ചൊവ്വാഴ്ച, ജൂലൈ 22, 2025

 വാർഷികപ്പതിപ്പ്

തെക്കേ തൊടിയിലെ തെങ്ങുകൾക്കിടയിലുള്ള സ്ഥലംകൂടി ചെത്തിമിനുക്കി റഡിയാക്കി മുറ്റത്തെ പന്തലിൻറെ വിസ്താരം വീണ്ടും കൂട്ടിയത് നന്നായി. അവിടെയാണ് ഇപ്പോൾ ചീട്ടുകളി സംഘം ഗുലാൻ പെരിശ് കളിച്ചർമാദിക്കുന്നത്. തോൽവി ഏറ്റുവാങ്ങിയതിൻറെ സ്മാരകമെന്നോണം ശിവരാജൻ മൂന്നാം തവണയും ചെവിയിൽ ഒരു കൂലിച്ചീട്ട് തിരുകി വച്ചിട്ടുണ്ട്. പ്രത്യേകിച്ചു കാര്യമൊന്നു മില്ലെങ്കിലും അത് കാണുമ്പോൾ എതിർടീമിലെ അംഗങ്ങൾക്ക് ഒരു മന:സുഖം, അത്ര തന്നെ.

 കല്യാണ വീട്ടിലെ പ്രധാന വേദിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരിപാടി പച്ചക്കറിയരിയലാണ്. അയല്പക്കക്കാരും ബുന്ധുജനങ്ങളുമടങ്ങുന്ന ഒരു കൂട്ടം ഉൽസാഹ കമ്മിറ്റിക്കാർ നിന്നും ഇരുന്നും ചീകിയും ചിരണ്ടിയും ആ സംഗതി കൃത്യമായി മുന്നോട്ടു നയിക്കുന്നു. അടുക്കളയിലെ അടുപ്പിൽ കട്ടൻ ചായ ഉണ്ടാക്കി  പന്തലിൽ വിതരണം ചെയ്യാൻ രണ്ടോ മൂന്നോ പെണ്ണുങ്ങൾ മാറി മാറി ഓടുന്നുണ്ട്. രാത്രി രംഗങ്ങൾ പരമാവധി ചിത്രീകരിക്കാനായി ഉറക്കമിളച്ച് കാമറക്കാരൻ ചുറ്റിത്തിരിയുന്നുണ്ട്. ചേർത്തുവച്ചു നിരത്തിയ മൂന്നു കസേരയിൽ ഒതുങ്ങാതെ,  പാതിവഴുതിയ നിലയിൽ അടിച്ചു പൂക്കുറ്റിയായി  ഒരുവിധം ശവാസനം ചെയ്യുന്ന അയൽപക്കത്തെ സുരപാനോൽസാഹിയുടെ ക്ളോസപ്പ് ഷൂട്ടുചെയ്ത ക്യാമറയിൽ, അതേ ഫ്രെയ്മിൽ  ശിവരാജൻറെ ചെവിയിലെ മുൾക്കിരീടം എങ്ങിനെയോ വന്നുപെട്ടു. അതിങ്ങനെ സൂം ചെയ്ത്, പിന്നെ സൂമൗട്ട് ചെയ്ത് മറ്റുകളിക്കാരുടെ അട്ടഹാസവും ചിരിയുമൊക്കെ ഒപ്പിയെടുത്ത് ഒരുവിധം ഒപ്പിച്ചനേരത്ത്. ശിവരാജൻറെ ആമാശയത്തിൽ ഉറക്കം വരാതെ നുരഞ്ഞുമറിഞ്ഞ പട്ടച്ചാരായത്തിൻറെ  പരമാണുകിരണങ്ങൾ ഉഗ്രതാപത്തോടെ ഉറഞ്ഞു തുള്ളി.

നിർത്തടാ #₹@ മോനേ നിൻറെ മറ്റേടത്തെ പടം പിടുത്തം...!

നീ എന്തിനാഡാ എൻറെ പടം മാത്രം പിടിക്കണത്.?’

