വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

ഗൃഹപ്രവേശം


                  രു വീടുവയ്ക്കണമെന്ന അതിയായ മോഹം എല്ലാ പ്രവാസികളേപ്പോലെ എനിക്കും എപ്പോഴോ എങ്ങിനെയോ മനസ്സിൽ കടന്നു കൂടി. അതിന്റെ പിറ്റേന്നുതന്നെ മാർക്കറ്റിൽ സിമന്റിനും കമ്പിക്കും 35 രൂപയോളം വില കൂടിയത് എങ്ങിനെയെന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല..!  കൊച്ചു വീട് എന്ന വലിയ സ്വപ്നം വരച്ചും ,മായ്ച്ചും,വെട്ടിയും തിരുത്തിയും ഞാൻ തന്നെ രൂപ രേഖയാക്കി. ആർക്കിടെക്റ്റിന്റെ സഹായത്തോടെ കണക്കും,മലയാളവും ഭൂമിശാസ്ത്രവും ഒക്കെ വേണ്ടവിധംനോക്കി, വരച്ച് മടക്കി കയ്യിൽ വച്ചു.
                                                 ആകെയുള്ള പതിനഞ്ചു സെന്റിൽ നെടുകെയും കുറുകെയും ടേപ്പ് പിടിച്ചും , കയറുവലിച്ചും,  അളന്നും  കൂട്ടിയും സ്ഥാനക്കാരൻ ചൂണ്ടിയ കന്നിക്കോണിൽ കുറ്റിയടിച്ചത് എന്റെ പിതാശ്രീ..! വലത്തേ  കൈയ്യ് മലർത്തിപ്പിടിച്ച് തള്ളവിരൽ കൊണ്ട് മറ്റുവിരലുകളുടെ തുമ്പുതൊട്ട്, സൈലന്റ് മോഡിൽ കണക്കു കൂട്ടിക്കൊണ്ട് സ്ഥാനക്കാരൻ ശിവരാമൻ വെറുതേ ഒരു പ്രവചനം നടത്തി..!
“ഉം....പണ്യൊക്കെ  തീരും....പക്ഷേ......!”
ഞാനടക്കം ചുറ്റും നിന്നവരുടെ  കണ്ണും പുരികവും ഒക്കെ ചോദ്യച്ചിഹ്നം പോലെ വളഞ്ഞു വിറച്ചുനിന്നു..!!
                                                            *      *      *      *      *
“..യൂണ്യൻ ബാങ്കില് ലോൺ ചോദിച്ചിട്ട് കിട്ടീല്ലാ ല്ലേ..?”
രാവിലേ തന്നെ പിതാശ്രീ ശവത്തിൽ കുത്തി..!
“ഇല്ല..പഴയ മാനേജർ  സ്ഥലം മാറിപ്പോണു..പുതിയങ്ങേരു വന്നിട്ടുമില്ല..അതുകൊണ്ട്...”
                                            എൻ   ആർ  ഐ  ആക്കൗണ്ടെന്നും പറഞ്ഞ് എട്ടുപത്തുകൊല്ലം അവിടെ കയറിയിറങ്ങിയതിന്റെ  നന്ദിയെങ്കിലും അവർക്കു കാണിക്കാമായിരുന്നു..! അല്ലെങ്കിലും..ഒരാവശ്യം വരുമ്പോ ഒരുത്തനുമില്ല..സഹായിക്കാൻ..!
ഞാൻ പിറുപിറുത്തുകൊണ്ട്  മുറ്റത്തേക്കിറങ്ങി.
പിതാവ് തന്റെ മിനുങ്ങുന്ന തലയിൽ കയ്യോടിച്ചു കൊണ്ടു  പുത്രനോടു ചോദിച്ചു
“എവ്ടെയായാലും പലിശ കൊടുക്കണം..ന്നാപ്പിന്നെ ,ആ  കാളപൂട്ട് ബാങ്കിൽ ഒന്നു ചോദിച്ചാലോ..?”
അദ്ദേഹം തലയിൽ  തടവിയപ്പോൾ  തെളിഞ്ഞുവന്നത്  ഫെഡറൽ  ബാങ്കിന്റെ കാര്യമാണ്.
“ഉം..നോക്കട്ടെ..”
