ബുധനാഴ്‌ച, ഡിസംബർ 28, 2011

കാണാപ്പുറങ്ങള്‍

                   പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പെന്നോണം, മുകളിലത്തെ തൊടികളില്‍ നിന്നും നീര്‍ച്ചാലുകള്‍ താഴെ വെള്ളം നിറഞ്ഞ പാടത്തേക്ക് പല വഴികളിലൂടൊഴുകിക്കൊണ്ടിരുന്നു. അതിന്റെ ഒഴുക്ക് താഴത്തെ തൊടിയിലേക്കു തിരിച്ചുവിട്ടിരിക്കുകയാണ് ‍അച്ഛന്‍. ഓരോ കാലത്തും ഓരോ കൃഷിയാണ് അവിടെ ചെയ്യുക.മഴക്കാലമായാല്‍ അടിച്ചൊരുക്കി നെല്ലു വിതക്കും. അല്ലാത്തപ്പോള്‍ പല തരം പച്ചക്കറികള്‍.  
                            ഒഴുകിയെത്തിയ വെള്ളം തൊടിയില്‍ നന്നായി നിരന്നിരുന്നു. അച്ഛന്‍ അവിടം ഉഴുതു മറിക്കുകയാണ്. വെണ്ടമണി കെട്ടിയ രണ്ടു വെള്ളക്കാളകള്‍ ഒരു പ്രത്യേക താളത്തില്‍ അടിവെച്ചടിവെച്ച് കലപ്പ വലിച്ചുകൊണ്ടിരുന്നു. പിന്നില്‍ കലപ്പയില്‍ ഇടതുകൈയുറപ്പിച്ച് വലം കയ്യില്‍ വടിയും പിടിച്ച് അച്ഛന്‍. കാട്ടുവള്ളികള്‍കൊണ്ട് പ്രത്യേകം വരിഞ്ഞ് തയ്യാറാക്കിയ ആ വടി കാളകളുടെ മേല്‍ തൊടാതെ, ഒരു പ്രത്യേക അകലത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മേല്‍പ്പോട്ടു വളഞ്ഞ കൊമ്പുകളും, വലിയ കണ്ണുകളും ഉള്ള, കാഴ്ച്ചയില്‍ ഒരേപോലെ തോന്നിക്കുന്ന കാളകള്‍ രണ്ടും, പ്രത്യേക നിയന്ത്രണങ്ങളൊന്നുമാവശ്യമില്ലാതെ ഒരേതാളത്തില്‍ അനായാസേന അവരുടെ ജോലി ചെയ്തുകൊണ്ടിരുന്നു. രാവിലെ തറവാട്ടില്‍ നിന്നും കൊണ്ടുവന്നതാണവയെ. മുത്തച്ഛന്‍ ‘മക്കളെ’ എന്നു ചൊല്ലി വിളിക്കുന്ന ആ കാളകള്‍ രണ്ടും ഉഴവില്‍ അതി വിദഗ്ദരത്രേ..!
