ശനിയാഴ്‌ച, ജനുവരി 29, 2011

നാഗപര്‍വ്വം-മൂന്ന്


ആദ്യഭാഗങ്ങള്‍ ഒന്നു നോക്കണോ...ദയവായി താഴെക്കാണുന്ന ലിങ്കുകള്‍ ശ്രമിക്കൂ...


നാഗപര്‍വ്വം-ഒന്ന്
നാഗപര്‍വ്വം-രണ്ട്


                                                അതിജീവനം

                 വെള്ള നിറമുള്ള  മുറിക്കയ്യന്‍ ഷര്‍ട്ട്, ഡബിള്‍ളമുണ്ട്, ഈരിഴയന്‍ തോര്‍ത്തു കൊണ്ട് തലയില്‍ വട്ടക്കെട്ട്...മുതലായ സ്ഥിരം ആടയലങ്കാരങ്ങളുമായി വല്യ മാമാജി മുറ്റത്തേക്കിറങ്ങി..! വല്യ മാമിജി എനിക്കുള്ള  കോസ്റ്റ്യൂം എടുത്തു കൊണ്ടുവന്നു.. ചെറിയ മാമി എന്നെ പിടിച്ചെഴുന്നേല്പിച്ച് ,മുഖത്തും പരിസര പ്രദേശങ്ങളിലും  വെള്ളം  തൂത്തു വെടിപ്പാക്കി..! വായിലെ കരി കഴുകി...പിന്നെ വലിയമാമി കൊണ്ടുവന്ന ഉടുപ്പ് ഫിറ്റുചെയ്തു തന്നു.....
“ ചത്തു കെടന്നാലും..ചമഞ്ഞു കെടക്കണം...!”  - അച്ചാമ്മേടെ  ഡയലോഗ് വീണ്ടും...
ഈ..ശ്..ശ്വരാ......ഈ അച്ചാമ്മേനെ ക്കൊണ്ടു തോറ്റു.!!മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോന്നു പറഞ്ഞുവെക്കും...! യെന്തിനാ അച്ചാമ്മേ എന്നെയിങ്ങനെ വെഷമിപ്പിക്കണേ....!! എന്റെ പരിഭവമേറ്റ്,ദൂരെ ‘കാലായില്‍’ തറവാടിന്റെ ഉമ്മറത്തിരുന്ന് അച്ചാമ്മ, ലൈലാന്റ് ബസ്സിന്റെ എയര്‍ തള്ളുമ്പോലെ” ച്ഛീ...ച്ഛീ..” എന്ന് തുമ്മിയോ ആവോ..!
          തികച്ചും ശോകമൂകമായ ഒരു യാത്രയയപ്പായിരുന്നു അത്...നിറകണ്ണുമായി എല്ലാമുഖങ്ങളിലും ഞാന്‍ മാറി മാറി നോക്കി..ഉറക്കച്ചടവോടെ നിന്ന കാക്കിരി പീക്കിരികള്‍ക്ക് വലിയ ഭാവ വ്യത്യാസമില്ല....നശൂലങ്ങളേ......എന്റെ പങ്ക് പുട്ടും പഴവും അടിക്കാല്ലോ..എന്നസന്തോഷായിരിക്കും...ആ മുഖത്ത്......