തിങ്കളാഴ്‌ച, ജനുവരി 24, 2011

നാഗപര്‍വ്വം-രണ്ട്


 

                               അകലങ്ങളില്‍




  “ കേട്ടവര്‍ കേട്ടവര്‍ വരവുതുടങ്ങീ...
ബോട്ടുകളിപ്പതിനഴകിലൊരുങ്ങീ.....“
എന്ന പദ്യ ശകലം ഓര്‍ക്കുമാറുള്ള  സീനുകളാണ്   പിന്നെ എനിക്കുചുറ്റും കണ്ടത്   
ഉറക്കം വിട്ടകലാത്ത നാലു കണ്ണുകള്‍ ...അതിനു താഴേക്കുള്ള ശരീരഭാഗങ്ങളുമായി അകത്തുനിന്നോടിയെത്തി..! നേരത്തേ എഴുന്നേറ്റു പോന്നതില്‍ കോപിച്ച്  അവരുടെതലയില്‍ പാരമ്പര്യമായി ജോലിയെടുത്തു ജീവിക്കുന്ന ഒരുകൂട്ടം  പേനുകള്‍ തലങ്ങും വിലങ്ങും..ഓടിനടന്നു കടിച്ചു...
അക്രമം അടിച്ചൊതുക്കാന്‍  സൌധയും, സുധയും..ഇരുകയ്യും ഉപയോഗിച്ച് തലയില്‍ മാറി മാറി മാന്തിക്കൊണ്ടിരുന്നു..!!
                         ഇത്രയുമായപ്പോഴേക്കും വീട്ടില്‍ നിന്നകന്ന് തൊടിയുടെ പടിഞ്ഞാറെക്കോണില്‍  ഇടതൂര്‍ന്നു നിന്ന കമ്മ്യൂണിസ്റ്റുപച്ചക്കാട്  ഒന്നനങ്ങി..!
അതില്‍ നിന്നും വട്ടക്കെട്ടുള്ള ഒരു തല പൊങ്ങിവന്നു..!! അപ്പോള്‍ എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന, മൂ..രണ്ട്  ആറു കണ്ണുകളും...അതിനൊത്ത ശരീരങ്ങളും അങ്ങോട്ടു തിരിഞ്ഞു..!
അവരോടൊപ്പം ഞാനും ആ..തലയുടെ ഉടമയെ തിരിച്ചറിഞ്ഞു...സാക്ഷാല്‍  വലിയമ്മാവന്‍..!!
വിശാലമായ “ബാത് അറ്റാച് ഡ് “പുരയിടത്തില്‍ നിന്നും കമ്മ്യൂണിസ്റ്റുപച്ചയും,കോണ്‍ഗ്രസ് പച്ചയും പിന്നെ ബീ ജേ പീ പച്ചയും ഒക്കെ വകഞ്ഞുമാറ്റി ,പഴയ ഒരിരുമ്പു ബക്കറ്റുമായി,തെല്ലൊരാശ്വാസത്തോടെ  അമ്മാവന്‍ എത്തി..!
കേവലം പത്തു വയസ്സുമാത്രം പ്രായം മതിക്കുന്ന എന്റെ വായ , പതിനഞ്ചു സെന്റീ മീ‍റ്റര്‍ വ്യാസത്തില്‍ തുറന്നിരിക്കുന്നതു കണ്ട്  അമ്മാവന്‍ അന്തം വിട്ടു...
സംഗതികളുടെ ലൈവ് പ്രക്ഷേപണം അദ്ദേഹം ഒരുവിധം  കേട്ടതിനാല്‍ കൂടുതല്‍  വിശദീകരണം വേണ്ടിവന്നില്ല.!
“അതു വല്ല ചേരയോ മറ്റോ ആരിക്കും....!!”
സംഗതി നിസ്സാരവല്‍കരിക്കാന്‍ വേണ്ടി അമ്മാവന്‍ തട്ടി വിട്ടു..!
“മഞ്ഞച്ചേര..മലര്‍ന്നു കടിച്ചാല്‍..മലയാളത്തില്‍ മരുന്നില്ലാ....!”
അച്ചമ്മ (അച്ഛന്റെ അമ്മ) പറയാറുള്ള പഴംചൊല്ല് എനിക്കോര്‍മ്മ വന്നു...
എന്റെ “കച്ചേരി” ക്ക് ആക്കം കൂടാന്‍ വേറെ കാരണം വേണോ....!
