ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

ഒറ്റമൂലി

               പത്തു പതിനേഴു കോല്‍ താഴ്ച്ചയുള്ള കിണറിന്റെ  അരമതിലില്‍ പാതിചാരിനിന്ന്  വെള്ളം കോരി, വക്കും പക്കും ചളുങ്ങിയ അലുമിനിയക്കുടത്തിലേക്ക്  നീട്ടി ഒഴിച്ചുകൊണ്ട്, പാതിയില്‍ നിര്‍ത്തിയ വാചകം സുലോചന എന്ന സുലു മുഴുമിപ്പിച്ചു.
“ദേ..ഇതുപോലെയാ ഇന്നലെ അങ്ങേര് വാളുവച്ചത്..!”
ബക്കറ്റില്‍ നിന്നും കുടത്തിലേക്കുള്ള വെള്ളച്ചാട്ടത്തെ  തന്റെ കണവന്റെ  ‘വാളി‘നോട് ഉപമിച്ച  ആ കാവ്യ ഭാവനയെ നോക്കി എന്റെ പൊണ്ടാട്ടി ചോദിച്ചു.
“ഓഹോ..അപ്പോ ഇന്നലേം ഫിറ്റാരുന്നോ..?”
“എന്നാ ഫിറ്റല്ലാത്തത്..?”
തികഞ്ഞ നീരസത്തോടെ സുലു മറുചോദ്യമെറിഞ്ഞു.
                              അയല്‍പക്കത്തെ അമ്മിണിചേച്ചി , തോട്ടിയില്‍ അരിവാള്‍ വച്ചുകെട്ടി എടുത്തു പൊക്കി കഷ്ടപ്പെട്ട് ഉന്നം പിടിച്ച് ഞെട്ടില്‍ കൊളുത്തി ചെത്തിവലിച്ചുചാടിച്ച്, ഉച്ചയോടെ  ഹോം ഡെലിവറി നല്‍കിയ  വലിയ വരിക്കച്ചക്ക വെട്ടിമുറിച്ച്  എരിശ്ശേരിപ്പരുവത്തില്‍ തുരു തുരാ അരിഞ്ഞു കൂട്ടുന്ന തിരക്കിലാണ് എന്റെ മണൈവി..!
കിണറിനരികില്‍നിന്നും നീങ്ങി, സുലു വരിക്കച്ചക്ക മിഷനില്‍ പങ്കു ചേര്‍ന്നു.
“ഒരു ദെവസോങ്കിലും..ഒന്നു പോതത്തോടെ കണ്ടാ മതിയാരുന്നു..!”
“പീക്കിരിയാണെങ്കിലും രണ്ട് പെങ്കൊച്ചുങ്ങളാ . അതെങ്കിലുംഒന്നോര്‍ക്കാന്‍ മേലേ അങ്ങേര്‍ക്ക്..”
മനസ്സറിയാതെ പുറത്തേക്കു ചാടുന്ന പരിഭവങ്ങള്‍ കേട്ട് എന്റെ ഇടതുഭാഗത്തിന്റെ ഭൂരിഭാഗം വോള്‍ട്ടേജും ചോര്‍ന്നു..!
“ഒക്കെ ശര്യാകും ചേച്ചീ..!സമാധാനായിട്ടിരിക്ക്..!”
ഒരാശ്വാസ വാക്കു പറയാന്‍ പറ്റിയല്ലോ...എന്ന  ആത്മവിശ്വാസത്തില്‍ ലവള് സുലുവിനെ നോക്കി.
“എവ്ടെ ശരിയാകാനാ എന്റെ അനീ .. ഞാന്‍ പോവാത്ത അമ്പലമില്ല,
പള്ളിയില്ല..ചെയ്യാത്ത മരുന്നില്ല..വഴിപാടില്ല.എങ്ങനെ ശര്യാവൂന്നാ നീ പറയ് ണെ..?”
