ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012

മഴവന്ന നാളില്‍


                  കൊയ്തൊഴിഞ്ഞ പാടത്ത് കന്നുകാലികള്‍ അങ്ങിങ്ങു മേഞ്ഞുനടക്കുന്നു.പടിഞ്ഞാറ്, പാടം അവസാനിക്കുന്ന കുന്നിന്‍ ചരിവിലേയ്ക്ക് സൂര്യന്‍ മെല്ലെ മെല്ലെ നീങ്ങുകയാണ്. ഇവിടെ ഈ നടവരമ്പിനു മുകളില്‍ കാലികള്‍ കാര്‍ന്നു തിന്ന പുല്‍മെത്തയ്ക്കു മീതെ ഞാനിരിപ്പു തുടങ്ങിയിട്ട് ഏറെ    നേരമായി.തെക്കേ വരമ്പിന്റെ അങ്ങേത്തലയ്ക്കല്‍ ഒരു ഇട്രാച്ചിക്കിളി എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. അവന്‍ ശ്രദ്ധിക്കുന്നത് എന്നേയോ, അതോ കണ്ടത്തിനു നടുവില്‍ കൂടു ചമച്ച് മുട്ടയിട്ടടയിരിക്കുന്ന അവന്റെ ഇണക്കിളിയെയോ.? എന്തായാലും എന്റെ ശ്രദ്ധ കൂട്ടില്‍ അടയിരിക്കുന്ന ആ പക്ഷിയിലായിരുന്നു. അവിടെ ഒരു പറവ ഇരിക്കുന്നത് ഒരുനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവില്ല. ഉണങ്ങിക്കരിഞ്ഞ വൈക്കോലിന്റെ നിറമാണതിന്. എന്നിട്ടും രണ്ടുനാള്‍ മുന്‍പ്  ഞാന്‍ തന്നെയാണ് ആ കൂടു കണ്ടു പിടിച്ചത്.പാണ്ടിപ്പശുവിനെ കൂടണയ്ക്കാനായി കൊണ്ടു പോകുമ്പോള്‍ അപ്രതീഷിതമായി കാല്‍ചുവട്ടില്‍ നിന്നു  ഉച്ചത്തില്‍ ചിലച്ചുകൊണ്ട് പറന്നുയര്‍ന്ന കിളിയുടെ ഇരിപ്പിടം നോക്കി ചെന്നപ്പോഴാണതു കണ്ടത്. പൊട്ടി വരണ്ട തറയില്‍ കട്ടയുടച്ച് ചെറുതടമാക്കിയിരിക്കുന്നു. 
അതേനിറത്തില്‍, കറുത്ത പുള്ളികളുള്ള മൂന്നു മുട്ടകള്‍..! ചുറ്റും നോക്കി. ഇല്ല ! ഇത് മറ്റാരും കണ്ടിട്ടില്ല.ഇത്  കണ്ട ഏകവ്യക്തി ഞാനാണ്. അവിടെ നിന്ന്  കിഴക്കോട്ട് പതിനൊന്നു കാല്‍ നീട്ടിഅളന്ന് വരമ്പിലെത്തി. പാണ്ടിയെ മേയ്ക്കാന്‍ കയ്യില്‍ കരുതിയ വടി അവിടെ അടയാളമായി കുത്തിനിര്‍ത്തി.! പക്ഷികള്‍ രണ്ടും നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു.
റ്റി...റ്റി..റ്റി... അങ്ങിനെ യാണവയുടെ ശബ്ദം. പാണ്ടിയേയും കൊണ്ട് വീടണഞ്ഞപ്പോഴേക്കും  അവ കരച്ചില്‍ നിര്‍ത്തിയിരുന്നു.ഇന്നലേയും സ്കൂള്‍ വിട്ടുവന്ന് അതുതന്നെ നോക്കിയിരിപ്പായിരുന്നു. ഇന്നുമൂന്നാം നാളാണ്. ഇനിയെന്നാണാവോ ആ മുട്ടകള്‍ വിരിയുക..? പതിവു പോലെ  വീട്ടുപടിക്കലെത്തുമ്പോള്‍ അമ്മ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
“ന്താ  അവ്ടെ..?..”
ഞാനിരുന്ന വരമ്പിലേക്ക് ചൂണ്ടി അമ്മ ചോദിച്ചു.
ഞാന്‍ ചുമല്‍ ഉയര്‍ത്തിത്താഴ്ത്തി..
“..ഒന്നൂല്ല..!”
മുന്നോട്ട് മറികടന്ന്  പോയ എന്റെ ട്രൌസര്‍ വള്ളിയില്‍ അമ്മ പിടിത്തമിട്ടു.
“ ഒന്നുമില്ലാതെ..? രണ്ടു ദെവ്സായല്ലോ അവ്ടെത്തന്നെ ഇരിക്കണു..?”
ഇനിയിപ്പോ പറഞ്ഞേ മതിയാകൂ, അല്ലെങ്കില്‍ത്തന്നെ ഒന്നും ഒളിച്ചുവയ്ക്കാന്‍ എനിക്കാവുമായിരുന്നില്ലല്ലോ.
“..അത്..അത്..,
ആരോടെങ്കിലും പറയ്യോ..?”
“ഇല്ല, പറയൂല്ല”
“..അവ്ടെ.. ഒരു..കിളിക്കൂട്...! “
അമ്മയില്‍നിന്നു പിടിവിടുവിച്ചു  ചുവടുകള്‍വച്ചുകൊണ്ടാണിത്രയും പറഞ്ഞത്.
പറഞ്ഞറിയിക്കാന്‍  മനസ്സു വെമ്പുന്നു.
“..മൂന്നു മൊട്ടയുണ്ട്..!!”
“ മിനിയാന്ന് ഞാന്‍ പാണ്ടിയേയും കൊണ്ടു വരുമ്പോ........”
പിന്നില്‍ അമ്മയുടെ സാന്നിധ്യം ഇല്ലെന്നു തോന്നിയപ്പോള്‍ വിവരണം നിര്‍ത്തി തിരിഞ്ഞു നോക്കി.
തിരിഞ്ഞുനിന്ന് ആര്‍ത്തിയോടെ പുല്ലു തിന്നുന്ന പാണ്ടിയോട് അമ്മ കയര്‍ത്തു.
“..ങ്ങട് വാടീ..നേരം സന്ധ്യാവണു..!”
എനിക്ക് അമ്മയോട് ചെറിയ നീരസം തോന്നാതിരുന്നില്ല.
അല്ലെങ്കിലും ഇങ്ങനുള്ള കാര്യങ്ങളിലൊന്നും ഈ വലിയവര്‍ക്ക് ഒരു താല്‍പ്പര്യവുമില്ല. ഇനി ചോദിക്കാനിങ്ങു വരട്ടെ. ഒന്നും പറഞ്ഞു കൊടുക്കൂല്ല..!
കിണറ്റുകരയിലെത്തി കയ്യും കാലും മുഖവും കഴുകി വന്നു.
“.. അതിന് നീയെന്തിനാ അവ്ടെ  നോക്കിയിരിക്ക്ണേ..?”
പാണ്ടിയെ തൊഴുത്തില്‍ കെട്ടിയ ശേഷം  അരികിലെത്തി അമ്മ ചോദിച്ചു.
ഉത്തരം പറയേണ്ടതില്ലെന്നു കരുതിയതാണ്. അറിയാതെ പറഞ്ഞു പോയി.