                                       കലപ്പ മണ്ണിലേക്കാഴ്ന്നിറങ്ങുന്ന ശബ്ദം. ചേറും വെള്ളവും തെറിപ്പിച്ച് കാളകള്‍ മുന്നേറുന്ന ശബ്ദം. അവയുടെ കഴുത്തിലെ ചെറിയ വെണ്ട മണികളുടെ ശബ്ദം. എല്ലാം..എല്ലാം ഒരു പ്രത്യേക താളത്തില്‍. ആ  താളത്തിനൊത്ത് അച്ഛന്റെ കൈയ്യിലിരുന്ന വടി മെല്ലെ ചലിച്ചു കൊണ്ടിരുന്നു. ഇടക്ക് കാളകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ചില പ്രത്യേക ശബ്ദത്തില്‍ അച്ഛന്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. പലപ്പോഴും ഈ താളക്രമത്തില്‍  എന്റെ തലയും ഞാനറിയാതെ ചലിക്കുകയായിരുന്നു. ഏറെനേരമായി ഇതെല്ലാം ആസ്വദിച്ച് മുകളിലത്തെ നടപ്പാതയില്‍ ഞാനിരിക്കുകയാണ്. കാലില്‍ മരവിപ്പു തോന്നിയപ്പോള്‍ എഴുന്നേറ്റു. അപ്പോഴാണ് അരുകില്‍ ചേര്‍ത്തുവച്ച കൂണിന്റെ കാര്യം ഓര്‍മ വന്നത്. കുറെ മുന്‍പ് തൊടിയിലൂടെ ചുറ്റിയടിക്കുമ്പോള്‍ താഴെ ,കിളിച്ചുണ്ടന്‍ മാവിന്റെ ചുവട്ടില്‍ നിന്നു കിട്ടിയതാണ്  വലിയ രണ്ട് വെള്ളാരം കൂണുകള്‍.മഴക്കാലമായാല്‍  ഇതു പതിവാണ്.  ചിലപ്പോള്‍ കൂടുതല്‍ ഉണ്ടാവും. അപ്പോള്‍ അമ്മ അത് കറിയാക്കും. ഇതുപോലെ ഒന്നുരണ്ടേ ഉള്ളു എങ്കില്‍ അത് എനിക്കു മാത്രമാണ്. ഞാന്‍ വീട്ടിലേക്കോടി .അടുക്കളപ്പുറത്തിരുന്ന് കറിക്കരിയുന്ന അമ്മക്കു മുന്നില്‍ ,വിടര്‍ന്ന രണ്ടു വെള്ളാരം കൂണുകള്‍ പ്രത്യക്ഷപ്പെട്ടു..!
“ ദ് എനിക്കു ചുട്ടു തര്വോ..?”
“നീ എവ്ടാരുന്നു ഇത്രനേരം..?”- കൂണിലേക്ക് നോക്കി അമ്മ ചോദിച്ചു.
“ കാളപൂട്ടണേടത്ത്..”
“കഴിയാറായോ..?”
“ ഇല്ലെന്നാ തോന്നണേ...”
കൂണുകള്‍ നീട്ടിപ്പിടിച്ചുകൊണ്ടു തന്നെ ഞാനുത്തരം നല്‍കി.
“ ഈ നേരോല്ലാത്ത നേരത്ത്..കൊണ്ടു വന്നിരിക്കണ്...!’ -
തെല്ലൊരമര്‍ഷത്തോടെ അമ്മ കൂണ്‍ വാങ്ങി,നിമിഷനേരത്തില്‍ ഒരുക്കിയെടുത്തു. ഞാന്‍ വടക്കേ തൊടിയിലേക്കു ഓടിയിറങ്ങി കൊഴിഞ്ഞു വീണ പഴുത്ത രണ്ടു പ്ലാവില എടുത്ത് കഴുകി വ്യത്തിയാക്കി വന്നു.ഉപ്പും മഞ്ഞളും പുരട്ടിയ കൂണ്‍ കഷണങ്ങള്‍ ആ പ്ലാവിലയില്‍ പൊതിഞ്ഞു കെട്ടി അമ്മ കത്തിക്കൊണ്ടിരുന്ന അടുപ്പിലെ കനലുകള്‍ക്കിടയില്‍ പ്പൂഴ്ത്തി..! പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ അമ്മ, അടുപ്പിനരുകില്‍ത്തന്നെ നിലയുറപ്പിച്ച എന്നോടു പറഞ്ഞു.
“ എന്തിനാ നീയവിടെ നിന്നു പുക കൊള്ളണേ..അതു വെന്തു കഴീമ്പം ഞാന്‍ വന്നെടുത്തു തരാം..!”
“അടുത്താളില്ലെങ്കീ.. അതു കരിഞ്ഞു പോവൂല്ലേ..?”