ലവള് പരുങ്ങി .  ‘ശ്ശൊ വേണ്ടായിരുന്നു’  എന്ന് മനസ്സിലോര്‍ത്തുകൊണ്ട്  
ഒലിച്ചിറങ്ങിയ ചക്കയരക്ക് ,ഒരു ചിരട്ടയുടെ മൂട്ടിലേക്ക് ആവാഹിച്ചു..!
“ ഒരിക്കല്  ധ്യാനത്തിനു പോയതല്ലാരുന്നോ..?”
“ ഉം..അതും പരീക്ഷിച്ചതാ, തുണ്ട്പറമ്പിലെ മോനച്ചന്‍ കുടിനിര്‍ത്തീത് അവ്ടെപ്പോയിട്ടായിരുന്ന്. അതു കൊണ്ട് അവന്റെ കൂടെ പറഞ്ഞ് വിട്ടു. നാലാം ദെവസം രണ്ടാളും തിരിച്ചുവന്നു..എന്റെ കെട്ട്യോന്‍ ആടിയാടി രണ്ട് കാലേല്..!
കൊണ്ടുപോയവന്‍ മൂക്കും കുത്തി നാലു കാലേല്..!
അതോടെ ത്യാനം മതിയാക്കി..!!”
പുറം കൈകൊണ്ട് മൂക്കു തുടച്ചു വലിച്ചുകൊണ്ട്  സുലു തുടര്‍ന്നു.
“മൂന്നു വീട് അപ്രത്ത്ന്ന് ഞാനിവ്ടെ വരണ്ട കാര്യമൊണ്ടോ.. അവ്ടെ കെണറ് വറ്റീട്ട് ഒരാഴ്ച കഴിഞ്ഞു. ആ കെണറൊന്നു നന്നാക്കി ത്തന്നാല്  ഞാനീ വെള്ളം ചുമക്കണോ..!”
പറഞ്ഞാലും പറഞ്ഞാലും തീരാത്ത പരിദേവനങ്ങളിലൂടെ സുലു  വീണ്ടും മുന്നോട്ട്.
“എനിക്കു വയ്യ അനീ.. ശര്‍ദിക്കുമ്പം പുറം തിരുമ്മാനും..അല്ലാത്തപ്പോ അകംതിരുമ്മാനുമായിട്ടൊരു ജീവിതം..എനിക്കു മടുത്തു..! ഹെന്റെ  പിള്ളേരെയോര്‍ത്തിട്ടാ.. അല്ലങ്കില്...ഞാന്‍......”
മുഴുവന്‍ പറയാനാവാതെ  സുലു നിര്‍ത്തി.
      “ചേച്ചി വേണ്ടാത്തതൊക്കെ ആലോചിച്ച്  മനസ്സു വിഷമിക്കാതെ..എന്തേലുമൊരു വഴി ദൈവം കാട്ടിത്തരും..!”
വലിയ തത്വജ്ഞാനിയുടെ ഭാവത്തില്‍  ഭാര്യ അവരെ  ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
തൊണ്ടയില്‍ കുരുങ്ങിയ ഗദ്ഗദത്തിന്റെ കുരുക്കഴിക്കാനെന്ന വണ്ണം  കയ്യിലിരുന്ന മൂന്നാലു ചക്കച്ചുളകള്‍   ഓരോന്നായി സുലുവിന്റെ വായിലേക്ക് കയറി അന്നനാളം വഴി ആമാശയം ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു..! അതില്‍  ശേഷിച്ച നാല് ചക്കക്കുരു  ലക്ഷ്യം തെറ്റാതെ അടുത്തിരുന്ന  പാത്രത്തിലേക്ക് അവര്‍ നീട്ടിയെറിഞ്ഞു.
റിഫ്രെഷ്  ചെയ്തെടുത്ത തൊണ്ടയില്‍ നിന്ന് സുലുവിന്റെ ശബ്ദം വീണ്ടും....