എവിടെ നോക്കണമെന്നോ  എങ്ങിനെ നോക്കണമെന്നോ എന്നൊന്നും നിശ്ചയമില്ലെങ്കിലും അങ്ങിനെ പറഞ്ഞു  വെളിയിലേക്കിറങ്ങി.
“വെർതേയെന്തിനാ ലോണെടുക്കണെ..പത്തു വീടിനൊള്ള കാശ് നിന്റേയ്യിൽ കാണൂല്ലോ..!!”
വക്കച്ചനാണ്..
വഴിയിൽ വണ്ടിനിർത്തി ഇവനോടു കുശലം പറഞ്ഞ എന്നെ വേണം തല്ലാൻ..!
“..അതായത്, വക്കച്ചാ... ഈ ലോണാവുമ്പം..നല്ലൊരു സംഖ്യ  എനിക്കു  മാസാമാസം പലിശകൊടുക്കാനൊക്കും,   നമ്മുടെ പറമ്പിന്റെ ആധാരമൊക്കെ  സുരക്ഷിതമായി ബാങ്കിൽ വയ്കാം.! തന്നെയല്ല   തൽക്കാലം ഈ പത്തു വീടിന്റെ കാശേല് തൊടുവ്വേം വേണ്ട ..!!
                                                 വക്കച്ചനു  ത്യപ്തിയായി. അദ്ദേഹം ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിൽ  വിഷമിച്ച്  മുന്നോട്ടു നടന്നു.പിതാശ്രീയെ അനുകരിച്ച് , തീരെ മോശമല്ലാത്ത സ്വന്തം കഷണ്ടിയിൽ വിരലോടിച്ചു നിന്നപ്പോഴാണ് ആ ബാനറിൽ  കണ്ണുടക്കിയത്.
“ഭവന വായ്പക്ക്..  ഈ നമ്പരിൽ വിളിക്കുക...”
താഴെ ഒരു മൊബൈൽ നമ്പരും.
അടുത്ത ഒരു മണിക്കൂറിനുള്ളിൽ ആ മൊബൈൽ നമ്പരുകാരൻ എന്റെ വീട്ടിലെത്തി...!
എല്ലാം പെട്ടന്നായിരുന്നു.
അഞ്ചുമിനിറ്റുകൊണ്ട് ഇത്രയധികം ഒപ്പിടാൻ ഇവിടത്തെ അയ്യേയെസ്സ്  സാറന്മാരേക്കൊണ്ടു പോലും സാധിക്കില്ല..! ഹും.ഞാനാരാ  മൊതല്..!
പക്ഷേ , പറമ്പിന്റെ ആധാരം മുതൽ ,എന്റെ ജാതകം വരെ ആ   എച്ച്   ഡി  എഫ്  സി  ക്കാരൻ കൊണ്ടു പോയി..!
ആശ്വാസമായി ..!ഒരാറേഴു കൊല്ലത്തേയ്ക്ക് ഇനി അത് അവരു സൂക്ഷിച്ചോളും.!
അങ്ങനെ, ജീവിതത്തിലാദ്യമായി ഞാനും ഒരു കടക്കാരനായി..!
അതിന്റെ അഹങ്കാരമൊന്നും  കാട്ടാതെ   മറ്റു തയ്യാറെടുപ്പുകൾ  ഉടനെ നടത്തി.
                               വീടിന്റെ എല്ലാ ഭാഗങ്ങളുടേയും  വിശദാംശങ്ങളും, വിവരണങ്ങളും നൽകി  രജീഷിനെ മേൽനോട്ടം ഏൽപ്പിച്ചു.  രജീഷ്, വീടുനിർമാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചെറുപ്പക്കാരൻ.  എസ്റ്റിമേറ്റും പഞ്ചായത്തു തല നൂലാമാലകളുമൊക്കെ അവൻ തന്നെ ചെയ്തിരുന്നു. തുടക്കം മുതലേ അവനുമായി ബന്ധമുണ്ടായിരുന്നതു കൊണ്ട് ആ ജോലിയും   വിട്ടുകൊടുത്തു. ഞങ്ങൾ തിരഞ്ഞു പിടിച്ച  രാജനെ പണിയേൽപ്പിച്ചു. ആറുമാസത്തിനുള്ളിൽ  തീർക്കാമെന്ന വ്യവസ്ഥയിൽ പണികൾ തുടങ്ങി, പിന്നെ ഞാൻ ദുബായിലേക്ക്.
