ഞായറാഴ്‌ച, ഡിസംബർ 26, 2010

വട്ടപ്പൂജ്യം

   നെല്‍ചെടിയുടെ ഗന്ധമുള്ള ഇളം കാറ്റ് ആസ്വദിച്ച് ,പുഞ്ചയുടെ നടുവിലെ കോണ്‍ക്രീറ്റ്പാലത്തിന്റെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് കുട്ടിക്കാലമായിരുന്നു .നീന്തലിന്റെ  എല്‍ക്കേജീ മുതല്‍ , മാസ്റ്റര്‍ ഡിഗ്രിവരെ പാസ്സായത് ഈ തോട്ടിലാണ്...ഈ കല്‍ക്കെട്ടില്‍ നിന്നും വെള്ളത്തിലേക്കുള്ള
ട്രിപ്പിള്‍ജമ്പ്..ചൂണ്ടയിടല്‍...കക്കവാരല്‍...എല്ലാം..എല്ലാം..ഇന്നലെയെന്നപോലെ മനസ്സില്‍ തെളിയുന്നു..
 “ നീ എന്നാടാ വന്നത്..?”
ആശബ്ദം എന്നെ വര്‍ത്തമാനകാലത്തിലേക്കു കൊണ്ടുവന്നു..!
‍കള്ളിഷര്‍ട്ടും,കൈലിയും  തലയില്‍ വട്ടക്കെട്ടും, കയ്യില്‍ ഒരു ഉണങ്ങിയ ഓല മടലുമായി  ഗോപാലന്‍..!!
                      ഈ പുഞ്ചപ്പാടത്ത് അങ്ങോളമിങ്ങോളം കാലിമേയ്ക്കാനും,കപ്പ മാന്താനും, കണ്ണുകെട്ടിക്കളിക്കാനും,ഈ തോട്ടില്‍ തലകുത്തിചാടിമറിയാനും,മീന്‍പിടിക്കാനുമെല്ലാമെല്ലാം ചെറുപ്പത്തില്‍കൂടെയുണ്ടായിരുന്നവന്‍..!!- ആറാംതരത്തില്‍ രണ്ടു കൊല്ലമടക്കം ഏഴുകൊല്ലത്തെ വിദ്യാഭ്യാസം നിര്‍ത്തുമ്പോഴേക്കും , ജീവിക്കാനുള്ള വിദ്യ സ്വയം അഭ്യസിച്ചവന്‍..!
റബ്ബര്‍ ടാപ്പിങും,പാടത്തുപണിയുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചവന്‍.. വര്‍ഷങ്ങള്‍ക്കു ശേഷം ,അഷ്ടിക്കു വകതേടി ഞാന്‍ നാടുവിടുമ്പോള്‍  പലവക ജോലികള്‍കൊണ്ട് കഷ്ടിച്ച് ജീവിച്ചിരുന്നവന്‍......കഴിഞ്ഞ രണ്ടുമൂന്നു അവധിക്കാലത്ത് ഇവനെ കണ്ടിരുന്നേയില്ല..!
“നിനക്കെന്നെ മനസ്സിലായില്ലേടാ..?”-
എന്റെ സൂഷ്മ വീക്ഷണം കണ്ടിട്ടാവണം അവന്‍ ചിരിച്ചുകൊണ്ട് അടുത്തുവന്നു..
“പിന്നേ..ആവാണ്ട്..?..എന്തുണ്ട് വിശേഷങ്ങള്..?”
“ഓ..എന്നാ വിശേഷം..വല്യ കൊഴപ്പയില്ലാതെ പോണ്..!”-കയ്യിലിരുന്ന ഓലമടല്‍ താഴെയിട്ട്, തലയിലെ തോര്‍ത്തഴിച്ചു മുഖംതുടച്ചുകൊണ്ട്  എനിക്കഭിമുഖമായി  അവനും ഇരുന്നു..    
“എങ്ങനെയുണ്ട് പുതിയ ബിസ്സിനസ്സൊക്കെ?.....”-അവന്റെ ഇരുചുമലിലും തട്ടിആശ്ലേഷിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
“പഴേ തരികിടയൊക്കെ നിര്‍ത്തി..ഇപ്പോ മണലുപണിമാത്രേ ഒള്ളൂ... .”
ആരോ പറഞ്ഞു ഞാനും അതറിഞ്ഞിരുന്നു.
“റബ്ബറു വെട്ടി നടന്ന നീയെങ്ങനെയാ മണല്‍ മാഫിയാ ആയത്..?..”