“ ആ കാലന്‍ കാക്ക വന്നു മുട്ട കുടിച്ചാലോ..?”
“ ഏതു കാലന്‍ കാക്ക..?”
“ ന്നാളു നമ്മുടെ കറുമ്പിക്കോഴീടെ മുട്ടകുടിച്ച..കാക്ക..!”
“ എന്നു കുടിച്ചു,,?”
“..ശ്ശോ....ഈ അമ്മക്ക് ഒന്നും അറീല്ലേ..?”
ഞാന്‍ കാലുയര്‍ത്തി നിലത്ത് ആഞ്ഞു ചവുട്ടി പ്രതിഷേധിച്ചു.
“ ഹെനിക്കൊന്നു മറിയില്ലേ,,,യ്..!!”
കൈ മലര്‍ത്തിക്കാട്ടി പരിഹസിച്ചുകൊണ്ട് അമ്മ കിണറ്റുകരയിലേക്കു പോയി.
ആ മുട്ടകള്‍ക്കുള്ളില്‍ മൂ‍ന്നു കുഞ്ഞിക്കിളികള്‍.! എങ്ങിനേയും  കാലന്‍ കാക്കയില്‍ നിന്ന്  അവയെ രക്ഷിക്കുക. അത്രമാത്രമേ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നുള്ളു.
കിണറ്റില്‍ നിന്നു വെള്ളം നിറച്ച് അടുക്കളയിലേക്കു നീങ്ങുന്ന അമ്മയുടെ പിന്നാലെ വീണ്ടും കൂടി.
“ ഈ മൊട്ട വിരിയാന്‍ എത്രദെവ്സാവും..?”
“ കുറേ...ദിവസം.”
“..കുറേ..ദെവ്സംന്നു പറഞ്ഞാ...?”
“കുറേ..ദെവ്സംന്നു പറഞ്ഞാ, കൊറേ......ദെവ്സം..!”
എനിക്കാ മറുപടിയില്‍ തൃപ്തി തോന്നിയില്ലെങ്കിലും, മുട്ടവിരിയാന്‍ ഇനിയും നാളുകളാകുമെന്നുറപ്പ്.
“ രാത്രീല് കാക്ക വര്വോ..?”
അരിഞ്ഞുണങ്ങിയ കപ്പക്കഷണങ്ങള്‍  പാത്രത്തിലെ വെള്ളത്തിലേക്കിടുമ്പോള്‍, എന്റെ ചോദ്യം കേട്ട് അമ്മക്ക് ദേഷ്യം വന്നിരിക്കാം.
“..നെനക്ക് വേറേ ഒരു പണീം ഇല്ലാഞ്ഞിട്ടാ ഇതൊക്കെ അന്വേഷിക്കണേ..?”
ഇനിയിപ്പോള്‍ എന്തു ചോദിച്ചാലും ഉത്തരം കിട്ടാന്‍ സാധ്യതയില്ല.
കുതിര്‍ന്നു തുടങ്ങിയ  കപ്പക്കഷണങ്ങളില്‍നിന്ന് രണ്ടെണ്ണമെടുത്തു കടിച്ചുകൊണ്ട് ഉമ്മറത്തേക്കു പോന്നു.
                                                             തെക്കേപ്പറമ്പിലെ കൂറ്റന്‍ കുടപ്പന ഓലകള്‍ക്കു കീഴെ വവ്വാലുകള്‍ ശബ്ദമുണ്ടാക്കുന്നുണ്ട്. സന്ധ്യയായാല്‍ ഇത് പതിവാണ്. മുറ്റത്തിനു താഴെ ഇടതുവശം ചേര്‍ന്നു നില്‍ക്കുന്ന വയസന്‍  ‘കലയ’ മരത്തിനു മുകളില്‍ ഒരു മൂങ്ങ നിത്യ സന്ദര്‍ശകനാണ്. തെക്കുനിന്ന് വീശിയകാറ്റില്‍ ഉലഞ്ഞ മരത്തില്‍ നിന്നും അത് ദൂരേയ്ക്കു പറന്നകന്നു. തൊഴുത്തിനുപിറകിലെ വലിയ നാട്ടുമാവില്‍നിന്നും  മാമ്പഴങ്ങള്‍ തൊടിയിലേക്കു വീഴുന്ന ശബ്ദം കേട്ടു. നാളെ പെറുക്കിച്ചേര്‍ക്കാന്‍ ഇഷ്ട്ടം പോലെയുണ്ടാകും.  അകലെയെവിടെയോ ശക്തിയായി ഇടിവെട്ടി.
“ മഴപെയ്യൂന്നാ‍ തോന്നണെ..”
പുറത്തെ അഴയില്‍നിന്ന് അച്ഛന്റെ പാതിയുണങ്ങിയ കൈലിയും കുപ്പായവും എടുത്തുകൊണ്ട് അകത്തേക്കു കയറുമ്പോള്‍ അമ്മ  പറഞ്ഞു.
മഴമേഘങ്ങള്‍ ഇരുട്ടിനു ഘനം കൂട്ടി. അത്താഴം കഴിഞ്ഞ് ഉറങ്ങാനൊരുങ്ങുമ്പോള്‍ അച്ഛന്‍ അമ്മയോടു പറയുന്നതു കേട്ടു.
“ നന്നായി പെയ്താല് നാളെത്തന്നെ കപ്പ നടണം..”
“ ഉം..പെയ്യാതിരിക്കില്ല ..നല്ല കോളുണ്ട്..” അമ്മ പ്രതികരിച്ചു.
തഴപ്പായയില്‍ അമ്മയോടു ചേര്‍ന്നുകിടക്കുമ്പോള്‍ എന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. അച്ഛന്‍ കേള്‍ക്കാതെ അമ്മയോടു ചോദിച്ചു.
“ മഴപെയ്താ..പാടത്ത് വെള്ളാവൂല്ലേ..?”
“..ഉം..അതിനെന്താ..?”
ന്റീശ്വരാ..പാടത്ത് വെള്ളം നിറഞ്ഞാല്‍ എന്റെ കിളിക്കൂട്...?
തകര്‍ത്തുപെയ്യാന്‍ തിടുക്കം കൂട്ടുന്ന വേനല്‍മഴയില്‍നിന്ന് വിരിയാറായ ആ മുട്ടകള്‍ രക്ഷിക്കാന്‍ പാവം ആ കിളികള്‍ക്കാകുമോ.!
ഇരുളിലെവിടെ നിന്നോ ഒരുവേള ആ കിളികളുടെ ദീനരോദനം കേട്ടുവോ..!
ഹൃയത്തില്‍ മുള്ളുടക്കി വലിക്കുന്ന വേദന. എന്റെ കണ്ണുകള്‍ നിറഞ്ഞത് അമ്മയറിഞ്ഞില്ല
‘ന്റെ ഭഗവതീ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ പറന്നുപോകും വരെ മഴപെയ്യല്ലേ..!‘
പുറത്ത് വീണ്ടും ഇടിയും മിന്നലും! അകമ്പടിയായി കാറ്റും നന്നായി വീശുന്നുണ്ട്.
നിറഞ്ഞ ഇരുട്ടില്‍ അച്ഛന്റെ ശബ്ദം.
“ന്റെ ദേവീ ..നന്നായിപ്പെയ്തേക്കണേ..!!”
വല്ലാത്ത നടുക്കത്തില്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