ചാകാന്‍ പോണവനു പുട്ടും പഴോം..എന്തിനാ...നിങ്ങളു..തിന്നോ....!! അരകല്‍ തറയില്‍ അമ്മായി വച്ച അരിയും ,മുറവും,നാഴിയും.... പ്രിയപ്പെട്ട അമ്മായീ...എനിക്കുവേണ്ടി അരിവെക്കണ്ടാട്ടോ...ഞാന്‍ പോവ്വാ ...!! മനസ്സു കൊണ്ട് എല്ലാവരോടും  യാത്രപറഞ്ഞ് ,മുറ്റത്തു നിന്നും മേളിലേക്കുള്ള പടവുകള്‍ ഒരു വിധം കയറി..കാലില്‍ കെട്ടുള്ളതു കൊണ്ട്  നടക്കുവാന്‍ നല്ല ബുദ്ധിമുട്ടുണ്ട്..അവിടെനിന്നും നോക്കിയാല്‍ മുന്നില്‍, ഏതു നിരീശ്വരവാദിയും
” സ്വാമിയേ..ശരണമയ്യപ്പാ..!!” എന്നു വിളിച്ചു പോകുന്ന മലയാണ്..അതുനിറയെ വയസ്സായ റബ്ബര്‍ മരങ്ങള്‍..പിന്നെ..കാടും..കല്ലും.. മുള്ളും. ..ഇതെല്ലാംതാണ്ടി...ദൈവമേ..എന്നെക്കാത്തോളണേ..!!
പരിചയമുള്ളതും ..കേട്ടറിവുള്ളതുമായ  എല്ലാദൈവങ്ങള്‍ക്കും എന്നെ രക്ഷിക്കാനുള്ള ചുമതല വീതിച്ചു നല്‍കിക്കൊണ്ട്  ഞാന്‍ മുന്നോട്ടു ചുവടു വച്ചു...
“നാ..രാ‍.യണാ...!”  -പിന്നില്‍ നിന്നും വല്യമ്മയുടെ ശബ്ദത്തില്‍ ഒരു അശരീരി..!
“ഒരുവഴിക്കിറങ്ങുമ്പോ...പിറകീന്നു വിളിക്കുന്നോ..”  നാരായണദ്ദേഹം പിറുപിറുത്തുകൊണ്ട്  തിരിഞ്ഞു നോക്കി.
വിറയലുള്ള പഞ്ഞിക്കെട്ടു തല മേലേക്കു നോക്കി , മനകുരുകി പ്രാര്‍ത്ഥിക്കുകയാണ്...!
“നാരായണാ....പഹവാനേ...ന്റെ..കുഞ്ഞിനെ കാത്തോണേ....!”
നേരേ മുകളിലേക്കും..പിന്നെ നാടിന്റെ നാനാ ഭാഗങ്ങളില്‍ സ്ഥിരതാമസക്കാരായ  ദേവീ ദേവന്‍മാര്‍ക്കും ,വലിയപള്ളിയിലെ രാജാക്കള്‍ക്കും...വല്യമ്മച്ചി ,പലവിധ ഓഫറുകള്‍  വായൂമാര്‍ഗ്ഗം മെയില്‍ ചെയ്തു....!!
“ഈശ്..ശ്...ശ്..ശ്വരാ...രക്ഷിക്കണേ....!”
നെഞ്ചില്‍ കൈവച്ച്  ഞാന്‍ ഒരുനിമിഷം പ്രാര്‍ത്ഥിച്ചു..പിന്നെ ഏന്തിയേന്തി മുന്നോട്ടു നടന്നു......