വെറുതെ  അവിടെനിന്നെന്നോടു വാഗ്വാദം നടത്തിയിട്ടു കാര്യമില്ലെന്ന് അമ്മക്കു തോന്നിയിട്ടുണ്ടാവണം. പിന്നൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങി തെക്കേ തൊടിയിലേക്കു പോയി. അടുപ്പിനു മേല്‍ മണ്‍കലത്തില്‍ അരി തിളച്ചു മറിയുന്നു. കൂണ്‍ വെന്തു കിട്ടാനും, അരി വേവാനും, വിറകിതു പോര എന്നെനിക്കു തോന്നി. അടുപ്പിന്‍ ചുവട്ടില്‍ നിന്നും വിറകു കമ്പുകള്‍ ഓരോന്നായി എടുത്ത് ഞാന്‍ അടുപ്പിനുള്ളിലേക്കു വച്ചു.ഇനിയും വയ്കാന്‍ അടുപ്പില്‍ ഇടം ഇല്ലാത്ത അവസ്ഥയില്‍ ആ പണി നിര്‍ത്തി,പുകയുന്ന അടുപ്പിലേക്ക് ശക്തിയായി ഊതിക്കൊണ്ടിരുന്നു. അടുക്കള മുഴുവന്‍ പുക കൊണ്ടു നിറഞ്ഞു. ഞാന്‍ എത്ര ശ്രമിച്ചിട്ടും പുകയുകയല്ലാതെ അടുപ്പ് കത്തിയില്ല.
                                      തെക്കേ തൊടിയില്‍ തഴച്ചു നിന്ന ചീര ഒരു പിടി പിഴുതെടുത്ത് വന്ന  അമ്മ, അടുക്കളയിലെ പുകയും, അതില്‍ നിന്നു വിയര്‍ക്കുന്ന എന്നേയും കണ്ട് പരിഭ്രമത്തോടെ ഓടിയെത്തി..!
“ നീയെന്തായീ ക്കാട്ടണേ..?”
അടുപ്പില്‍നിന്നും വിറകു കമ്പുകള്‍ ഒന്നൊന്നായി മാറ്റിക്കൊണ്ട് അമ്മ ദേഷ്യപ്പെട്ടു.
“ വെറകു വയ്ക്കാതെ ഇതെങ്ങന്യാ വേകുന്നേ..?”
കത്താന്‍ തുടങ്ങിയ അടുപ്പില്‍ നിന്നും ഇലപ്പൊതി വെളിയിലേക്കെടുത്തുകൊണ്ട് അമ്മ ശകാരിച്ചു.
“ എടാ കൊതിയാ..ഇതു വേകാന്‍ ഇത്രേം വെറകൊന്നും വേണ്ടാ..!”
ചെയ്തതു മഠയത്തരമെന്നറിഞ്ഞും എനിക്കു ദേഷ്യം വന്നു.
“ന്നെ കൊതിയാന്നു വിളിച്ചാലുണ്ടെല്ലോ...ഞാനച്ചനോടു പറയും..!”
“ നീ പോയിപ്പറയ്..”
എന്റെ ഭീഷണി ചിരിച്ചു തള്ളിക്കൊണ്ട് അമ്മ പുറത്തേക്കിറങ്ങി,പറിച്ചെടുത്ത ചീര കഴുകി വ്യത്തിയാക്കി.
ചൂടുമാറാത്ത ഇലപ്പൊതിയഴിച്ച് ഞാന്‍ വെന്ത കൂണ്‍ രുചിച്ചുകൊണ്ടിരുന്നു.
അമ്മ വീണ്ടും അടുക്കളയിലെത്തി. പാകമായ ചോറ് വാര്‍ത്ത് അടുപ്പില്‍ കറിക്കുള്ള വക വച്ചുതിരിയുമ്പോള്‍ മുന്നില്‍ എന്റെ ഇഷ്ട്ട വിഭവത്തില്‍ ഒരു പങ്കുമായി ഞാന്‍ കാത്തു നിന്നു.
“ ക്ക് വേണ്ടാ...നീ കഴിച്ചോള്..”
“ അങ്ങനിപ്പം വേണ്ടാ..!”
