും എന്റച്ചായാ..കാര്യം  അവന്‍ എന്റാങ്ങളയാ.. അവന്റെ മനസ്സു ചോദ്യത്തിന് തന്നെ നിങ്ങള് ഈ പരുവം. അപ്പോപ്പിന്നെ കല്യാണത്തിനെന്തായിരിക്കും..?“  
 മറുപടിയായി ടോണിച്ചനൊന്നും പറയാതെ വണ്ടി സൈഡിലേക്കൊതുക്കി .
“അല്ലച്ചായാ ഞാന്‍ വെറുതേ അങ്ങു പറഞ്ഞന്നെയുള്ളു.... ”
ടോണിച്ചനില്‍ പെട്ടന്നുണ്ടായ ഭാവമാറ്റം ആലീസിനെ ഭയപ്പെടുത്തി.
“നീയങ്ങോട്ടു നോക്കിക്കേടീ  ആലീസേ...”-മുന്നിലേക്ക് തല വെട്ടിച്ച്  ടോണിച്ചന്‍ ആ നടുക്കുന്ന കാഴ്ച ആലീസിനു കാട്ടിക്കൊടുത്തു.
                               മുന്നില്‍ വളവു തിരിഞ്ഞു ചെല്ലുന്നിടത്ത്  നിര്‍ത്തിയിട്ട ഒരു പോലീസ് വണ്ടി..!അവിടെയും ഇവിടെയുമൊക്കെയായി ഏമാന്മാര്‍ വണ്ടി തടഞ്ഞ് ക്രമസമാധാനം ഉറപ്പുവരുത്തുന്നു.
പാവം ഡ്രൈവര്‍മാര്‍ ബുക്കെടുക്കുന്നു..ചിലര്‍ പേപ്പറെടുക്കുന്നു. ബുക്കും പേപ്പറുമില്ലാത്തോർ കീശയിൽനിന്ന്  കാശെടുക്കുന്നു.
“ രൂഭാ ആയിരം പോയടീ ആലീസേ..!”- ടോണിച്ചന്‍ ഒരു പ്രവചനം നടത്തി.
ആലീസിന് സംഗതിയുടെ ഗൌരവം  മനസ്സിലായി.അവരും  തരക്കേടില്ലാത്ത ഒരു  മഹത് വചനം നടത്തിനോക്കി..
“ നിങ്ങടെ ഈ പരുവംകണ്ടാല്‍ ആയിരാല്ല...പൈനായിരം പോകൂന്ന് ഒറപ്പാ..!”
“നിന്റെ കരിനാക്കു ഫലിക്കും....ദേ വരുന്നു മാരണം.”
                             പെന്‍ഷനാകാറായ ഒരു യേമാന്‍  ശുഭപ്രതീക്ഷയോടെ അടുത്തുവന്നപ്പോഴേ ടോണിച്ചന്‍ വണ്ടിയുടെ ജാതകം എടുത്തു കാണിച്ചു. അതുവാങ്ങി,തുറന്ന ഗ്ലാസ്സിലൂടെ ഏമാന്‍ അകത്തേക്കൊരു നിരീക്ഷണം നടത്തി.
“എവ്ടെപ്പോകുവാ..?”
നല്ല മനുഷ്യന്‍ ..ലോഹ്യം ചോദിക്കുന്നല്ലോ എന്ന് ആലീസു കരുതി.
താന്‍ വായ് തുറന്ന് എന്തേലും പറഞ്ഞാല്‍.. മണമടിച്ച് യേമാന്‍ പൂസ്സാകുമെന്നുറപ്പുള്ളതു കൊണ്ട് ടോണിച്ചന്‍ ഒന്നു പരുങ്ങി. ഈ സമയത്താണ് ഒരു ഹത ഭാഗ്യന്‍ ബൈക്കിന്മേല്‍ കൂട്ടാളിയേയും വച്ച്  ഹെല്‍മറ്റില്ലാതെ ഓവര്‍ സ്പീഡില്‍ ‍പറന്നുവരുന്നത് യശമാന്റെ കണ്ണില്‍ പെട്ടത്.  
ആഹാ.. ഓഹോ..!  ഉത്സാഹത്തോടെ അവനു ചാര്‍ത്താനുള്ള തലവിധി കണക്കുകൂട്ടിക്കൊണ്ട്  അദ്യേം അങ്ങോട്ടു നീങ്ങി.