                            “ ഓ..അതൊരു കതയാ.....മേപ്രായിലെ കറിയാന്റെ കൂടെ മണലു ലോടിങ്ങിനു പോയതാരുന്നെടാ...കൊറേകഴിഞ്ഞപ്പം പതുക്കെ ഒരുടിപ്പറു വാടകക്കെടുത്ത് രാത്രീല്  കള്ളലോടു വെച്ചു...ര്‍ണാകൊളത്തും,കാക്കനാടും...ഒക്കെ...! തരക്കേടില്ലാന്നുവന്നപ്പം....ടിപ്പറുകാരന് വാടക കൂട്ടണംന്ന്.....ഞാന്‍ കൊടുക്കുവോ..?? പോകാന്‍ പറഞ്ഞു... ഏല്ലാംകൂടി തപ്പിവാരി വിറ്റു പെറുക്കി ഒരു ടിപ്പറ് മേടിച്ചു.....ട്രൈവിങറിയാവുന്നതുകൊണ്ടു  ഞാന്‍ തന്നേ..ഓടിച്ചു..
തനി നാട്ടുഭാഷയില്‍ ,     ആണ്ടും, മാസവും, തീയ്യതിയും സഹിതം ഗോപാലന്‍ എന്ന ഗോപി വിവരണം തുടര്‍ന്നു.കൌതുകത്തോടെ, അതിലേറെ ജിജ്ഞാസയോടെ ഞാനതു കേട്ടിരുന്നു...
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു കാജാ ബീഡിയെടുത്ത് ചുണ്ടില്‍ വച്ച്, ഒന്നെനിക്കും നീട്ടി..
“ഓ...നീ വലിക്കൂല്ലാ..അല്ലേ... മ്മക്ക് ഇതില്ലാണ്ടു പറ്റൂല്ലെടാവേ....!”
                          ലൈറ്ററില്‍ നിന്നും തീ പകരുമ്പോള്‍ പോക്കറ്റിലെ മൊബൈല്‍ ഫോണില്‍ നിന്നും ഒരു പഴയകാല ചലച്ചിത്ര ഗാനം ഉയര്‍ന്നു...പുകയൂതിക്കൊണ്ട് അവന്‍ ഫോണ്‍ എടുത്തു.
“ന്താടാ......ഞാനിച്ചെരെ...കഴിഞ്ഞു വരാം....ങാ..ശെരി..ശെരി.......
- ചെറുക്കനാ,...ന്നെ കാണാഞ്ഞിട്ടു വിളിച്ച താ...”
“മോനെത്രവയസ്സായി..?”
“ഇപ്പം...ഒമ്പതിപ്പടിക്കണ്....”
“മോളോ..?”
“അവളേഴില്....!”
“ഉം..പിള്ളേരൊക്കെ വലുതായി..അല്ലേ...?”
“നേരത്തേ പെണ്ണു കെട്യകാരണം... ഇത്രയൊക്കെയായി..!”
                  രണ്ടു പുകകൂടി എടുത്ത്,ശേഷിച്ച്ത് തോട്ടിലെ വെള്ളത്തിലേക്കെറിഞ്ഞുകൊണ്ട് അവന്‍ വിവരണംതുടര്‍ന്നു....
“...അങ്ങനെ ഇരിക്കുമ്പളാ..മാമ്പൊറത്തെ രാമന്നായര് , സലം വില്ക്കാന്‍ പോകുവാന്നു പറഞ്ഞത്..അവിടെ നല്ല മണലു കിട്ടൂന്ന് എനിക്കറിയാര്‍ന്നു..
രണ്ടാമത്തെ ടിപ്പറിനു സൊരുക്കൂട്ടിയ കാശും, പിന്നെ വീടും പറമ്പും പണയം വെച്ചും എല്ലാം കൂട്ടി ആ സലം മേടിച്ചു...
….നീ അറിയും..ആപൊഴയരുകിലെ......കാടുപിടിച്ചുകെടന്നസലം..!”
“ഉം...നമ്മുടെ പോലീസുകാരന്‍ ദാമൂന്റെ വീടിന്റഅപ്പുറത്ത്...?”
“...ങാ..അത് തന്നെ..!”-മൊബൈല്‍ വീണ്ടും പാട്ടു പാടി.എങ്കിലും...തിടുക്കത്തില്‍ അതെടുത്ത്  അവന്‍ കാള്‍ കട്ടു ചെയ്തു..
“ഇനിഞാന്‍ ചെല്ലാതെ നിര്‍ത്തൂല്ല -ന്ന് ഞാറാഴ്ച്ചയല്ലേ എവിടേങ്കിലും പോകാനാരിക്കും..!”
ഗോപാലന്‍ മെല്ലെ എഴുന്നേറ്റു..