ഞാന്‍ നിര്‍ബന്ധ പൂര്‍വ്വം കൈനീട്ടി. അമ്മ കുനിഞ്ഞ് വിരലടക്കം വേദനിപ്പിക്കാതെ കടിച്ചെടുത്തു..!
“..ആ..വൂ‍...!”- വല്ലാത്ത വേദന നടിച്ച് ഞാന്‍ കൈ വലിച്ച് അമ്മയുടെ മുണ്ടിന്‍  തലപ്പില്‍ തുടച്ച് മുറ്റത്തേക്കിറങ്ങി.
                                  പടിഞ്ഞാറേ മുറ്റത്തെ കടുപ്പമില്ലാത്ത പാറയിടുക്കില്‍ നിന്നും മഴക്കാലത്ത് നീരുറവ പതിവാണ്. അത് തെല്ല് വടക്കോട്ടൊഴുകി കിഴക്കോട്ടു തിരിഞ്ഞ് കിണറിനു സമീപം കയ്യാലയില്‍ നിന്നും താഴേക്ക് പതിക്കുന്ന ഒരുചെറു വെള്ളച്ചാട്ടമായിമാറിയിരിക്കുന്നു. അവിടെ ഒരു തടയണ കെട്ടി,പപ്പായക്കുഴലിലൂടെ വെള്ളം താഴേക്ക് ചാടിച്ച്, ആ നീര്‍ച്ചാട്ടാത്തില്‍ വാഴയിലത്തണ്ടു കൊണ്ടുണ്ടാക്കിയ ഇലച്ചക്രം ഉറപ്പിച്ചാല്‍, വെള്ളം വറ്റുന്നതു വരെ അത് കറങ്ങിക്കൊണ്ടേയിരിക്കും...! താഴെ കാളകളുടെ മണികിലുക്കം വീണ്ടും കാതിലെത്തി. ഉച്ചയാകാറായെങ്കിലും വെയിലിനിയും തെളിഞ്ഞിട്ടില്ല. അമ്മ അടുക്കളപ്പുറത്തിരുന്ന് ചീരയൊരുക്കുന്നു. കിളച്ചുമറിച്ച പറമ്പില്‍നിന്നും ഇളകിയ മണ്ണെടുത്ത് ഞാന്‍ തടയണ പണി ആരംഭിച്ചു.
“ മണ്ണിലെറങ്ങിക്കളിച്ചാല്..വളംകടിക്കൂട്ടോ..”
                   അടുപ്പിലെ തീയ് കൂട്ടിവച്ച് തിരികെയെത്തി അമ്മ ഓര്‍മ്മിപ്പിച്ചു . അണക്കെട്ടിലെ വെള്ളത്തില്‍ കൈ കഴുകി നിവരുമ്പോള്‍ താഴെ നിന്ന് അച്ഛന്റെ വിളി കേട്ടു.
അമ്മയെ വിളിച്ചതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ക്ഷണ നേരത്തില്‍ അമ്മ കിഴക്കേ മുറ്റത്തെത്തി അച്ഛനു വേണ്ടി കാതോര്‍ത്തു.
“ കാളയെ കെട്ട്ണ കയറ് താ...!”
തൊഴുത്തിന്റെ പിന്നാമ്പുറത്തു നിന്നും കയറുമായി അമ്മയെത്തിയപ്പോള്‍ ഞാന്‍ വഴിതടഞ്ഞു.
“..ഞാന്‍ പോയിക്കൊടുക്കാം...”
“ വേണ്ട..അച്ഛന്‍ വഴക്കു പറേം...”
അച്ഛന്റെ മുന്‍കോപം നന്നായറിയുന്ന  അമ്മയുടെ വാക്കുക്കള്‍ ഞാന്‍ ചെവിക്കൊണ്ടില്ല.
“ പറ്റൂലാ..ഞാന്‍  കൊടുക്കാം..”
