വ്യാഴാഴ്‌ച, മേയ് 30, 2024

 

ഇടവപ്പാതിയിൽ...

ന്നെ സംബന്ധിച്ചിടത്തോളം ഇത് അത്ര വലിയ കാര്യമൊന്നുമല്ല, ഇതല്ല ഇതിനപ്പുറം നീന്തിക്കടക്കാൻ എന്നേക്കൊണ്ടാകും. ഇക്കരയിൽനിന്ന് അക്കരയ്ക്ക് സുമാർ എഴുനൂറ്റമ്പതോ എണ്ണൂറ്റമ്പതോ മീറ്റർ ദൂരം കാണും, വെള്ളം വറ്റിയ സമയത്താണങ്കിൽ വലിയ വരമ്പിൽക്കൂടി ശ്ർർർന്ന് ഓടിയെത്താവുന്നതെയുള്ളു.കഴിഞ്ഞ ഒരാഴ്ച്ച നിർത്താതെയുള്ള പെയ്ത്തിൽ ആറും തോടുമൊക്കെ കവിഞ്ഞൊഴുകി നിറഞ്ഞു പരന്നതാണീ പുഞ്ചപ്പാടം. കണ്ടാൽ കായലെന്നേ തോന്നൂ. നിലയില്ലാത്ത ഈ വെള്ളം നീന്തി മറുകരയെത്തി തിരിച്ചുവരികയെന്നതാണ് ടാസ്ക്. ചർച്ച നടത്തി തീരുമാനമെടുത്തതിൽ നിന്ന് എന്നെ മന:പ്പൂർവ്വം ഒഴിവാക്കിയതാണ് ദുഷ്ടന്മാർ. ഞാൻ കുഞ്ഞാണു പോലും കുഞ്ഞ്! പ്രായംകൊണ്ടും കായ ബലം കൊണ്ടും കാര്യം ശരിയാണെങ്കിലും എൻറെ നീന്തൽ വൈദഗ്ധ്യമെങ്കിലും ഒന്നു മാനിക്കാമായിരുന്നു. ഒരുകണക്കിന് ചേട്ടായിയെ കുറ്റം പറയാനൊക്കൂല്ല. “കൊച്ചിനെ വെള്ളത്തിലെറക്കരുത് കേട്ടോടാ”.. എന്ന അമ്മയുടെ വമ്പൻ താക്കീത് മറികടന്ന് ആഴമില്ലാത്തിടത്ത് നിന്ന് കുളിക്കുവാനെങ്കിലും സ്വന്തം റിസ്ക്കിൽ അനുമതി നൽകിയ ആ മഹാനുഭാവൻറെ ഭാവന ഇതിനിടയിൽ ചിറകുവിരിച്ച് കൂട്ടുകാരോടൊപ്പം അങ്ങേക്കരയിലേക്ക് ടേക്ക് ഓഫ് ചെയ്തു.

കുളിക്കടവിനു മുകളിൽ വീടിരിക്കുന്ന തൊടിയുടെ പിന്നാമ്പുറത്തെ പാറയിടുക്കിൽനിന്ന് ഇപ്പോഴും നീരുറവയുണ്ട് അത് തെക്കേ അതിരിലെ വരിക്കപ്ലാവിൻറെ ചുവട്ടിലൂടെ ചുറ്റിവളഞ്ഞ് ചെറിയ നീർച്ചാലായൊഴുകി പാടത്തെ നിലയില്ലാ കയത്തിലേയ്ക്ക് തെളിഞ്ഞിറങ്ങുന്നുണ്ട്. കല്ലിലും പാറയിലും തട്ടിത്തിരിയുന്ന ജല മർമ്മരത്തിൻറെ ശ്രുതി ചേർത്ത് ചീവീടുകൾ അവിടിവിടെയായി മത്സരിച്ച് പാട്ടുപാടുന്നു. പഴുത്തു പാകമായ ചക്കയിൽ നിഷ് പ്രയാസം ദ്വാരമുണ്ടാക്കി അകത്തെ മധുരം തേൻവരിക്കയുടേതെന്ന് ഉറപ്പാക്കിയ അണ്ണാറക്കണ്ണൻ വാലു പൊക്കിയിളക്കി അടയാളം കാട്ടി തൻറെ കൂട്ടുകാരെയൊക്കെ സദ്യക്കു ക്ഷണിക്കുന്നുണ്ട്. ക്ഷണിക്കാത്ത സദ്യക്ക് വായിൽനോക്കിയിരുന്നിട്ടെന്തുകാര്യം, ഇപ്പ ചാടിയാൽ അധികം വ്യത്യാസമില്ലാതെ അവരുടെ പുറകേയെത്താം.