                                             പണികൾ നന്നായി പുരോഗമിച്ചു .എതാണ്ട് ആറുമാസമായപ്പോഴേക്കും  കൈക്കും ,കാലിനും മാത്രമല്ല ശരീരം മുഴുവൻ സാമ്പത്തിക മാന്ദ്യം ബാധിച്ച് ദുബായി കിടപ്പിലായി...!
അത് പലരേയും പോലെ എന്റെ പോക്കറ്റിനേയും, ജോലിയേയും ബാധിച്ചു..! ഞാൻ പോയ വണ്ടിക്കു തന്നെ  തിരിച്ചുനാട്ടിലെത്തി..!  വീടുപണി  അപ്പോഴും ഒന്നുമായിട്ടില്ല..!വെറുതേ..’മേലേ നോക്കി’ നിന്നതല്ലാതെ  മേൽനോട്ടക്കാരൻ കാര്യമായൊന്നും ചെയ്തിട്ടില്ല..! അത്കൊണ്ടു തന്നെ  ധാരാളം റീവർക്കുകളും ചെയ്യേണ്ടി വന്നു..! അവൻ രാവിലെ പതിനൊന്നു മണിയോടെ  വന്ന് അയൽ വീട്ടിൽ ബൈക്കുവച്ച്,സൈറ്റിലേക്കെത്തുമ്പോൾ മണി പന്ത്രണ്ട്..! പിന്നെ എല്ലാ മൂലയിലും പൊയിനിന്ന് ‘മേൽനോട്ടം’ നടത്തി , അല്പസമയത്തിനുള്ളിൽ കീഴെ നോക്കിക്കൊണ്ട് സ്ഥലം വിടും. ആ നോട്ടത്തിൽ  ത്യപ്തിയില്ലാഞ്ഞ് അവന്റെ  സേവനം ഞാൻ വേണ്ടന്നുവച്ചു.
                                                രാജനെയും, മറ്റു ജോലിക്കാരെയും ഓടിച്ചുപിടിച്ച് സൈറ്റിലെത്തിക്കുക എന്നതായി എന്റെ പ്രധാന ജോലി. അവരുടെയും,പിന്നെ അവരുടെ  ബന്ധുക്കളുടെയും വീടുകളിൽ കല്യാണം,മരണം,അടിയന്തിരം, പ്രസവം, പേരിടൽ തുടങ്ങി  ഒരുവിധം ചടങ്ങുകളൊക്കെ മാറിമാറിയരങ്ങേറി..! ഇതിലെല്ലാം പങ്കെടുക്കാൻ അവർ ജോലിയുപേക്ഷിച്ചും  മാറിമാറി മത്സരിച്ചു.പണിക്കാരുടെ ഭാര്യയും കുട്ടികളും മിക്കവാറും ദിവസങ്ങളിൽ രാവിലെ എന്നെ കണികണ്ടുണർന്നു..! എങ്ങിനെയും അവരുടെ കയ്യും കാലും വാലും പിടിച്ച് ഒരു വിധം ഞാൻ പണി മുന്നോട്ടു കൊണ്ടുപോയി..! ചില ദിവസങ്ങളിൽ അരയും തലയും മുറുക്കി ‘കള’ത്തിലിറങ്ങി.