***                                     ***                                   ***

“ നേരം എത്രയായീന്നാ നിന്റെ വിചാരം..?..”
അമ്മയുടെ ശബ്ദം കേട്ടാണ് കണ്ണ്തുറന്നത്.
ദൂരെ പാളത്തിലൂടെ തീവണ്ടി കൂവിപ്പായുന്ന ശബ്ദം.
“ ദാ, എട്ടരേടെ വണ്ടി പോയി..! നീയിനീം എഴുന്നേക്കണില്ലേ..?”
വല്ലാത്തനീരസത്തോടെ പുതപ്പുമാറ്റി എഴുന്നേറ്റിരുന്നു. അമ്മ പുതപ്പിച്ചതാവണം.  
ഇപ്പോഴും നല്ല തണുപ്പുണ്ട്. തുറന്നുകിടന്ന ജനലിലൂടെ പുറത്തേക്കു നോക്കി.അമ്മ പറയാറുള്ള  
‘ മഴക്കോള്’‘ ഇപ്പോഴുമുണ്ട്.
മുകളിലത്തെ തൊടിയില്‍ ആരോ കിളയ്ക്കുന്ന ശബ്ദം.
അടുക്കളയിലെത്തി അമ്മയോടു ചോദിച്ചു.
“ അതാരാ അവ്ടെ..?”
“ അത് അച്ഛന്‍.! പിന്നെ ..ആ വാസ്വേട്ടനും ഉണ്ട് .. കപ്പനടാന്‍ പോണു...!”
“..യ്യോ..അപ്പോ മഴപെയ്തോ..?’
“ഹും..! പെയ്തോന്നോ..!എന്തായിരുന്നു രാത്രിയില്..!!”
മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.
പായുകയായിരുന്നു പാടത്തേയ്ക്ക്. വേനല്‍ച്ചൂടില്‍ വിണ്ടുവരണ്ടു കിടന്ന നെല്‍പ്പാടം, കഴിഞ്ഞ രാത്രിതകര്‍ത്തുപെയ്ത മഴയില്‍ സജലങ്ങളായിക്കഴിഞ്ഞിരുന്നു. തോട്ടുവരമ്പിലൂടെ ഓടിക്കിതച്ച് ഇടവരമ്പിലെത്തി. അടയാളമായി നാട്ടിയിരുന്ന വടി എപ്പോഴോ വീണുപോയിരുന്നു.
“..റ്റി..റ്റി..റ്റി..”  സങ്കടമടക്കിക്കാത്തിരുന്ന ആ ഇണക്കിളികള്‍ എവിടെനിന്നോ പറന്നെത്തി ഉറക്കെ കരഞ്ഞു.
“..എവിടെ..? എവിടെ എന്റെ മുട്ടകള്‍..? “ എന്ന്  ഹൃദയം പിളര്‍ന്നുകൊണ്ട് അവ
എന്റെ തലക്കുമീതെ വട്ടമിട്ടു.
“ ഞാനെടുത്തു താരാട്ടോ..! വെള്ളമില്ലാത്തിടത്ത്  ഞാന്‍ വച്ചുതരാം നിന്റെ മുട്ട..!”
മുകളിലേക്കു നോക്കി  സാന്ത്വനമേകിയെങ്കിലും, അവ നിര്‍ത്താതെ അലമുറയിട്ടുകൊണ്ടേയിരുന്നു.
പാദത്തിനു മുകളില്‍ വെള്ളം നിറഞ്ഞ ആ കണ്ടത്തിലൂടെ ലക്ഷ്യത്തിലെത്താന്‍ പതിനൊന്നു ചുവട് ഞാന്‍ മുന്നോട്ടു വച്ചു. ഉണങ്ങിയ വൈക്കോല്‍ തുരുമ്പുകളും പുല്‍നാമ്പുകളും തിരയിളക്കത്തില്‍  ഒഴുകിനടന്ന് എന്റെ കാഴ്ച്ച മറച്ചു.
ഒന്നല്ല  രണ്ടല്ല പലതവണ ആ കിളിക്കൂടു ലക്ഷ്യമാക്കി ഞാന്‍ ചുവടുകള്‍ വച്ചു.
ഇല്ല, ആവുന്നില്ല എനിക്കതു കണ്ടുപിടിക്കാന്‍..!
കിളികളുടെ രോദനം എന്റെ നെഞ്ചു തകര്‍‍ക്കുകയാണ്.
നിസ്സഹയനായി അവയെ നോക്കി ഞാ‍ന്‍ കണ്ണീര്‍ വാര്‍ത്തു.
“ ഞാന്‍ കണ്ടില്ല...സത്യായിട്ടും ഞാന്‍ കണ്ടില്ല നിന്റെ മുട്ട..!”
അവസാന വാക്കുകള്‍ ഗദ്ഗദത്തില്‍ മൂടിപ്പോയി.
മൂന്നുനാള്‍ ഞാന്‍ കാലന്‍ കാക്കയില്‍ നിന്നും രക്ഷിച്ച ആ ജീവന്റെ കണങ്ങള്‍,തണുത്തു വിറച്ച്  മഴവെള്ളത്തില്‍ മരവിച്ചുപോകുന്നു..!
ഈശ്വരാ എനിക്കാവുന്നില്ലല്ലോ അതു കണ്ടെടുക്കാന്‍..
മനസ്സും ശരീരവും തളര്‍ന്നു വരമ്പിലേക്കു കുഴഞ്ഞിരിക്കുമ്പോള്‍ ,കിഴക്കെവിടെയോ വീണ്ടും ഇടിവെട്ടി..!കറുത്തമേഘങ്ങളെ ചുമലിലേറ്റി പടിഞ്ഞാറന്‍കാറ്റ് ഓടിയെത്തുകയാണ്..!
വീണ്ടും  മഴയുടെ തുടക്കം..!
“ഈ നശിച്ചമഴ..ഇതാണെല്ലാം തകര്‍ത്തത്..!”
തുള്ളികള്‍ വിതറുന്ന ഇരുണ്ട മാ‍നത്തേക്കു നോക്കി ഞാന്‍ തേങ്ങിക്കരഞ്ഞു..!
പാവങ്ങള്‍.! അവ സഹായമഭ്യര്‍ദ്ധിച്ച് വീണ്ടും വീണ്ടും എനിക്കു മുകളിലൂടെ വട്ടംചുറ്റുകയാണ്..!
ദൂരെനിന്നും മഴയുടെ ഇരമ്പല്‍ കേള്‍ക്കായി.
മുറിവേറ്റ ഹൃദയവും പേറി തേങ്ങിക്കരഞ്ഞുകൊണ്ട് തിരികെ നടക്കുമ്പോള്‍ , പിന്നില്‍ ആശ്രയമറ്റ ആ  ഇണക്കിളികള്‍  നിര്‍ത്താതെ തലതല്ലിക്കരയുന്നുണ്ടായിരുന്നു..!
                                                                                                           
 e-മഷി ഓണ്‍ലൈന്‍ മാഗസിന്‍ ആദ്യ ലക്കത്തില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.                                                                                               
( ചിത്രങ്ങള്‍: ഗൂഗിളില്‍ നിന്നെടുത്ത്  നവീകരിച്ചത് )

