വെള്ളിയാഴ്‌ച, ജൂലൈ 17, 2020

വൾക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അല്ലെങ്കിലും ഈ കൈപ്പുണ്യമെന്നു പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ലല്ലൊ, ദൈവം അറിഞ്ഞനുഗ്രഹിച്ചുതരുന്നൊരു വരദാനമല്ലേ അത്. സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കി വിളമ്പിയൂട്ടുമ്പോൾ  ഉണ്ണുന്നവരുടെ മുഖത്തുവിരിയുന്ന ആ സംതൃപ്തിയുണ്ടല്ലൊ, അതു മാത്രം മതി ഉണ്ടാക്കുന്നവരുടെ വയറുനിറയാൻ!.  എന്തായാലും ഈ പരീക്ഷണം ഏട്ടനിഷ്ടാവാതിരിക്കില്ല. എന്തുണ്ടാക്കിയാലും ഏതെങ്കിലും കുറ്റം പറഞ്ഞു തന്നെ ശുണ്ഠിപിടിപ്പിക്കുന്ന ഏട്ടന് ഇതൊരു സർപ്രൈസാകും ഉറപ്പ്..!
                                     കഴിക്കാനിരിക്കുമ്പോൾ അവളുടെ ആവേശം കണ്ട് അയാൾ ചോദിച്ചു.
“ ഇന്നെന്താ സ്പെഷ്യൽ..?”
പാത്രത്തിന്റെ അടപ്പുമാറ്റി ഒരു നെടുനീളൻ മത്തി  സ്പൂണുകൊണ്ടു പൊക്കി അയാളുടെ ചോറുപാത്രത്തിലേയ്ക്കു മറിച്ചിട്ടുകൊണ്ട് അവൾ മൊഴിഞ്ഞു.
“ദാ നോക്യേ.. എത്ര വലിയ മത്തിയാ..!”
“ ഉം..ശര്യാണല്ലൊ വലിയമത്തി, തലപോയെങ്കിലും ചത്തിട്ടില്ലാന്നു തോന്നണു..!”
“ ദാണ്ടെ.. തുടങ്ങീല്ലോ കുറ്റം പറയാൻ!”
“കുറ്റമല്ലടീ ഭാര്യേ..അതൊരു കോമ്പ്ലിമെന്റല്ലേ.. കറിവച്ചിട്ടും ഫിഷ്  ഇത്ര ഫ്രഷായി ത്തന്നെയിരിക്കണമെങ്കിൽ അത് നിന്റെ കഴിവുതന്നല്ലേ!”
കറിപ്പാത്രത്തിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പിക്കിട്ടിയ രണ്ടു പച്ചമുളകും ഉള്ളി ഇഞ്ചി മുതലായവകളുടെ അവശിഷ്ടങ്ങളും മരിച്ചുകിടന്ന മത്തിയുടെ മുകളിൽ റീത്തു പോലെ അവൾ നിരത്തി ഭംഗി കൂട്ടി.
കിഴക്കൻ മലനിരകളിൽ ഉരുളുപൊട്ടി ഒലിച്ചിറങ്ങിയ മലവെള്ളംപോലെ  കലങ്ങി കളർഫുള്ളായ മത്തിച്ചാറുകോരി ചോറിലേയ്ക്കു വീണ്ടും വീണ്ടുമൊഴിക്കുമ്പോൾ അയാൾ വിലക്കി.
“ മതി മോളേ ഒഴിച്ചത്..നഞ്ചെന്തിനാ നാനാഴി..!”
ആ പരിഹാസമൊന്നും അവളുടെ ആത്മവിശ്വാസത്തിന് തെല്ലും  കോട്ടം വരുത്തിയില്ല.
സ്വന്തം പാത്രത്തിലേയ്ക്കു കൂടി അവൾ ഒരു  മത്തിയുടെ  ദേഹമെടുത്തു കിടത്തി. ഒരു തണ്ട് കറിവേപ്പില ഒഴുകിവന്നത് കരയ്ക്കടുപ്പിച്ച് അതിനു മേൽ എടുത്തുവച്ച് മുകളിൽ  ഉള്ളിയും മുളകുമൊക്കെ നിരത്തി ആവുന്നത്ര ഭംഗികൂട്ടി.
“ഞാൻ സ്വന്തമായുണ്ടാക്കിയതിന് ഏട്ടന്‍ കുറ്റം പറഞ്ഞോളൂ..ഇത്  ഇന്നു റ്റീ വീ ല് ആ മീനാക്ഷിനായരു ചെയ്തു കാണിച്ചതാ, പേര്   മൻസൂർ മത്തി..!”
“ ആഹാ..പേരൊക്കെ  പഷ്ട്..!”