“എന്നിട്ടെന്തായി...?” -വെറുതേയെങ്കിലും ആവിജയഗാഥ മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
“...പിന്നെ പറമ്പ് കുഴിച്ചു മണല്‍ എടുക്കാനൊള്ള കാര്യങ്ങളു ചെയ്തു....”
-പോകാനുള്ള  തിടുക്കത്തില്‍ ഗോപാലന്‍ ഉപസംഹരിക്കുവാന്‍ തുടങ്ങി..
“...... പഞ്ചായത്താപ്പീസ്... കളട്രേറ്റ്....ജിയോളജീ വകുപ്പ്...അങ്ങനെ..അങ്ങനെ..കാശുകൊറേ.. കളയെണ്ടിവന്നു.‍...!
                            ഇവനെങ്ങനെ  തനിയേ ഇതൊക്കെ സാധിച്ചു എന്ന് ഞാന്‍ ന്യായമായും സംശയിച്ചു.
“ ആരാ ഇതിനൊക്കെ നിന്നെ സഹായിച്ചത്..?”
“അന്നൊക്കെ സകായത്തിനു തെക്കേതിലെ രാകവന്‍ വരുവാരുന്നു..പിന്നെഅവനു പോലീസില് പണികിട്ടി.....ഇപ്പം..എന്റെ പെങ്ങടെ മകന്‍ മക്കുട്ടനെ നീ അറിയൂല്ലേ..അവനാ‍ എല്ലാം നോക്കുന്നെ...!”
“..ഓ..അറിയും..മഹേഷ്..അല്ലേ..?”
“..ങാ.അവന്‍ തന്നെ..അവനു നല്ല വിത്യാപ്യാസം ഒണ്ട് വേറെപണിയൊന്നുമായില്ല..എന്നാപ്പിന്നെ എന്റടുത്ത് നിന്നൊളാന്‍ പറഞ്ഞു....രൂവാ പൈനായിരം ഞാന്‍ കൊടുക്കണൊണ്ട്...അതുപോരേ അവന്...?”  