ബ്ലും..!” മുട്ടോളം വെള്ളത്തിൽ ഏറെനേരം കുത്തിയിരുന്നു വിറച്ച് മരവിച്ച കാലുകൾ ആയത്തിലൂന്നി, സൂര്യ നമസ്കാരം പോലെ കൈരണ്ടും മുകളിൽ കൂപ്പി, ഉള്ള ആരോഗ്യത്തിനൊത്ത് കുറെ പ്രാണവായുവും ഉള്ളിലേയ്ക്ക് വലിച്ച്കയറ്റി, കുളിക്കടവിൻറെ മുകളിലെ പടവിൽ നിന്നും എലിവാണം പോലൊരു സാധനം നിലയില്ലാവെള്ളത്തിലേക്ക് പാഞ്ഞു പോയി.! ഇതൊക്കെ കണ്ട് കയ്യടിച്ചു പ്രോൽസാഹിപ്പിക്കാൻ എൻറെ കൂട്ടുകാരായ ബാലജന സഖ്യമൊന്നും അപ്പോൾ അവിടെയുണ്ടായിരുന്നില്ല.

എലി വാണം പോയ ദിക്കിലൂടെ വെള്ളത്തിനു മുകളിൽ ഇടക്കിടെ അഞ്ചാറു കുമിളകൾ പൊന്തിവന്ന് അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു. കരയിൽ നോക്കി നിൽക്കാൻ ആരേലുമുണ്ടായിരുന്നെങ്കിൽ അവർക്ക് ശ്വാസം മുട്ടുന്നതരത്തിലേയ്ക്ക് ആ മുങ്ങാം കുഴി നീണ്ടു പോയി. അകത്തേക്കുകയറ്റിയ വായുവിൻറെ കത്തിക്കൽ കഴിഞ്ഞതോടെ ഏതാണ്ട് പത്തു പതിനഞ്ചു മീറ്റർദൂരത്തായി വെള്ളത്തിനു മുകളിൽ എൻറെ തല പ്രത്യക്ഷപ്പെട്ടു. കൂടുതൽ ഷോ കാണിച്ച് സമയം കളയാനില്ല. കയ്യും കാലും ആഞ്ഞടിച്ചു മറുകര ലക്ഷ്യമാക്കി വെള്ളത്തിനു മുകളിലൂടെ അതിവേഗം നീന്തിത്തുടങ്ങി. സാധാരണ ഈനേരത്ത് അൽപ്പം കാറ്റും ഓളവുമൊക്കെ കാണാറുണ്ട് ഇന്ന് എന്തായാലും അത്രയൊന്നുമില്ല വളരെ നിഷ് പ്രയാസം നീന്തി മുന്നോടുപോകാൻ കഴിയുന്നുണ്ട്. ഭാരമുള്ള വസ്തുക്കൾ വെള്ളത്തിലിട്ടാൽ താണുപോകുന്നു, എന്നാൽ നമ്മളൊക്കെ എങ്ങിനെയാ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നെ. ആഹ! സയൻസ് പഠിക്കാൻ പറ്റിയ സമയം.! പറയുന്നകേട്ടാൽ ഏതാണ്ട് മൂന്നു ടൺ ഭാരമുള്ള സാധനമാണ് നീന്തിപ്പോകുന്നതെന്നുതോന്നും, രാവിലെ കഴിച്ച കപ്പപ്പുഴുക്കും മത്തിക്കറിയുമുൾപ്പടെ തൂക്കിനോക്കിയാൽ അങ്ങെയറ്റം മുപ്പത്തിമൂന്നു കിലോ അമ്പത്തഞ്ച് ഗ്രാം കാണും. അതിനാണീ തള്ളൊക്കെ!