                                                   സേവനമുപേക്ഷിച്ചെങ്കിലും   രജീഷ്  മിക്കവാറും  അവിടെ  വന്നു പോകാറുണ്ടായിരുന്നു. എങ്ങിനെയും ഒരുവിധം  തൊണ്ണൂറുശതമാനം പണിയും തീർന്നപ്പോഴേക്കും എനിക്ക് പുതിയ ജോലിക്കുള്ള വിസയെത്തി. തൽക്കാലം പണികളൊതുക്കി , അടുത്തവർഷം താമസമാരംഭിക്കാം എന്നുറപ്പിച്ച് വീണ്ടും ദുബായിലേക്ക് പോകുമ്പോൾ, വാസ്തു ശാസ്ത്രപ്രകാരം, സ്ഥാന നിർണയം ഒഴിച്ച്,  വീടുനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ജോലിയിലും  എനിക്ക്  നല്ല പരിചയമായിക്കഴിഞ്ഞിരുന്നു..!!  വീണ്ടും അടുത്തവർഷം എത്തിയെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ, പിന്നെ സമയക്കുറവ് ..!  കാര്യങ്ങൾ പിന്നെയും നീളുന്നു..!!  അന്ന്  രജീഷിനെ കണ്ടപ്പോൾ  അവന്റെ ബൈക്കിനു പിറകിൽ എന്റെ അയല്‍പക്കത്തെ വീട്ടിലെ പെൺകുട്ടി..! പണ്ട് ബൈക്കു വച്ച വകയിൽ അവൻ അടിച്ചു മാറ്റിയത്..!! 
                                     ഏതോ ആശുപത്രിയിലെ നഴ്സ്  ആയിരുന്ന ആ കുട്ടി ,  ബൈക്കു വയ്ക്കാന്‍ വന്നവനുമായി ഇങ്ങനെ ഹ്യദയം   മാറ്റിവച്ചു കളിച്ചത് ആരു മറിഞ്ഞില്ലത്രേ..! വർഷം ഒന്നു കൂടി കഴിഞ്ഞു. ഇപ്പോൾ ആ പെണ്ണിന് രജീഷിന്റെ  സ്വന്തം റിസ്ക്കിൽ ഒരു കുഞ്ഞു പിറന്നു.! കഴിഞ്ഞദിവസം കണ്ടപ്പോൾ  ഒന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു.
“കല്യാണം കഴിഞ്ഞു. കുട്ടിയുമായി.. ഇനിയെങ്കിലും നീ ബൈക്ക് മറ്റാരുടേം വീട്ടിൽ വയ്ക്കരുത്..പ്ലീസ്..!!”
                       എന്റേതല്ലാത്ത കാരണത്താലെങ്കിലും ,അവരുടെ  പ്രണയം  തളിർക്കാനും പൂക്കാനും ,കായ്ക്കാനുമൊക്കെ ,എന്റെ സ്വപ്നക്കൂട് ഒരു കാരണമായതിൽ  എനിക്കുള്ള സന്തോഷവും കൂട്ടായ്മയും ,ഞാൻ ഇത്തരുണത്തിൽ  മാലോകരെ അറിയിച്ചു കൊള്ളുന്നു..!
                    സ്ഥാനക്കാരൻ ശിവരാമന്റെ പ്രവചനം പോലെ പണി നീണ്ടു നീണ്ട് ഇത്രടമായെങ്കിലും,   ശേഷിച്ച പണികളൊക്കെ  ഇപ്പോൾ ഒരുവിധം തീർത്തിട്ടുണ്ട്.
                                അപ്പോൾ  ഞാൻ പറഞ്ഞു വരുന്നത്, 2012 ഏപ്രിൽ മാസം 22ന്   “ഗൃഹപ്രവേശ”  മാണ്.  ബൂലോകത്തെ ഞാനറിയുന്ന എന്നെയറിയുന്ന എല്ലാ സ്നേഹിതരേയും ഞാൻ ക്ഷണിക്കുകയാണ്. സാന്നിദ്ധ്യം കൊണ്ടും, പ്രാർത്ഥന കൊണ്ടും ഞങ്ങളെ  അനുഗ്രഹിക്കണം. 


                            
    ഒരു ബ്ലോഗുമീറ്റിനുള്ള സാഹചര്യം ഞാനായിട്ടൊരുക്കിയിട്ടുണ്ട്. വടക്കാണോ ,തെക്കാണോ എന്നൊന്നും ശങ്കിക്കേണ്ട , കേരളത്തിന്റെ നടുക്കാണ് ..! കഴിയുന്നവർ എത്തുക.  എന്നെ ബന്ധപ്പെടാനുള്ള താൽക്കാലിക നമ്പർ.  9#956924##

                                                                                                *
    

     
ചടങ്ങിനു ശേഷം എടുത്ത പടങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.
കൂടുതല്‍ പടങ്ങള്‍ താഴെ, ഈ ആല്‍ബത്തില്‍ കാണാം.