ഞായറാഴ്‌ച, ജനുവരി 02, 2011

മിഴിനീര്‍പ്പൂക്കള്‍


ശുപത്രിയുടെ ഇടനാഴിയില്‍, ചാരുബഞ്ചിലിരുന്ന് മുഖം പൊത്തി അയാള്‍തേങ്ങി..
ചെയ്തുപോയ അപരാധത്തിനു എന്തു പ്രായശ്ചിത്തമാണു ഞാന്‍ ചെയ്യേണ്ടത് …? ശപിക്കപ്പെട്ട ആ നിമിഷത്തില്‍ എന്തേ..എന്തേ.തീര്‍ത്തും വീണ്ടുവിചാരമില്ലാതെ പോയി..?
“പേടിക്കെണ്ടടോ..ചെറിയൊരു ഫ്രാക്ചര്‍..അത്രയേഉള്ളു....!”
ഡോക്ടറുടെ വാക്കുകള്‍ അത്രയൊന്നും അയാള്‍ക്കാശ്വാസമേകിയില്ല.
ആ  ചെറിയ പൊട്ടല്‍ എന്റെ പൊന്നുമോന്റെ കുഞ്ഞു ഹ്യദയത്തില്‍ എത്ര ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടാവാം..!ഈശ്വരാ....ഈകൈ...ഇതുകൊണ്ടാണല്ലോ..ഞാന്‍...
അയാള്‍  വലതുകൈ ചുരുട്ടി ഭിത്തിയില്‍...ആഞ്ഞിടിച്ചു..!
                                             * * * * * * *
                                     മെറൂണ്‍ കളറില്‍ വെട്ടിതിളങ്ങുന്ന ആ പുത്തന്‍ കാര്‍ ഡ്രൈവുചെയ്ത്  വീട്ടിലെത്തിയപ്പോള്‍ തെല്ലൊരഭിമാനം തോന്നി.വര്‍ഷങ്ങളോളം മനസ്സില്‍ താലോലിച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം...അപ്പോള്‍ത്തന്നെ സുനിതയേയും ഉണ്ണിമോനെയും കൂട്ടി ഒരു റൌണ്ടടിച്ചുവന്നു..എന്താഹ്ലാദമായിരുന്നു എന്റെ ഉണ്ണിക്ക്..
“നോക്കൂദീപൂ നമ്മളേക്കാളേറെ അവനാണിതാഗ്രഹിച്ചതെന്നു തോന്നുന്നു..!!”
ഭാര്യയുടെ വാക്കുകള്‍ ശരിയാണെന്നായാള്‍ക്കും തോന്നി.
                                            * * * * * * *
        “ ന്നിപ്പോ ഓഫീസ്സില്‍ എല്ലാവര്‍ക്കും ട്രീറ്റ് ചെയ്തേ പറ്റൂ”  -തിടുക്കത്തില്‍ ബ്രേക് ഫാസ്റ്റു കഴിക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു
“ഉം..എനിക്കറിയാം..ഓവറാക്കണ്ട കേട്ടോ..”-സുനിതയുടെ താക്കീതു കേട്ട് അയാള്‍ ചിരിച്ചു
“ എവിടെ ഉണ്ണി..?”
“ അവനിപ്പോ  നമ്മളെ വേണ്ടാല്ലോ..നേരം വെളുത്തപ്പോ മുതല്‍ ദാ കാറിനടുത്തുണ്ട്..”
കൈ കഴുകി മുഖംതുടക്കുന്നതിനിടയില്‍  എന്തോ ഒന്നു വീണുടയുന്ന ശബ്ദം കേട്ടു
“ സുനീ.. എന്താ അത്...”