              ഗോപാ‍ലന്‍ പോകാന്‍ തിടുക്കമിട്ട് തോളിലെ തുണിയെടുത്തു തലയില്‍ കെട്ടി.
ആദ്യമായിക്കാണുന്നതുപോലെ ഞാനവനെ നോക്കി..!
“ഇപ്പൊ എങ്ങനെയുണ്ട് ബിസ്സിനസ്സ്..?”
“ ദൈവം സഹായിച്ച് ...ഇതുവരേ ഒരുകൊഴപ്പോമില്ല...!”
“കാശുകൊറേ ഉണ്ടാക്കിക്കാണും.. അല്ലേ..?”
“ഒക്കെ കണക്കാ..മൊത്തം ചെലവല്ലേടാ...
പത്തിരുവതുപണിക്കാരൊണ്ട്..അവര്‍ക്ക്കൂലി....പോലീസുകാര്‍ക്ക്...പഞ്ചായത്തില്.. യൂണിയങ്കാര്‍ക്ക്.....അതുകഴിഞ്ഞു രണ്ടു ടിപ്പറു മേടിച്ചു....മ്മടെ കുന്നുമ്പൊറത്ത് ഒരേക്കറ്  റവര്‍തോട്ടം.....എല്ലാം കാശല്ലേ..!”  -എന്റെ അമ്പരപ്പു കൂടി..!നാലും മൂന്നും ഏഴ്..എന്നറിയാത്ത ആ പഴയ ഗോപി തന്നെയോ..ഇത്..!!
-ഗോപാലന്‍ തുടര്‍ന്നു..
.“ഇപ്ലത്തെസൈറ്റിലെ മണലു തീരാറായി...റെയില്‍ വേടെ അപ്രത്ത് ഇച്ചിരി സലത്തിന് അട്വാന്‍സ് കൊടുത്തിട്ടുണ്ട്...ഇനി അതിനു കാശൊണ്ടാക്കണം...ആകെ പ്രശ്നങ്ങളാ...!“-അവന്‍ നിലത്തിട്ടിരുന്ന ഓല മടല്‍ എടുത്തു തോളില്‍ വച്ചു...
“.....അതിനിടക്കാ ഇവിടെ...ഈതെങ്ങിന്‍ തോപ്പ്  മേടിച്ചത്..വിട്ടു കളയാന്‍ തോന്നീല്ല..പണ്ട് ഞാനൊത്തിരി  കൊത്തിക്കെളച്ച മണ്ണാ...കൊറച്ചേ ഒള്ളു..ഇരുവത്തിരണ്ടു സെന്റ്.....ഇപ്പം അവിടെവരെ പോയേച്ചും വരുവാ....!”-എന്റെ അന്ധാളിപ്പ് ശ്രദ്ധിക്കാതെ അവന്‍ തുടര്‍ന്നു
“അല്ല...നിന്റെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ.....,അല്ലേലും..നിനക്കെന്താ കൊഴപ്പം...കെള്‍ഫില് ജോലി ....നല്ലചമ്പളം....കാശിനു..കാശ്....”        
-ഇരിപ്പിടം ചൂടായിട്ടെന്നപോലെ ഞാന്‍ പെട്ടന്നെഴുന്നേറ്റു...മനസ്സറിയാതെ ഒരു നിശ്വാസം വെളിയിലെത്തി..!
ഇരുകൈകളും അവന്റെ ചുമലില്‍ വച്ച് ഞാന്‍ പറഞ്ഞു.....
“ അതേടാ..എനിക്കു സുഖാണ്...”
“കൊറേ കാലായില്ലേ അവിടെ,...ഇനി തിരിച്ചുപോരാമ്മേലേ..?”
“ഉം.....പോരണം.!”- തലയാട്ടിക്കൊണ്ട് പറഞ്ഞ വാ‍ക്കുകള്‍ ഇടറിയത് അവന്‍‍ അറിഞ്ഞില്ല..