ആ ക്യാമറാ മോനും, വെട്ടം പിടിച്ചിരുന്ന ഒരു മെലിഞ്ഞ പയ്യനും പിന്നെ എതിലേ പോയെന്ന് ആർക്കുമറിയില്ല. കളിയിൽതോറ്റ കലിപ്പു മുഴുവൻ നല്ല ഒന്നാന്തരം പച്ചത്തെറികളായി അറഞ്ചം പുറഞ്ചം ക്യാമറാമാനെ തേടിനടന്നു. കല്യാണക്കമ്മിറ്റിക്കാരും മണവാളച്ചെറുക്കനും സഹ കളിക്കാരുമൊക്കെ ചേർന്ന് ശിവരാജനെ ഒരുവിധം സമാധാനിപ്പിച്ചെങ്കിലും. അദ്ദേഹം ആ കാരണവും പറഞ്ഞ് കല്യാണ വീട്ടിൽനിന്നും വാക്കൗട്ട് നടത്തി.

 

ഇത് ഇല്ലായിരുന്നെങ്കിൽ തേങ്ങാ ചിരണ്ടിച്ചിരണ്ടി ഞങ്ങടെ ഊപ്പാടുവന്നേനേ എന്ന് ചിരണ്ടൽ യന്ത്രം നോക്കി ചില പെണ്ണുങ്ങൾ 

നെടുവീർപ്പിട്ടു.

കാതിലെ വലിയ കമ്മൽ ഇളക്കി ച്ചിരിച്ചു കഥപറയുന്ന മുത്തശ്ശിയുടെ ചുറ്റിലും കുറെ കെട്ടിച്ച പെണ്ണുങ്ങളും കുറെ കെട്ടാത്തപിള്ളേരും ചോദിച്ചും കേട്ടും പഴയകാലം ആസ്വദിച്ചു.

നീ നേരത്തേ പോയ്ക്കിടന്നുറങ്ങടാ എന്ന് മണവാളനെനോക്കി പലരും പലവുരു ഉപദേശിച്ചു. ആഗ്രഹമില്ലാഞ്ഞിട്ടല്ല രണ്ടോ മൂന്നോതവണ ഉറങ്ങാൻ കിടന്നതാണ്. ഉറക്കം വരുന്നില്ല.

ബന്ധു ജനങ്ങളും, ഉറ്റവരും ഉടയവരും കൂട്ടുകാരും നാട്ടുകാരും എല്ലാവരും എല്ലാത്തിരക്കുകളും മാറ്റിവച്ച് ഇവിടെയെത്തി കല്യാണസന്തോഷം പങ്കുവക്കുന്നു. ഉറക്കം കളഞ്ഞ് സദ്യയൊരുക്കി അതിഥികളെ ഊട്ടുന്നു. ഇതിനിടയിൽ ഇതിനെല്ലാം കാരണഭൂതനായ പാവം മണവാളന് എങ്ങിനെ ഉറക്കം വരാൻ! 

ഉറങ്ങിയാലും ഇല്ലെങ്കിലും നാളെരാവിലെ പതിനൊന്നേമുക്കാലിന് പോയി പെണ്ണുകെട്ടിക്കോണം എന്ന് ഇതിനിടയിൽ ആരോവന്ന് ഭീഷണിപ്പെടുത്തി!

എങ്ങിനെയെങ്കിലും ഉറങ്ങാതെയുറങ്ങി നേരം വെളുപ്പിച്ചു, കുളിച്ചു കുട്ടപ്പനായി ആളും കോളും കൂട്ടി പോയി ഈ അനിതപ്പെണ്ണിനെ കെട്ടിക്കൊണ്ടു വന്നതിൻറെ മറ്റൊരുവാർഷികമാണിന്ന്.                 ഇതൊന്നു പറഞ്ഞൊപ്പിക്കാനാണ് ഈ പെടാപ്പാടുമുഴുവൻ പെട്ടത്. അപ്പോ പതിവുപോലെ, ഇച്ചിരി അരിയും പൂവും ഇട്ട് ഞങ്ങളെ അനുഗ്രഹിച്ചോളൂ. വല്യ ഏനക്കേടൊന്നും കൂടാതെ പത്തൻപതു കൊല്ലംകൂടി ഇങ്ങനെ ഒരുമിച്ചു പൊയ്ക്കോട്ടെ.!



