വാർഷികപ്പതിപ്പ്
തെക്കേ തൊടിയിലെ തെങ്ങുകൾക്കിടയിലുള്ള സ്ഥലംകൂടി ചെത്തിമിനുക്കി റഡിയാക്കി
മുറ്റത്തെ പന്തലിൻറെ വിസ്താരം വീണ്ടും കൂട്ടിയത് നന്നായി. അവിടെയാണ് ഇപ്പോൾ
ചീട്ടുകളി സംഘം ഗുലാൻ പെരിശ് കളിച്ചർമാദിക്കുന്നത്. തോൽവി ഏറ്റുവാങ്ങിയതിൻറെ സ്മാരകമെന്നോണം
ശിവരാജൻ മൂന്നാം തവണയും ചെവിയിൽ ഒരു കൂലിച്ചീട്ട് തിരുകി വച്ചിട്ടുണ്ട്. പ്രത്യേകിച്ചു
കാര്യമൊന്നു മില്ലെങ്കിലും അത് കാണുമ്പോൾ എതിർടീമിലെ അംഗങ്ങൾക്ക് ഒരു മന:സുഖം, അത്ര തന്നെ.
‘നിർത്തടാ #₹@ മോനേ നിൻറെ മറ്റേടത്തെ പടം പിടുത്തം...!’
‘നീ എന്തിനാഡാ എൻറെ പടം
മാത്രം പിടിക്കണത്.?’
ആ ക്യാമറാ മോനും, വെട്ടം
പിടിച്ചിരുന്ന ഒരു മെലിഞ്ഞ പയ്യനും പിന്നെ എതിലേ പോയെന്ന് ആർക്കുമറിയില്ല.
കളിയിൽതോറ്റ കലിപ്പു മുഴുവൻ നല്ല ഒന്നാന്തരം പച്ചത്തെറികളായി അറഞ്ചം പുറഞ്ചം
ക്യാമറാമാനെ തേടിനടന്നു. കല്യാണക്കമ്മിറ്റിക്കാരും മണവാളച്ചെറുക്കനും സഹ
കളിക്കാരുമൊക്കെ ചേർന്ന് ശിവരാജനെ ഒരുവിധം സമാധാനിപ്പിച്ചെങ്കിലും. അദ്ദേഹം ആ
കാരണവും പറഞ്ഞ് കല്യാണ വീട്ടിൽനിന്നും വാക്കൗട്ട് നടത്തി.
‘ഇത് ഇല്ലായിരുന്നെങ്കിൽ തേങ്ങാ ചിരണ്ടിച്ചിരണ്ടി ഞങ്ങടെ
ഊപ്പാടുവന്നേനേ’ എന്ന് ചിരണ്ടൽ യന്ത്രം നോക്കി ചില
പെണ്ണുങ്ങൾ
നെടുവീർപ്പിട്ടു.
കാതിലെ വലിയ കമ്മൽ ഇളക്കി ച്ചിരിച്ചു കഥപറയുന്ന മുത്തശ്ശിയുടെ ചുറ്റിലും കുറെ
കെട്ടിച്ച പെണ്ണുങ്ങളും കുറെ കെട്ടാത്തപിള്ളേരും ചോദിച്ചും കേട്ടും പഴയകാലം
ആസ്വദിച്ചു.
‘നീ നേരത്തേ പോയ്ക്കിടന്നുറങ്ങടാ’ എന്ന്
മണവാളനെനോക്കി പലരും പലവുരു ഉപദേശിച്ചു. ആഗ്രഹമില്ലാഞ്ഞിട്ടല്ല രണ്ടോ മൂന്നോതവണ
ഉറങ്ങാൻ കിടന്നതാണ്. ഉറക്കം വരുന്നില്ല.
ബന്ധു ജനങ്ങളും, ഉറ്റവരും ഉടയവരും കൂട്ടുകാരും നാട്ടുകാരും എല്ലാവരും എല്ലാത്തിരക്കുകളും
മാറ്റിവച്ച് ഇവിടെയെത്തി കല്യാണസന്തോഷം പങ്കുവക്കുന്നു. ഉറക്കം കളഞ്ഞ് സദ്യയൊരുക്കി
അതിഥികളെ ഊട്ടുന്നു. ഇതിനിടയിൽ ഇതിനെല്ലാം കാരണഭൂതനായ പാവം മണവാളന് എങ്ങിനെ ഉറക്കം
വരാൻ!
‘ഉറങ്ങിയാലും ഇല്ലെങ്കിലും നാളെരാവിലെ പതിനൊന്നേമുക്കാലിന് പോയി
പെണ്ണുകെട്ടിക്കോണം’ എന്ന് ഇതിനിടയിൽ ആരോവന്ന്
ഭീഷണിപ്പെടുത്തി!
എങ്ങിനെയെങ്കിലും ഉറങ്ങാതെയുറങ്ങി നേരം വെളുപ്പിച്ചു,
കുളിച്ചു കുട്ടപ്പനായി ആളും കോളും കൂട്ടി പോയി ഈ അനിതപ്പെണ്ണിനെ കെട്ടിക്കൊണ്ടു വന്നതിൻറെ
മറ്റൊരുവാർഷികമാണിന്ന്. ഇതൊന്നു
പറഞ്ഞൊപ്പിക്കാനാണ് ഈ പെടാപ്പാടുമുഴുവൻ പെട്ടത്. അപ്പോ പതിവുപോലെ, ഇച്ചിരി അരിയും പൂവും ഇട്ട് ഞങ്ങളെ അനുഗ്രഹിച്ചോളൂ. വല്യ ഏനക്കേടൊന്നും
കൂടാതെ പത്തൻപതു കൊല്ലംകൂടി ഇങ്ങനെ ഒരുമിച്ചു പൊയ്ക്കോട്ടെ.!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