അവളുടെ മറുപടിക്കു കാത്തു നില്‍കാതെ  അയാള്‍  സിറ്റൌട്ടിലെത്തി
“ഉണ്ണീ...ഉണ്ണീ..!”
മറുപടി കിട്ടിയില്ലെങ്കിലും കാറിനു പിന്നില്‍ ഭിത്തിയോടു ചേര്‍ന്നു ഭയചകിതനായി നില്‍ക്കുന്ന കുഞ്ഞിനെ അയാള്‍ കണ്ടു.
“എന്താ കണ്ണാ..എന്തുപ......” -മുഴുമിക്കുന്നതിനു മുന്‍പു തന്നെ അയാളാ കാഴ്ച്ച കണ്ടു
ഡ്രൈവ് സൈഡിലെ മിറര്‍  തകര്‍ന്നുകിടക്കുന്നു....താഴെ അതു തകര്‍കാന്‍ പോന്ന ഒരു കല്ലും..!!
കാലിലെ പെരുവിരല്‍ മുതല്‍ ഒരുതരിപ്പ് മേലേക്ക് ഇരച്ചു കയറുന്നത് അയാളറിഞ്ഞു...
“ടാ....എന്താ ഇത്.? ..എന്താ ഈകാണിച്ചത്..?”
അവന്‍ മറുപടിയൊന്നും പറയാതെ അവിടെത്തന്നെ നിന്നു വിതുമ്പി..
ശരീരത്തിലെ ഓരോ തുള്ളി രക്തവും തിളക്കുകയായിരുന്നു അയാള്‍ക്ക്..
“നിന്നോടാ ചോദിച്ചത്....എന്തിനാ‍ ഇതെറിഞ്ഞുടച്ചേന്ന്.....?”
വിടര്‍ന്നകീഴ് ചുണ്ട് മുന്നിലേക്കു മലര്‍ത്തി  നിശബ്ദനായി അവന്‍ നിന്നു...
സഹിക്കാവുന്നതിനപ്പുറമായിരുന്നു അയാള്‍ക്കത്.
ആളിക്കത്തിയ രോഷാഗ്നിയില്‍ മുന്നോട്ടാഞ്ഞ് അവനെ വലിച്ചിഴച്ച്  ,മുറ്റത്തേക്കു കൊണ്ടുവന്ന്
വീണ്ടും അയാളാ ചോദ്യം ആവര്‍ത്തിച്ചെങ്കിലും...മറുപടിയുണ്ടയില്ല  -ഒരുതേങ്ങലല്ലാതെ...!
കോപംജ്വലിച്ചുനിന്ന  അയാളുടെ കണ്ണുകള്‍ക്ക് കാഴ്ച് നഷ്ടപ്പെട്ടിരുന്നു
ആ കുഞ്ഞിക്കൈകള്‍ രണ്ടും ചേര്‍ത്തുപിടിച്ച് കയ്യില്‍ തടഞ്ഞതെന്തോ ഒന്നെടുത്ത്  കാല്‍മുട്ടിനുതാഴെ ആഞ്ഞടിച്ചു..!വീണ്ടും.!!വീണ്ടും.....!!!
“യ്യോ..എന്തായീക്കാട്ടണേ...”
അകത്തുനിന്നും സുനിത ഓടിയെത്തി കുഞ്ഞിനെ വലിച്ചു മാറ്റുമ്പോള്‍ അവള്‍ക്കും കിട്ടി പ്രഹരം.
അവന്‍ വേദനകൊണ്ടു പുളഞ്ഞു കരഞ്ഞെങ്കിലും അല്പം പോലും ശബ്ദം വെളിയില്‍ വന്നില്ല
നിലത്തുനിന്നെഴുന്നേല്‍ക്കാനാവാതെ...വായ് പിളര്‍ന്ന് ..ശ്വാസംകിട്ടാതെ കൈകാലിട്ടടിച്ച്....
“യ്യോ...ഉണ്ണീ...ഉണ്ണീ....!!”
ഒരലര്‍ച്ചയോടെ..സുനിതയും തളര്‍ന്നു വീഴുകയായിരുന്നു....!
                                                * * * * * * *