അമ്മയുടെ എതിര്‍പ്പ് എന്റെ പ്രതീക്ഷ കെടുത്തിയപ്പോള്‍ കരയാനല്ലാതെ  മറ്റൊന്നും എനിക്കു തോന്നിയില്ല..! ഉഴവു കണ്ടത്തിനു മുകളിലെ കയ്യാലപ്പുറത്ത്  അമ്മയുടെ കയ്യിലെ കയറില്‍ പിടുത്തമിട്ട്  ഉറക്കെ കരഞ്ഞു കൊണ്ട് ഞാന്‍ നിന്നു.
“ബാ..!”
അച്ഛന്‍ കാളകള്‍ക്ക് എന്തോ സംജ്ഞ നല്‍കി. അവ നടത്തം നിര്‍ത്തി..! കലപ്പക്കു പിന്നില്‍ ചളിയില്‍ വടി കുത്തി നിര്‍ത്തി, അച്ഛന്‍ അരികിലേക്കെത്തി. എന്റെ സങ്കടത്തിന് അച്ഛന്‍ പരിഹാരമുണ്ടാക്കുമെന്ന് സംശയലേശമന്യേ ഞാനാശിച്ചു. അമ്മയുടെ കയ്യില്‍ നിന്നും കയര്‍ വാങ്ങി,അച്ഛന്‍ എന്റെ കയ്യില്‍ തരുന്നു..ഞാന്‍ അത് സന്തോഷത്തോടെ അച്ഛന് കൊടുക്കുന്നു. തീര്‍ന്നു..! അതോടെ എന്റെ രോദനം അവസാനിക്കുന്നതും കണ്ണീരൊഴുകിയ മുഖത്ത് ചിരി വിരിയുന്നതുമെല്ലാം മനസ്സില്‍ക്കണ്ട് പ്രതീക്ഷയോടെ ഞാനച്ഛനെ നോക്കി.
“ എന്തിനാടാ കരയ് ണേ...?”
അമ്മയുടെ കയ്യില്‍ ‍നിന്നും കയര്‍ വാങ്ങി അച്ഛന്‍ ചോദിച്ചു
മറുപടിയൊന്നും പറയാതെ ഞാന്‍ കരച്ചിലിന് ആക്കം കൂട്ടി.
ഒരുനിമിഷം..!
അച്ഛന്റെ മുഖം കോപം കൊണ്ട് വലിഞ്ഞു മുറുകുന്നത് ഞാന്‍ കണ്ടു.വെറ്റില മുറുക്കിച്ചുവന്ന നാക്ക്  കടിച്ചുപിടിച്ച്, കയ്യിലിരുന്ന കയര്‍ എന്റെ നേരേആഞ്ഞു വീശിക്കൊണ്ട് ഒരലര്‍ച്ചയായിരുന്നു..
“ ന്തിനാ..കരയ് ണേ..ന്ന്..?”
അപ്രതീക്ഷിതമായ ആഭാവമാറ്റത്തില്‍ ഞാന്‍ ഞെട്ടിത്തെറിച്ച അതേ നിമിഷം വല്ലാത്ത ഒരുസീല്‍ക്കാരത്തോടെ ആ കയറിഴകളത്രയും ഉന്നം തെറ്റാതെ എന്റെ ഇടതു കാലില്‍ പതിച്ചു..!
“യ്യോ..!”
            അടുത്ത അലര്‍ച്ച എന്റേതായിരുന്നു. വേദന കോണ്ടു പുളഞ്ഞ് ഇനിയും തുറക്കാനാവാത്തവണ്ണം വായ് തുറന്ന് ഞാനലറിക്കരഞ്ഞു. ക്രമംതെറ്റിയ കയറിഴകള്‍ വീണ്ടും ചേര്‍ത്തു പിടിച്ച് അച്ഛന്‍ വീണ്ടും എന്റെ നേരേ ആഞ്ഞു വീശി..!
“..ന്തിനാ..കരേണേ...ന്ന്...??”
അതേനിമിഷം ഞാന്‍ മേലേക്കുയര്‍ന്ന് അമ്മയുടെ പിന്നിലേക്കെറിയപ്പെട്ടു..! കയ്യില്‍ ത്തൂക്കി ദൂരേക്കു നീക്കുകയായിരുന്നു എന്നെ അമ്മ..!