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

ഗൃഹപ്രവേശം


                  രു വീടുവയ്ക്കണമെന്ന അതിയായ മോഹം എല്ലാ പ്രവാസികളേപ്പോലെ എനിക്കും എപ്പോഴോ എങ്ങിനെയോ മനസ്സിൽ കടന്നു കൂടി. അതിന്റെ പിറ്റേന്നുതന്നെ മാർക്കറ്റിൽ സിമന്റിനും കമ്പിക്കും 35 രൂപയോളം വില കൂടിയത് എങ്ങിനെയെന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല..!  കൊച്ചു വീട് എന്ന വലിയ സ്വപ്നം വരച്ചും ,മായ്ച്ചും,വെട്ടിയും തിരുത്തിയും ഞാൻ തന്നെ രൂപ രേഖയാക്കി. ആർക്കിടെക്റ്റിന്റെ സഹായത്തോടെ കണക്കും,മലയാളവും ഭൂമിശാസ്ത്രവും ഒക്കെ വേണ്ടവിധംനോക്കി, വരച്ച് മടക്കി കയ്യിൽ വച്ചു.
                                                 ആകെയുള്ള പതിനഞ്ചു സെന്റിൽ നെടുകെയും കുറുകെയും ടേപ്പ് പിടിച്ചും , കയറുവലിച്ചും,  അളന്നും  കൂട്ടിയും സ്ഥാനക്കാരൻ ചൂണ്ടിയ കന്നിക്കോണിൽ കുറ്റിയടിച്ചത് എന്റെ പിതാശ്രീ..! വലത്തേ  കൈയ്യ് മലർത്തിപ്പിടിച്ച് തള്ളവിരൽ കൊണ്ട് മറ്റുവിരലുകളുടെ തുമ്പുതൊട്ട്, സൈലന്റ് മോഡിൽ കണക്കു കൂട്ടിക്കൊണ്ട് സ്ഥാനക്കാരൻ ശിവരാമൻ വെറുതേ ഒരു പ്രവചനം നടത്തി..!
“ഉം....പണ്യൊക്കെ  തീരും....പക്ഷേ......!”
ഞാനടക്കം ചുറ്റും നിന്നവരുടെ  കണ്ണും പുരികവും ഒക്കെ ചോദ്യച്ചിഹ്നം പോലെ വളഞ്ഞു വിറച്ചുനിന്നു..!!
                                                            *      *      *      *      *
“..യൂണ്യൻ ബാങ്കില് ലോൺ ചോദിച്ചിട്ട് കിട്ടീല്ലാ ല്ലേ..?”
രാവിലേ തന്നെ പിതാശ്രീ ശവത്തിൽ കുത്തി..!
“ഇല്ല..പഴയ മാനേജർ  സ്ഥലം മാറിപ്പോണു..പുതിയങ്ങേരു വന്നിട്ടുമില്ല..അതുകൊണ്ട്...”
                                            എൻ   ആർ  ഐ  ആക്കൗണ്ടെന്നും പറഞ്ഞ് എട്ടുപത്തുകൊല്ലം അവിടെ കയറിയിറങ്ങിയതിന്റെ  നന്ദിയെങ്കിലും അവർക്കു കാണിക്കാമായിരുന്നു..! അല്ലെങ്കിലും..ഒരാവശ്യം വരുമ്പോ ഒരുത്തനുമില്ല..സഹായിക്കാൻ..!
ഞാൻ പിറുപിറുത്തുകൊണ്ട്  മുറ്റത്തേക്കിറങ്ങി.
പിതാവ് തന്റെ മിനുങ്ങുന്ന തലയിൽ കയ്യോടിച്ചു കൊണ്ടു  പുത്രനോടു ചോദിച്ചു
“എവ്ടെയായാലും പലിശ കൊടുക്കണം..ന്നാപ്പിന്നെ ,ആ  കാളപൂട്ട് ബാങ്കിൽ ഒന്നു ചോദിച്ചാലോ..?”
അദ്ദേഹം തലയിൽ  തടവിയപ്പോൾ  തെളിഞ്ഞുവന്നത്  ഫെഡറൽ  ബാങ്കിന്റെ കാര്യമാണ്.
“ഉം..നോക്കട്ടെ..”
എവിടെ നോക്കണമെന്നോ  എങ്ങിനെ നോക്കണമെന്നോ എന്നൊന്നും നിശ്ചയമില്ലെങ്കിലും അങ്ങിനെ പറഞ്ഞു  വെളിയിലേക്കിറങ്ങി.
“വെർതേയെന്തിനാ ലോണെടുക്കണെ..പത്തു വീടിനൊള്ള കാശ് നിന്റേയ്യിൽ കാണൂല്ലോ..!!”
വക്കച്ചനാണ്..
വഴിയിൽ വണ്ടിനിർത്തി ഇവനോടു കുശലം പറഞ്ഞ എന്നെ വേണം തല്ലാൻ..!
“..അതായത്, വക്കച്ചാ... ഈ ലോണാവുമ്പം..നല്ലൊരു സംഖ്യ  എനിക്കു  മാസാമാസം പലിശകൊടുക്കാനൊക്കും,   നമ്മുടെ പറമ്പിന്റെ ആധാരമൊക്കെ  സുരക്ഷിതമായി ബാങ്കിൽ വയ്കാം.! തന്നെയല്ല   തൽക്കാലം ഈ പത്തു വീടിന്റെ കാശേല് തൊടുവ്വേം വേണ്ട ..!!
                                                 വക്കച്ചനു  ത്യപ്തിയായി. അദ്ദേഹം ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിൽ  വിഷമിച്ച്  മുന്നോട്ടു നടന്നു.പിതാശ്രീയെ അനുകരിച്ച് , തീരെ മോശമല്ലാത്ത സ്വന്തം കഷണ്ടിയിൽ വിരലോടിച്ചു നിന്നപ്പോഴാണ് ആ ബാനറിൽ  കണ്ണുടക്കിയത്.
“ഭവന വായ്പക്ക്..  ഈ നമ്പരിൽ വിളിക്കുക...”
താഴെ ഒരു മൊബൈൽ നമ്പരും.
അടുത്ത ഒരു മണിക്കൂറിനുള്ളിൽ ആ മൊബൈൽ നമ്പരുകാരൻ എന്റെ വീട്ടിലെത്തി...!
എല്ലാം പെട്ടന്നായിരുന്നു.
അഞ്ചുമിനിറ്റുകൊണ്ട് ഇത്രയധികം ഒപ്പിടാൻ ഇവിടത്തെ അയ്യേയെസ്സ്  സാറന്മാരേക്കൊണ്ടു പോലും സാധിക്കില്ല..! ഹും.ഞാനാരാ  മൊതല്..!
പക്ഷേ , പറമ്പിന്റെ ആധാരം മുതൽ ,എന്റെ ജാതകം വരെ ആ   എച്ച്   ഡി  എഫ്  സി  ക്കാരൻ കൊണ്ടു പോയി..!
ആശ്വാസമായി ..!ഒരാറേഴു കൊല്ലത്തേയ്ക്ക് ഇനി അത് അവരു സൂക്ഷിച്ചോളും.!
അങ്ങനെ, ജീവിതത്തിലാദ്യമായി ഞാനും ഒരു കടക്കാരനായി..!
അതിന്റെ അഹങ്കാരമൊന്നും  കാട്ടാതെ   മറ്റു തയ്യാറെടുപ്പുകൾ  ഉടനെ നടത്തി.