                            ചുമലില്‍ തണുത്ത ഒരുസ്പര്‍ശം.....കരഞ്ഞു കലങ്ങിയ മുഖമുയര്‍ത്തി അയാള്‍ നോക്കി.-  നിറകണ്ണുകളുമായി സുനിത..!
“ഏട്ടാ..!”- വെളിയിലേക്കു വന്ന തേങ്ങല്‍ കടിച്ചമര്‍ത്തിഅവള്‍ വിളിച്ചു...
എല്ലാനിയന്ത്രണങ്ങളും വിട്ട് അയാള്‍ പൊട്ടിക്കരഞ്ഞു...ആശ്വസിപ്പിക്കാനുള്ള അവളുടെ ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടു..അവളെ ചേര്‍ത്തണച്ച്  തേങ്ങുമ്പോള്‍ വിതുമ്പലോടെ സുനിത പറഞ്ഞു...
“..മോന്......മോന്...അച്ഛനെ കാണണം...ന്ന്..!!”
അയാളുടെ ഹ്യദയത്തിലേക്ക് ആരോ തീക്കനല്‍ കോരിയിട്ടു....
“ഞാന്‍..എങ്ങനെ അവന്റെ മുഖത്തു നോക്കും..സുനീ...”
“സാരോല്ല....ബോധം തെളിഞ്ഞപ്പോ..ആദ്യം  ചോദിച്ചത്..അച്ഛനെയാ..”-അവളുടെ വാക്കുകള്‍ ഒരുതേങ്ങലില്‍ മുറിഞ്ഞു....
തെല്ലൊരാശങ്കയോടെയാണ് കിടക്കക്കരുകിലേക്ക് അയാള്‍ ചുവടുവച്ചത്..
ഇടതുകാലില്‍ പ്ലാസ്റ്റര്‍ ചുറ്റി, ഗ്ലൂക്കോസും ഇന്‍ജക്ഷനുമൊക്കെയായി...‍ എന്റെ മോന്‍...
ആ കാഴ്ച ഹ്യയഭേദകമായിരുന്നു അയാള്‍ക്ക്...
കിടക്കയില്‍  ചേര്‍ന്നിരിക്കുമ്പോള്‍.അയാളുടെ ഹ്യദയമിടിപ്പ് വെളിയില്‍ കേള്‍ക്കാമായിരുന്നു....
വിറക്കുന്ന കയ്യാല്‍, തളര്‍ന്നു മയങ്ങുന്ന പൊന്നുമോന്റെ നെറ്റിയില്‍ മെല്ലെ തലോടി....
“..മോനേ...കണ്ണാ....”- ആശബ്ദം വല്ലാതെ ഇടറിയിരുന്നു..
പാതി കൂമ്പിയ കണ്ണുകള്‍ മെല്ലെത്തുറന്ന്  അവന്‍ അച്ഛനെ നോക്കി....
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..
വിറയാര്‍ന്ന ചുണ്ടുകള്‍  മെല്ലെ ചലിച്ചു..
“അച്ചാ....മ്മടെ..വണ്ടിയേല്.....ഒരു..കാക്ക..അതാ ഞാന്‍.......സോറീ..അച്ചാ...!!”- മുഴുവന്‍ പറയാനനുവദിക്കാതെ അയാള്‍ അവന്റെ വായ പൊത്തി..!!
“ന്റെ ..മുത്തേ...!!”- ഒരലര്‍ച്ചയായിരുന്നു അത്..
പൊന്നോമനയെ മാറോടുചേര്‍ത്ത് അയാള്‍ ഉറക്കെ ഉറക്കെ ക്കരയുമ്പോഴും...
വല്ലാത്തൊരാവേശത്തോടെ വലതുകൈ ഭിത്തിയില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു....!!!
                                                                                       *

