ഞായറാഴ്‌ച, ഡിസംബർ 12, 2010

കൊച്ചു കൊച്ചു സന്ദേശങ്ങള്‍

ച്ഛനിനി എന്നാ വരുന്നെ അമ്മേ.?”മോന്റെ യൂണിഫോമും, മോളുടെ കുഞ്ഞുടുപ്പും, അലമാരയില്‍ മടക്കി വക്കുമ്പോഴാണ് ചോദ്യം.
“ആഹാ.. നീ ഉറങ്ങീല്ലേ..?-നേരത്തേ കിടന്നതാണല്ലോ.. എന്തുപറ്റി...?”
“ഉറക്കം വരണില്ലാമ്മേ..!”
“കണ്ണടച്ചു പ്രാര്‍ത്ഥിച്ചിട്ടു കിടന്നോ..ഉറക്കം വരും..”
“അമ്മ വരാറായോ..?“
“ദാ ഇപ്പോ എത്താം..മോനുറങ്ങിക്കോ..”
അവന്‍ കിടന്നുകൊണ്ടുതന്നെ കിടക്കവിരി തട്ടി നേരെയാക്കി അമ്മക്കുള്ള ഇടമൊരുക്കി.
“നീ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് അവളെ ഉണര്‍ത്തല്ലേ..!”
കട്ടിലില്‍ ഭിത്തിയോടുചേര്‍ന്ന്കിടന്നുറങ്ങുന്ന അനിയത്തിയെ അവന്‍ സാകൂതം നോക്കി.
“ശ്.ശ്..അവള്‍ നല്ല ഉറക്കമാ..”-അവന്‍ അമ്മയെ നോക്കി അടക്കം പറഞ്ഞു..രണ്ടുമൂന്നു നിമിഷത്തെ ഇടവേളക്കു ശേഷം അവന്‍ വീണ്ടും വാചാലനായി.
“ജോമോന്റെ പപ്പാ അടുത്ത ആഴ്ച്ച വരൂന്നു പറഞ്ഞു..!”-
“മോന്റച്ഛനും ഉടനേ വരൂടാ..!”
“സത്യം..?”
“ഉം...!”
“ഇനി അച്ഛന്‍ വരുമ്പോള്‍‍, തിരിച്ചു പോണ്ടാന്നു പറയമ്മേ..!”
അവള്‍ പുഞ്ചിരിച്ചു. പിന്നെ അലമാരി ചേര്‍ത്തടച്ച് മോന്റടുത്തെത്തി. കൈയ്യെത്തും ദൂരത്ത് മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. ഒരു മിസ്ഡ് കാള്‍..!
കടലിനുമപ്പുറത്ത് ,കാതങ്ങള്‍ദൂരെ ഈന്തപ്പനയുടെ നാട്ടില്‍, നഗരത്തിന്റെ തിരക്കില്‍ നിന്നകന്ന് ,വീടും കുടുബവും മനസ്സില്‍ ആവാഹിച്ചു കൊണ്ടുനടക്കുന്ന ഒരുപറ്റം വിരഹിതരുടെ താവളത്തില്‍,
കട്ടില്‍ തലക്കല്‍ തലയിണയുടെ അരുകില്‍ നിന്ന് ഒരു പ്രണയ ഗീതത്തിന്റെ ശീലുകളുയര്‍ന്നു.!
കുളി പാതിയില്‍ നിര്‍ത്തി അയാള്‍ വേഗമിറങ്ങി ഫോണിനടുത്തെത്തി..എടുക്കുന്നതിനുമുന്‍പുതന്നെ ആസംഗീതം നിലച്ചു..!
ഒരുകാമുകന്റെ കള്ളച്ചിരിയൊടെ അയാള്‍ ഫോണില്‍ നോക്കിചോദിച്ചു-
“ഇന്നെന്താ നേരത്തേ..?”
കാള്‍ കട്ടു ചെയ്ത് അവള്‍ സ്വഗതം ആരാഞ്ഞു-
“മോന്‍ പറേണതു കേട്ടോ..?”
മറുപടിയെന്നോണം ഫോണ്‍ രണ്ടു വട്ടം ശബ്ദിച്ചു..!!
ചുമലിലെ പുതപ്പ് താഴേക്കു നീക്കി തലയുയര്‍ത്തി അവന്‍ ചോദിച്ചു-
“ആരാമ്മേ...അച്ഛനാ..?.”
“ഉം..!”-അവള്‍ തലയാട്ടി. പിന്നെ ഫോണെടുത്ത് ഒരു ചെറു സന്ദേശം അയാള്‍ക്കായൊരുക്കി.
“ഞാന്‍ പറഞ്ഞ കാര്യം പറയണോട്ടോ..!”
“മോന്‍ പറഞ്ഞോടാ.....മോന്‍ പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കും”
“ശരിക്കും..??”
“ഉം..അതേടാ..!!”-അവന്റെ കുഞ്ഞിക്കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു.
അവളുടെ കയ്യിലെ ഫോണില്‍നിന്നും ഒരു ചെറു സന്ദേശം ദൂരേക്കു പാഞ്ഞു..
“അച്ഛന് അമ്മേട്..ഒരുപാട്..സ്നേകം ഒണ്ട്..ല്ലേ...?”
ഇത്തവണ അവളുടെ ചിരി അല്പം ഉച്ചത്തിലായി.
“അല്ല, മോനോടാ..കൂടുതല്‍.....”
“ഉം......എനിക്കറിയാം ...!“‌‌-ആറിലും അറുപതിന്റെ ഗൌരവത്തോടെ അവന്‍ -
“എന്ത്...?”
“അമ്മേടെ ഫോണില്‍ അച്ഛന്റെ മെസേജ് ഞാന്‍ കണ്ടാരുന്നു...!!”
തെല്ലു ജിജ്ഞാസയോടെ അവള്‍ മോനെ നോക്കി.
“ഐ ..ലൌ...യൂ..ന്ന്, പത്തു പ്രാവശ്യം.......!”-ഊര്‍ന്നുപോയ പുതപ്പ് മേലേക്കു വലിച്ചിട്ട് അവന്‍ കിടപ്പ് ഉറപ്പിച്ചു.
“നിന്റെ യൊരു..കാര്യം..!”-മുഖത്തെ ജാള്യത മറയ്കാന്‍ അവള്‍ നന്നേ പണിപ്പെട്ടു..!
“യിനി ഉറങ്ങിക്കോ.ട്ടോ...”‌-വാത്സല്യത്തോടെ ആ കുഞ്ഞു കവിളുകളില്‍ ഇരു കൈകളും ച്ചേര്‍ത്ത് തലോടിക്കൊണ്ട് അവള്‍ പറഞ്ഞു..
ആ സ്നേഹ ധാര നുകര്‍ന്ന് എപ്പോഴോ അവന്‍ ഉറക്കത്തിലേക്കു വഴുതി.
മുറ്റത്തെ കുടമുല്ലപ്പൂവിന്റെ സുഗന്ധ വുമായി ഒരു ചെറു കാറ്റ് അതിലേ കടന്നു പോയി..
മക്കളെ ചേര്‍ത്തണച്ച് അവളും കിടന്നു...ദൂരെനിന്നും അയാളയക്കുന്ന ഒരുചെറു സന്ദേശത്തിനു കാതോര്‍ത്തുകൊണ്ട്.........!!! 