                               വീടിന്റെ എല്ലാ ഭാഗങ്ങളുടേയും  വിശദാംശങ്ങളും, വിവരണങ്ങളും നൽകി  രജീഷിനെ മേൽനോട്ടം ഏൽപ്പിച്ചു.  രജീഷ്, വീടുനിർമാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചെറുപ്പക്കാരൻ.  എസ്റ്റിമേറ്റും പഞ്ചായത്തു തല നൂലാമാലകളുമൊക്കെ അവൻ തന്നെ ചെയ്തിരുന്നു. തുടക്കം മുതലേ അവനുമായി ബന്ധമുണ്ടായിരുന്നതു കൊണ്ട് ആ ജോലിയും   വിട്ടുകൊടുത്തു. ഞങ്ങൾ തിരഞ്ഞു പിടിച്ച  രാജനെ പണിയേൽപ്പിച്ചു. ആറുമാസത്തിനുള്ളിൽ  തീർക്കാമെന്ന വ്യവസ്ഥയിൽ പണികൾ തുടങ്ങി, പിന്നെ ഞാൻ ദുബായിലേക്ക്.
                                             പണികൾ നന്നായി പുരോഗമിച്ചു .എതാണ്ട് ആറുമാസമായപ്പോഴേക്കും  കൈക്കും ,കാലിനും മാത്രമല്ല ശരീരം മുഴുവൻ സാമ്പത്തിക മാന്ദ്യം ബാധിച്ച് ദുബായി കിടപ്പിലായി...!
അത് പലരേയും പോലെ എന്റെ പോക്കറ്റിനേയും, ജോലിയേയും ബാധിച്ചു..! ഞാൻ പോയ വണ്ടിക്കു തന്നെ  തിരിച്ചുനാട്ടിലെത്തി..!  വീടുപണി  അപ്പോഴും ഒന്നുമായിട്ടില്ല..!വെറുതേ..’മേലേ നോക്കി’ നിന്നതല്ലാതെ  മേൽനോട്ടക്കാരൻ കാര്യമായൊന്നും ചെയ്തിട്ടില്ല..! അത്കൊണ്ടു തന്നെ  ധാരാളം റീവർക്കുകളും ചെയ്യേണ്ടി വന്നു..! അവൻ രാവിലെ പതിനൊന്നു മണിയോടെ  വന്ന് അയൽ വീട്ടിൽ ബൈക്കുവച്ച്,സൈറ്റിലേക്കെത്തുമ്പോൾ മണി പന്ത്രണ്ട്..! പിന്നെ എല്ലാ മൂലയിലും പൊയിനിന്ന് ‘മേൽനോട്ടം’ നടത്തി , അല്പസമയത്തിനുള്ളിൽ കീഴെ നോക്കിക്കൊണ്ട് സ്ഥലം വിടും. ആ നോട്ടത്തിൽ  ത്യപ്തിയില്ലാഞ്ഞ് അവന്റെ  സേവനം ഞാൻ വേണ്ടന്നുവച്ചു.
                                                രാജനെയും, മറ്റു ജോലിക്കാരെയും ഓടിച്ചുപിടിച്ച് സൈറ്റിലെത്തിക്കുക എന്നതായി എന്റെ പ്രധാന ജോലി. അവരുടെയും,പിന്നെ അവരുടെ  ബന്ധുക്കളുടെയും വീടുകളിൽ കല്യാണം,മരണം,അടിയന്തിരം, പ്രസവം, പേരിടൽ തുടങ്ങി  ഒരുവിധം ചടങ്ങുകളൊക്കെ മാറിമാറിയരങ്ങേറി..! ഇതിലെല്ലാം പങ്കെടുക്കാൻ അവർ ജോലിയുപേക്ഷിച്ചും  മാറിമാറി മത്സരിച്ചു.പണിക്കാരുടെ ഭാര്യയും കുട്ടികളും മിക്കവാറും ദിവസങ്ങളിൽ രാവിലെ എന്നെ കണികണ്ടുണർന്നു..! എങ്ങിനെയും അവരുടെ കയ്യും കാലും വാലും പിടിച്ച് ഒരു വിധം ഞാൻ പണി മുന്നോട്ടു കൊണ്ടുപോയി..! ചില ദിവസങ്ങളിൽ അരയും തലയും മുറുക്കി ‘കള’ത്തിലിറങ്ങി.
                                                   സേവനമുപേക്ഷിച്ചെങ്കിലും   രജീഷ്  മിക്കവാറും  അവിടെ  വന്നു പോകാറുണ്ടായിരുന്നു. എങ്ങിനെയും ഒരുവിധം  തൊണ്ണൂറുശതമാനം പണിയും തീർന്നപ്പോഴേക്കും എനിക്ക് പുതിയ ജോലിക്കുള്ള വിസയെത്തി. തൽക്കാലം പണികളൊതുക്കി , അടുത്തവർഷം താമസമാരംഭിക്കാം എന്നുറപ്പിച്ച് വീണ്ടും ദുബായിലേക്ക് പോകുമ്പോൾ, വാസ്തു ശാസ്ത്രപ്രകാരം, സ്ഥാന നിർണയം ഒഴിച്ച്,  വീടുനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ജോലിയിലും  എനിക്ക്  നല്ല പരിചയമായിക്കഴിഞ്ഞിരുന്നു..!!  വീണ്ടും അടുത്തവർഷം എത്തിയെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ, പിന്നെ സമയക്കുറവ് ..!  കാര്യങ്ങൾ പിന്നെയും നീളുന്നു..!!  അന്ന്  രജീഷിനെ കണ്ടപ്പോൾ  അവന്റെ ബൈക്കിനു പിറകിൽ എന്റെ അയല്‍പക്കത്തെ വീട്ടിലെ പെൺകുട്ടി..! പണ്ട് ബൈക്കു വച്ച വകയിൽ അവൻ അടിച്ചു മാറ്റിയത്..!! 
                                     ഏതോ ആശുപത്രിയിലെ നഴ്സ്  ആയിരുന്ന ആ കുട്ടി ,  ബൈക്കു വയ്ക്കാന്‍ വന്നവനുമായി ഇങ്ങനെ ഹ്യദയം   മാറ്റിവച്ചു കളിച്ചത് ആരു മറിഞ്ഞില്ലത്രേ..! വർഷം ഒന്നു കൂടി കഴിഞ്ഞു. ഇപ്പോൾ ആ പെണ്ണിന് രജീഷിന്റെ  സ്വന്തം റിസ്ക്കിൽ ഒരു കുഞ്ഞു പിറന്നു.! കഴിഞ്ഞദിവസം കണ്ടപ്പോൾ  ഒന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു.
“കല്യാണം കഴിഞ്ഞു. കുട്ടിയുമായി.. ഇനിയെങ്കിലും നീ ബൈക്ക് മറ്റാരുടേം വീട്ടിൽ വയ്ക്കരുത്..പ്ലീസ്..!!”
                       എന്റേതല്ലാത്ത കാരണത്താലെങ്കിലും ,അവരുടെ  പ്രണയം  തളിർക്കാനും പൂക്കാനും ,കായ്ക്കാനുമൊക്കെ ,എന്റെ സ്വപ്നക്കൂട് ഒരു കാരണമായതിൽ  എനിക്കുള്ള സന്തോഷവും കൂട്ടായ്മയും ,ഞാൻ ഇത്തരുണത്തിൽ  മാലോകരെ അറിയിച്ചു കൊള്ളുന്നു..!
                    സ്ഥാനക്കാരൻ ശിവരാമന്റെ പ്രവചനം പോലെ പണി നീണ്ടു നീണ്ട് ഇത്രടമായെങ്കിലും,   ശേഷിച്ച പണികളൊക്കെ  ഇപ്പോൾ ഒരുവിധം തീർത്തിട്ടുണ്ട്.
                                അപ്പോൾ  ഞാൻ പറഞ്ഞു വരുന്നത്, 2012 ഏപ്രിൽ മാസം 22ന്   “ഗൃഹപ്രവേശ”  മാണ്.  ബൂലോകത്തെ ഞാനറിയുന്ന എന്നെയറിയുന്ന എല്ലാ സ്നേഹിതരേയും ഞാൻ ക്ഷണിക്കുകയാണ്. സാന്നിദ്ധ്യം കൊണ്ടും, പ്രാർത്ഥന കൊണ്ടും ഞങ്ങളെ  അനുഗ്രഹിക്കണം. 