* * * * *
                  
   കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ എന്നെയിരുത്തി, അമ്മാവനോടായി പണിക്കരു ചോദിച്ചു..
“എപ്ലാരുന്നു...??”
“ഒന്നൊന്നര മണിക്കൂറായിക്കാണും..!”
“എവിടെ വെച്ചാ..?”- അതിനു മറുപടിയായി ,വീടിന്റെ പുറകു വശത്തിന്റെ ഭൂമിശാസ്ത്രം ,ചരിത്രം,   പൌരധര്‍മം, മുഴുവന്‍ അമ്മാവന്‍ ഞൊടിയിടയില്‍ വിവരിച്ചു കൊടുത്തു.
“ഉം....സാധനത്തിനെ കണ്ടാര്‍ന്നോ...?”
“ ഇവന്‍ കണ്ടെന്നാ പറേണേ..!”
“ അതേ..ഞാന്‍ കണ്ടാരുന്ന്..ഒരു കറുത്ത തല..!!”  - ആവേശത്തോടെ ഞാന്‍ പറഞ്ഞു..
അച്ചിങ്ങാ പോലുള്ള എന്റെ കൈത്തണ്ട യില്‍ അമര്‍ത്തിക്കൊണ്ട് പണിക്കര് കണ്ണടച്ചു.....
പിന്നെ എന്റെ കണ്‍പോളകള്‍ വിടര്‍ത്തി ,എന്തോ കളഞ്ഞുപോയ സാധനം തിരയുമ്പോലെ വിശദമായി നോക്കി...!
“എവിടാ  മുറിവ്....?”
ഇതിനകം നീരുവന്നു വീര്‍ത്ത കാലിലെ ,അപകടമേഖല ഞാന്‍ തൊട്ടു കാണിച്ചു..
അണിവിരലിന്റെ അറ്റത്ത് ചെറിയൊരു പോറല്‍..അതില്‍ വളരെ കഷ്ട്ടപ്പെട്ടു വെളിയിലേക്കു നില്‍ക്കുന്ന ഒരുതുള്ളിച്ചോര..!
ആ ഭാഗവും അദ്ദേഹം  അരിച്ചുപെറുക്കി സേര്‍ച്ചു ചെയ്തു.....
“നെനക്കു വെള്ളം കുടിക്കണോ....?”- ചോദ്യം എന്നോടാണ്
ഞാന്‍ ഒന്നു ഞെട്ടി..ദൈവമേ..അവസാനമായി വെള്ളം കുടിപ്പിച്ച് ഇങ്ങേര് എന്നെ യാത്രയാക്കുവാണോ..! അഞ്ചു കിലോമീറ്റര്‍ നടന്ന ക്ഷീണം എനിക്കുണ്ട്..ഒരുകുടം വെള്ളത്തിനുള്ള ദാഹവും..!!
“ഉം..”  ‌-ഞാന്‍ ഭവ്യതയോടെ തലയാട്ടി.
ഒരു ഓട്ടുമൊന്ത യില്‍ എനിക്കു നീട്ടിയ വെള്ളം ഒറ്റയടിക്ക്   “മടുക്കു മടുക്കോന്ന് ”  ഞാന്‍ കുടിച്ചു തീര്‍ത്തു.
ആകുടികണ്ട്”  “എവന്‍ തീരാന്‍ പോവ്വാണോ“   എന്ന് അമ്മാവനും പണിക്കരും നേര്‍ക്കുനേര്‍ നോക്കി..!
“നെനക്ക് ഒറക്കം വരണൊണ്ടോ...?”           ‌- ഹും..!പിന്നേ......  ഒറക്കം വരാന്‍ പറ്റിയ നേരം...!
“ഇല്ല.....”
“മൂത്രോഴിക്കണോ...?”
“ഉം.....”
“ന്നാ പോയൊഴിച്ചോ....”- പറയേണ്ട താമസം ..ഫില്‍റ്റര്‍ ചെയ്ത ഒരു മൊന്ത വെള്ളം ചൂടോടെ  പണിക്കരുടെ മുറ്റത്തു പതിച്ചു...! ആശ്വാസത്തോടെ തിരിച്ചുവന്നപ്പോള്‍ ,കഴിക്കാന്‍ ഒരു ഗുളിക തന്നു..
പിന്നെ കാല് താഴ്ത്തി വച്ച്  മുട്ടിനു താഴേക്ക്  ഓട്ടു കിണ്ടിയില്‍നിന്നും വെള്ളം ധാരയായി ഒഴിച്ചു....അവസാനം  വീര്‍ത്ത കണങ്കാലില്‍ നിന്നും ആ ചുവന്ന റിബ്ബണിന്റെ കെട്ടഴിച്ചു...........
ഈശ്വരാ ഇപ്പോള്‍ താഴെയുള്ള വിഷം മുഴുവന്‍ രക്ത ത്തില്‍ കലരും.....അധികം വൈകാതെ..ഞാന്‍....! ദൈവമേ...!!ഉമ്മറത്തെ മരത്തൂണിലേക്കു ചാരി ,നിഷങ്ങളെണ്ണി യെണ്ണിഞാനിരുന്നു....!!