*






15 അഭിപ്രായങ്ങൾ:

  1. ചില കൊച്ചു കൊച്ചു സന്ദേശങ്ങള്‍ തന്നെയാണ്
    ജീവിതത്തിന്റെ വിജയവും സന്തോഷവും ...
    സ്നേഹിക്കുന്ന മനസ്സുകള്‍ക്കിടയില്‍ കടലുകളുടെ അകലം
    വാക്കുകള്‍ ഇല്ലാതാക്കുന്നു....
    കഥ നന്നായി!

    മറുപടിഇല്ലാതാക്കൂ
  2. naaduvittunilkkunna nammudeyellaam manassinte avastha. nannaayirykkunnu ee kadhayum.

    മറുപടിഇല്ലാതാക്കൂ
  3. കടലിനുമപ്പുറത്ത് ,കാതങ്ങള്‍ദൂരെ ഈന്തപ്പനയുടെ നാട്ടില്‍, നഗരത്തിന്റെ തിരക്കില്‍ നിന്നകന്ന് ,വീടും കുടുബവും മനസ്സില്‍ ആവാഹിച്ചു കൊണ്ടുനടക്കുന്ന ഒരുപറ്റം വിരഹിതരുടെ താവളത്തില്‍,
    കട്ടില്‍ തലക്കല്‍ തലയിണയുടെ അരുകില്‍ നിന്ന് ഒരു പ്രണയ ഗീതത്തിന്റെ ശീലുകളുയര്‍ന്നു.!

    പ്രവാസി എന്ന് തെളിയിക്കുന്ന വരികള്‍ ..നന്നായിട്ടുണ്ട് .

    മറുപടിഇല്ലാതാക്കൂ
  4. ഞാനും ഒരു പ്രവാസി......ഇഷ്ടായി കഥ...

    മറുപടിഇല്ലാതാക്കൂ
  5. പ്രവാസിയുടെ സങ്കടങ്ങൾ പ്രവാസി തന്നെ എഴുതിയത്. ഫീലിംഗ്സ് അറിയുന്നുണ്ട്. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. പ്രവാസ ജീവിതം വല്ലാതെ സങ്കടപ്പെടുത്തുന്ന ഒന്നാണ് ല്ലേ ?

    മറുപടിഇല്ലാതാക്കൂ
  8. നര്‍മ്മത്തിന്റെ മേമ്പൊടി ചിതറിക്കിടക്കുന്നുവെങ്കിലും അടിയില്‍ ഒഴുകുന്ന കണ്ണീര്ചാലുകള്‍ വായനക്കാരനെ വീര്‍പ്പു മുട്ടിക്കുന്നുണ്ട്. പറയേണ്ടത് പറയാതെ പറയുന്ന പ്രഭന്റെ രചനാ വൈഭവം പ്രശംസനീയമാണ്. വളരെ മനോഹരമായി.

    മറുപടിഇല്ലാതാക്കൂ
  9. നല്ല ശൈലി, നല്ല അവതരണം. ഇഷ്ടായി... എന്തിനാ എന്തോ ചെറിയൊരു സങ്കടവും...

    മറുപടിഇല്ലാതാക്കൂ
  10. നല്ല കഥ ...പ്രവാസികളുടെ ജീവിതം വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  11. വെറുതേ ഒന്നെടുത്ത് വായിച്ചതാ. വല്ലാത്തൊരു നീറ്റൽ പോലെ!
    ഇപ്പെന്തായാലും വീടൊക്കെ വച്ചില്ലെ? പക്ഷേ തറ പോലും ഉയർത്താൻ പറ്റാത്ത, നാട്ടിൽ ഒരു വരുമാന്വുമില്ലാത്ത എത്രയോ പേർ ഇതേ നെടുനിശ്വാസവുമായി കലുങ്കുകളിൽ ഗൃഹാതുരുത്തവുമായി ഇരുന്ന് സ്വപ്നം കാണുന്നുണ്ടാവും? 

    മറുപടിഇല്ലാതാക്കൂ
  12. വായിച്ചു .വളരെ നന്നായി എഴുതി .

    മറുപടിഇല്ലാതാക്കൂ