  “ എങ്ങനേലും അങ്ങേരുടെ  ഈ നശിച്ച കുടി നിര്‍ത്താതെ ഞങ്ങള്‍ക്ക്  ഗതിയുണ്ടാവൂല്ല..! “
               കിണറിനുമപ്പുറം ഇടവഴിയിലൂടെ  മുതുകില്‍ സഞ്ചിയും  തൂക്കി പള്ളിക്കൂടം പിള്ളേര്  നടന്നകലുന്നതു കണ്ട സുലു എല്ലാ പൊതു പരിപാടികളും തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ച് ചാടിയെഴുന്നേറ്റു.
“ യ്യോ ..നാലുമണി വിട്ടു..! പിള്ളേരിപ്പം എത്തും.. ഞാന്‍ പോവ്വാട്ടൊ..”
മറുപടിക്കൊന്നും കാത്തുനില്‍ക്കാതെ സുലു വേഗം കുടം എടുത്ത്  എളിയില്‍ വച്ചു. പിന്നെ  കണ്വാശ്രമത്തിലെ ശകുന്തള കുമാരിയുടെ സ്റ്റൈലില്‍ മുന്നോട്ടു നടന്നു.  കോസ്റ്റൂമും , മേക്കപ്പും ഇട്ടാല്‍  ഒരൊന്നൊന്നര ശകുന്തള..!
കാലില്‍ ദര്‍ഭമുന കൊണ്ടെന്നു തോന്നുന്നു, ശകുന്തള പെട്ടെന്നു തിരിഞ്ഞു നിന്നു.
“ ഞാനിവിടെ വന്ന്  ഇതൊക്കെ പ്പറഞ്ഞെന്ന് അങ്ങേരറിയല്ലേ...പിന്നെ അതു മതി....!”
ബാക്കി ഭാഗങ്ങള്‍ ഭാവനയില്‍ ക്കാണാന്‍ എന്റെ ഭാര്യക്ക് അവസരം നല്‍കിക്കൊണ്ട്  ശകുന്തള  ആശ്രമത്തിലേക്കു പോയി..!
                     അത്താഴത്തിന്  മേശമേല്‍ പതിവില്ലാത്ത വിഭവംകണ്ട് അപ്പൂസ് ചോദിച്ചു.
“ ഇതാണോ അമ്മേ ചെറുശേരി..?”
“ ചെറുശ്ശേരിയല്ലാ അപ്പൂ.. എരിശ്ശേരി..!എത്ര തവണ പറഞ്ഞതാ  നീ മറന്നോ..? “
അവന്‍ ചക്കയെരിശ്ശേരിയെപ്പറ്റി നന്നായി മനസ്സിലാക്കട്ടെ എന്നു കരുതി 
ഞാന്‍ ഇടപെട്ടു.
“ അതായത്,  അപ്പൂ......നല്ലവണ്ണം  മൂക്കാത്ത വരിക്കച്ചക്ക.............“
“ അവന്  വേറേ എന്തെല്ലാം പഠിക്കാനുണ്ട് ..! അതിനിടേലാ ഏട്ടന്റെ ഒരെരിശ്ശേരി......! “
ദുഷ്ട ….!  അവളെന്റെ  കുക്കറി ഷോ ഓഫ് ചെയ്തു.
പിന്നെ അകത്തെ മുറിയില്‍ ഉറങ്ങുന്ന അമ്മുവിനെ ഒന്ന് നിരീക്ഷിച്ച് തിരികെയെത്തി.
“ഞാന്‍ നേരത്തേ പറഞ്ഞില്ലേ.. സുലുവേച്ചീടെ കാര്യം..? ആ ചേട്ടന്റെ കുടി നിര്‍ത്തിയില്ലെങ്കില്‍...വല്ലാത്ത കഷ്ടം തന്ന്യാ..!”
“ അതിനിപ്പം നമ്മളെന്തു ചെയ്യാനാ..? അത് അങ്ങേര് തന്നെ വിചാരിക്കണ്ടേ....?“
“ കുടി നിര്‍ത്താനുള്ള മരുന്നുകളുണ്ടെല്ലോ ,അല്ലെങ്കില്‍ ഹോസ്പിറ്റല്‍, ഡി എഡിക്ഷന്‍ സെന്റര്‍..എവ്ടേങ്കിലും പോകാന്‍ അയാളോടൊന്നു പറയണം.. ഏട്ടന്‍ പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും...”