                            
    ഒരു ബ്ലോഗുമീറ്റിനുള്ള സാഹചര്യം ഞാനായിട്ടൊരുക്കിയിട്ടുണ്ട്. വടക്കാണോ ,തെക്കാണോ എന്നൊന്നും ശങ്കിക്കേണ്ട , കേരളത്തിന്റെ നടുക്കാണ് ..! കഴിയുന്നവർ എത്തുക.  എന്നെ ബന്ധപ്പെടാനുള്ള താൽക്കാലിക നമ്പർ.  9#956924##

                                                                                                *
    

     
ചടങ്ങിനു ശേഷം എടുത്ത പടങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.
കൂടുതല്‍ പടങ്ങള്‍ താഴെ, ഈ ആല്‍ബത്തില്‍ കാണാം.


                                                                              

വെള്ളിയാഴ്‌ച, ഫെബ്രുവരി 17, 2012

നീലച്ചടയൻ

ലാസ്നേഹികളേ...!
നാടകം ഉടൻ തന്നെ ആരംഭിക്കുകയാണ്..!!”
                                   കാലായിൽ കരുണേട്ടന്റെ  വടക്കേ പുരയിടത്തിന്റെ,കിഴക്കേ അതിർത്തിയിൽ നിൽക്കുന്ന  കായ്ക്കാത്ത വരിക്കപ്ലാവിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിൽ  കെട്ടിയുറപ്പിച്ച  ഉച്ചഭാഷിണിയിനിന്നു പിടിവിട്ടു വെളിയിൽചാടിയ  ചൂടുള്ള  ഈ വാർത്ത , തൊട്ടു താഴെ ഒഴിഞ്ഞ കപ്പത്തോട്ടം വെട്ടി  നിരപ്പാക്കി കെട്ടിയുയർത്തിയ വേദിയുടെ ചുറ്റുവട്ടത്ത്  അക്ഷമരായി കുത്തിയിരുന്ന കലാസ്നേഹികളുടെ ചെവിയിൽ തൽക്ഷണം എത്തിപ്പെട്ടു..!
                                   അറിയിപ്പ് കേട്ടയുടനേ,സ്റ്റേജിനു തൊട്ടു മുന്നിലിരുന്ന തീരെ ചെറിയ കലാസ്നേഹികളും, അതിനു പിന്നിലിരുന്ന ഒരുമാതിരി മുഴുത്ത സ്നേഹികളും മാത്രമല്ല, കലാസ്നേഹം ഒട്ടുമില്ലാത്തവർ പോലും
പരമ്പരാഗത കലാരൂപമായ  കൂക്കിവിളി  മേള അതി ഗംഭീരമായി ആഘോഷിച്ചു..!
                                     ശ്വാസം പിടിച്ച് അനൗൺസ് ചെയ്തുകൊണ്ടിരുന്ന ‘മൈക്ക് മണിയപ്പൻ’  മൈക്ക് ഓഫ് ചെയ്ത് രണ്ടുകണ്ണും ഇറുക്കിയടച്ച്,കാതിൽ ഇരു ചൂണ്ടുവിരലുകളും തിരുകിക്കയറ്റി,  ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമെന്നോണം  അൽപ്പനേരം  അങ്ങനെതന്നെ നിന്നു..!!
                                   “ ബാപ്പുജി ആർട്സ്  ആൻഡ്  സ്പോർട്സ്  ക്ലബ്ബ് ” എന്ന മഹാ പ്രസ്ഥാനത്തിന്റെ ഒന്നാം വാർഷിക സമ്മേളനം വൈകിട്ട് ഏഴുമണിയോടെ കഴിഞ്ഞതാണ്. പ്രാസംഗികരെല്ലാം പറഞ്ഞതുപോലെ, കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഒക്കെ
വിളിച്ചുണർത്തി, മൂത്രമൊഴിപ്പിച്ച്, പല്ലുതേപ്പിച്ച്, കുളിപ്പിച്ച്, മിടുക്കന്മാരാക്കി, മാമ്മൂട്ടിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് ക്ലബ്ബ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ. വാസനിക്കുന്നവരും അല്ലാത്തവരുമായ പൗരക്കുഞ്ഞുങ്ങളുടെ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ ഒന്നൊന്നര മണിക്കൂറായി നടന്നുകൊണ്ടിരുന്നത്. അവസാന ഐറ്റമായ നാടകത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ആരവങ്ങളാണ്  ഇപ്പോൾ നടക്കുന്നത്. അറിയിപ്പിനു ശേഷം മണിയപ്പൻ തന്റെ റെക്കോഡു ശേഖരത്തിൽ നിന്നും പുതിയ ഒരു പാട്ടിന്റെ  ’ പ്ലേറ്റ്’ എടുത്ത് വച്ച് ,നീഡിൽ സെറ്റ് ചെയ്തു. നാലഞ്ചു സെക്കന്റിന്റെ സ്ക്രാച്ച് സൗണ്ടിനുശേഷം പാട്ട് ആരംഭിച്ചു...!
                                        ഏകാംഗ നാടകമെന്നു പറയുമെങ്കിലും,ഇതിൽ അംഗങ്ങൾ നാലോ അഞ്ചോ ഉണ്ട്..! പറ്റൂർമല ഹരിദാസ്, പത്തടി ഗോപി, പുള്ളിരമണൻ, മാമ്പിള്ളിൽ ജോസഫ്,  മുതലായ വമ്പൻ താരനിരയാണുള്ളത്..! സ്റ്റേജിനു പിറകിലെ ‘പച്ചമുറി’ യിൽ ധ്യതിപിടിച്ച്  ചമയം നടക്കുന്നു.
                                       തന്റെ മാറിടം സമ്പുഷ്ട്ടമാക്കാൻ വേണ്ടി സഹനടനായ രമണൻ സംഘടിപ്പിച്ചു കൊടുത്ത ചിരട്ടകളുടെ വലിപ്പം കണ്ട് പെൺ വേഷക്കാരനായ ഹരിദാസൻ അലറിവിളിച്ചു....!!
“എഡാ വ്യത്തികെട്ടവനേ...! എവ്ട്ന്നു കിട്ടീടാ നിനക്കീ ആനച്ചെരട്ട...?”
വ്യത്തി കെട്ടവൻ ഒന്നും മിണ്ടാതെ വായിൽ നോക്കി നിന്നു..!
ഹരിഹരൻ കലിയടങ്ങാതെ ചിരട്ടരണ്ടും എടുത്ത് തന്റെ ശുഷ്ക്കിച്ച മാറിൽ വച്ചു  കണ്ണാടി നോക്കി..!
നോ..മാച്ചിംഗ്..!
                                   രണ്ടു ദിവസങ്ങൾ പിന്നാലെ നടന്ന് കെഞ്ചിപ്പറഞ്ഞിട്ടാണ് തന്റെ എക്സ്പേയറായ ഒരു സ്തനകഞ്ചുകം, ഹരിഹരന്റെ അമ്മ മകന്റെ കലാപ്രകടനത്തിനായി വിട്ടുകൊടുത്തത്...!!
കൂടെ ഒരു താക്കീതും.
“നാടകം കഴീമ്പം ഇത്പോലെ തിരിച്ച് തന്നേക്കണം....!”
മാതാവ് ശ്രദ്ധാപൂർവ്വം കൊടുത്തയച്ച പൊതിയഴിച്ച് ചൂണ്ടിക്കൊണ്ട് ഹരിഹരൻ വീണ്ടും കേണു.
“ഇതിനകത്ത് ഈ ചെരട്ട എങ്ങനെ ഒതുങ്ങാനാ..!!”
നരച്ച മീശ മൂക്കിനു താഴെ ശ്രദ്ധാപൂർവ്വം വച്ചുപിടിപ്പിച്ചുകൊണ്ടിരുന്ന പ്രധാന നടൻ പത്തടി ഗോപി സഹായത്തിനെത്തി..!
“വാടാ നമുക്കു ശരിയാക്കാം..!”
നെഞ്ചിലെ ചിരട്ടക്കുനടുവിൽ ആ ലേഡീസ് ഒൺലി കോസ്റ്റ്യൂം  ഫോക്കസ് ചെയ്ത് പിന്നാമ്പുറത്തെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഹരി ഒരു   വിഫലശ്രമം നടത്തി..!
“അവളുടെ രാവുകൾ” സിനിമയുടെ പോസ്റ്ററിൽ സീമച്ചേച്ചി നിൽക്കുമ്പോലെ പുറകിൽ കൈപിടിച്ച് നിന്നതല്ലാതെ  കൂട്ടി മുട്ടിക്കൽ മാത്രം നടന്നില്ല..!!
                                                        സ്റ്റെതസ്കോപ്പ് എന്ന അൽഭുത ഉപകരണം കയ്യിൽക്കിട്ടാൻ ഭാഗ്യമുണ്ടായതോടെ ,അത് ചെവിയിൽ വച്ച് സ്വന്തം ബോഡിയിൽ പ്രൈവറ്റ് പ്രാക്റ്റീസു നടത്തിക്കൊണ്ടിരുന്ന ഡോക്ടർ വേഷക്കാരൻ മാമ്പിള്ളിൽ ജോസഫ് , പരിശോധന നിർത്തി  ഹരിഹരന്റെ ഓപ്പറേഷനിൽ പങ്കു ചേർന്നു..!
സ്റ്റേജിൽ ടാർപ്പോളിൻ വലിച്ചുകെട്ടിയിരുന്ന ഒരിഴ കയർ പൊട്ടിച്ചെടുത്ത് ,എത്താൻ മടിച്ചു നിന്ന ആ രണ്ടു ധ്രുവങ്ങളേയും ചേർത്തു  വലിച്ചു കെട്ടി...!
ഓപ്പറേഷൻ സക്സസ്..!!
ചരിത്രത്തിലാദ്യമായി ഒരു ഡോക്ടർ, ഫീസു വാങ്ങാതെ തിരിച്ചുപോയി..!
                                             മേലേയ്ക്കു പിടിച്ച ശ്വാസം നന്നായൊന്നു താഴേക്കുവിട്ടാൽ, ഒരു ദാക്ഷണ്യവുമില്ലാതെ രണ്ടു മുലകളും,പൊതുജന സമക്ഷം തറയിൽ വീണുരുളുമെന്നറിഞ്ഞിട്ടും, അതിനു മേലേ, ശേഷിച്ച കോസ്റ്റ്യൂമുകളും കൂടി  ഉടനടി ഫിറ്റുചെയ്യാൻ ആ പാവം പുതുമുഖം നിർബന്ധിതനായി..!
                   രക്ഷാധികാരിയായ പുരുഷോത്തമൻ അവർകളുടെ  മുഖ്യ കാർമികത്വത്തിൽ ബ്ലൗസും സാരിയും, അതി സാഹസികമായി ഫിറ്റു ചെയ്തു. കൂട്ടിമുട്ടാൻ കൂട്ടാക്കാത്ത ബ്ലൗസിന്റെ രണ്ടറ്റങ്ങൾ സാരികൊണ്ട് അതി വിദഗ്ദമായി മറച്ചുവച്ചു..! 
വിഗ്ഗു വച്ച് , വള ,മാല,കമ്മൽ തുടങ്ങിയ ആഭരണാദികളുമിട്ട് കണ്ണെഴുതി പൊട്ടും കുത്തിയ ഹരിഹരനിപ്പോൾ  ആലുമ്മൂട്ടിലെ ശാന്തയേക്കാൾ സുന്ദരി..!! 
സുന്ദരിക്കിപ്പോഴും നന്നായി ശ്വാസം വിടാനോ നന്നായി ഡയലോഗ് പറയാനോ കഴിയുന്നില്ല..! മറ്റെല്ലാം ഒത്തിണങ്ങിയെങ്കിലും ചിരട്ടമാത്രം വല്ലാതെ ബുദ്ധിമുട്ടിക്കുന്നു..!
സ്റ്റേജിനു പിന്നിൽ രാഘവൻ മാഷിന്റെ റബ്ബർത്തോട്ടമാണ്. അങ്ങോട്ടിറങ്ങിയാൽ പാകത്തിനുള്ള രണ്ട് ചിരട്ട കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല . ഹരിഹരൻ പിന്നൊന്നുമാലോചിച്ചില്ല..!