“..തറ കെട്ടീട്ട് എന്താ പെരപണി തൊടങ്ങാത്തെ...?”
                ഒരു തീക്കനല്‍കൂടി നെഞ്ചില്‍ വീണു.! ‌ -മറുപടി ഒരു ചിരിയിലൊതുക്കി ഞാന്‍ ...
“മണലു വേണോങ്കി പറേണം കേട്ടൊ ....ഞാന്‍ തന്നോളാം”
ആ വാഗ്ദാനത്തിനു നന്ദിയോടെ ഞാന്‍ തലയാട്ടി.
അവന്റെ പോക്കറ്റിലെ ഫോണ്‍ വീണ്ടും പാട്ടുപാടി.  
“ഈ ചെറുക്കനേക്കൊണ്ടു തോറ്റു....ഞാന്‍ പോകുവാടാ...പിന്നെക്കാണാം..”
ഓലയും തോളിലേറ്റി ഗോപാലന്‍ ഒരുപ്രത്യേകതാളത്തില്‍ നടന്നു നീങ്ങി....
വളര്‍ന്നു വലുതായൊരു പ്രസ്ഥാനം ആള്‍ രൂപത്തില്‍ നടന്നു പോകുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നു...   മുന്‍പും പിന്‍പും അക്കങ്ങളില്ലാത്ത വെറും വട്ടപ്പൂജ്യം പോലെ..!!
“..കെള്‍ഫില് ജോലി...നല്ലചമ്പളം...കാശിനു കാശ്......” ഗോപാലന്റെ വാക്കുകളുടെ പ്രതിധ്വനിയില്‍ എന്റെ മനസ്സ് വീണ്ടും പിടഞ്ഞു....
                                 പ്രിയ കൂട്ടുകാരാ... എനിക്കു നീ നല്‍കിയ വിശേഷണങ്ങളില്‍ ചേര്‍ക്കാന്‍
എന്റെ പക്കല്‍ ഇനിയുമുണ്ട് വാക്കുകള്‍...
തുടങ്ങിവച്ച വീടുപണി.....ശുഷ്ക്കിച്ച ബാങ്ക് അകൌണ്ട്....
ഇനിയും പാസ്സാകാത്ത ബാ‍ങ്ക് ലോണ്‍.....‍,
ഇന്‍ങ്ക്രിമെന്റ് ...സാമ്പത്തികമാന്ദ്യം....... ക്രെഡിറ്റ്കാര്‍ഡ്....വിലക്കയറ്റം......
ഹൊ..!എനിക്കു തലപെരുക്കുന്നു..!!
നെറുകയില്‍‍ ആകെശേഷിച്ച അഞ്ചാറു  രോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചുകൊണ്ട്
ഞാന്‍ താഴെ, തോട്ടിലെ തെളിനീരിലേക്കിറങ്ങി...
കുറച്ചുനേര ത്തേക്കെങ്കിലും...ഈമനസ്സൊന്നു...തണുക്കട്ടെ.....!!          
                                           *
                                                                                                                                            