“ പേരു മാത്രാല്ല, ടേസ്റ്റും നല്ലതാ..ഒന്നു നോക്ക്യേ..”
“ പിന്നെ ഞാനല്ലാതെ ഇതൊക്കെ ആരാ നോക്കുന്നെ..ദിപ്പം നോക്കാല്ലോ.”
മത്തിയുടെ മുകളിലെ  മസാലയും ഉള്ളിയും  അല്‍പ്പമെടുത്ത് അയാൾ മെല്ലെ രുചിച്ചിറക്കി.
അന്നനാളം  ഉരുകിയിറങ്ങുന്നതു പോലെ തോന്നിയെങ്കിലും അയാളതു പ്രകടിപ്പിച്ചില്ല.
“ആ...ഹാ ..…!”
കണ്ണടച്ച് തലയാട്ടി വലതു കയ്യിലെ ചൂണ്ടുവിരലും തള്ളവിരലും  കൂട്ടിമുട്ടിച്ച് രുചിയുടെ അപാരമായ ആധിക്യം  അയാൾ അളന്നു കാണിച്ചു.
“ എങ്ങനുണ്ട് ഞാൻ പറഞ്ഞില്ലേ സൂപ്പറാണെന്ന്..”
“  വാവ്..! അതെയതെ ..സൂപ്പർ …!
 ഇനിയിവിടെ  മുളകില്ലായിരുന്നോ മോളേ ഒരൽപ്പംകൂടി ചേർക്കാൻ..?” 
“അതെനിക്കറിയാരുന്നു ഏട്ടൻ പറയുമെന്ന്. സമ്മതിച്ചു, ഒരൽപ്പം മുളക് കൂടുതലുണ്ട്..മീൻ കറിയാകുമ്പം അൽപ്പം എരിവ് കൂട്യാലും കുഴപ്പമില്ലല്ലോ!”
“ ഇല്ല ഇല്ല ഒരു കുഴപ്പവുമില്ല, തന്നെയല്ല ഉപ്പ് കൂടുതലുള്ളതുകൊണ്ട് എരിവ് അത്രക്കങ്ങട് ഫീലുചെയ്യുന്നുമില്ല..”
“ഉം..ഉപ്പ് മെയിന്റെയിന്‍ ചെയ്യാന്‍  ഞാന്‍  വീണ്ടും വെള്ളമൊഴിച്ചിരുന്നു. ഇപ്പം പാകത്തിനല്ലേയുള്ളൂ?”
“അതെയതെ,  എന്തായാലും മുളകിനോളമില്ല  ഉപ്പ്!”
“അവരു ചേർത്തത് പോലെ കാശ്മീരി ചില്ലി ഇവിടെ ഇല്ലാരുന്നതുകൊണ്ട്  ഉള്ള മുളക്പൊടി  മൂന്നുനാലു സ്പൂൺ കൂടുതലിട്ടു അതുകൊണ്ടായിരിക്കും...”
“ ആഹ.. അതു നന്നായി എന്നിട്ടും മുളകിന്റെ  എരിമണമൊന്നുമില്ല, ചിലപ്പം മഞ്ഞൾപ്പൊടി കൂടിയതുകൊണ്ടായിരിക്കും”  
“ അല്ല, അതാകാൻ വഴിയില്ല, മഞ്ഞൾപ്പൊടിയുടെ കുത്തൽ മാറാൻ ഞാൻ മല്ലിപ്പൊടി പിന്നേയും ചേർത്തിരുന്നല്ലോ. അതു കൊണ്ടെന്താ, ഇപ്പം ടേസ്റ്റ് കൂടിയതേയുള്ളു..ഏട്ടൻ മത്തിയൊന്നു കഴിച്ചുനോക്ക്യെ..”
ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥനാനിരതാനായി, പിന്നെ  അയാൾ ആ സാഹസവും ചെയ്തു. ഒപ്പം അവളും  മൻസൂർ മത്തി ആസ്വദിച്ചു കഴിച്ചു.
“ഇതിൽ പുളി ചേർത്തിട്ടില്ല ല്ലേ..?”
“ചേർത്തു... ഇനിനകത്തെവിടെയോ ഉണ്ടല്ലൊ..”
“വേണ്ട, ഇനി മുങ്ങിത്തപ്പി അത് കണ്ടു പിടിക്കാൻ നോക്കേണ്ട..”
ചാറും ചോറും കൂട്ടിയിളക്കി അവൾമെല്ല കഴിക്കാനാരംഭിച്ചു.