അതു പറഞ്ഞപ്പഴാ ശ്രദ്ധിക്കുന്നെ, വെള്ളം തള്ളി മാറ്റുമ്പോൾ പുറകിൽ നട്ടെല്ലിൻറെ ഇരുപുറവും ചെറുതായി വേദനിക്കുന്നില്ലേ. ഇല്ല, തോന്നലായിരിക്കും. അയ്യോ അല്ല, ശരിക്കും ഒരു കൊളുത്തിപ്പിടുത്തം പോലെ.. അവിടെ മാത്രമല്ല, ഇപ്പോൾ അരക്കുമുകളിൽ പിന്നാമ്പുറത്തേയ്ക്ക് ആ വേദന പടരുന്നുണ്ട്. തണുത്ത് മരവിച്ചു കോച്ചിവലിക്കുന്നതാകുമോ, കുഴപ്പമാകുമോ ഭഗവാനെ, ഞാനറിയാതെതന്നെ എൻറെ വേഗത പകുതിയായി കുറഞ്ഞു കഴിഞ്ഞു. കൈ ഉയർത്തി നീന്താൻ പറ്റാത്ത അവസ്ഥയിലേക്കെത്താൻ സെക്കൻറുകളേ വേണ്ടി വന്നുള്ളു. അപകടം.! ശ്വാസോച്ശ്വാസമല്ലാതെ മറ്റൊരുവിധത്തിലുള്ള ചലനങ്ങളുമിപ്പോൾ എനിക്കാവുന്നില്ല. അലറിക്കരഞ്ഞാൽപ്പോലും ഉടനെ സഹായമെത്താനുള്ള ഒരുസാധ്യതയുമില്ല. ശരീര ഭാരം കൂടി വരുന്നതു പോലെ തോന്നുന്നു. തോന്നലല്ല അത് വെള്ളത്തിലേക്കു പതിയെ പതിയെ താഴുകയാണ്. കയ്യെടുത്ത് തുഴഞ്ഞ് ബാലൻസുചെയ്യാനാകുന്നില്ല കാലുകളുമിപ്പൊൾ നിശ്ചലമാകുന്നു.മൂക്കോളം മുങ്ങിത്താഴ്ന്നനിലയിൽ ദൂരെ മറുകരയിലേയ്ക്ക് ഒന്നു പാളി നോക്കി, കരതൊട്ട സന്തോഷത്തിൽ ഏട്ടനും സംഘവും ആർത്തുവിളിക്കുന്നു. സർവ്വ ശക്തിയും സംഭരിച്ച് മുകളിലേക്കാഞ്ഞ് ശ്വാസമെടുത്ത് അലറി വിളിച്ചു. മറുകരയിലെ ആർപ്പുവിളിയിലേയ്ക്ക് എൻറെ ഇത്തിരി ശബ്ദം എത്താതെ പോയി. കൈകാലുകൾ തളർന്നു കഴിഞ്ഞു. ആർത്തിയോടെ ശ്വാസമെടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ വായിലേക്ക് വെള്ളം ഇരച്ചുകയറുന്നു. രണ്ടു മൂന്നു തവണ ചുമച്ചു കുഴഞ്ഞു. ഒരു വിധത്തിലും ശരീരം താങ്ങി നിർത്താനാകുന്നില്ല. അവസാന ശ്രമമെന്നോണം ഒന്നുകൂടി ശ്വാസമെടുത്തു ഇപ്പോൾ മൂക്കിനു മുകളിൽ കണ്ണും നെറ്റിയും കടന്ന് സമൃദ്ധമായമുടിയിഴകൾ മാത്രമാണ് വെള്ളത്തിനു മുകളിലുള്ളത് അത് മുകളിൽ രണ്ടു മൂന്നു സെക്കൻറുകൾകൂടി പരന്നൊഴുകി. പിന്നെ മെല്ലെ മെല്ലെ താഴേക്കു താണുപോയി. ശൂന്യത..പാട്ടും കളിയും ചിരിയും ആകാശവും ഭൂമിയും വെള്ളവും വായുവും എല്ലാം.. എല്ലാം എനിക്കന്യമാകുകയാണ്. ഇരുട്ട്.. അത് പാതിയടഞ്ഞകണ്ണിനുള്ളിലൂടെ തലക്കകത്തേയ്ക്കു തള്ളിക്കയറി.