                    * * * * * * * *
       

പുഷ്പാഞ്ജലിയും, കൂട്ടുപായസവുമുള്‍പ്പെടെ ഭഗവതിയ്ക്കുള്ള വഴിപാടുകള്‍ നടത്തി തൊഴുകയ്യോടെ  അമ്പലനടയില്‍ നിന്നും വെളിയിലേക്കിറങ്ങിയ അച്ചാമ്മയെ ഞാനാണാദ്യം കണ്ടത്...!
“ദാ...അച്ചാമ്മ...!” - അമ്മാവനോടായി ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു...
“നീയെന്താടാ ഇവിടെ...?”- അച്ചാമ്മക്ക് അല്‍ഭുതം..
“” ഞാന്‍ ദേ..അമ്മാവന്റെ കൂടെ...”
“ഇവന്റെ കാലേല് ഏതാണ്ടൊന്നു കടിച്ചാരുന്ന്...!” -ഇതിനകം അടുത്തെത്തിയ അമ്മാവന്‍ അച്ചാമ്മയോട്   “കഥ ഇതുവരെ”   അവതരിപ്പിച്ചു.....ഇതുകേട്ട അച്ചാമ്മ നെഞ്ചത്തു കൈവച്ച് പൂര്‍വ്വാധികം ശക്തിയായി പള്ളിക്കല്‍ക്കാവ് ഭഗവതിയെ വിളിച്ച് എന്നെ രക്ഷിച്ചതിനുള്ള നന്ദിയും കടപ്പാടും നേരിട്ടു രേഖപ്പെടുത്തി..!
അച്ചാമ്മ പകര്‍ന്ന പായസം കൈവെള്ളയില്‍ നിന്നു രുചിക്കുമ്പോള്‍...മരണം മറികടന്ന ഒരുഭാവം എന്റെ മുഖത്തുണ്ടായിരുന്നു..!
“ന്നാ യിനി നീ അച്ചാമ്മേടെ കൂടെ വീട്ടിലേക്കു പൊയ്ക്കോ...”
എന്റെ മനസ്സറിഞ്ഞപോലെ അമ്മാവന്‍ പറഞ്ഞു....
- പിന്നെ...പോക്കറ്റില്‍ നിന്നും ഒരു, ഒരുരൂപാനോട്ടെടുത്ത് എന്റെ കയ്യില്‍ വച്ചു. ഓരോവിസിറ്റിനും ഇതു പതിവുള്ളതാണ്..!
അഞ്ചു ദിവസത്തെ ഗ്രാറ്റുവിറ്റി,പിഎഫ്...മുതലായ അവകാശങ്ങളെല്ലാം അതില്‍ പെടും...! പാവം ഇത്തവണയും അതുമുടക്കിയില്ല...! എന്റെ കണ്ണുകള്‍ തിളങ്ങി...മറ്റൊന്നും ചിന്തിക്കാതെ ആ രൂപയുമായി അമ്പലനടയിലേക്കു പാഞ്ഞു..! എന്റെ പ്രാര്‍ത്ഥനയും..അപേക്ഷയും ,കൈക്കൊണ്ട ദേവിക്ക്  കാണിക്കയായി ആ നോട്ട് സമര്‍പ്പിച്ച്  കൈകള്‍ കൂപ്പി...
“എരിക്കിന്റെ എല അരിഞ്ഞു ചൂടാക്കി കിഴി കുത്തണം...പിന്നെ ദേഹം തണുക്കെ കുളിപ്പിക്കണം......” - പണിക്കരു പറഞ്ഞ ചികിത്സാ വിധികള്‍ അമ്മാവന്‍ അച്ചാമ്മക്കു പകര്‍ന്നു.. അമ്മാവനോടു യാത്ര പറഞ്ഞ് വീട്ടിലേക്കു നടക്കുമ്പോള്‍ ..അച്ചാമ്മയുടെ വക ലൈവ് ഡയലോഗ്..
“ കണ്ണില് കൊള്ളേണ്ടത്..പുര്യത്തേല്...!     - ന്റെ ഭഗോതീ.. നീ കാത്തു...!!”