“ ഓക്കേ ..ഞാനൊന്നു ശ്രമിച്ചു നോക്കാം..!” ഞാനവള്‍ക്കുറപ്പു നല്‍കി.
“ കുടി നിര്‍ത്താനെന്തിനാ ആശൂത്രീല്‍ പോണത്..?”- അപ്പുവിനു സംശയം.
“അല്ലാതെ ആ ചേട്ടനെങ്ങും നിര്‍ത്തില്ല മോനേ..”
അവളുടെ മറുപടി.
“അതിന്  ചെന്യായകം  പോരേ..?”
ദൈവമേ...!രണ്ടാം ക്ലാസ്സുകാരന്റെ സിലബസ്സില്‍ ഇപ്പോ ഇതും ചേര്‍ത്തോ എന്ന് ഞാന്‍ ശങ്കിച്ചു..!
“അമ്മൂന്റെ കുടി നിര്‍ത്താന്‍ ചെന്യായകം മതീന്ന്‍ അമ്മിണിയാന്റി പറഞ്ഞില്ലാരുന്നോ..?“
അപ്പു രണ്ടും കല്‍പ്പിച്ചല്ല, നാലും കല്‍പ്പിച്ചാണ്...!
അവള്‍ ചിരിയടക്കി എന്റെ നേരേ കണ്ണെറിഞ്ഞു . 
ഞാനൊന്നും കേട്ടിട്ടേയില്ല ,  അവള്‍തന്നെ മറുപടി കൊടുക്കട്ടെ എന്നു കരുതി,  ആ തക്കത്തിന്  രണ്ടു മൂന്നു  സ്പൂണ്‍ എരിശ്ശേരി കൂടി വായ്ക്കകത്താക്കി.
“  അയ്യേ ..അമ്മു കുഞ്ഞുകുട്ട്യല്ലേ ….അതു കൊണ്ടൊന്നും വല്യ ആള്‍ക്കാരുടെ കുടി നിര്‍ത്താനൊക്കൂല്ല...!”
‘ഹും..!ഇതൊക്കെ വളരെ വിദഗ് ദമായി ഞാന്‍ സോള്‍വ് ചെയ്തതു കണ്ടോ ‘ എന്ന ഭാവം അവള്‍ക്ക്..!
കയ്യിലിരുന്ന സ്പൂണ്‍ പാത്രത്തില്‍ വച്ച്  അവന്‍  എന്റെ നേരേ തിരിഞ്ഞു.
“കണ്ടൊ അച്ചാ ഈ അമ്മ നൊണ പറേണത്..?“
ഡാഡീം, മമ്മീം  പരസ്പരം നോക്കി ,
“അമ്മ അച്ചനോട് പറേണത് ഞാന്‍ കേട്ടതാ....”
“ എന്ത്..?’
“അമ്മൂനെ പറ്റിച്ചപോലെ നിങ്ങളേം ഞാന്‍ പറ്റിക്കൂന്ന്...!”
വെളിയിലേക്കുവന്ന പൊട്ടിച്ചിരി മനപ്പൂര്‍വ്വം തടുത്തു നിര്‍ത്താന്‍ നോക്കി.. അതോടെ വായിലുണ്ടായിരുന്ന എരിശ്ശേരി റൂട്ടു മാറിയോടി മൂക്കിലൂടെ പുറത്തുവന്നു...!
“എന്റമ്മച്ചീ...! എന്ത് എരിവ്...!”
ചിരിയും ചുമയും കൂടിക്കലര്‍ന്നു..കണ്ണു നിറഞ്ഞൊഴുകി . ഒരുവിധം എഴുന്നേറ്റ് പുറത്തേക്കു പോകുമ്പോള്‍   അപ്പു  സംശയത്തോടെ വീണ്ടും പറയുന്നതു കേട്ടു.
“ ങേ..അപ്പോ അച്ചനും കുടി നിര്‍ത്തീല്ലേ..??”
                                                                              *