13 അഭിപ്രായങ്ങൾ:

  1. ആശയം പഴയതാണെങ്കിലും അവതരണശൈലി നന്നായി.അപ്പോള്‍ കഥയും നന്നായി.അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. കഥയും കഥ പറഞ്ഞ രീതിയും നന്നായിർക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്..
    ചില ജീവിതചിത്രങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  4. ശരിയാണ്.. നാട്ടിലുള്ളവർക്ക് കാശിനു യാതൊരു പഞ്ഞവും ഇല്ല. അവർ ബൈക്കിലൊക്കെ ചെത്തി നടക്കുന്നതു കാണുമ്പോൾ, ഒരു സൈക്കിൾ പോലും സ്വന്തമായിട്ടില്ലാത്ത നമ്മൾക്ക് അവരോട് ആരാധനയാണൊ അതൊ അസൂയയാണൊ എന്ന് വേർതിരിച്ചറിയാനാവാത്ത അവസ്ഥ...!
    കഥ നന്നായി പറഞ്ഞു...
    ആശംസകൾ...

    (ഡിസം‌മ്പർ കഴിഞ്ഞിട്ടു മാസങ്ങൾ ആയല്ലൊ.. പിന്നൊന്നും എഴുതിയില്ലെ...?)

    മറുപടിഇല്ലാതാക്കൂ
  5. ഗോപാലന്മാര്‍ മണ്‍ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നു.
    നമ്മള്‍ ബിരിയാണിചെമ്പില്‍ കുരിയറിക്കഞ്ഞി ഉണ്ടാക്കുന്നു!!!

    നാടിന്റെ സ്പന്ദനം ഈ കഥയില്‍ കാണാനായി..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഒരു ഗള്‍ഫുകാരന്റെ നേരായ മുഖം, വ്യക്തമായി അവതരിപ്പിച്ചു ചുരുങ്ങിയ വാക്കുകളില്‍, നാട്ടുകാരന്റെയും.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  7. ഇതിലെന്തിന്റെയൊക്കെയോ മണമുണ്ട്. മണ്ണിന്റെ, വിയർപ്പിന്റെ, മാഫിയയുടെ, വ്യത്യസ്ത ജീവിതരചനകളുടെ................അങ്ങനെയങ്ങനെ! ഒരു കാലത്ത് ഗൾഫ് മലയാളി നാട്ടുകാർക്ക് ഒരു അസ്സൂയാപാത്രമായിരുന്നു. ഇന്നത് മാറി. പക്ഷേ കള്ളത്തരം കാട്ടി പണമുണ്ടാക്കുന്നവരെ നോക്കി നെടുവീർപ്പിടേണ്ടിവരുന്ന മനുഷ്യാവസ്ഥകൾ വല്ലാതെ വിഷമമുണ്ടാക്കുന്ന ഒന്നു തന്നെ. നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  8. "നാട്ടില്‍ നിന്നാ ശരിയാവൂല്ല ങ്ങ് ഗള്‍ഫില്‍ പോണം! പലരും പറയുന്നതാ
    ഇവിടെ ഗള്‍ഫുകാരന്റെ പരാതീനത പതിറ്റാണ്ട് കഴിഞ്ഞാലും തീരത്ത് എത്തൂല്ല
    തുഴയാം നിര്‍ത്തില്ലാതെ ....
    "..കെള്‍ഫില് ജോലി...നല്ലചമ്പളം...കാശിനു കാശ്...... "
    :(
    നന്നായി അവതരിപിച്ചു.

    മറുപടിഇല്ലാതാക്കൂ
  9. ഇത് താന്‍ ഗള്‍ഫ്‌....നല്ല അവതരണം...

    മറുപടിഇല്ലാതാക്കൂ
  10. Athokke oru yogamaa chettaa paranjittu oru karyavumilla... Hmmm post manasil thatti tto. Aa paalathinu mukalile irippum rangangalumokke oru cinema pole manasil kanan patti. Ee aduthu chettan ezhuthiya postukalil enikku ettavum ishttappettathu ithaanu... :)

    Regards
    http://jenithakavisheshangal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  11. ബ്ലോഗിലെ " ബഷീര്‍", " എന്നാ പദവി ചാര്‍ത്തി തരുന്നു. സംഗതി നര്‍മ്മാമാണെങ്കിലും ജീവിതം അങ്ങനെ പച്ച പിടിച്ചു വരികള്‍ക്കിടയില്‍ കിടപ്പുണ്ട്

    മറുപടിഇല്ലാതാക്കൂ
  12. എന്താ പറയുക, ഗൾഫ് കാരന്റെ വേവലാതികളും നാട്ടിലെ അവസ്ഥയും ശരിക്കും വരച്ച്കാട്ടി. ഗൾഫ് കാരനെന്ന പേരു പോലും ഇപ്പൊ നാട്ടിൽ ഒരു കുറച്ചിലാ...

    മറുപടിഇല്ലാതാക്കൂ
  13. വട്ടപൂജ്യം ...നല്ല തലക്കെട്ട്‌

    മറുപടിഇല്ലാതാക്കൂ