കരച്ചില്‍ തക്യതിയായി നടക്കുമ്പോഴും എന്നെ രക്ഷിക്കേണ്ട ചുമതല എനിക്കുള്ളതു കൊണ്ട് അതേക്കുറിച്ചായിരുന്നു എന്റെ ചിന്ത..!!
                   ചായ് പിലെ അഴയില്‍ തൂങ്ങിക്കിടക്കുന്ന ഒരു ചുവന്ന റിബ്ബണില്‍ എന്റെ കണ്ണുടക്കി.. അടുത്ത നിമിഷത്തില്‍ ഓടിച്ചെന്ന് അതെടുത്ത് കണങ്കാലിനു മുകളിലായി കെട്ടി..!! മുരിങ്ങക്കോലു പോലുള്ള എന്റെ കാല് ഇപ്പോ രണ്ടു പീസാകും എന്ന പരുവത്തില്‍ ഞാന്‍ അത്  വരിഞ്ഞു മുറുക്കി..!!-അഞ്ചാം ക്ലാസിലെ ലൂക്കാസാറിന്റെ  സയന്‍സ് ക്ലാസ്സിനു നന്ദി..!!
അതുവരെ തല മാന്തലില്‍ ലയിച്ചുനിന്ന ചെറിയ പെണ്‍ തരി ഈ രംഗം കണ്ട് പൊട്ടി ത്തെറിച്ചു...
“ യ്യോ ..അമ്മേ..എന്റെ..റിവണ്‍...!!”
“ മിണ്ടാതിരിയെടീ...”  - അമ്മായിയുടെ ആക്രോശം....
രക്ഷപെടാന്‍ നീ സമ്മതിക്കൂല്ലാ അല്ലേ.....ഞാന്‍ ദയനീയമായി അവളെ നോക്കി..
അവള്‍ കണ്ണുതിരുമ്മി ക്കൊണ്ട് അമ്മായിയുടെ പിറകിലേക്കു  ട്രാന്‍സ് ഫറായി...
                      ഇതിനിടയില്‍  താഴെ ,തറവാട്ടു വീട്ടില്‍ നിന്നും അഞ്ചാറു പേരടങ്ങുന്ന ഒരന്വേഷണക്കമ്മീഷന്‍ പാഞ്ഞെത്തി സഡണ്‍ ബ്രേക്കിട്ടു.......കൂടെ പൈലറ്റു വാഹനത്തില്‍ സുകുവേട്ടനും..!
അമ്മായി അവര്‍ക്കു വേണ്ടി ഒരു ചെറുവിവരണം നല്‍കി..
“  ന്നാപ്പിന്നെ വല്ല അരണയോ..മറ്റോ..ആയിരിക്കും...!.”
ചെറിയ മാതുലനും സംഭവം നിസ്സാരമാക്കി ത്തള്ളി.....
“അരണ കടിച്ചാല്‍ ഉടനേ...മരണം....!”
അച്ചാമ്മയുടെ ഡയലോഗ്...വീണ്ടും....!!
“ന്റമ്മോ.!!!”
ഞാന്‍ വീണ്ടും ..ആക്സിലേറ്ററില്‍..കാലമര്‍ത്തി..!!
ഈ സമയം അന്വേഷണക്കമ്മീഷനും...അന്വേഷിക്കാത്ത കമ്മീഷനും കൂടിയലോചന നടത്തി...ഉടനേ തീരുമാനമായി..
“നാരാണാ..ഇവനേം കൊണ്ട് നീ പോ.....ആ  ഒലിപ്പൊറത്തെ രാമന്‍ പണിക്കന്റടുത്ത്...”
രണ്ടു മാതുലന്മാരുടേയും,എന്റെ അമ്മ മഹാറാണിയുടേയും പിതാവും, എന്റെ മുത്തശ്ശനുമായ..ശ്രീമാന്‍ കുഞ്ഞുകുഞ്ഞു മഹാരാജാവ് ഉത്തരവിറക്കി....!
നാരായണന്‍ എന്നു നാമധേയമുള്ള മൂത്ത മാതുലന്‍ ആ ഉത്തരവ്  കഷണ്ടി കയറിത്തുടങ്ങിയ തന്റെ ശിരസ്സില്‍  സവിനയം ഏറ്റാന്‍ തീരുമാനിച്ചു.....