ലക്ഷ്യം തെറ്റി അടികൊണ്ടത് അമ്മയുടെ കാലില്‍..!
“ഓ....!”
അടക്കിയ ഒരു മുരള്‍ച്ച അമ്മയില്‍നിന്നുണ്ടായി. ഞാന്‍ പിന്നില്‍ നിലത്തിരുന്നു പുളയുകയാണ്. കാളകള്‍ രണ്ടും ചെവിയോര്‍ത്തുനിന്നു. അടങ്ങാത്ത ദേഷ്യത്തില്‍ ചളിയില്‍ ചവുട്ടിമെതിച്ച് ശബ്ദമുണ്ടാക്കി അച്ഛന്‍ കാളകളുടെയടുത്തേക്ക് കുതിച്ചു. വിരണ്ടു പോയ അവ അച്ഛനടുത്തെത്തും മുമ്പേ മുന്നോട്ടു നീങ്ങിത്തുടങ്ങിയിരുന്നു.
മണ്ണില്‍ ചുരുണ്ടു കൂടി വായ് പിളര്‍ന്നു കരയുന്ന എന്നെ എടുത്തുയര്‍ത്തി അമ്മ വീട്ടിലേക്കു പോവുമ്പോള്‍ താഴെ ,കാളകളുടെ മേല്‍ കാട്ടുവള്ളിചുറ്റിയ വടി ആഞ്ഞു പതിക്കുന്ന ശബ്ദം കേട്ടു..!
                               കയര്‍ പാകിയ, അച്ഛന്റെ കട്ടിലില്‍ പാതി വിരിച്ച തഴപ്പായയില്‍ കണ്ണടച്ച്  ചുരുണ്ട് കിടക്കുമ്പോള്‍ തേങ്ങല്‍ ഒട്ടൊന്നൊതുങ്ങിയിരുന്നെങ്കിലും നിശ്ശേഷം നിയന്ത്രിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഇടത്തേ കാല്‍മുട്ടിനു താഴെ നീറുന്ന തിണര്‍പ്പിനു മീതെ വിരലോടിച്ച് വിതുമ്പല്‍ അമര്‍ത്താന്‍ ശ്രമിച്ചു ഞാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ത്തങ്ങിയ സംശയം ഒന്നു മാത്രം. ഈവിധം തിണര്‍പ്പുണ്ടാകാന്‍ മാത്രം എന്തപരാധമാണ് ഞാന്‍ ചെയ്തത്..?
ചിലനേരങ്ങളില്‍ എന്നെ മടിയിലിരുത്തി പാട്ടു പാടിക്കൊഞ്ചിക്കുന്ന അച്ഛന്‍..രാത്രിയില്‍ കാത്തുകാത്തിരുന്ന് ഉറക്കം പിടിച്ചാ‍ലും വിളിച്ചുണത്തി മിഠായിപ്പൊതി സമ്മാനിക്കുന്ന അച്ഛന്‍..!
എന്തിനാണ്...എന്തിനാണിങ്ങനെയെന്നെ...?. കണ്‍ തടങ്ങളില്‍ തടയണ പണിയാന്‍ എനിക്കായില്ല. അവ നിറഞ്ഞു കവിഞ്ഞ് കവിളിലൂടൊഴുകിയിറങ്ങി.
                                          മുറ്റത്തുനിന്ന് ഒരു കാല്‍ പെരുമാറ്റം അടുത്തുവരുന്നത് എപ്പോഴോ ഞാനറിഞ്ഞു. മന:പ്പൂര്‍വ്വം കണ്ണുകളടച്ച് അനങ്ങാതെ കിടന്നു. അടുത്തുവന്ന പദസ്വനം എന്റെ സമീപം നിശ്ചലമായി. അടഞ്ഞ കണ്ണുകള്‍ക്കു മുന്നിലും അച്ഛന്റെ സാമീപ്യം ഞാന്‍ തിരിച്ചറിഞ്ഞു..! ആ കൈകള്‍ നീണ്ടുവന്ന് എന്റെ കാലിലെ തിണര്‍പ്പില്‍ തലോടി ആശ്വസിപ്പിക്കുന്നതും ആ വിരല്‍ സ്പര്‍ശത്തില്‍ എന്റെ സങ്കടമത്രയും ഉരുകിയൊഴുകി മുറ്റത്തെ ചെറുനീര്‍ച്ചാലില്‍  ലയിച്ചില്ലാതാവുന്നതും  കാത്തു കാത്തുഞാന്‍ കിടക്കുമ്പോള്‍..എവിടെനിന്നോ ഒരു ചുടു നീര്‍ത്തുള്ളി എന്റെ മേല്‍ പതിച്ചു..!