                                                   *     *     *      *

“നീ  ആ  ക്ലാവർ ഇറക്കിയപ്പോഴെ എനിക്കറിയാർന്നു, തുറുപ്പ് ഡൈമനായിരിക്കൂന്ന്...!!”
…........അതല്ലേ ഞാനൊന്നു പിടിച്ചു കളിച്ചത്..!!”
                                     ‘ഗുലാൻ പെരിശ്’ കളിയിൽ അഗ്രഗണ്യനായ നാരാണേട്ടനും,മറ്റു മൂന്നുപേരുമടങ്ങുന്ന ചീട്ടുകളി സംഘം റബ്ബർത്തോട്ടത്തിലെ പഴയ കല്ലുവെട്ടു മടയിൽ മെഴുതിരിയുടെ വെട്ടത്തിൽ അവരുടെ കലാ പ്രകടനം തുടരുകയാണ്. കാഴ്ച്ച്ക്കാരായി മൂന്നു നാലു പേർ വേറെയുമുണ്ട്.
“നാടകം ഇപ്ലെങ്ങും തൊടങ്ങൂല്ലന്നാ തോന്നണേ...!”
അടുത്ത കളിക്കുള്ള ചീട്ടു കുത്തി കളത്തിലിട്ടുകൊണ്ട് പ്ലാമ്മൂട്ടിലെ വാസു പിറു പിറുത്തു.
“നാടകം തൊടങ്യാ ഞാൻ പോകും..എനിക്ക് നാടകം കാണണം..!!”
കൂട്ടത്തിലെ കലാസ്നേഹി നാരാണേട്ടൻ തന്റെ തീരുമാനമറിയിച്ചു.
                                       പയ്യപ്പിള്ളിലെ കേളപ്പന്റെ കടയിൽ നിന്നും അൽപ്പം മുൻപ് കഴിച്ച പട്ടയുടെ പ്രവർത്തനക്ഷമതയിൽ തൃപ്തിവരാ ഞ്ഞ്, ചെല്ലപ്പന്റെ ചില്ലറ വിൽപ്പന ശാലയിൽനിന്നുവാങ്ങിയ നീലച്ചടയൻ കത്തിച്ച് അഞ്ചാറു പുകകൂടി വലിച്ചിരുത്തി നാരായണൻ തന്റെ ആണത്തം ഉറപ്പു വരുത്തി..!
ക്ലവറും,സ്പേഡും,ഡൈമൺസുമെല്ലാം ഒരുപോലെ തോന്നിത്തുടങ്ങിയപ്പോൾ നാരാണേട്ടൻ കളിനിർത്തി എഴുന്നേറ്റു.
                                         കേട്ടുകൊണ്ടിരുന്ന പാട്ട് അവസാനിച്ചിട്ടും നാടകം തുടങ്ങാതിരുന്നതിനാൽ കലാസ്നേഹികൾ വീണ്ടും ഒച്ചവച്ചു. മണിയപ്പൻ വീണ്ടും സ്റ്റേജിലെത്തി. അദ്ദേഹത്തിന് കലയുമായി ബന്ധമൊന്നുമില്ലെങ്കിലും ,കലയുടെ അച്ഛൻ രാഘവൻ മാഷുമായി നല്ലബന്ധമാണ്. മാഷിന്റെവക മൈക്കുസെറ്റിന്റെ മാനേജർ കം ഓപ്പറേറ്ററാണ് മണിയപ്പൻ..!ആ മൈക്ക്സെറ്റാണ് ഇപ്പോൾ ഇവിടെ ശബ്ദവും വെളിച്ചവും  നൽകി നാട്ടാരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.
                                        അനൗൺസ്മെന്റാണ്  മണിയപ്പന്റെ  വീക്ക്നെസ്സ്..! സ്റ്റേജിനു നടുവിൽ കെട്ടിത്തൂക്കിയ മൈക്കിനു മുന്നിൽ നിന്ന് മണിയപ്പൻ ശ്വാസമെടുത്തു.  തൂങ്ങിയാടുന്ന മൈക്കിന്റെ തലമണ്ടയിൽ വിരൽ വളച്ചുപിടിച്ച്  നാലുതട്ട്..!
“ഹലോ..ഹലോ..ചെക്..ചെക്ക്..!!ഹലോ..”
വീണ്ടും നാലുവട്ടം വിരൽ പ്രയോഗത്തോടെ ,
ചെക്ക് നിർത്തി..!
പിന്നെ തൊണ്ടക്കുഴി മാക്സിമം താഴേക്കു വലിച്ചിരുത്തി, തോളുരണ്ടും മേലേക്കുയർത്തി,തന്റെ തനതു ശൈലിയിൽ  ഡയലോഗ്  തുടങ്ങി..!
“ഖലാസ്നേഹികളേ...!!!”
“നാഠഖം..ഉഠനേ..ആരംഭിക്കുഖയാണ്...!”
“ബാപ്പുജി  ആർട്സ് ക്ലബ്ബ്  അവധരിപ്പിക്കുന്ന ഏറ്റവും പുധിയ നാഠഖം...!”
                              മണിയപ്പൻ  ചീറുകയാണ്..! തൽക്കാലത്തേക്ക് ബഹളത്തിനൊരു ശമനം കിട്ടിയതുകൊണ്ട് കമ്മറ്റിക്കാർ മണിയപ്പനെ പ്രോൽസാഹിപ്പിച്ചു.
പച്ചത്തവളക്ക് തൊണ്ടയടപ്പു വന്നപോലുള്ള ശബ്ദം കേട്ടിട്ടോ എന്തോ  ആളുകൾ പിന്നേയും കൂവിത്തുടങ്ങി..!
                                 നീലച്ചടയന്റെ പിൻബലത്തിൽ കളിക്കളത്തിൽ നിന്നും പറന്നുയർന്ന് സ്റ്റേജിന്റെ പിൻഭാഗം ലക്ഷ്യമാക്കി നടന്ന നാരാണേട്ടൻ ആ കാഴ്ച്ച കണ്ട് സഡൻ ബ്രേക്കിട്ടു..!
സ്ട്രക്ച്ചറിനു ചേരാത്ത മാറിടവും താങ്ങി ഒത്ത പെണ്ണൊരുത്തി തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് തന്റെ  ‘കലാവാസന’യെ പ്രോൽസാഹിപ്പിക്കാൻ തന്നെയാവില്ലേ..!
 ഉറയ്ക്കാത്തകാലിൽ ആടിനിന്നുകൊണ്ട് നാരാണേട്ടൻ ആ കാഴ്ച ആവോളം ഡൗൺലോഡ് ചെയ്തു..!
                                         നാരാണേട്ടന്റെ നോട്ടത്തിൽ പന്തികേടു തോന്നിയെങ്കിലും എട്ടിന്റെ പണിയല്ല, ചുരുങ്ങിയത് ഒരു  പതിനാറിന്റെ  പണിയെങ്കിലും ഇങ്ങേർക്കു കൊടുക്കണമെന്ന്  ഹരിഹരൻ ഒരുവേള മനസ്സിലുറച്ചു..!!
                                   “.....നാഠഖം തുടങ്ങുന്നതിനു മുൻപായി..ഈ സ്റ്റേജിന്റെ പുറത്തുള്ള എല്ലാ വെളിച്ചവും   അണച്ച്.........”
ആ പതിവു പ്രയോഗത്തിനുശേഷം പുറത്ത് ഗ്രൗണ്ടിനു നടുവിൽ ഒരു തൂണിൽ കത്തിനിന്ന നാലു റ്റ്യൂബ് ലൈറ്റുകളും.. മണിയപ്പൻ തന്നെ ഓഫ് ചെയ്തു...!!
അതോടെ സ്റ്റേജിനു മുന്നിലും, പിന്നിലും ഏറക്കുറെ ഇരുട്ടായി..!!
                                       