ഇപ്പോള്‍ ടോണിച്ചന്റെ മനസ്സില്‍ ഒരു ലഡു  അല്ല ,ഗ്രീന്‍ലേബലിന്റെ  ഒരു പൈന്റ് പൊട്ടി..! അടുത്തനിമിഷം ‍ വണ്ടിയുടെ  ഡാഷ്ബോര്‍ഡില്‍ നിന്ന്  ഒരു ചെറിയ പാക്കറ്റ് എടുത്ത്  തുറന്ന് അതിലെ ദ്രാവകം വായിലേക്കൊഴിച്ചു.
നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഏതോ മഹാനായ  കുടിയന്‍, കള്ളുകുടി പുറം ലോകമറിയാതിരിക്കാന്‍ വേണ്ടി കണ്ടു പിടിച്ച ഇന്‍സ്റ്റന്റ് രക്ഷാകവചം*..!                            
കേവലം ഒരുരൂപാ മാത്രം വില വരുന്ന ഒരുപാക്കറ്റ് പാരച്ചൂട്ട് വെളിച്ചെണ്ണ.
അന്തം വിട്ടു നോക്കിയിരുന്നതല്ലാതെ ആലീസിന്റെ മനസ്സില്‍  ലഡു പോയിട്ട് ഒരു ജീരക മുട്ടായി പോലും പൊട്ടിയില്ല.
ഈ സമയം ഇരതേടിപ്പോയ പോലീസ്  വിയശ്രീ ലാളിതനായി തിരിച്ചുവരുന്നു.
പാവം ഇര കരഞ്ഞുവിളിച്ച് ,ബൈക്കും തള്ളിക്കൊണ്ട് മുന്നില്‍  വല്യേമാന്റെ അടുത്തേക്കു നീങ്ങി.
“ദാണ്ടെ ..ഇതേലേക്കൊന്നൂതിക്കേ..”     പോലീസേമാന്റെ കയ്യില്‍ ഡിക്റ്റെറ്റര്‍..!
ആലീസിന് ഇത് പുത്തന്‍ അനുഭവം..
ടോണിച്ചന്‍ ഒന്നു ശങ്കിച്ചെങ്കിലും...വളരെ നിഷ്കളങ്കനായി മെല്ലെ ഒന്ന് ഊതിനോക്കി..
“ഭൂ......!”
“അതു പോരല്ലോ ..ഒന്നു ശക് തിയായിട്ട് ഊത്.”   യേമാന്റെ വക പ്രോത്സാഹനം.
ആദ്യ പരീക്ഷണം വിജയിച്ച സന്തോഷത്തില്‍ ടോണിച്ചന്‍ ഉത്സാഹത്തോടെ വീണ്ടും ഊതി.
“ഭ്ഭൂ....ഭ്ഭൂ....!”
ഒരു ‘പീ..പീ’ ശബ്ദത്തിനായി യേമാന്‍ കൊതിച്ചെന്നുറപ്പ്..! 
യന്ത്രത്തിന്റെ പ്രവര്‍ത്തന ക്ഷമതയില്‍ ഏമാന് സംശയം.
ഡിക്റ്റെറ്റര്‍ ചെവിയോടു ചേര്‍ത്ത് കുലുക്കി  കേടില്ലെന്നുറപ്പുവരുത്തി വീണ്ടും പറഞ്ഞു.
“ ഒന്നൂടെ ഊതിക്കേ.!”
“ഒന്നോ രണ്ടോ..ആവാല്ലോ..”  ടോണിച്ചന് ആവേശം.
ഡിക്റ്റെറ്റര്‍ കയ്യില്‍ വാങ്ങി ടോണിച്ചന്‍  പലതവണ ഊതി..!
ദെയര്‍  ഈസ്  നോ എനി ..’പീ..പീ...’!!
ആവേശം മൂത്ത് ആലീസിന്റെ ചുണ്ടിനു നേരേ നീട്ടിപ്പറഞ്ഞു ..
“ വേണങ്കി.. നീയും ഊതിക്കോടീ...വെർതേ ഒരു രസത്തിന് ”
“യ്യോ..വേണ്ടേ..യ്..!”
ആലീസ് വായ് തുറന്നപ്പോള്‍  യേമാന്‍ കാത്തിരുന്ന ആ മധുര സ്വരം..!
“പീ..പീ....പീ ... !”
ആലീസ് മാഡം  വായ് പൊത്തിക്കൊണ്ട് മറുവശത്തേക്കു കുനിഞ്ഞു.
“ച്ലിം...ങ്..“
ടോണിച്ചന്റെ മനസ്സില്‍ ഇത്തവണ പൈന്റിനു പകരം  പൊട്ടിയത് വെറും കാലിക്കുപ്പി..!