അടക്കിയ ഒരു തേങ്ങല്‍...!
ഒരു നിശ്വാസം..!
ഞാന്‍ കണ്ണു തുറക്കാതെ വീണ്ടും പ്രതീക്ഷയോടെ കിടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ കാലൊച്ച അകന്നു പോകുന്നതു ഞാനറിഞ്ഞു. വിയര്‍പ്പിന്റേയും ചേറിന്റേയും നേരിയ ഒരു ഗന്ധം മാത്രം മുറിയില്‍ തങ്ങിനിന്നു.പിന്നെ അതും ഇല്ലാതായി...!വലിയകീഴ്ച്ചുണ്ട് മുന്നോട്ടു മലര്‍ത്തി ഞാന്‍ വീണ്ടും വിതുമ്പി..കണ്ണുതുറന്നു ചുറ്റും നോക്കി. ഇല്ല അച്ഛന്‍ അവിടെയെങ്ങുമില്ല..! അച്ഛന്റെ സാമീപ്യത്തില്‍ ഇടതു കൈത്തണ്ടയില്‍ വീണ  നീര്‍ക്കണം ചിതറാതെ തുളുമ്പിനില്‍ക്കുന്നത് ഞാന്‍ കണ്ടു. ആ ജലബിന്ദു നെഞ്ചോടു ചേര്‍ത്തപ്പോള്‍ എന്റെ ശബ്ദം വല്ലാതെ പതറിപ്പോയി.
“..ന്തിനാ...ന്തിനാ..എന്നെ തല്ലിയത്...?”
ശോഷിച്ച നെഞ്ചിന്‍ കൂട്ടിലെ പുകയുന്ന നെരിപ്പോടില്‍ എരിയുന്ന തീയുടെ ചൂടില്‍ ആ നീര്‍ത്തുള്ളി ലയിച്ചില്ലാതായെങ്കിലും,കൈ  നെഞ്ചോടു ചേര്‍ത്തു പിടിച്ച്, വീണ്ടുംവീണ്ടും ഞാന്‍ തേങ്ങി...
“..ന്തിനാ..ന്തിനാ..എന്നെത്തല്ലിയത്..?”
തുറന്നുകിടന്ന ജാലകപ്പാളികള്‍ തെല്ലൊന്നുലച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് അകത്തേക്കു വീശി. അത്  എന്റെ കാലിലെ നീറുന്ന തിണര്‍പ്പില്‍ തലോടിക്കൊണ്ട് മലര്‍ക്കെ തുറന്നുകിടന്ന കിഴക്കേ വാതിലിലൂടെപുറത്തേക്കൊഴുകി.ഒന്നല്ല രണ്ടല്ല..പലതവണ..!!
പുറത്ത് കിണറ്റുകരയില്‍ മണ്ണുകൊണ്ട് ഞാന്‍ തീര്‍ത്ത തടയണ നിറഞ്ഞു കവിഞ്ഞ് താഴേക്കൊഴുകാന്‍ തുടങ്ങിയിരുന്നു..!
                                                        *
വാല്‍ക്കഷണം:   പിന്നീടൊരിക്കലും ദുശ്ശാഠ്യം പിടിച്ച് കരഞ്ഞ് കാര്യം സാധിക്കാന്‍ ഞാന്‍ തുനിഞ്ഞിട്ടില്ല...!