ചൊവ്വാഴ്ച, മേയ് 27, 2025

 

വീരസ്മരണാർത്ഥം

ൽപമൊക്കെ ഇരുട്ടായതിനു ശേഷമാണ് മിക്കവാറും ഞങ്ങൾ വീട്ടിൽ നിന്നിറങ്ങുക. അമ്മയുടെ ഭാഷയിൽ ത്രിസന്ധ്യനേരം. ഒന്നാമത്തെക്കാര്യം, ആ സമയംവരെ കുളിക്കടവ് നിറയെ ആളുകളുണ്ടാകും, അലക്കും കുളിയുമായി കൂടുതലും അമ്മമാരും ചേച്ചിമാരുമൊക്കെ. ആ തിരക്കൊന്നൊഴിഞ്ഞ് വെള്ളം നന്നായി തെളിഞ്ഞൊഴുകുന്ന സമയമാണ് ഞങ്ങളുടെ ഊഴം. ഈ സമയത്ത് പോകണ്ടായെന്ന് മിക്കവാറും അമ്മ വിലക്കാറുണ്ടെങ്കിലും. ഇവൻ കൂടെയുണ്ടല്ലോ എന്ന് ഞാൻ സാന്ത്വനമേകും. 

അതൊരു രസമാണ്. തെളിഞ്ഞു നിൽക്കുന്ന വെള്ളിനിലാവിനു കീഴെ കൊയ്തൊഴിഞ്ഞ പുഞ്ചപ്പാടത്തിനു നടുവിലൂടെ വളഞ്ഞു പുളഞ്ഞ് മെല്ലയൊഴുകുന്ന തോട്ടിലെ കുളിക്കടവിലെ തെളിനീരിലിറങ്ങി വെറുതെ അങ്ങിനെ മലർന്നു കിടക്കും. മേലെ അമ്പിളിമാമനു ചുറ്റും നക്ഷത്രക്കുഞ്ഞുങ്ങൾ കൺചിമ്മി മറയുന്നതും, പടിഞ്ഞാറൻ കാറ്റിൻറെ തോളിലേറി പഞ്ഞി മേഘങ്ങൾ  ദൂതുപോകുന്നതുമൊക്കെ നോക്കി നോക്കി അങ്ങിനെ യങ്ങിനെ...

ഇടക്കെപ്പോഴോ യാത്രപോയ പക്ഷിക്കൂട്ടങ്ങൾ തിരികെ കൂടേറാൻ ധൃതികാട്ടി പറന്നു പോകുന്നതു കാണാം. പരൽ മീനും പള്ളത്തിയുമൊക്കെ വന്ന് ഇക്കിളിയാക്കി കൊത്തിവലിച്ച് എഴുന്നേൽപ്പിക്കുന്നതുവരെ  അനങ്ങാതെ മേലേയ്ക്കു നോക്കി അങ്ങനെ വെള്ളത്തിൽ കിടക്കും. നേരിയ ഒഴുക്കിനൊപ്പം സ്ഥാന ചലനം സംഭവിക്കുമെങ്കിലും മുട്ടറ്റം മാത്രമുള്ള വെള്ളത്തിൽ അധികദൂരമൊന്നും നീങ്ങിപ്പോകില്ല. 