                                                           *    *    *    *    *

                                      ‘അടുത്ത ബല്ലിനുശേഷം നാടകം ആരംഭിക്കും’ എന്നു  ഒരു ഗമക്ക് മണിയപ്പൻ പറഞ്ഞെങ്കിലും, പത്തു മിനിറ്റിനുള്ളിൽ ബല്ലൊന്നും  അടിക്കാതെതന്നെ നാടകം തുടങ്ങി..!
                                      റബ്ബർ തോട്ടത്തിൽ നിന്നെടുത്തു ഫിറ്റുചെയ്ത ചിരട്ടക്കുള്ളിൽ കുടുങ്ങിയ ഒരു കാക്കയുറുമ്പ് നാടകത്തിലുടനീളം ഹരിഹരനെ ഇക്കിളിയാക്കിയതൊഴിച്ചാൽ, ഒരേനക്കേടും കൂടാതെ  “നാഠഖം” ഗംഭീരമായവസാനിച്ചു...!
                                     പിറ്റേന്നു രാവിലെ പള്ളത്തുമൂഴിൽ ചെല്ലപ്പന്റെ  വീടറ്റാച്ചിഡ്  ചായക്കടയിൽ പത്രം വായിച്ചുകൊണ്ടിരുന്ന പ്ലാമ്മൂട്ടിൽ വാസുവാണ് അത് ആദ്യം കണ്ടത്. കടയുടെ മൂലയിലിരുന്നു പുട്ടടിക്കുന്ന നാരാണേട്ടന്റെ മുൻ നിരയിലെ ഒരു പല്ല് പാതി അടർന്നിരിക്കുന്നു..!
“ഇന്നലെ ആ തോട്ടത്തിലൊന്നു വീണാരുന്നു...!!”
ഫിറ്റായുള്ള വീഴ്ച്ച നാരാണേട്ടനു പുതുതല്ലാത്തതിനാൽ ആ മറുപടി ആർക്കും സംശയത്തിനിട നൽകിയില്ല.
                              സ്റ്റേജും അലങ്കാരങ്ങളും അഴിച്ചടുക്കി ,നാടക സമിതിയും മറ്റംഗങ്ങളും കമ്മറ്റിച്ചിലവിൽ പുട്ടടിക്കാൻ കടയിലെത്തി.
“ നാടകം നല്ലതാർന്നൂട്ടോ പുരുഷാ..!”
ചെല്ലപ്പൻ ചേട്ടൻ തുടക്കമിട്ടു.
“എനിക്കാ പത്തടീലെ കോവീടെ അപിനയാ..ഇഷ്ടായത്..! “- വാസുവിന്റെ കമന്റ്
“ഈ ഹരിയെന്നാ മോശാർന്നോ..?,അവന്റെ വേഷം കണ്ടാ പെണ്ണുങ്ങളു മാറി നിക്കും...!!”
ഹരി ഒന്നു നിവർന്നിരുന്നു. പിന്നെ, മൂലയിലിരുന്നു പുട്ടുമായി മല്ലടിക്കുന്ന നാരാണേട്ടനെ ഒന്നു പാളിനോക്കി..!
അദ്ദേഹം ഇതൊന്നും ശ്രദ്ധിക്കാതെ  പുട്ടിൽ  ചെറുപയർ ചേർത്ത് കുഴച്ചു...!!
“...അവസാനം ആ കെളവൻ ചോര ശർത്തിച്ച് ചത്തപ്പം, ഞങ്ങടെ ദേവകി നെഞ്ചത്തടിച്ചാ കരഞ്ഞത്....!!!”
മുരിങ്ങപ്പറമ്പിൽ കുരികേശു ആദ്യമായി കമന്റിട്ടു.
“നിങ്ങടെ നാടകം കാരണം നാരാണന്റെ പല്ലൊരണ്ണം പോയിക്കിട്ടി...!!”
ചെല്ലപ്പന്റെ പ്രസ്ഥാവന കേട്ട് നാരാണേട്ടന്റെ പുട്ട് തൊണ്ടയിൽ കുരുങ്ങി..!
                                 ഇടത്തേ കൈകൊണ്ട് നെറുകിൽ നാലു തട്ട് തട്ടി, വായിലെ പുട്ട് സൈഡൊതുക്കി, ഗ്ലാസിലെ വെള്ളം രണ്ടു കവിൾ കുടിച്ചു. പിന്നെ, മഗ്ഗിൽ നിന്നും വീണ്ടും ഗ്ലാസു നിറച്ചു..!
“… ആഹാ ! ഇതിനിടക്കു പല്ലും പോയോ..!!”
നാടകസമിതി അൽഭുതം കൂറി.
മുന്നിൽ  കിട്ടിയ  പുട്ടിൽ പാളയംകോടൻ പഴം ചേർത്ത് കുഴച്ചുരുട്ടിക്കൊണ്ട് ഹരിഹരൻ മറുപടിപറഞ്ഞു.
“..പിന്നെ പോകാതെ…??
…...ചെരട്ടപ്പുറത്ത് അമ്മാതിരി കടി കടിച്ചാൽ ആരുടെയായാലും പല്ലു പോകും...!!!”
ആഘോഷക്കമ്മറ്റിയും നാടക സമിതിയും ആർത്തു ചിരിച്ചു..!
വാസുവും,ചെല്ലപ്പനും ,കുരികേശുവും മറ്റുള്ളവരും പരസ്പരം നോക്കി..!
ആ നോട്ടമെല്ലാം നാരാണനിലേക്കെത്തിനിന്നു..!
മൂന്നാം തവണയും നിറഞ്ഞ  ഗ്ലാസിലെ വെള്ളം  ടപ് ടപ് എന്ന് കുടിച്ചു തീർത്ത്, നാരാണേട്ടൻ വെളിയിലിറങ്ങി കൈ കഴുകി..!!
ഉടുത്തിരുന്ന കൈലിയിൽ മുഖം തുടച്ച്   ഒന്നും മിണ്ടാതെ റോഡിലൂടെ നടന്നു നീങ്ങി..!!
“ചെല്ലപ്പഞ്ചേട്ടാ...!”
മുറ്റത്തൊരുശബ്ദം. സുരേഷ് ഇല്ലാത്തതിനാൽ ബാക്കിയെല്ലാവരും തിരിഞ്ഞുനോക്കി..!
ശ്രീമതി ഓമന..!
ഈ ശ്രീമതിയുടെ ‘ശ്രീ’ ആണ് അൽപ്പം മുൻപ്  ഇവിടെനിന്നു ഇറങ്ങിപ്പോയ നാരാണേട്ടൻ..!
“എന്റെ അങ്ങേരിങ്ങോട്ടു  വന്നാർന്നോ..?”-വീണ്ടും ആ ഓമന ശബ്ദം..!
“ദാ ഇപ്പം ഇവ്ട്ന്ന് അങ്ങോട്ടു പോയാരുന്നല്ലോ..”
                             ഓമനയുടെ ഓഡിയോയിൽ മാത്രമല്ല വീഡിയോയിലും  എന്തോ പന്തികേടു  തോന്നിയ ചെല്ലപ്പൻ അടുത്തെത്തി.
“ന്താ ഓമനേ..? ന്താ പറ്റ്യേ..?”
പൊട്ടിപ്പോകാതെ ഓമന പിടിച്ചുകെട്ടിവച്ചിരുന്ന സങ്കടമത്രയും  ആ നിമിഷം പൊട്ടിയൊഴുകി..!
“ ഹിത്രേം നാളും..കള്ളും കഞ്ചാവും മാത്രേ...ഒണ്ടാരുന്നോള്ളൂ...ഇപ്പം ദേ......”
മുഴുവൻ പറയാനാവാതെ ഓമന തന്റെ  ഇടതു കൈ തുറന്നുകാട്ടി..!
ചെല്ലപ്പനവർകൾ അല്ല, ഏതപ്പനവർകളായാലും ഒന്നും മനസ്സിലാവില്ല.!
അതറിഞ്ഞിട്ടെന്നപോലെ  ഒഴുകുന്ന സങ്കടത്തിനിടയിലും ഓമന തുടർന്നു.
“ രാവിലേ അതിയാന്റെ   ഉടുപ്പേന്നു കിട്ടിയതാ...! ഏതോ ഒരുമ്പെട്ടോളുടെ തലമുടി..!!”
                                     കയ്യിൽ കിട്ടിയ എവിഡൻസ് ഫയലിന്റെ   ഹ്രസ്വപ്രദർശനം  തൽക്കാലം അവസാനിപ്പിച്ച് ഓമന റിവേഴ്സ് ഗിയറിട്ടു.
“ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടുതന്നെ വാക്കി കാര്യം..!”
ഓമന ചവുട്ടിത്തെറുപ്പിച്ച്  രണ്ടിലൊന്നറിയാൻ വീട്ടിലേക്കു പോയി..!
“സത്യം പറയഡാ...ഇന്നലെ എന്താഉണ്ടായെ..?”
രക്ഷാധികാരി തന്റെ ഉള്ള അധികാരമുപയോഗിച്ച് ‘ഒരുമ്പെട്ടോളെ ‘ ചോദ്യം ചെയ്യുന്നതുകേട്ട്  ചെല്ലപ്പനടക്കം മറ്റു പൗരസമിതി അന്തം വിട്ടു..!
“ഒന്നൂല്ലന്നേ.. എനിക്കെന്റെ മാനം കാക്കണ്ടെ..!ഞാൻ വിഗ്ഗും ചെരട്ടയും അഴിച്ച് കയ്യിൽകൊടുത്തേപ്പിന്നെയാ .. അങ്ങേരു പിടിവിട്ടത്..!!”
“എന്നിട്ട്..?”
….വിഗ്ഗും തിരിച്ചുവാങ്ങി  ഞാൻ സ്റ്റേജിലോട്ടു പോകുമ്പോ ബീഡീം കത്തിച്ച് നിക്കണൊണ്ടാരുന്നു...!”
“...യിനീപ്പം എന്നാ ചെയ്യോടാ പുരുഷാ..?”
സംഗതികളുടെ ഏകദേശ രൂപരേഖ കയ്യിൽക്കിട്ടിയ ചെല്ലപ്പൻ തന്റെ ജിജ്ഞാസ വെളിപ്പെടുത്തി..
“..നമ്മളൊന്നും ചെയ്യണ്ട..ബാക്കി ഓമന തന്നേ ചെയ്തോളും..!”
സംഭവമെന്തെന്ന് പുറം ലോകമിനിയുമറിഞ്ഞിട്ടില്ല ,എങ്കിലും അതോടെ അവർ നാരാണേട്ടന്റെ  പേരിന് മാറ്റം വരുത്തി.
“ചിരട്ട നാരായണൻ...!!” 
അല്ലെങ്കിലും,
നാട്ടുകാരേക്കൊണ്ട് ഇത്രയൊക്കയല്ലേ പറ്റൂ...!!

                                                                                        *