17 അഭിപ്രായങ്ങൾ:

  1. കഥ മനസില്‍ തട്ടി, കഥാവസാനത്തിലുള്ള കരച്ചിലില്‍ എന്റെ ഉള്ളും തേങ്ങി. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. മനസ്സ് നോവിച്ച കഥ ...നന്നായി

    മറുപടിഇല്ലാതാക്കൂ
  3. കഥയും പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു.
    എഴുത്ത് നന്നായി എന്ന് കൂടി കൂട്ടിച്ചേര്‍ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. ഇത് പോലൊരു കഥ മെസ്സേജ് ആയി കിട്ടിയിരുന്നു ഫോണില്‍,

    മറുപടിഇല്ലാതാക്കൂ
  5. എന്റെ ബ്ലോഗില്‍ കണ്ട കമന്റിന്റെ ആളെ കാണാന്‍ വന്നതാ. ആ വരവ് പക്ഷെ വെറുതെ ആയില്ല. മനസിനെ സ്പര്‍ശിക്കുന്ന എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  6. വളരെ മനോഹരം ആയി എഴുതി ..

    ഈ കഥയുടെ ആശയം പുതിയത് അല്ല .ഇംഗ്ലീഷ് മെയില്‍ ആയും മറ്റും കണ്ടിട്ടുണ്ട് .പക്ഷെ കഥാകാരന്
    വായനക്കാരുമായി ആശയം പങ്ക് വെക്കുന്നതിനുള്ള ഒരു പ്രത്യേക കഴിവ് എഴുത്തില്‍ കാണുന്നുണ്ട്. വികാര ഭാവങ്ങള്‍ വളരെ തീഷ്ണമായ രീതിയില്‍ തന്നെ പകര്‍ന്നു നല്‍കുന്നത് വായനയില് വളരെ സംതൃപ്തി നല്‍കുന്നു.


    വട്ടപ്പൂജ്യവും കൊച്ചു കൊച്ചു സന്ദേശങ്ങളും വായിച്ചു.ആ കഥകളില്‍ നിന്നു കൂടിയാണ് കഥാകാരന്റെ ഈ കഴിവിനെ വിലയിരുത്തിയത്. ആശംസകള്‍...വീണ്ടും എഴുതുക..

    മറുപടിഇല്ലാതാക്കൂ
  7. പെട്ടെന്നുള്ള കാഴ്ചകളില്‍ വിവേകം നശിക്കുക എന്നത് സംഭവിക്കുന്നത്.
    മനസ്സില്‍ തട്ടുന്ന വിധത്തിലുള്ള അവതരണം ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  8. മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതി.

    മറുപടിഇല്ലാതാക്കൂ
  9. അവിവേകത്തെ മനസ്സിൽ തട്ടിക്കും വിധം അവതരിപ്പിച്ചു .. ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  10. ഇഷ്ടപ്പെട്ടു.....ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  11. അനാവശ്യമായ ഒരു കൂട്ടിച്ചേര്‍ക്കലുമില്ലാതെ, കഥാതന്തുവില്‍ നിന്ന് അണുവിട വ്യതി ചലിക്കാതെ, കഥാപാത്രങ്ങളുടെ ഐഡന്റിറ്റി കത്ത് സൂക്ഷിച്ചു മനോഹരമായി എഴുതിയ ഒരു കഥ. ആവേശത്തോടെ അച്ഛന്‍റെ കാറില്‍ അഭിമാനം തോന്നി ശത്രുവായ കാക്കയെ ആക്രമിക്കുന്ന കുട്ടി വിപരീത ഫലത്തില്‍ നിശബ്ദനാകുന്നത് എഴുതാതെ തന്നെ പറഞ്ഞു. അന്ധാളിപ്പിനോടുവില്‍ അവനു വാക്കുകള്‍ തിരികെ കിട്ടുമ്പോള്‍ അടികിട്ടിയത്തിലുള്ള ദേഷ്യത്തെക്കാള്‍ കുറ്റബോധം പ്രകടിപ്പിക്കുമ്പോള്‍ വായനക്കാരനനും അച്ഛന്‍റെ മാനസീകാവസ്തയിലേക്ക് ഉയര്‍ത്തപ്പെടുന്നു. പ്രഭാന്‍, നിങ്ങള്‍ക്ക് അഭിമാനിക്കാം, ഇതെഴുതിയതില്‍.

    മറുപടിഇല്ലാതാക്കൂ
  12. കഥാംശംവേറേ പലയിടത്തും കേട്ടിറ്റുണ്ടെങ്കിലും നല്ല അവതരണവും ആശയവിനിമയവും കഥയെ ഹൈലൈറ്റ് ചെയ്യുന്നു... ഇഷ്ടമായ് ഈ ചെറുകഥ ഒപ്പം കഥയിലെ സന്ദേശവും ഉൾക്കൊള്ളുന്നു.

    മറുപടിഇല്ലാതാക്കൂ
  13. ഇഷ്ടപ്പെട്ടു. മനസ്സില്‍ തട്ടി

    മറുപടിഇല്ലാതാക്കൂ