മറുകരയിലെത്തിയ നാൽവർസംഘത്തിൻറെ കാപ്റ്റന് നിക്കപ്പൊറുതിയുണ്ടായിരുന്നില്ല. ഒരു കുരുപ്പിനെ ഒറ്റക്ക് കടവിൽ ഇരുത്തിയിട്ടാണ് പോന്നത്, അന്നേരത്ത ഒരാവേശത്തിന് ചാടിപ്പുറപ്പെട്ടതാണ്, വേണ്ടീരുന്നില്ല. ഒന്നുകിൽ എൻറെ ഈ സാഹസം ചെക്കൻ വീട്ടിൽ റിപ്പോർട്ട് ചെയ്യും, അല്ലെങ്കിൽ അവനായിട്ട് എന്തേലും കുരുത്തക്കേട് അവിടിരുന്ന് ഒപ്പിക്കും.രണ്ടും പ്രശ്നമാണ്. ഒട്ടും താമസിക്കാതെ തിരികെ നീന്തി. പാതിവഴിയെത്തിയപ്പോൾ സഹ പ്രായോജകൻ പുളിയാമ്പിള്ളിൽ സോമേട്ടൻ വിളിച്ചു പറഞ്ഞുദാണ്ട്രാ രഹൂ ഒരു കൊട്ടത്തേങ്ങാ..”- വെള്ളപ്പൊക്ക സമയത്തൊക്കെ ഇത് പതിവാണ് തേങ്ങയും, കുടമ്പുളിയുമൊക്കെ ഇഷ്ടമ്പോലെ ഒഴുകി എത്താറുണ്ട്. തേങ്ങാ ടാർജറ്റ് ചെയ്ത് നീന്തിയ സംഘത്തലവന് അപകടം മണത്തു. നാലുകുതിപ്പിന് അരുകിലെത്തി. കൊട്ടത്തേങ്ങാ, മെല്ലെ ശ്വാസമെടുക്കുന്നതു കണ്ടതിനു ശേഷമാണ് അദ്ദേഹത്തിൻറെ ശ്വാസം നേരേവീണത്.