രാമന്‍പണിക്കര്  ‌‌- പേരുകേട്ട വിഷഹാരി...,പഴുതാര മുതല്‍, പത്തടി മൂര്‍ഖന്‍ വരെയാണ് അദ്ദേഹത്തിന്റെ റേഞ്ച്...! കടിച്ച പാമ്പിനെ വരുത്തി വിഷം എടുപ്പിക്കുമത്രേ..!പാമ്പിനു വരാന്‍ എന്തേലും അസൌകര്യമുള്ളപ്പോള്‍.....എല്ലാം തന്നെത്താന്‍ ചെയ്യുന്ന മഹാ വിരുതന്‍‍‍..!
ഒലിപ്പുറം എന്നഅദ്ദേഹത്തിന്റെ   “നാട്ടുരാജ്യ” ത്തേക്ക്  ഓടിപ്പോയാലും, നടന്നു പോയാലും ഒരേദൂരമാണുള്ളത് ..! സുമാര്‍ അഞ്ചു കിലോമീറ്റര്‍..!
ഈ പറഞ്ഞ സ്ഥലത്തേക്ക്  ജല മാര്‍ഗമില്ല...പിന്നെ യുള്ളത് കരമാര്‍ഗം...അതിനുള്ള വാഹനം കിട്ടാന്‍ തല്‍ക്കാലം  നോ മാര്‍ഗം!
ഈശ്വരാ...എന്റെ കാര്യം കട്ടപ്പൊഹ...!!”
ഇവിടെത്തന്നെ...അല്ലെങ്കില്‍ പോകുന്ന വഴിയില്‍...ഞാന്‍ അവസാനിക്കും...!
“സ്നേഹം നിറഞ്ഞ ബന്ധു മിത്രാദികളേ.....ഈ എളിയവന്‍...ഇതാ...തീരാന്‍ പോകുന്നു‍......”
“ഇത്രയും കാലം  എന്നെ സഹിച്ച എല്ലാവര്‍ക്കും..നന്ദി.....നമസ്കാരം...”
മരണമൊഴി മനസ്സില്‍ക്കുറിച്ച്
ചുറ്റും നില്‍ക്കുന്നവരെ  ഞാന്‍ അവസാനമായൊന്നുകൂടിനോക്കി....!!
പഞ്ഞിക്കെട്ടുപോലെ തല നരച്ച വല്യമ്മ …..ഊന്നുവടിയുടെ സഹായത്തോടെ വല്യച്ഛന്‍... ചെറിയമ്മാവന്‍..അമ്മായി...അവരുടെ..രണ്ടു..പീക്കിരികള്‍...എന്റെ ശബ്ദം പാണ്ടിലോറി ലോടും കൊണ്ടു കയറ്റം കയറുമ്പോലെ..വലിച്ചു വലിച്ച്.... നേര്‍ത്ത്, നേര്‍ത്തു വന്നു. പെട്ടന്ന്..കണ്ണുകളിലേക്ക് ഇരുട്ടു നിറയുമ്പോലെ എനിക്കു തോന്നി...
ഒരു നിമിഷം.. ഞാനെന്റെ അമ്മയെ ഓര്‍ത്തു.....!!!


                                                            (തുടരും..സത്യായിട്ടും..തുടരും..!)


അവസാനഭാഗം  ഇവിടെ വായിക്കാം 

5 അഭിപ്രായങ്ങൾ:

  1. “പവ്വര്‍ക്കട്ട് കണ്ടുപിടിക്കുന്നതിനു മുന്‍പുതന്നേ ഇരുട്ടു കയറിയ പ്രദേശങ്ങള്‍ നമ്മുടെ നാട്ടിലൊണ്ടാരുന്നു...!!!” മടിക്കണ്ട..അഭിപ്രായം എന്തായാലും എഴുതൂ..

    മറുപടിഇല്ലാതാക്കൂ
  2. കുറിക്കു കൊള്ളുന്ന നര്‍മ്മ ഭാഷ..ഇനി അടുത്ത ഭാഗം വായിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. അപ്പോ സംഭവം എന്താന്നറിയണമെങ്കിൽ ഇനിയും കാത്തിരിക്കണമെന്നു ചുരുക്കം!

    മറുപടിഇല്ലാതാക്കൂ
  4. വല്ല ചേരയോ മൂർഖനോ മറ്റുമാകും, സാരമില്ല...

    മറുപടിഇല്ലാതാക്കൂ