ഒരു പരിധിയിലേറെ അനക്കമില്ലാതെ കിടന്നാൽ അവന് ആധിയാണ്. എന്നെമാത്രം ശ്രദ്ധിച്ചുകൊണ്ട് ഒന്നോ രണ്ടോ വട്ടം ചെറിയ ശബ്ദമുണ്ടാക്കി ഞാൻ സുരക്ഷിതനെന്ന് സ്വയം ഉറപ്പിക്കും. ഇനിയും വൈകിയാൽ വീണ്ടും ഒച്ചവച്ച് നിർബന്ധിച്ച് എൻറെ ജലക്രീടകൾ അവസാനിപ്പിക്കും. തിരികെ ഒരുമിച്ചുള്ള യാത്രയിലും ഇങ്ങോട്ടെന്നപോലെ നടവഴിയിലൂടെ മുന്നോട്ടു പോയി പാത സുരക്ഷിതമെന്ന് പലവട്ടം ഉറപ്പിക്കും. വെളിച്ചമില്ലാത്ത വഴിയെങ്കിലും ഇത്ര സുരക്ഷയേകുന്ന ഒരു കൂട്ടുകാരനുള്ളപ്പോൾ ഞാനെന്തിനു ഭയക്കണം?

ഇന്ന് പോകാൻ സമയമായപ്പോൾ അവനെക്കണ്ടില്ല. വരട്ടെയെന്നു കരുതി അൽപ്പം കാത്തു നിന്നു. പിന്നെ,  ‘ഞാൻ പോവ്വാടാ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് മുറ്റത്തുനിന്നും താഴേക്കുള്ള പടവുകൾ മെല്ലെ ഇറങ്ങി. തെക്കേ തൊടിയിലെ ഞാലിപ്പൂവൻ വാഴക്കൂട്ടത്തിനിടയിൽ നിന്നും വവ്വാലുകൾ കലപിലകൂട്ടുന്നുണ്ട്. സത്യം പറഞ്ഞാൽ അവനില്ലാതെ പോകാൻ ചെറിയൊരു പേടി ഇല്ലാതില്ല. 

'അയ്യേ! നാണമാകില്ലെ, അടുത്തകൊല്ലം പത്താംക്ലാസ്സിൽ പഠിക്കേണ്ട ചെർക്കനാ ഇങ്ങനെ പേടിക്കാതെടാ..' 

എന്ന് സ്വയം ഊർജ്ജം പകർന്ന്,  മുന്നോടു വച്ച കാൽ തട്ടിമാറ്റിക്കൊണ്ട് ഒരു സീൽക്കാരം പോലെ അവൻ എവിടെനിന്നോ പാഞ്ഞെത്തി എന്നെ തടഞ്ഞു നിർത്തി ഒച്ചവച്ചു. അരുത്, മുന്നോടു വരരുത്! അതെ, അതുതന്നെയാണവൻ പറഞ്ഞത്. ആ ഭാഷ എനിക്ക് നന്നായറിയാം. അവൻറെ ഒരു നോട്ടം പോലും എന്തെന്നു തിരിച്ചറിയാൻ മറ്റാരെക്കാളും എനിക്കാവും. അത്രയേറെ പരസ്പരമറിയുന്നവരാണു ഞങ്ങൾ!

തെല്ലുമനങ്ങാതെ സ്തബ്ധനായി നിന്ന എൻറെ കാൽച്ചുവട്ടിലെ കല്ലിടുക്കിൽനിന്നും എന്തോ ഒന്ന് കടിച്ചു വലിച്ചു ദൂരേക്കു കുടഞ്ഞെറിഞ്ഞു അവൻ. പിന്നാലെ പാഞ്ഞു ചെന്ന് വീണ്ടും വീണ്ടും കടിച്ചു കുടയുമ്പോൾ, ഒരു നടുക്കത്തോടെ ഞാൻ തിരിച്ചറിഞ്ഞു..പാമ്പ്.! 

അമ്മേ.. അറിയാതെ ഞാൻ അലറി വിളിച്ചുപോയി.

എൻറെ കരച്ചിൽ അവൻറെ സഹന പരിധി ക്കുമപ്പുറമാണ്, അവൻറെ പ്രഹരശേഷിയും വേഗതയും ഇരട്ടിയായി. നിമിഷനേരത്തിൽ അസാധാരണ വലിപ്പമുള്ള ആ പാമ്പിൻറെ ചലനമറ്റു. കടിച്ചും കുടഞ്ഞും അവൻ അതിൻറെ മരണം ഉറപ്പാക്കി. പിന്നെ എൻറടുത്തേക്കോടിയെത്തി. ‘നിനക്കുവല്ലതും പറ്റ്യോ.?’ 