നാലുപേരും കൂടി രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ച മൊതലിനെ തിരിച്ചും മറിച്ചുമിട്ട് ഞെക്കിപ്പിഴിഞ്ഞ് വെള്ളം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിനുമുൻപ്, ഞാൻ തന്നെ ചാടി എഴുന്നേററ്റ് ഇക്കിളിയിട്ടപോലെ തുള്ളിച്ചാടി. ഒപ്പം ഫാമിലി ടെയ്‌ലറായ തച്ചുകുന്നേൽ ചാക്കോച്ചേട്ടൻ കൃത്യമായളവെടുത്ത് തുന്നിത്തന്ന നീല നിറമുള്ള എൻറെ വള്ളിനിക്കറിനെ, യുദ്ധകാലാടിസ്ഥാനത്തിൽ അരയിൽ നിന്ന് വലിച്ചൂരി ദൂരേക്കിട്ടു. എൻറെ ഈ അപ്രതീക്ഷിത പ്രകടനത്തിൽ അന്തം വിട്ടുനിന്ന സഹോദരനും സഖാക്കളും ഞാൻ ചൂണ്ടിയ ദിക്കിലേക്കു നോക്കി ആർത്തു ചിരിച്ചു. നനഞ്ഞ നിക്കറിൻറെ തുറന്ന കാൽ ദ്വാരത്തിൽക്കൂടി ഒരു കുഞ്ഞിപ്പരൽമീൻ തുള്ളിച്ചാടി വെളിയിലേക്കു വരുന്നു. എന്തു മാങ്ങാ തിന്നാനാണ് ഈ മീൻ ഇതിനകത്ത് കയറിക്കൂടിയതെന്ന് എനിക്കെങ്ങും മനസ്സിലായില്ല.!

താഴേയ്ക്ക് താണുപോയ എൻറെ ശരീരം തണുപ്പേറിയ അടിത്തട്ടിലെ പുഞ്ചവരമ്പിലെവിടെയോ തട്ടിനിശ്ചലമാകും മുൻപ്, ജീവനുവേണ്ടിയുള്ള അവസാന പിടച്ചിലിൽ കാലുകൾ നിലത്തൂന്നി മുകളിലേയ്ക്ക് തള്ളി എങ്ങിനെയോ പൊന്തിവന്നു. താളം തെറ്റിയ ശ്വസനക്രിയക്ക് തുടർച്ച കിട്ടാൻ അവസരം വന്നതോടെ ആർത്തിയോടെ വീണ്ടും വീണ്ടും ശ്വസിച്ചാശ്വസിക്കുമ്പോൾ ഒരുകാര്യം തിരിച്ചറിഞ്ഞു. ഇപ്പോൾ ഞാൻ വെള്ളത്തിനു മുകളിൽ മലർന്നാണു കിടക്കുന്നത്. കൈ കാലുകളുടെ ചെറിയ ചലനം കൊണ്ടുപോലും ശരീരം ബാലൻസ് ചെയ്ത് അനായാസം പൊങ്ങിക്കിടക്കാൻ കഴിയുന്നുണ്ട്! മുകളിലെ ആകാശവും മേഘപാളികൾക്കുമുകളിലെ സൂര്യനും ഞാൻ തിരിച്ചെത്തിയെന്ന് എന്നെ ആശ്വസിപ്പിച്ചു. പിന്നിലെവിടെയോ ഏട്ടനും സംഘവും നീന്തിയടുക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. അരുതാത്ത സാഹസത്തിന് കരുതാത്ത വിലനൽകി അനങ്ങാതെ അരുതാതെ ആകാശം നോക്കി അങ്ങിനെ കിടന്നു.

ഇന്ന്, വീണ്ടും വയസ്സറിയിച്ചുകൊണ്ട് ഇടവപ്പാതിയിലെ ഒരുതണുപ്പൻകാറ്റ് തട്ടിത്തലോടിയകലുമ്പോൾ,

നന്ദിയോടെ ഓർക്കാതിരിക്കുന്നതെങ്ങിനെ, ഒരിക്കലല്ല, പല കാലങ്ങളിലായി പലവുരു തിരിച്ചുതന്ന ഈ ഹൃദയതാളത്തെ ഇടറാതെ പതറാതെ കരുതലോടെ ചേർത്തുപിടിക്കുന്ന പ്രകൃതിയുടെ ഈ നിയതിയെ.!

ആശംസകളല്ല, അനുഗ്രഹമാണനുയോജ്യം. ഇനിയും ഒരു പത്തൻപത് കൊല്ലം കൂടി പിറന്നാളാശംസനേരാൻ നിങ്ങൾക്കാവതുണ്ടാകാൻ.!

                                                             *************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