* * * * * * *

തോട്ടറപ്പുഞ്ചയുടെ കിഴക്കേക്കരയില്‍ സുപ്രഭാതം പൊട്ടിവിടരുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്...! പണിക്കരുടെ ചികിത്സ നന്നായി ഫലിച്ചു..കാലിലെ നീരൊക്കെ മാറി... അമ്മയുടെ ആവലാതിയും തെല്ലൊന്നു കുറഞ്ഞു...
എന്തായിരുന്നു പുകില്..! ഇന്നലെ നടന്ന കാര്യങ്ങള്‍ വിവരിക്കുമ്പോള്‍....അമ്മ വിങ്ങിപ്പൊട്ടുകയായിരുന്നു...
                                                 കുറേക്കൂടി പുലര്‍ന്നശേഷം വീടിന്റെ കിഴക്കേമുറ്റത്ത്  ഇന്നലത്തെ വേഷവിധാനങ്ങളോടെ  വലിയമ്മാവന്‍ പ്രത്യക്ഷപ്പെട്ടു..!ഞാന്‍ ഇപ്പോഴും ആരോഗ്യവാനായി ജീവിച്ചിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത ,പ്രത്യേകിച്ചാരും പറയാതെ തന്നെ അമ്മാവന്‍ സ്ഥിതീകരിച്ചു..!സന്തോഷ സൂചകമായി അദ്ദേഹം മൂന്നാലു പ്രസ്ഥാവനകള്‍ പുറത്തിറക്കി...
“പേടിത്തൊണ്ടന്‍..! എന്നാ കരച്ചിലാര്‍ന്നു...!!”
“ആമ്പിള്ളേരായാ..കൊറേക്കൂടെ ദൈര്യം വേണം ദൈര്യം..!”
ചെറിയൊരു നാണത്തോടെ ഞാന്‍ തലതാഴ്ത്തി... അമ്മ കൊടുത്ത ചായ മൊത്തുന്നതിനിടയില്‍  മാമാജി തുടര്‍ന്നു..
“ എനിക്കപ്ലേ..അറിയാര്‍ന്നു..ഒരു കൊഴപ്പോം..ഇല്ലെന്ന്...!”
ഉം...അത്  പുളു...!ഈ മുഖത്തെ വെപ്രാളം  ഞാന്‍ കണ്ടതല്ലേ...
“ അതുപിന്നെ...എഴഞ്ഞു നടക്കണേനെ കണ്ടാ ആരാ പേടിക്കാത്തെ എന്റേട്ടാ...?”
അമ്മ എന്റെ രക്ഷക്കെത്തി..!
“...ഉം....പിന്നേ..ഒണങ്ങിയ റബ്ബറു കമ്പ് എന്നുമൊതലാടീ എഴഞ്ഞു നടക്കാന്‍ തൊടങ്ങീത്...??”
ഒരുനിമിഷം  അമ്മ അന്തം വിട്ടു നിന്നു..പിന്നെ എന്റെ നേരേ നോക്കി...!! ഞാന്‍  മെല്ലെ പിറകിലേക്കുവലിഞ്ഞു.....സത്യത്തില്‍..എന്താണു..സംഭവിച്ചത്..?.. ആ......ആര്‍ക്കറിയാം..!
പ്രസ്ഥാവനകള്‍ ഉപസംഹരിച്ച്  പോകാനൊരുങ്ങിയ അങ്കിള്‍ജീക്കു മുന്നില്‍ ഞാന്‍ വീണ്ടും.....
“ ന്താടാ.....?”
പുറകിലൊളിപ്പിച്ച വലതുകൈ അമ്മാവനുനേരേനീട്ടി ഞാന്‍ മെല്ലെ തുറന്നു....
ഫസ്റ്റ് എയിഡ് ആയി  ഞാന്‍ ഉപയോഗിച്ച  ആ ചുവന്ന റിബ്ബണ്‍...! -അതു കണ്ട് ആനന്ദ പുളകിതനായി,   “വെല്‍ഡണ്‍..മൈ സണ്‍...ഐ ആം പ്രൌഡ് ഓഫ് യൂ.......! “
എന്നൊന്നും അദ്ദേഹം പറഞ്ഞില്ല..പകരം
വാത്സല്യത്തോടെ എന്റെ നെറുകയില്‍ തലോടി...!
“അപ്പോ..എന്നെ കടിച്ചത് പാമ്പല്ലാരുന്നോ...?”
എന്റെ സംശയം പിന്നെയും പിന്നേയും  ബാക്കിയാക്കി അദ്ദേഹം യാത്ര പറഞ്ഞു പിരിഞ്ഞു....
ഒരുനെടുവീര്‍പ്പോടെ അമ്മ എന്നെ ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ മുത്തമിട്ടു..ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.....
എന്റെ ജാതകത്താളിലെ സര്‍പ്പഭയം നീങ്ങിയതിന്റെ ആനന്ദാശ്രു..!!

*

6 അഭിപ്രായങ്ങൾ:

  1. അറിഞ്ഞോ..അറിയാതെയോ മനസ്സില്‍ കടന്ന, ഭയപ്പെടുത്തുന്ന ഒരു ചിന്ത...സത്യമോ..മിഥ്യയോ..എന്തായാലും അത് ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.കഥാപാത്രങ്ങള്‍ മിക്കവരും ജീവിച്ചിരിപ്പുണ്ട്...! പിന്നെ പാമ്പിന്റെകര്യം,സത്യായിട്ടും എനിക്കറിയില്ല..!!!

    മറുപടിഇല്ലാതാക്കൂ
  2. വെറുതേ മനുഷ്യനെ പേടിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. ആ ചുവന്ന “റിവണ്‍” മറക്കാതെ തിരികെ കൊണ്ടുവന്നല്ലോ, അതു നന്നായി.പിന്നെ സര്‍പ്പ ഭയവും മാറിക്കിട്ടിയല്ലോ. രസകരമായി വായിച്ചു പോയി.നല്ല രചനാരീതി. ഇഷ്ടമായി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. അയ്യേ... ഉണങ്ങിയ റബറിന്റെ കമ്പ്...കഥയുടെ പേരൊക്കെ കേട്ടപ്പോ ഏതാണ്ട് വലിയ സംഗതിയാന്നു കരുതി.

    മറുപടിഇല്ലാതാക്കൂ