നാട്യ ശാസ്ത്രത്തിലെ മിക്കവാറും എല്ലാ രസങ്ങളും, പിന്നെ  ശ്രീമാന്‍ ജഗതിശ്രീകുമാര്‍ സ്വന്തമായി കണ്ടു പിടിച്ച  അണ്ടു സ്പെഷ്യല്‍  ഐറ്റങ്ങളും  നിമിഷ നേരത്തില്‍ ടോണിച്ചന്റെ മുഖത്തു മിന്നി മറഞ്ഞു.
                 ടോണിച്ചനും മൂത്ത അളിയന്‍ ജോസൂട്ടിയുംകൂടി തീര്‍ത്ത ഒരുകുപ്പി ഗ്രീന്‍ ലേബല്‍ വിസ്കി യുടെതരിപ്പ് അനിക്സ്പ്രേയുടെ പരസ്യം പോലായി.
“ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..!”
അതോടെ ഊത്ത്  ഉപസംഹരിച്ച്  ലഹരിമാപിനി തിരികെ നല്‍കുമ്പോൾ ടോണിച്ചന്‍  വല്ലാതെ പരുങ്ങി..
“ ചെലപ്പം...ഇത് കേടായിരിക്കും സാറേ....”
“ ഉം..അതെയതെ..ഇനി ഇവ്ടെ നിന്നാല്‍ .. നിങ്ങടെ തടികൂടെ  കേടാകം...അതോണ്ട്,  മക്കള്  വേഗം വിട്ടോ..!”
കയ്യിലിരുന്ന ആര്‍ സി ബുക്ക്  തിരികെ നല്‍കിക്കൊണ്ട് , യേമാന്‍ ശരിക്കും പറഞ്ഞതാണോ അതോ ഒന്നു താങ്ങിയതാണോ എന്ന് ടോണിക്ക് തോന്നാതിരുന്നില്ല.
അവൻ വളരെ ദീന പരവശനായി  കാക്കിയെ നോക്കി..!
അത് അത്ര ഗൌനിക്കാതെ യന്ത്രവുമായി  പുലീസ്  അടുത്ത ഇരയെ തേടിപ്പോയി.
                    ആലീസിന്റെ പ്രാര്‍ത്ഥന മാനിച്ച് കുരിശു പള്ളീലെ ഗീവര്‍ഗീസു പുണ്യാളന്‍ കുന്തവുമായി കുതിരപ്പുറത്തെത്തി അങ്ങേരെ ഓടിച്ചതാണെന്ന് ടോണിച്ചനു തോന്നിപ്പോയി.
ടോണിച്ചന്‍ സഹധര്‍മിണിയുടെ നേരേ തിരിഞ്ഞു.
“ആലിക്കൊച്ചേ..”
“എന്തോ...”   ആലീസിന് വിനയം വല്ലാതെ കൂടി.
“ജോയിമോന്‍ ഒഴിച്ചു വച്ച രണ്ടു പെഗ്ഗ്, മോളെവിടെയാ കളഞ്ഞത്..?”
“ കക്കൂസില്..”
“ ഫ് ഭ...!  കഴ്വേര്‍ട മോളേ...സത്യം പറ..കക്കൂസില്‍ക്കേറി നീയെത്രയെണ്ണം വീശി..?”
“രണ്ട് …...രണ്ടേ രണ്ടെണ്ണം..” ആ മറുപടികേട്ട്  ടോണിച്ചന്റെ കണ്ണുതള്ളി.
തള്ളിയ കണ്ണ് ഒരുവിധം അകത്തേക്കുവയ്ക്കുമ്പോള്‍  ആലീസിന്റെ വിശദീകരണം.
“പത്തിരുവത് കൊല്ലായില്ലേ നിങ്ങടെ കൂടെ.. എനിക്കും പിടിച്ചു നില്‍ക്കണ്ടെ...?”
അകത്തേക്കു വച്ച കണ്ണ് വീണ്ടും പുറത്തേക്ക്.
“ന്റെ തോട്ടറപ്പള്ളി മാതാവേ...ഇവളോടു ഷമിക്കേണമേ..!”
കാറിനുള്ളിലെ മാതാവിന്റെ രൂപം നോക്കി നെഞ്ചില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് ടോണിച്ചന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി..!

                                                                                                           *
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:  മദ്യം ആണുങ്ങള്‍ക്കുമാത്രമല്ല,
പെണ്ണുങ്ങള്‍ക്കും ഹാനികരമാണ്..!

* രക്ഷാ കവചം- പലരും പരീക്ഷിച്ചു ഗുണമേന്മ ഉറപ്പു വരുത്തിയതാണ്.
അഥവാ ഫെയിലായാല്‍ എന്നെപ്പറയരുത്..!