കുടുംബബന്ധങ്ങളുടെ ഭദ്രതയ്ക്കും സുദീർഘമായ ദാമ്പത്യബന്ധത്തിനും അത്യപാരമായ സഹനശേഷിയും ക്ഷമാശീലവും അത്യന്താപേക്ഷിതമാണെന്നു സ്വന്തം അനുഭവത്തിൽനിന്നു നന്നായി മനസ്സിലാക്കിയ ആ മഹാനുഭാവൻ മറ്റൊന്നുമാലോചിക്കാതെ  അമൃതേത്തു തുടങ്ങി.
ഇനിയും എന്തു പരീക്ഷണവും നടത്തി വിജയശ്രീ ലളിതയോ സുഹാസിനിയോ,ഖുശ്ബുവോ ഒക്കെ ആകാൻ തനിക്കു കഴിയുമെന്ന് ഭാര്യ വീണ്ടും  ആത്മവിശ്വാസംകൊണ്ടു.
“ഇന്നത്തെ ഷോയിൽ ആ മീനാക്ഷിനായരുടെ സാരിയൊന്നു കാണേണ്ടതു തന്നെയാരുന്നൂട്ടോ..എന്താ സ്റ്റലയില്..! ഏട്ടൻ കണ്ടിരുന്നേൽ ഉറപ്പായും എനിക്കൊന്നു വാങ്ങിത്തന്നേനേ..!”
മഹാനുഭാവന്റെ തലമണ്ടയിൽ അപായ മണി മുഴങ്ങി.
തലക്കകത്ത് സെറിബ്രം സെറിബല്ലം  മെഡുല ഒബ്ലാംഗേറ്റ മുതലായ കമ്മറ്റിക്കാര്‍ ഓടിനടന്ന് രക്ഷാപ്രവർത്തനത്തിനുള്ള മാർഗ്ഗങ്ങളാലോചിച്ച്തീരുമാനത്തിലെത്തി.
തീരുമാനം വാക്കുകളായി പുറത്തുവന്നു.
“കറി എന്തായാലും സൂപ്പറായീട്ടോ മോളൂ..എനിക്കൊരു മത്തികൂടെ തന്നോളൂ..!”
സംഗതി ഏറ്റു. സാരിയിൽനിന്നു പിടിവിട്ട് ഭാര്യ തിരികെവന്നു.
“സോറീ ചേട്ടാ..മത്തി ഇനി ഇല്ലാട്ടോ..”
‘അത് നന്നായി’ എന്നു മനസ്സു പറയുമ്പോഴും തുറന്നു പറയാൻ അയാളുടെ കീഴ് വഴക്കമനുവദിച്ചില്ല.
“ അതെന്താ രണ്ടു മത്തിയേ നീ വാങ്ങിയുള്ളു..?”
“അല്ല ചേട്ടാ, ആകെ അഞ്ചു മത്തിയുണ്ടാരുന്നു”
“എന്നിട്ട്..?”
അയാൾക്ക് ജിജ്ഞാസയായി.
“എന്നെ വഴക്കുപറയരുത്..”
“ ഇല്ല നീ പറയ്”
“കറിക്ക് ഉപ്പു കൂടിപ്പോയോ എന്നൊരു ഡൗട്ടു വന്നപ്പം ഒരെണ്ണം ഞാനെടുത്തു കഴിച്ചുനോക്കി..”
അയാൾ ചെറുതായൊന്നു പുഞ്ചിരിച്ചു.എന്നിട്ട് ബാക്കിക്കൂടിക്കേൾക്കാൻ അവളെ നോക്കി.
“..പിന്നെയാണു മുളക് അധികമായോഎന്നു സംശയം വന്നത്…, അതും ക്ലിയറുചെയ്യണ്ടേ.?”
“പിന്നേ..വേണം വേണം..” 
ഇപ്പോൾ അയാളുടെ പുഞ്ചിരി അൽപ്പം വലുതായി. അവൾ ഭാവഭേതമില്ലാതെ തുടർന്നു,
“ പിന്നൊരെണ്ണം സീര്യലുകാണാനിരുന്നപ്പം വെറുതേ കഴിക്കാനെടുത്തു..”
“ ഹ ഹ ഹ !”
അയാളുടെ പുഞ്ചിരി വലിയ പൊട്ടിച്ചിരിയായപ്പോഴും അവൾ പറഞ്ഞുകൊണ്ടിരുന്നു..
“പിന്നെ ആകെ രണ്ടെണ്ണമല്ലെയുള്ളു, അതിലൊന്ന് ഏട്ടനും തന്നു ,ഒന്നു ഞാനുമെടുത്തു..!”
അയാൾ നിശബ്ദം..!
സത്യം പറയാല്ലോ, വീട്ടിലെത്തിയാൽ അയാളിപ്പം ചിരിക്കാറില്ല കരയാറുമില്ല..!

                                                                                    *