‘ഇല്ലടാ...ഒന്നും പറ്റീല്ല.’

വിശ്വാസം പോരാതെ എൻറെ കാലും കയ്യുമൊക്കെ മണത്ത് ഞാൻ സുരക്ഷിതനെന്ന് ഉറപ്പിച്ചു.

അമ്മ തെളിച്ചു കൊണ്ടുവന്ന ചിമ്മിനിവിളക്കിൻറെ മങ്ങിയ വെട്ടത്തിൽ ചത്തു ചതഞ്ഞ ആ പാമ്പിനെ  തിരിച്ചറിഞ്ഞ് ഞങ്ങൾ വീണ്ടും ഞെട്ടി. ദംശനമേറ്റാൽ മരണം സുനിശ്ചിതമെന്ന് മാലോകർ പറയുന്ന ഉഗ്രവിഷമുള്ളൊരു വെള്ളിക്കെട്ടൻ.!.

‘ഇനി ഇരുട്ടത്തുള്ള കുളിയും കളിയുമൊന്നും വേണ്ട.. രണ്ടാളും വീട്ടിൽ കേറിക്കോ..!’  

പേടിച്ചു വിറങ്ങലിച്ച അമ്മയുടെ ശബ്ദത്തിലെ കാർക്കശ്യം ഞങ്ങങ്ങൾ തിരിച്ചറിഞ്ഞു. 

 'പോകണ്ടേ?'

അവൻ എന്നെ നോക്കി.

'വേണ്ട്രാ വാ, വീട്ടിൽ പോകാം.'  

അമ്മയോടൊപ്പം മുറ്റത്തേക്കു കയറുമ്പോൾ അവൻ വീണ്ടും തിരികെ ഓടി, പാമ്പിനെ വീണ്ടും പരിശോധിച്ച് തിരികെയെത്തി. ചേർത്തണച്ച് അവനെയൊ ന്നോമനിക്കാൻ ഞാൻ കൊതിച്ചു. അവൻ ഒഴിഞ്ഞുമാറി. 

‘വേണ്ട, മേലാകെ അഴുക്കാണ്.!’

അതാണ് എൻറെ വീരൻ! 

ഒരു നായയെന്ന് ഒരിക്കലും ഞങ്ങൾ കരുതിയിട്ടില്ല. വീട്ടിലെ ഒരംഗമായി ഞങ്ങൾക്കൊപ്പം കളിച്ചും രസിച്ചും ജീവിച്ചവൻ. ഞാൻ മനസ്സറിഞ്ഞു വിശ്വസിച്ച എൻറെ ഉറ്റ തോഴൻ !

അന്ന് ഒരുവേള സർപ്പദംശനമേറ്റ് നിലച്ചു പോകുമായിരുന്ന ഈ ഹൃദയതാളം ഇന്നുവരെ തുടർന്നു പോരുന്നതിന് 'വീര'നെന്ന എൻറെ പ്രിയ ചങ്ങാതിയും കാരണക്കാരനല്ലേ.

ഇത്രയും കാലം ഓടിയോടി വീണ്ടും ഇന്ന് ഒരു പിറന്നാളിലേ ക്കെത്തിനിൽക്കുമ്പോൾ നന്ദിയോടെ ഓർക്കാതിരിക്കുന്നതെങ്ങിനെ ഞാനെൻറെ പ്രിയ കൂട്ടുകാരനെ.! 

സർവോപരി, ചിമ്മിനിവിളക്കിന്റെ ഇത്തിരി വെട്ടം മുതൽ നിർമിത ബുദ്ധിയുടെ വിശാല ലോകം വരെ അടുത്തറിയാൻ ആയുസ്സു നീട്ടി ആവതു നൽകിയ സർവ്വേശ്വരനോടുമുണ്ട് തീർത്താൽ തീരാത്ത കടപ്പാട്!